പള്ളിക്കര: പതിറ്റാണ്ടുകൾ മുമ്പുള്ള ടേപ്പ് റെക്കോഡുകൾ ഇപ്പോഴും പ്രവർത്തനസജ്ജമാണ് പള്ളിക്കര വാഗനാലിൽ അരുൺ മോഹനന്റെ കൈയിൽ. 1975 മുതൽ 2005 വരെയുള്ള 68 ഓളം ടേപ്പ് റെക്കോഡുകളാണ് കൈവശമുള്ളത്.1992ൽ ചെറിയച്ഛൻ ഗൾഫിൽനിന്ന് കൊണ്ടുവന്ന് നൽകിയ ടേപ്പ് റെക്കോഡ് കോവിഡ് സമയത്ത് വീട് വൃത്തിയാക്കുന്നതിനിടെ പൊട്ടിപ്പൊളിഞ്ഞ നിലയിൽ കിടക്കുന്നതുകണ്ട് നന്നാക്കാനുള്ള ശ്രമമാണ് ടേപ്പ് റെക്കോഡ് കലക്ഷനിലേക്ക് എത്തിച്ചത്.
2022 മാർച്ചിൽ ഭാര്യ ഡോ. അഞ്ചിമയുടെ ജന്മദിനത്തിൽ 1975 ലെ ടേപ്പ് റെക്കോഡ് സമ്മാനമായി വാങ്ങിനൽകി. അതിൽ പാട്ട് കേട്ടപ്പോഴുണ്ടായ അനുഭൂതിയാണ് ശേഖരണത്തിന് കാരണമായത്. തുടർന്ന് എല്ലാ ജില്ലകളിലൂടെയും സഞ്ചരിച്ച് ഇവ ശേഖരിച്ച് നന്നാക്കിയെടുക്കുകയും ചെയ്തു.
1975 മുതലുള്ള ഹെഡ് സെറ്റും ഈ ശേഖരത്തിലുണ്ട്. നാഷനൽ പാനാസോണിക്ക്, ഷാർപ്പ്, സാനിയോ, സോണി, പൈനിയർ തുടങ്ങിയ പഴയ കമ്പനിയുടെ സാധനങ്ങളാണ് പ്രധാനമായും ശേഖരിക്കുന്നത്. ഇത്തരത്തിലുള്ള 300 ഓളം പേരടങ്ങുന്ന വാട്സ്ആപ് ഗ്രൂപ്പുമുണ്ട്. ഈ കൂട്ടായ്മയിൽ 80 വയസ്സുള്ളവർ വരെയുണ്ട്.
1975 മുതൽ 1995 വരെയുള്ള 6000 പാട്ടുകളുള്ള 600 പഴയ കാസറ്റുകളും ശേഖരത്തിലുണ്ട്. കൂടാതെ പഴക്കംചെന്നതും അല്ലാത്തതുമായ കാമറകളുടെ ശേഖരണവുമുണ്ട്. എന്നാൽ, കാമറകൾ നന്നാക്കുക എളുപ്പമല്ലെന്ന് അരുൺ പറയുന്നു. പലപ്പോഴും പഴയ കാമറകൾ നന്നാക്കാൻ പറ്റിയ ആളെ കിട്ടാനുമില്ല.10 വർഷത്തോളമായി കാമറകൾ ശേഖരണം തുടങ്ങിയിട്ട്. എന്നാലും ടേപ്പ് റെക്കോഡിനോടാണ് പ്രിയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.