കുന്ദമംഗലം: ലോകകപ്പ് ലഹരിയിൽ നാടും നഗരവും മുന്നോട്ടു പോകുമ്പോൾ 'ലോകം മുഴുവൻ പന്തിന് പിന്നാലെ' ആശയം കാൻവാസിൽ പകർത്തിയിരിക്കുകയാണ് ചിത്രകാരൻ ദേവസ്യ ദേവഗിരി. അക്രലിക് പെയിന്റിങ്ങിൽ തീർത്ത ചിത്രം പന്തിനെയും ലോക ഭൂപടത്തെയും ഒരുമിച്ചുചേർത്ത് ലോകം മുഴുവൻ കാൽപന്തിന് പിന്നാലെ എന്ന ആശയത്തിൽ ഉദിച്ചതാണ്. ഖത്തർ സന്ദർശിച്ച ഓർമയിലാണ് അവിടെയുള്ള കെട്ടിടങ്ങളുടെ മാതൃകയും ഉൾപ്പെടുത്തി കാൻവാസിൽ പകർത്തിയത്.
കാൽപന്ത് കളിയോടുള്ള മലയാളികളുടെ ആവേശവും കളിയോട് തനിക്കുള്ള ഇഷ്ടവുംകൊണ്ടാണ് ചിത്രം വരച്ചതെന്നും ലോകത്തെ ഒരുമിച്ചുനിർത്താൻ ഫുട്ബാളിനാകുമെന്നും ദേവസ്യ ദേവഗിരി പറയുന്നു. മെഡിക്കൽ കോളജ് സവിയോ സ്കൂളിൽനിന്ന് വിരമിച്ച ദേവസ്യ ദേവഗിരി വീട്ടിലെ ആർട് ഗാലറിയിൽ ചെയ്തതാണ് ഈ പെയിന്റിങ്.
വീട്ടിൽ താൻ വരച്ച ചിത്രങ്ങൾകൊണ്ടും നിർമിച്ച കരകൗശല വസ്തുക്കൾകൊണ്ടും ആർട്ട് ഗാലറിയാക്കിയിരിക്കുകയാണ്. കുന്ദമംഗലം പെരിങ്ങൊളം മാറാപ്പിള്ളിൽ വീട്ടിലെ ആർട്ട് ഗാലറിയിൽ ചിത്രരചനയിലും ശിൽപ നിർമാണത്തിലും ഗവേഷണം നടത്തുകയാണ് ദേവസ്യ ദേവഗിരി.
ക്യാമൽ ഇന്റർനാഷനൽ അവാർഡ് ഉൾപ്പെടെ നിരവധി ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മകൻ റെന്നി ദേവസ്യ ലോകകപ്പ് ഫുട്ബാളിനോടനുബന്ധിച്ച് വിഡിയോ ആൽബം പുറത്തിറക്കിയിട്ടുണ്ട്. മറഡോണയോടുള്ള ആദരസൂചകമായാണ് ആൽബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.