മാവൂർ: നാടിനെ പച്ചപ്പണിയിക്കാൻ നേരവും അധ്വാനവും ചെലവഴിച്ച് ശ്രദ്ധനേടിയ മാവൂർ വെളുത്തേടത്ത് അബ്ദുല്ല ഇനി എളമരം പാലം ജങ്ഷനും വർണാഭമാക്കും. ഈയടുത്ത് ഗതാഗതത്തിന് തുറന്നുകൊടുത്ത എളമരം പാലത്തിന്റെ മാവൂർ ഭാഗത്തെ ട്രാഫിക് സർക്കിളിൽ പൂന്തോട്ടമൊരുക്കുകയാണ് ഇദ്ദേഹം. കഴിഞ്ഞ ദിവസം നിർമാണം പൂർത്തിയായ ട്രാഫിക് സർക്കിൾ ഞായറാഴ്ച രാവിലെ നിരപ്പാക്കി അബ്ദുല്ല വിവിധ പൂച്ചെടികൾ നട്ടു. അബ്ദുല്ലയുടെ പരിപാലനത്തിൽ ഇനി വർണപ്പൂക്കൾ വിരിയും.
ഇതിനകം മാവൂരിലെയും പരിസരത്തെയും സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും പൂച്ചെടികളും ഫലവൃക്ഷങ്ങളും നട്ടും പരിപാലിച്ചും പച്ചപ്പണിയിച്ചിട്ടുണ്ട് ഇദ്ദേഹം. മാവൂർ പാറമ്മൽ വലിയ ജുമുഅത്ത് പള്ളി പരിസരത്ത് 150ഓളം ഫലവൃക്ഷങ്ങളാണ് ഇദ്ദേഹം നട്ടുപരിപാലിക്കുന്നത്. മാവൂർ ടൗൺ പള്ളിയുടെ മുറ്റത്ത് വളർന്ന് പന്തലിച്ച പൂച്ചെടികളും അബ്ദുല്ലയുടെ സംഭാവനയാണ്.
വിദ്യാലയ മുറ്റങ്ങളിലും സ്ഥാപന പരിസരത്തും വഴിയോരങ്ങളിലും ഇദ്ദേഹത്തിന്റെ കൈയൊപ്പുണ്ട്. പൂക്കളെയും ചെടികളെയും ഫലവൃക്ഷാദികളെയും കുട്ടിക്കാലം മുതൽ വല്ലാത്ത ഇഷ്ടമാണ് അബ്ദുല്ലക്ക്. വീട്ടുമുറ്റത്തും പറമ്പുകളിലും തിങ്ങിനിറഞ്ഞ മരങ്ങളും ചെടികളും ഇതിന് തെളിവാണ്. തുടർന്ന് സ്വന്തം ഇഷ്ടപ്രകാരം സൗജന്യമായി നാടിനെ പച്ചയണിക്കാനും വർണാഭമാക്കാനും ഇറങ്ങി. വിലപിടിപ്പുള്ള തൈകൾ എത്തിച്ചാണ് തോട്ടമൊരുക്കുക. ചെടികളും തൈകളും നടുന്നതിലൊതുങ്ങാറില്ല ഇദ്ദേഹത്തിന്റെ പ്രയത്നം. നനച്ചും കള പറിച്ചും പരിപാലിച്ചും പൂർണ വളർച്ചയെത്തുന്നത് വരെ അബ്ദുല്ലയുണ്ടാകും.
ഈ കർമവീഥിയിൽ മറക്കാനാവാത്ത ദുരനുഭവവും അദ്ദേഹത്തിനുണ്ട്. മാവൂർ ബസ് സ്റ്റാൻഡ് പുതുക്കിപ്പണിത് തുറന്നുകൊടുത്തപ്പോൾ സ്ഥാപിച്ച ട്രാഫിക് ഐലൻഡിലും പൂച്ചെടികൾ നട്ടു പരിപാലിച്ച് വളർത്തിയിരുന്നു. വളർന്ന് പൂക്കൾ നിറഞ്ഞ് വർണാഭമായ സമയത്ത് സാമൂഹികദ്രോഹികൾ പറിച്ച് നശിപ്പിക്കുന്നത് പതിവായി. തുടർന്ന്, അദ്ദേഹംതന്നെ ഇവയെല്ലാം പിഴുതുമാറ്റി പ്രതിഷേധം അറിയിച്ചു.
മാവൂർ പൈപ്പ് ലൈൻ റോഡരികിൽ ഇദ്ദേഹം വളർത്തിയെടുത്ത ചെടികളുണ്ട്. പഞ്ചായത്ത് പ്രസിഡൻറുമാർ മാറിമാറി വരുമ്പോൾ അവരുടെ പ്രവർത്തന തുടക്കം ഇവിടെ ചെടികൾ നട്ടാണ്. ദിവസങ്ങൾക്കകം എളമരം പാലം ജങ്ഷനും വർണപ്പൂക്കളുടെ സൗന്ദര്യത്തിൽ നിറയും. താത്തൂർപൊയിൽ കോതേരി ഉണ്ണിയും സഹായത്തിനുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.