ദോഹ: മേഘക്കീറുകൾക്കും മുകളിൽ തലയുയർത്തിനിൽക്കുന്ന 'മൗണ്ട് കെ.ടു' കൊടുമുടിയുടെ ഉച്ചിയിൽനിന്ന് വേദനകളെ അടക്കിപ്പിടിച്ച്, ശ്വാസംമുട്ടുന്ന വാക്കുകളോടെ ഹഫദ് അബ്ദുറഹ്മാൻ ബദർ, തന്നെ എഴുതിത്തള്ളിയവർക്കെല്ലാം ഒറ്റശ്വാസത്തിൽ മറുപടി നൽകി.
'പത്ത് മാസം മുമ്പ് എല്ലാവരും ഇനിയൊരു കൊടുമുടി കയറ്റം അസാധ്യമെന്ന് വിധിയെഴുതി. കൈവിരലുകളിലെ ശസ്ത്രക്രിയ കഴിഞ്ഞ ശേഷം ഇനിയൊരിക്കലും പർവതങ്ങൾ കയറാൻ കഴിയില്ലെന്ന് പറഞ്ഞു. അവരെ വെല്ലുവിളിക്കുകയായിരുന്നു ഞാൻ. ഇപ്പോൾ ലോകത്തെ ഏറ്റവും ഉയരംകൂടിയ രണ്ടാമത്തെ കൊടുമുടിയുടെ മുകളിലാണ് നിൽക്കുന്നത്.
വിധിയെഴുതുന്നവരോട് അങ്ങനെ ഒരിക്കലും പറയരുതെന്നാണ് എനിക്ക് പറയാനുള്ളത്. എല്ലാം സാധ്യമാണെന്ന് തെളിയിക്കുകയാണ് ഞാൻ'... ഇടറുന്ന ശബ്ദത്തോടെ ദൈവത്തിന് നന്ദിപറഞ്ഞുകൊണ്ട് കൊടുമുടിയുടെ മുകളിൽനിന്നും ഫഹദ് പറഞ്ഞു നിർത്തിയത് വിമർശിച്ച ലോകത്തിനുള്ള മറുപടിയോടെയാണ്.
*** ***
11 മാസം മുമ്പായിരുന്നു ഖത്തറിലെയും അറബ് ലോകത്തെയും മാധ്യമങ്ങളിലും പർവതാരോഹകരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലുമെല്ലാം വേദനിക്കുന്ന ചിത്രമായി ഫഹദ് അബ്ദുറഹ്മാൻ ബദർ പങ്കുവെക്കപ്പെട്ടത്. ഉയരങ്ങൾ കീഴടക്കൽ ഹരമാക്കിയ ഖത്തറിൽ നിന്നുള്ള ചെറുപ്പക്കാരൻ കഴിഞ്ഞ വർഷം ജൂലൈയിൽ ചൈന -പാക് അതിർത്തിയിലെ കാരകോറം മലനിരയിലെ ബ്രോഡ് പീക് കൊടുമുടി കാൽക്കീഴിലാക്കിയുള്ള മടക്കയാത്രക്കിടയിലായിരുന്നു അപകടത്തിൽപെട്ടത്. അതിശൈത്യത്തിൽ കുടുങ്ങി ഒരുവിധം തിരിച്ചുകിട്ടിയ ജീവനുമായി അവൻ രക്ഷപ്പെട്ടെങ്കിലും ഇടതുകൈയിലെ നാല് വിരലുകളും എന്നന്നേക്കുമായി നഷ്ടമായിരുന്നു.
വിരലുകൾ മഞ്ഞിൽ തണുത്തുറഞ്ഞ് കരിക്കട്ടപോലെയായി. ഓക്സിജൻ കുറഞ്ഞ്, ബോധം നഷ്ടമായി, ജീവിതത്തിനും മരണത്തിനുമിടയിൽ ഒരു രാത്രി മുഴുവൻ ബ്രോഡ് പീക് കൊടുമുടിയിൽ കുടുങ്ങിയ ഫഹദിന്റെ അന്നത്തെ അനുഭവങ്ങൾ പർവതാരോഹകർക്കിടയിലും വലിയ ഞെട്ടലായി. ഖത്തറിൽ മടങ്ങിയെത്തി ഇവിടെയും ബ്രിട്ടനിലുമായി രണ്ടു മാസത്തോളം നീണ്ടുനിന്ന ചികിത്സകൾക്കൊടുവിലായിരുന്നു 'ഫ്രോസ്ബൈറ്റ്' ബാധിച്ച വിരലുകൾ മുറിച്ചുമാറ്റാൻ തീരുമാനിച്ചത്.
യാത്രയിൽ കരുത്തായ വിരലുകൾ എന്നന്നേക്കും നഷ്ടമായി. പകരം, യന്ത്രവിരലുകളിലൂടെ ദൈനംദിന കാര്യങ്ങൾ ചെയ്തുതുടങ്ങി. എന്നാൽ, ഉയരങ്ങളിലേക്ക് കയറിൽ പിടിച്ചുതൂങ്ങിയുള്ള പർവതാരോഹകന്റെ യാത്ര ഇനി ഫഹദിന് അസാധ്യമെന്ന് എല്ലാവരും വിധിയെഴുതി. കൊടുമുടികളിൽ വില്ലൻവേഷമണിയുന്ന അതിശൈത്യത്തോട് പോരാട്ടം പതിവാക്കിയ ചെറുപ്പക്കാരൻ തോൽക്കാൻ ഒരുക്കമല്ലാത്ത മനസ്സുമായി പുതിയ ലക്ഷ്യങ്ങൾ കുറിച്ചു. സാധ്യമല്ലെന്നുള്ള വാക്കുകളെ പിന്നിലാക്കി തന്റെ പരിമിതികൾ തിരിച്ചറിഞ്ഞ് കഠിനാധ്വാനമാരംഭിച്ചു. ഇനിയൊരു പർവതകയറ്റമില്ലെന്ന് പറഞ്ഞവരെ ദുഷ്കരമായ മൗണ്ട് കെ.ടു കൊടുമുടി കീഴടക്കുമെന്ന് പറഞ്ഞായിരുന്നു വെല്ലുവിളിച്ചത്.
ശാരീരിക പോരായ്മ ഉൾക്കൊണ്ട് പരിശീലനം തുടങ്ങിയ ഫഹദ് പത്തു മാസത്തിനിപ്പുറം ലോകത്തിലെ ദുഷ്കരമായ അതേ കൊടുമുടിക്കു മുകളിൽ കയറി എല്ലാവർക്കുമായി മറുപടി നൽകി ആകാശംതൊടുന്ന ഉയരെ ഖത്തറിന്റെ മറൂൺ ദേശീയ പതാക പാറിപ്പറപ്പിച്ചു. അന്ന് ആശുപത്രിക്കിടക്കയിൽനിന്ന് പങ്കുവെച്ച വിഡിയോ സന്ദേശത്തിലെ വാക്കുകൾ ഇങ്ങനെയായിരുന്നു. 'എന്റെ സാധാരണ ജീവിതത്തെയും പ്രിയപ്പെട്ട കായിക വിനോദത്തെയും ഈ അപകടം തടയില്ല.
ഇത് ദൈവഹിതമാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. നിശ്ചയദാർഢ്യവും ധൈര്യവുമുണ്ടെങ്കിൽ എല്ലാ പ്രതിബന്ധങ്ങളെയും മറികടക്കാൻ കഴിയുമെന്നാണ് ഞാൻ പഠിച്ചത്'. ആശുപത്രി വിട്ടിറങ്ങി പരിശീലനം സജീവമാക്കി, വിരലുകൾ അറ്റുപോയ കൈപ്പത്തിയെ കരുത്തോടെ പ്രാപ്തമാക്കി പുതിയ ലക്ഷ്യങ്ങളിലേക്ക് ഫഹദ് നടന്നടുത്തു. ആ ദൃഢനിശ്ചയം പിഴച്ചില്ലെന്ന് ബോധ്യപ്പെടുത്തുകയാണ് ഫഹദ്.
2021 ജൂലൈ അവാസനത്തിലെ ആ യാത്രയെക്കുറിച്ച് ഫഹദ് ബദ്ർ പറഞ്ഞത് ഇങ്ങനെയായിരുന്നു. 'രണ്ടു മാസം കൊണ്ടായിരുന്നു ബ്രോഡ് പീക്കിലേക്ക് ഞങ്ങളുടെ യാത്ര. അവസാനം പർവതശിഖരത്തിലെത്താൻ മൂന്നു നാലു ദിവസമെടുത്തു. അതിനിടയിൽ ചില അപകടങ്ങളുമുണ്ടായി.
8000 മീറ്ററിലെത്തിയപ്പോൾ സഹയാത്രികരിൽ ഒരാളായ റഷ്യൻ വനിത താഴെ വീഴുകയും സമയമെടുത്ത് അവരെ രക്ഷപ്പെടുത്തുകയും ചെയ്തു. ഇതുകാരണം കൊടുമുടിയിലെത്താൻ ഞാൻ പിന്നെയും അഞ്ചു മണിക്കൂർ വൈകി. അപ്പോഴേക്കും സമയം ഇരുട്ടായിരുന്നു. ഓക്സിജന്റെ അളവു കുറഞ്ഞ, ആ അതിശൈത്യത്തിൽ 8000 മീറ്ററിനു മുകളിൽ ഒരു രാത്രി മുഴുവൻ കഴിയേണ്ടിവന്നു. അടുത്ത പകലാണ് ഞാൻ രക്ഷപ്പെടുന്നത്.
പക്ഷേ, അപ്പോഴേക്കും ഓക്സിജൻ കുറവും തണുപ്പും കാരണം 'ഫ്രോസ്റ്റ്ബൈറ്റ്' ബാധിച്ച് കൈ വിരലുകൾ നിശ്ചലമായി. ബോധക്ഷയമുണ്ടായി മരണവക്കിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട നിമിഷം. പർവതമിറങ്ങി, നേരെ ഖത്തറിലെത്തി ചികിത്സ തേടി. അേപ്പാഴാണ് ആ സത്യം അറിഞ്ഞത്; കൂറ്റൻ കൊടുമുടികൾ കീഴടക്കാനും ഉച്ചിയിൽ ദേശീയ പതാക നാട്ടാനും ഉപയോഗിച്ച കൈവിരലുകൾ എന്നന്നേക്കുമായി നഷ്ടമായിരിക്കുന്നു.
വീങ്ങിത്തടിച്ച വിരലുകൾ, കറുത്ത് കരിക്കട്ടപോലെയായി മാറി. വിരലുകൾ മുറിച്ചുമാറ്റുക മാത്രമാണ് രക്ഷയെന്ന്, അമേരിക്കയിലെയും ബ്രിട്ടനിലെയും ഫ്രാൻസിലെയുമെല്ലാം ഡോക്ടർമാർ വിധിയെഴുതി. ഒടുവിൽ, ശരീരത്തിന്റെ മറ്റു ഭാഗങ്ങൾക്കൊന്നും പ്രശ്നമില്ലാതെ രക്ഷയേകിയ ദൈവത്തിന് നന്ദി പറഞ്ഞ്, ആ യാഥാർഥ്യം ഞാൻ ഉൾക്കൊണ്ടു' -ഫഹദ് ബദർ വിവരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.