കായംകുളം: പ്രസിഡന്റായി നിറഞ്ഞുനിന്ന പഞ്ചായത്ത് ഓഫിസിന്റെ പടിക്കലിരുന്ന് മുരളി വീണ്ടും അപേക്ഷകൾ എഴുതിത്തുടങ്ങി. നാലു വർഷക്കാലം ഗ്രാമത്തിന്റെ അധികാരം നിയന്ത്രിച്ച ഗ്രാമമുഖ്യനെ ഓഫിസിനു മുന്നിലെ കടത്തിണ്ണയിൽ വീണ്ടും അപേക്ഷ എഴുത്തുകാരനായി കണ്ടപ്പോൾ ഏവർക്കും അത്ഭുതം. എന്നാൽ, ജീവിതവൃത്തിയുടെ ഭാഗമായ തൊഴിലിൽ മാന്യത കാണുന്ന മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ മുഖത്ത് നിറഞ്ഞ ചിരിമാത്രം. വള്ളികുന്നം കടുവുങ്കൽ നന്ദനത്തിൽ മുരളി (56) 2015ൽ അപ്രതീക്ഷിതമായാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കും തുടർന്ന് പ്രസിഡന്റ് പദവിയിലേക്കും എത്തുന്നത്. നക്സലൈറ്റ് ചിന്താധാരയിൽനിന്ന് സി.പി.എമ്മിലേക്ക് എത്തിയ മുരളി പഞ്ചായത്തിനു മുന്നിലെ അപേക്ഷ എഴുത്തുകാരനായി രൂപാന്തരപ്പെടുകയായിരുന്നു. ജീവിത പ്രയാസങ്ങൾക്ക് പരിഹാരം തേടി എത്തുന്ന നൂറുകണക്കിന് സാധാരണക്കാർ മുരളിയുടെ കൈപ്പടയിലുള്ള അപേക്ഷയിലൂടെ പരിഹാരം തേടി മടങ്ങിയിട്ടുണ്ട്. എട്ടു വർഷത്തോളമുള്ള അപേക്ഷയെഴുത്തിലൂടെ ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ എന്തെന്ന ധാരണ നേടിയെടുക്കാനായി. ഇതിലൂടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയാണ് കന്നിമേൽ വാർഡിൽ സ്ഥാനാർഥിയാകാൻ അപ്രതീക്ഷിത നിയോഗം കൈവരുന്നത്.
പാർട്ടി മുൻകൂട്ടി കണ്ടെത്തിയ സ്ഥാനാർഥിക്ക് സാങ്കേതിക കാരണങ്ങളാൽ മത്സരിക്കാൻ കഴിയാതെ വന്നതാണ് കാരണമായത്. തുടർന്ന് പ്രസിഡന്റ് പദവിയും ഏറ്റെടുക്കേണ്ടിവന്നു. പ്രസിഡന്റ് ചുമതല നിർവഹിക്കാൻ പാർട്ടി നിയോഗിച്ച സ്ഥാനാർഥി പരാജയപ്പെട്ടതാണ് സുപ്രധാന ചുമതലക്ക് അവസരം ലഭിച്ചത്. ഘടകകക്ഷിയുമായുള്ള ധാരണ പ്രകാരം ഒഴിയുന്നതുവരെ നാലു വർഷത്തോളം ഭംഗിയായി ചുമതല നിർവഹിച്ചു. ഇതിനുശേഷം പെയിന്ററുടെ കുപ്പായം അണിഞ്ഞെങ്കിലും നിർമാണ മേഖലയിലെ സ്തംഭനം പ്രശ്നമായി. ഇതോടെയാണ് പഞ്ചായത്ത് പടിക്കൽ വീണ്ടും അപേക്ഷ എഴുത്തുകാരനായി എത്താൻ കാരണം. ഏതു പണി ചെയ്യുന്നതിലും അഭിമാനം കണ്ടെത്തുന്നയാളാണ് കവികൂടിയായ മുൻ പ്രസിഡന്റ്. ഭാര്യ ജലജയുടെയും മകൻ മിഥുന്റെയും പിന്തുണയാണ് ജീവിതവഴിയിലെ കരുത്തെന്ന് മുരളി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.