ആലപ്പുഴ: നിരത്തുകൾ വാഹനങ്ങളുടെ മാത്രമല്ല കാല്‍നടക്കാരുടെയും അവകാശമാണ്. എന്നാല്‍, അതിനേക്കാള്‍ വലിയ അവകാശമാണ് വരുംതലമുറക്കായി താമരക്കുളം വി.വി. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകൻ എല്‍. സുഗതന് നേടിയെടുത്തത്. വാഹനങ്ങള്‍ ചീറിപ്പായുന്ന ദേശീയ, സംസ്ഥാനപാതകളുടെയും ഓരങ്ങളിലുള്ള സ്കൂളുകളിലെ കുട്ടികളുടെ സുരക്ഷിത യാത്രക്ക് സംവിധാനമുണ്ടായത് സുഗതന്റെ വർഷങ്ങൾ നീണ്ട പോരാട്ടത്തിലൂടെയാണ്. 2500 ലധികംപേർ പഠിക്കുന്ന തന്റെ സ്കൂളിലെ കുട്ടികൾക്ക് സുരക്ഷിത വഴി കണ്ടെത്തണമെന്ന ചിന്തയിൽനിന്നാണ് തുടക്കം.
2018ൽ അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് പരാതി നൽകിയതോടെ എട്ടുലക്ഷം രൂപ ചെലവിൽ സ്കൂളിന് മുന്നിൽ സുരക്ഷാവേലിയും നടപ്പാതയും തീർത്തു. പിന്നീട് സ്വദേശമായ ശാസ്താംകോട്ട ജെ.എം.എച്ച്.എസ് സ്കൂളിന് മുൻവശത്തും സുരക്ഷിത പാത ഒരുക്കി. ഇതിന് പിന്നാലെയാണ് പദ്ധതി സംസ്ഥാനത്താകെ നടപ്പാക്കാൻ സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ, പിന്നീട് ഈ വിഷയത്തിൽ വേണ്ടത്ര ഗൗരവമുണ്ടായില്ല. മന്ത്രി മുഹമ്മദ് റിയാസിന് വീണ്ടും പരാതി നൽകിയതോടെ ഇടപെടലുണ്ടായി. ഇത്തരത്തിലെ സ്കൂളുകളുടെ പട്ടിക നൽകാൻ പൊതുവിദ്യാഭ്യാസവകുപ്പ് ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർക്ക് നിർദേശം നൽകി.
സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും ബാലാവകാശ പ്രവര്‍ത്തകനുമായ ഈ അധ്യാപകന്റെ ഒറ്റയാൾ പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല. സ്കൂളിലെ ഉച്ചഭക്ഷണത്തിൽനിന്ന് 'വിഷം തീണ്ടിയ' പച്ചക്കറി ഒഴിവാക്കാനുള്ള മാർഗനിർദേശങ്ങൾ അംഗീകരിക്കാൻ സർക്കാർ നേരിട്ട് ചർച്ചക്ക് വിളിപ്പിച്ചതാണ് ഒടുവിലത്തേത്. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച കത്ത് കിട്ടി. കൃഷിമന്ത്രി പി. പ്രസാദും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുമാണ് ഈ വിഷയത്തിൽ ചർച്ച നടത്തുക.
സ്കൂൾതലത്തിലെ പച്ചക്കറി തോട്ടത്തിന്റെ പരിപാലനം അടക്കമുള്ള കാര്യങ്ങൾ തൊഴിലുറപ്പ് തൊഴിലാളികളെയും കുടുംബശ്രീയെയും ഏൽപിക്കണമെന്നതാണ് പ്രധാനനിർദേശം. ടൂറിസ്റ്റ് ബസുകളിലെ അമിത ശബ്ദ കോലാഹലം ഒഴിവാക്കിയതും സംസ്ഥാനത്തെ നാലായിരത്തിൽ പരം സ്കൂളുകളിൽ ബയോഗ്യാസ് പ്ലാന്റും മഴവെള്ളസംഭരണിയും നിർമിച്ചതും സുഗതന്റെ പരിശ്രമത്തിലാണ്. കൊല്ലം ശാസ്താംകോട്ട പൗർണമിയിലാണ് താമസം. ഭാര്യ: വി.എസ് അനൂപ മൈനാഗപ്പള്ളി സ്പെഷൽ വില്ലേജ് ഓഫിസറാണ്. മക്കൾ: ഭവിൻ (പത്താംക്ലാസ്, താമരക്കുളം വി.വി.എച്ച്.എസ്.എസ്), ഭവിക ലക്ഷ്മി (രണ്ടാംക്ലാസ്, ശൂരനാട് നടുവിൽ എൽ.പി.എസ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.