ദുബൈ: മുംബൈയിൽനിന്ന് പുറപ്പെട്ട ‘മുഹമ്മദലി’ എന്ന കപ്പൽ നാലു ദിവസത്തിന് ശേഷം 1974 ജനുവരി 25ന് ദുബൈ തീരത്ത് യാത്ര അവസാനിപ്പിച്ചെങ്കിലും ലോകം അറിയപ്പെടുന്ന ബിസിനസ് സാമ്രാജ്യത്തിന്‍റെ അധിപനിലേക്കുള്ള ഒരു 22കാരന്‍റെ യാത്ര അവിടെ തുടങ്ങുകയായിരുന്നു.
നിശ്ചയദാർഢ്യവും ആത്മവിശ്വാസവും മാത്രം മൂലധനമാക്കി അദ്ദേഹം പടുത്തുയർത്തിയ സംരംഭങ്ങൾ അമ്പതാണ്ട് പിന്നിടുമ്പോൾ കേരളവും മിഡിൽ ഈസ്റ്റും കടന്ന് മുന്നേറുകയാണ്. പീവീസ് ഗ്രൂപ്പിന്‍റെ അധിപൻ പി.വി. അബ്ദുൽ വഹാബ് ദുബൈയിൽ പ്രവാസം തുടങ്ങിയിട്ട് അമ്പത് വർഷം പൂർത്തിയാവുകയാണ്.
മറ്റേതൊരു പ്രവാസിയെയും പോലെ മെച്ചപ്പെട്ട ജീവിതസൗഭാഗ്യങ്ങൾ സ്വപ്നം കണ്ടാണ് പി.വി. അബ്ദുൽ വഹാബും അരനൂറ്റാണ്ട് മുമ്പ് ദുബൈയിലേക്ക് കപ്പൽ കയറിയത്.
പത്താം ക്ലാസിന് ശേഷം പോളിടെക്നിക്കിൽ ഓട്ടോമൊബൈൽ കോഴ്സിന് ചേരാനായിരുന്നു ആഗ്രഹം. പക്ഷേ, പിതാവ് അലവിക്കുട്ടിയുടെ അപ്രതീക്ഷത മരണത്തോടെ എട്ട് സഹോദരങ്ങളും ഉമ്മയുമടങ്ങുന്ന കുടുംബത്തിന്‍റെ ഭാരം മൂത്ത മകനായ വഹാബിന്‍റെ ചുമലിലായി.
കുടുംബത്തിന്‍റെ സ്വപ്നങ്ങൾക്ക് നിറം പകരാൻ പ്രവാസം തെരഞ്ഞെടുക്കേണ്ടിവന്നു. അബൂദബിയിലെ ബന്ധുവിന്‍റെ പിന്തുണയിലായിരുന്നു തുടക്കം. സൗദി അതിർത്തിയിലെ സിലയിൽ പൊലീസ് ഔട്ട്പോസ്റ്റ് നിർമാണ സ്ഥലത്തായിരുന്നു ആദ്യ ജോലി. അബൂദബിയിലെ ബന്ധു സ്വന്തമായി സംരംഭം തുടങ്ങിയപ്പോൾ അതിനൊപ്പം ചേർന്നു.
പിന്നീട് ടെക്നിക്കൽ ഗാരേജ് എക്യുപ്മെന്റ്സ്, ഇന്ധനവിതരണം, കിഡ്സ് ഷോപ്പ് തുടങ്ങി വിവിധ മേഖലകളിൽ സംരംഭകനായി.
1991ൽ കേരളത്തിലും നിക്ഷേപം തുടങ്ങി. ഇന്ന് പീവീസ് ഗ്രൂപ്പിന് ഗൾഫ് രാഷ്ട്രങ്ങളിലും കേരളത്തിലെ വിവിധ ജില്ലകളിലുമായി ഒട്ടേറെ സംരംഭങ്ങളുണ്ട്.
പാർലമെന്‍റ് അംഗം, സ്വന്തമായി ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ സംരംഭകൻ, കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവ്. രാജ്യസഭാംഗവും മുസ്ലിം ലീഗ് അഖിലേന്ത്യ ട്രഷററുമായ വ്യവസായിക്ക് ഇന്ന് വിലാസങ്ങൾ പലതുണ്ട്. കേരളത്തിന്‍റെ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക മണ്ഡലങ്ങളിൽ അറിയപ്പെടുന്ന വ്യക്തിത്വമാണിദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.