കക്കോടി: രാഷ്ട്രീയമുണ്ട്, കുറച്ച് ചുവപ്പാ. ഞാൻ ഒരു മീറ്റിങ്ങിൽ പങ്കെടുത്തതിന് പൊലീസ് വീടുവളഞ്ഞ് ആളുമാറി പിടിച്ചുകൊണ്ടുപോയത് ജ്യേഷ്ഠനെയാണ്. സംഭവം 1946ൽ ആണ്. ജാമ്യം കിട്ടിയത് ഏറെ ശ്രമിച്ചിട്ടാ- നൂറു വയസ്സിന്റെ തെളിച്ചത്തിൽ നിൽക്കുന്ന കക്കോടി ഉമ്മട്ടംകുഴിയിൽ പുറത്തേരി രാഘവൻമാസ്റ്റർ അധ്യാപക ദിനത്തിൽ വളരെ സന്തോഷവാനാണ്. മാതൃക അധ്യാപകനായി ജീവിക്കാൻ ശ്രമമൊന്നും ബോധപൂർവം നടത്തിയിട്ടില്ലെന്നാണ് രാഘവൻ മാസ്റ്റർ പറയുന്നതെങ്കിലും ആ ജീവിതം മാതൃകതന്നെയായിരുന്നു.
മുപ്പത്തൊന്നു വർഷത്തെ അധ്യാപക ജീവിതത്തിനുശേഷം 1979 ജൂലൈ 31നാണ് ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചത്. ഊണിലും ഉറക്കത്തിലും ചിട്ടയുണ്ടായിരുന്നുവെന്ന് പറയുന്നത് രാഘവൻമാസ്റ്ററെ സംബന്ധിച്ച് ആലങ്കാരികമല്ല, ഓർമക്ക് നൂറുശതമാനം തെളിമ, കാഴ്ചക്ക് ഒട്ടും മങ്ങലില്ല, വാക്കിന്റെ സ്ഫുടത പ്രായത്തെ അതിജയിച്ചത്, മാംസാഹാരമില്ല, ഉറക്കത്തിനും ഉണരലിനും കിറുകൃത്യത. നടത്തം ജീവിതത്തിൽ മുഖ്യം. കക്കോടിയിൽ നിന്ന് കോഴിക്കോട്ടേക്ക് കാൽനടയായിരുന്നു ആദ്യകാലത്തെല്ലാം.
നടത്തത്തെക്കുറിച്ചാണ് ചോദ്യമെങ്കിൽ 'എത്രവേണേലും' എന്നാണ് രാഘവൻ മാസ്റ്ററുടെ ഒറ്റവാക്കിലുള്ള ഉത്തരം. മദ്യവും മയക്കുമരുന്നുമൊന്നും ജീവിതത്തിൽ തൊടാത്ത മാസ്റ്റർക്ക്, കുട്ടികളോട് ഉപയോഗിക്കരുതെന്ന് ആത്മാർഥമായി പറയാൻ അധ്യാപകർക്ക് കഴിയണമെന്നാണ് നിർദേശം.
എല്ലാ വാർപ്പു മാതൃകകളും വേണമെന്നല്ല, ചില നന്മകളും ശീലങ്ങളും തുടരുകതെന്ന വേണമെന്നാണ് പറയുന്നത്. താൻ ജോലി ചെയ്തത് ആത്മാർഥമായിട്ടായിരുന്നുവെന്നും ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ചെറിയചെറിയ സഹായങ്ങൾ ചെയ്യാൻ കഴിഞ്ഞെന്നുമാണ് വിനയത്തിൽപൊതിഞ്ഞ ഭാഷയിൽ രാഘവൻ മാസ്റ്റർ പറയുന്നത്. ട്രെയിനിങ് ഇൻസ്ട്രക്ടറായാണ് സർവിസിൽനിന്ന് പിരിഞ്ഞത്.
തന്റെ തലമുറയിൽപെട്ടവർ ആരും ഒപ്പമില്ലെങ്കിലും അവരെകുറിച്ച ഓർമകൾ ഏറെ സുഖമുള്ളതാണ് മാസ്റ്റർക്ക്. ഭാര്യ ശ്രീമതി 14 വർഷം മുമ്പ് മരിച്ചു.മൂന്നു സഹോദരങ്ങളിൽ സഹോദരി ലക്ഷ്മി മാത്രമാണ് ജീവിച്ചിരിക്കുന്നത്. രഘുമോഹൻ (ദുബൈ), രവികുമാർ (എ.ഡി.ഇ.എസ് കമ്പനി, സൗദി അറേബ്യ), രമണി (അമേരിക്ക), രത്നമണി എന്നിവരാണ് മക്കൾ. വരുന്ന ഡിസംബറിലാണ് മാസ്റ്ററുടെ നൂറാം പിറന്നാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.