മുണ്ടൂർ: വരണ്ടുണങ്ങിയ മൊട്ടക്കുന്നുകളിൽ പച്ചപ്പ് പടർത്തുന്ന കല്ലൂർ ബാലന്റെ സേവന സപര്യക്ക് അരനൂറ്റാണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രധാന കവലകൾ തണൽ വിരിച്ച് നിൽക്കുന്നതിൽ ബാലന്റെ കൈയൊപ്പുണ്ട്. ഇതിനകം കാൽലക്ഷം തണൽവൃക്ഷങ്ങൾ നട്ടുവളർത്തി. നെല്ലി, പ്ലാവ്, ഉങ്ങ്, പന, മുള, വേപ്പ് തൈകളാണ് കൂടുതൽ നട്ടത്. ഒന്നര കോടി ഫലവൃക്ഷങ്ങൾ നട്ടുവളർത്താനുള്ള പരിശ്രമം കാലവർഷാരംഭത്തിൽ തുടരും. സുമനസ്സുകളുടെ സഹായത്തോടെയാണ് സേവന പ്രവർത്തനങ്ങൾ സജീവമാക്കുന്നത്.
22 വർഷമായി മുണ്ടൂർ, അയ്യർമല, കിണാവല്ലൂർ, വഴുക്കപ്പാറ, ധോണി, വാളയാർ വനമേഖലയിൽ പക്ഷികൾക്കും വന്യജീവികൾക്കും തീറ്റക്കായി പഴവർഗങ്ങൾ എത്തിക്കുന്നത് 74ാം വയസ്സിലും തുടരുന്ന ബാലൻ സേവനവീഥിയിൽ വിശ്രമമില്ലാത്ത ഓട്ടത്തിലാണ്. ഭക്ഷ്യയോഗ്യമായ പഴങ്ങൾ കൂടയിൽ ശേഖരിച്ച് തന്റെ വാഹനത്തിൽ വനാതിർത്തിയിൽ എത്തിച്ചാണ് വിതരണം ചെയ്യുന്നത്.
മനുഷ്യരെയും വന്യമൃഗങ്ങളെയും ഒരുപോലെ സ്നേഹിക്കുന്ന ബാലൻ വേനലിൽ കർമനിരതനാവുന്നത് കുടിനീരെത്തിക്കാനാണ്. ജലക്ഷാമമുള്ള പ്രദേശങ്ങളിൽ മാത്രമല്ല നാലാൾ കൂടുന്ന ഉത്സവപ്പറമ്പുകളിലും കുടിവെള്ളവുമായി അദ്ദേഹം ഓടിയെത്തും.
ശുദ്ധജലം വിതരണം ചെയ്യുന്നതിനും ഇന്ധന ചെലവിലേക്കും പലരും സഹായം നൽകാറുണ്ടെന്ന് ബാലൻ പറഞ്ഞു. വനമിത്ര പുരസ്കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.