ദുബൈ: അറബ് ലോകത്തെ നൊബേൽ എന്നറിയപ്പെടുന്ന ‘ഗ്രേറ്റ് അറബ് മൈൻഡ്സ്’ അവാർഡ് ദാനത്തിന്റെ ഭാഗമായി ദുബൈ നഗരത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ മലയാളിയുടെ കൈയൊപ്പ്. മലപ്പുറം വൈലത്തൂർ സ്വദേശി നിഷാദ് അയ്യായ വരച്ച, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ഡിജിറ്റൽ ഡോട്ട് ആർട്ട് ചിത്രമാണ് പരിപാടിയുടെ ഭാഗമായ വിവിധ പരസ്യങ്ങളിലും മറ്റും ഉപയോഗിച്ചത്. നഗരത്തിലെ ശ്രദ്ധേയമായ ദുബൈ ഇന്റർനാഷനൽ ഫിനാൻഷ്യൽ സെൻററിന്റെ (ഡി.ഐ.എഫ്.സി) കെട്ടിടത്തിലെ പരസ്യത്തിലും ചിത്രമുണ്ട്.
ഏഴുവർഷമായി ദുബൈയിൽ പ്രവാസിയായ നിഷാദ്, 2020ലാണ് ചിത്രം വരച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. വ്യത്യസ്തമായ വര നിരവധിപേരുടെ അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു. കഴിഞ്ഞവർഷമാണ് ‘ഗ്രേറ്റ് അറബ് മൈൻഡ്സ്’ അവാർഡ് ദാനത്തിന്റെ പോസ്റ്റർ, പുസ്തകങ്ങൾ എന്നിവക്കുവേണ്ടി ചിത്രം സംഘാടകർ തെരഞ്ഞെടുത്തത്. ഇതേ ചിത്രമാണ് പുതുവർഷത്തിലും ചടങ്ങിൽ ഉപയോഗിച്ചത്.
സംഘാടകർ ആവശ്യപ്പെട്ടതിനെതുടർന്ന് പരിപാടിക്കായി മറ്റു ചില ചിത്രങ്ങളും നിഷാദ് വരച്ചുനൽകി. ഫോട്ടോഗ്രാഫറായി ജോലിചെയ്യുന്ന നിഷാദ്, അന്നം തരുന്ന നാട് നൽകിയ സന്തോഷത്തിൽ വളരെ ആഹ്ലാദമുണ്ടെന്ന് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. വൈലത്തൂർ കക്കോടി മൊയ്തീൻ ഹാജിയുടെയും പരേതയായ പാത്തുവിന്റെയും മകനാണ്. ഭാര്യ: ഫാത്തിമ നെസ്നീം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.