67കാരനായ ഡോ. പി. ഹാഷിം ഓട്ടം തുടരുകയാണ്. ചുറ്റുമുള്ളവർക്ക് പ്രചോദനം പകരുന്ന ഈ ഓട്ടം നാലുവർഷം മുമ്പ് തുടങ്ങിയതാണ്. ഇതിനകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 33ഹാഫ് മാരത്തണുകളും 10ഫുൾ മാരത്തണുകളും പൂർത്തിയാക്കിയ ഈ ‘മാരത്തൺ ഡോക്ടർ’ വയോധികർക്ക് മാത്രമല്ല, യുവതലമുറക്കും വലിയ മാതൃകയാണ്. ഒരുപ്രായം പിന്നിട്ടാൽ ‘വിശ്രമ ജീവിത’ത്തിലേക്ക് ഉൾവലിയണമെന്ന മിഥ്യയെയാണ് ഡോക്ടർ ഓടിത്തോൽപിക്കുന്നത്.
കണ്ണൂർ സ്വദേശിയായ ഡോക്ടർ മൂന്ന് പതിറ്റാണ്ടോളമായി ദുബൈയിലുണ്ട്. പ്രവാസി സമൂഹത്തിനിടയിൽ സുപരിചതനാണ്. കണ്ണൂരിലെ പൊട്ടച്ചിലകത്ത് തറവാട്ടിലെ മൈൂനത്ത് ബീവിയുടെയും എ.കെ അബ്ദുൽ ഖാദറിന്റെയും മകൻ 1983ൽ തലശ്ശേരിയിലാണ് ദന്ത ഡോക്ടറായി സേവനം ആരംഭിക്കുന്നത്. ഇവിടെ സേവനം ചെയ്യുന്ന കാലത്ത് തന്നെ എം.ഡി.എസ് പൂർത്തിയാക്കി.
പിന്നീട് യേനപ്പോയ ഡന്റൽ കോളേജിൽ പഠനമേഖല വിപുലകരിച്ച് വിവിധ വകുപ്പുകൾ രൂപപ്പെടുത്തുന്നതിന് നേതൃത്വം നൽകി. കോളേജിലെ പ്രോസ്തോഡോന്റിക്സ് വകുപ്പിൽ മേധാവിയായിരുന്നു. പിന്നീട് പ്രവാസത്തിലേക്ക് തന്റെ സേവനരംഗം പറിച്ചുനടുകയായിരുന്നു. 1995ലാണ് ദുബൈയിലെത്തി സ്വന്തമായി ക്ലിനിക് ആരംഭിക്കുന്നത്. ഈ ക്ലിനിക് വഴി ദുബൈയിലെ സ്വദേശി, പ്രവാസി സമൂഹങ്ങൾക്ക് അദ്ദേഹം സേവനം ഇപ്പോഴും തുടരുകയാണ്.
പഠനകാലത്ത് ഷട്ട്ൽ ടൂർണമെന്റിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിനെ പ്രതിനിധീകരിച്ചത് ഒഴിച്ചുനിർത്തിയാൽ കായിക മേഖലയിൽ പ്രത്യേകിച്ച് മുൻ അനുഭവങ്ങളും നേട്ടങ്ങളും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ, 63ാമത്തെ വയസിലാണ് ഓട്ടം ജീവിത ചര്യയാക്കുന്നത്. പിന്നീട് അതൊരു പാഷനായി മാറുകയായിരുന്നു. ചെറിയ കാലയളവിനിടയിൽ മാത്രം 33ഹാഫ് മാരത്തണുകളും 10ഫുൾ മാരത്തണുകളും പൂർത്തിയാക്കാൻ സാധിച്ചത് ഇതുകാരണമാണ്. കഴിഞ്ഞ ഡിസംബറിൽ അബൂദബി ഹാഫ് മാരത്തണും ജനുവരിയിൽ ദുബൈ മാരത്തണും പൂർത്തിയാക്കിയത് തന്റെ മാരത്തൺ യാത്രയിലെ ഏറ്റവും അവസാനത്തേതാണ്. കൽബയിലും അജ്മാനിലും സ്പോർട്സ് കൗൺസിലുകൾ സംഘടിപ്പിച്ച ഹാഫ് മാരത്തണിൽ രണ്ടു തവണകളിലായി രണ്ടും മൂന്നും സ്ഥാനങ്ങൾ നേടാൻ കഴിഞ്ഞു.
യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ നടന്ന മാരത്തണുകൾക്ക് പുറമെ, തുർക്കിയയിലെ ഇസ്തംബൂളിൽ ഫുൾ മാരത്തൺ, 65കി.മീറ്ററിന്റെ അൾട്രാ മാരത്തൺ എന്നിവയും പൂർത്തിയാക്കിയിട്ടുണ്ട്. 65 കി.മീറ്ററിന്റെ മാരത്തൺ 65ാമത്തെ വയസിലാണ് പൂർത്തീകരിച്ചതെന്നത് യാഥൃശ്ചികതയായി. കഴിഞ്ഞ വർഷം 66ാം ജന്മദിനം ആഘോഷിച്ചത് സാഹസികമായ സ്കൈ ഡൈവിങ് നടത്തിയായിരുന്നു. കോവിഡ് കാലത്ത് പുറത്തിറങ്ങാന കഴിയാത്ത സമയത്ത് തന്റെ അപാർട്മെന്റിൽ വെച്ചും ഡോക്ടർ മാരത്തൺ ഓടി പൂർത്തീകരിച്ചിട്ടുണ്ട്. ജന്മദേശമായ കണ്ണൂരിൽ നടന്ന ബീച്ച് റണ്ണിലും പങ്കെടുത്ത് മാരത്തൺ പൂർത്തിയാക്കി ശ്രദ്ധേയനായിരുന്നു.
പ്രവാസലോകത്ത് സൗഹൃദ കൂട്ടായ്മകളിലും മറ്റും സജീവമായ ഡോക്ടർ പൊട്ടച്ചിലകത്ത് കുടുംബ കൂട്ടായ്മയുടെ യു.എ.ഇ ഘടകത്തിന്റെ നേതൃത്വത്തിലുമുണ്ട്. ആരോഗ്യ പരിപാലനവും വ്യായാമവും പ്രോൽസാഹിപ്പിച്ച് ആരോഗ്യകരമായ ജീവിതശൈലി സമൂഹത്തിൽ വളർത്തിയെടുക്കാനാണ് ഡോക്ടർ ലക്ഷ്യമിടുന്നത്. ഓട്ടത്തിലൂടെ ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം മെച്ചപ്പെടുത്താമെന്ന സ്വന്തം അനുഭവം കൂടുതൽ പേർക്ക് പകർന്നുകൊടുക്കാൻ സാധിച്ചാൽ സന്തുഷ്ടനായെന്ന് അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.