മസ്കത്ത്: യു.എ.ഇയുടെ 51ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 'സ്നേഹം സമാധാനം' എന്ന സന്ദേശവുമായി ഒമാനി സ്വദേശിയുടെ സൈക്കിൾയാത്ര.സ്വദേശി സൈക്ലിസ്റ്റായ ഫൈസൽ അൽ മഅ്മരിയാണ് ഒമാനിൽനിന്ന് യു.എ.ഇയിലേക്ക് അഞ്ച് ദിവസത്തെ സൈക്കിൾ യാത്ര സംഘടിപ്പിച്ചത്. ഡിസംബർ ഒന്നിന് വടക്കൻ ബാത്തിനയിലെ സഹത്തിൽനിന്ന് ആരംഭിച്ച യാത്ര ഡിസംബർ അഞ്ചിനാണ് അവസാനിച്ചത്.
രണ്ട് മാസം മുമ്പുതന്നെ യാത്രക്കുള്ള ഒരുക്കം ആരംഭിച്ചതായി ഫൈസൽ അൽ മഅ്മരി പറയുന്നു. തന്റെ രാജ്യത്തോടുള്ള സ്നേഹവും യു.എ.ഇയോടുള്ള സാഹോദര്യബന്ധവുമാണ് ഈ സൈക്കിൾയാത്രക്ക് പ്രചോദനമായത്.യാത്രക്കുവേണ്ടി വലിയ ഒരുക്കങ്ങൾ നടത്തിയിരുന്നു. ശരീരം ഫിറ്റാവാൻ ധാരാളം കായികപരിശീലനങ്ങൾ നടത്തിയിരുന്നു. ദിവസവും ചുരുങ്ങിയത് മൂന്ന് മണിക്കൂറെങ്കിലും നടന്നിരുന്നു. ഒമാനിലെയും യു.എ.ഇയിലെയും വിവിധ നഗരങ്ങളിലൂടെയാണ് സൈക്കിൾ കടന്നുപോയത്.
സഹത്തിൽനിന്നാരംഭിച്ച ട്രിപ് ബുറൈമി, അൽ ഐൻ, അബൂദബി, ദുബൈ, ഷാർജ, ഖോർ ഫക്കാൻ, ഫുജൈറ വഴിയാണ് കടന്നുപോയത്. പിന്നീട് സൊഹാറിലേക്ക് തിരിച്ചുവന്നതായും അദ്ദേഹം പറഞ്ഞു. ഒമാന്റെയും യു.എ.ഇയുടെയും പതാകകൾ സൈക്കിളിൽ കെട്ടിയിരുന്നു. രാവിലെ ആറരക്കാണ് യാത്ര ആരംഭിക്കുന്നത്. വൈകീട്ട് ആറിന് യാത്ര അവസാനിപ്പിക്കും. ഫണ്ടുണ്ടാക്കലും റോഡിൽ അനുഭവപ്പെട്ട കാറ്റുമാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് മഅ്മരി പറയുന്നു. എന്നാൽ, ഇവയെല്ലാം ക്ഷമയോടെ നേരിട്ടു. പകൽസമയം സാൻവിച്ച് കഴിക്കാനും വെള്ളം കുടിക്കാനും മാത്രമാണ് യാത്ര നിർത്തിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.