സാധാരണ മനുഷ്യരിൽ നിന്ന് വിത്യസ്തമായി ചിന്തിക്കുന്നവരാണ് കലാകാരൻമാർ. ഏത് കാര്യത്തിലും തന്റേതായ കൈയൊപ്പ് ചാർത്താൻ അവർ എപ്പോഴും ശ്രമിച്ചു കൊണ്ടേയിരിക്കും. അങ്ങനെ തികച്ചും വിത്യസ്തമായ രീതിയിൽ അക്ഷരങ്ങളുടെ സുൽത്താൻ എന്ന് വിശേഷിപ്പിക്കുന്ന ഷാർജ സുൽത്താൻ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് ആദരമർപ്പിക്കുകയാണ് കലാകാരനും സിനിമ-നാടക പ്രവർത്തകനുമായ നിസാർ ഇബ്രാഹിം.
അനാമോർഫിക് ആർട്ടിലൂടെ ഷാർജ സുൽത്താന്റെ ത്രിമാന ശിൽപം നിർമിച്ചിരിക്കുകയാണ് മലയാളിയായ നിസാർ ഇബ്രാഹിം. ഷാർജ പുസ്തകോത്സവത്തോട് അനുബന്ധിച്ചു ശൈഖ് സുൽത്താൻ ലോകത്തിനു നൽകുന്ന സാംസ്കാരിക കലാ പ്രവർത്തനങ്ങൾക്കുള്ള ആദരസൂചകമായാണ് ശിൽപനം നിർമിച്ചിരിക്കുന്നത്.
ശൈഖ് സുൽത്താൻ ശ്രദ്ധയൂന്നുന്ന കലാ-സാംസ്കാരിക പ്രവർത്തനങ്ങളെ അടയാളപ്പെടുത്തുന്ന 22 തൂണുകളിൽ ആലേഖനം ചെയ്ത അദ്ദേഹത്തിന്റെ മുഖചിത്രം ഒരു പ്രത്യേക കോണിൽ വരുമ്പോൾ ദൃശ്യമാകുന്ന തരത്തിലാണ് ഈ ഇൻസ്റ്റലേഷൻ മാതൃകയിലുള്ള ശില്പം രൂപകല്പന ചെയ്തിരിക്കുന്നത്. ഏഴടി ഉയരവും ആറടി വീതിയുമുള്ള ശിൽപം നിർമിക്കാൻ ഏതാണ്ട് 8,000 ദിർഹമാണ് ചെലവിട്ടത്. അലുമിനിയം സ്ക്വയർ ക്യൂബ് പൈപ്പുകൾ ഉപയോഗിച്ചാണ് മനോഹരമായ ഈ നിർമിതി.
രണ്ടു മാസത്തെ പ്രയ്തനത്തിനൊടുവിലാണ് പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് നിസാർ ഇബ്രാഹിം പറഞ്ഞു. പൈപ്പുകൾ പ്രത്യേക രീതിയിൽ വെട്ടിയെടുത്ത് പുറം ഭാഗത്ത് വെള്ള നിറം പൗഡർ കോട്ട് ചെയ്തും അകത്ത് കറുപ്പ് നിറം നൽകിയുമാണ് സുൽത്താന്റെ മുഖചിത്രം പൂർത്തീകരിച്ചിരിക്കുന്നത്. ഷാർജ പുസ്തകോത്സവവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഷാർജയിലെ സഫാരിമാളിൽ ഈ ശില്പം പൊതുജങ്ങൾക്കായി പ്രദർശിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ ഇത്തരത്തിൽ യു.എ.ഇ ദേശീയതയുടെയും ഭരണാധികാരികളുടെയും ശില്പങ്ങൾ ചെയ്ത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് നിസാർ. സായിദ് വർഷാചരണത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ട് വിത്യസ്തങ്ങളായ രൂപങ്ങളുടെ സഹായത്തോടെ ശൈഖ് സായിദിന്റെ പോർട്രൈറ്റ് ചിത്രമൊരുക്കിയതും ലോക ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഇരുമ്പിൽ തീർത്ത വിവിധ രൂപങ്ങളെ സമന്വയിപ്പിച്ചു കൊണ്ടാണ് ശൈഖ് സായിദിന്റെ ചിത്രമാക്കി മാറ്റിയെടുത്ത്.
യു.എ.ഇയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് ഏകദേശം 68,00 സ്ക്രൂകൾകൊണ്ട് തീർത്ത യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ഒരു ത്രിമാന ശിൽപവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 49ാമത് ദേശീയ ദിനത്തിൽ 49 കിലോ ഗ്രാം സ്ക്രൂകൾ ഉപയോഗിച്ച് 49 മണിക്കൂറുകൾ ചെലവഴിച്ചാണ് ശിൽപം പൂർത്തിയാക്കിയത്.
ത്രിമാന ശിൽപനത്തിന് 120 സെന്റീമീറ്റർ ഉയരവും 100 സെന്റിമീറ്റർ വീതിയുമുണ്ട്. ഇന്റീരിയർ ഡിസൈനറായ ഇദ്ദേഹം ശിൽപ നിർമാണത്തോടൊപ്പം കലാരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ആ രംഗത്ത് നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ആരോ ഒരാൾ എന്ന ഹ്രസ്വ ചിത്രത്തിന്റെ സംവിധായകൻ കൂടിയാണിദ്ദേഹം. ഒട്ടനവധി ഷോർട് ഫിലിമുകളിൽ കലാ സംവിധാനം നിർവഹിച്ചിട്ടുണ്ട്. അജ്മാനിൽ ഇന്റീരിയർ ഡിസൈനറായ ഇദ്ദേഹം തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയാണ്. കുടുംബവുമെന്നിച്ച് അജ്മാനിലാണ് താമസം. സീനത്താണ് ഭാര്യ. മക്കൾ: ആദിൽ നിസാർ, ആദം നിസാർ ഇബ്രാഹിം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.