മത്ര: മത്രക്കാര്‍ക്കിടയില്‍ ഏറെ സുപരിചിതനായ കാസർകോട് മൊഗ്രാല്‍ ചൗകി സ്വദേശി പക്കര്‍ക്കയുടെ വിയോഗ വാർത്ത സൂഖിലെ സ്വദേശികളിലും പ്രവാസികളിലും ദുഃഖം പടർത്തി. നാലു പതിറ്റാണ്ട് കാലം പ്രവാസ ജീവിതം നയിച്ച് തിരികെ നാട്ടിലേക്ക് മടങ്ങിയ പക്കര്‍ക്ക മത്രയില്‍ അത്രമേല്‍ പരിചിതമായ വ്യക്തിയായിരുന്നു.
മത്രയിലുള്ള കാലത്ത് അതിരാവിലെ കോര്‍ണിഷ് മത്സ്യ മാര്‍ക്കറ്റിലെത്തി മീന്‍ ശേഖരിച്ച് ഉന്തുവണ്ടിയില്‍ വരുന്ന കാഴ്ച മത്ര സൂഖിലുള്ളവരാരുംതന്നെ മറക്കില്ല. സൂഖിന്റെ അങ്ങേ അറ്റം മുതല്‍ കാണുന്നവരോടൊക്കെ തന്റെതായ പ്രത്യേക തരം സ്ലാങ്ങില്‍ തമാശ പറഞ്ഞ് ചിരിച്ച് നടന്നു നീങ്ങുന്ന പക്കര്‍ക്കയുടെ നല്ല ഓർമകളാണ് മത്രയിലുള്ളവര്ക്ക് പറയാനുള്ളത്.
സ്വദേശി വീട്ടമ്മമാരുടെ നിത്യ ജീവിതത്തിന്റെ ഭാഗം കൂടിയായിരുന്നു ഇദ്ദേഹം. കാരണം ഇന്നന്താ കറിവെക്കുക എന്ന ചിന്തയില്‍ ഇരിക്കുമ്പോള്‍ മത്രയിലുള്ള ഓരോ സ്വദേശി വീടുകളിലും രാവിലെ മത്സ്യ വണ്ടിയുമായി പക്കര്‍ എത്തിയിട്ടുണ്ടാവും. സ്വദേശികളും മച്ചി പക്കര്‍ എന്നാണ് ഇദ്ദേഹത്തെ അഭിസംബോധനം നടത്താറുള്ളത്.
അറബി, ബലൂഷി ഭാഷകള്‍ സ്വദേശികളെപ്പോലെ തന്നെ അനായാസം ഒഴുക്കോടെ സംസാരിക്കാന്‍ കഴിയുന്നതിനാല്‍ പ്രായമായ സ്വദേശികള്‍ വീടിനകത്തേക്ക് ക്ഷണിച്ചിരുത്തി ദീര്‍ഘ നേരം സംഭാഷണങ്ങളില്‍ മുഴുകുന്നത് പതിവ് കാഴ്ചകളായിരുന്നു. പക്കര്‍ക്കയുടെ മരണ വിവരം കേട്ടറിഞ്ഞ സ്വദേശികളും അദ്ദേഹത്തിന്റെ ഓര്‍മകള്‍ അയവിറക്കുന്നുണ്ടായിരുന്നു. ഭാര്യ: ഫൗസിയ. മക്കൾ: നംഷാദ്, നിംഷാദ്, നതാഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.