ഒറ്റപ്പാലം: മൺപാത്രങ്ങൾ പുതുമയല്ലെങ്കിലും അതിന്റെ പരമ്പരാഗതരീതിയിലുള്ള നിർമാണം നേരിൽ കണ്ടപ്പോൾ പലർക്കും കൗതുകം. കറങ്ങുന്ന ചക്രമധ്യേ സ്ഥാപിച്ച കുതിർന്ന കളിമണ്ണിൽ പരിചിത കൈവിരലുകൾ പതിഞ്ഞപ്പോൾ മാറിമറിഞ്ഞ രൂപങ്ങൾക്കൊടുവിൽ ഉരുത്തിരിഞ്ഞ മൺപാത്രം കണ്ട് പലരും അത്ഭുതംകൂറി. പുതുതലമുറ ഉൾപ്പെടെ പലർക്കും ഇത് ആദ്യാനുഭവമായി.
ഒറ്റപ്പാലം എൽ.എസ്.എൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവരുന്ന ശാസ്ത്രപൂരത്തോടനുബന്ധിച്ചാണ് പരമ്പരാഗത കളിമൺപാത്ര നിർമാണം നേരിൽ കാണാൻ സംഘാടകർ അവസരമൊരുക്കിയത്. ഇത് ശാസ്ത്രപൂര വേദിയിലെത്തിച്ചത് കേരള കളിമൺപാത്ര നിർമാണ തൊഴിലാളി യൂനിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിലും.
മൺപാത്ര തൊഴിൽമേഖലയിൽ ഇന്ന് അവശേഷിക്കുന്നത് പഴയ തലമുറയിലെ ഏതാനും പേർ മാത്രമാണ്. തോട്ടക്കര, പുളിഞ്ചോട്, മുരുക്കുംപറ്റ, അമ്പലപ്പാറ തുടങ്ങി ഒറ്റപ്പാലത്തിന്റെ ചുറ്റുവട്ടത്തായി നൂറിലേറെ കുടുംബങ്ങൾ ഒന്നിച്ച് താമസിച്ച് തൊഴിലെടുത്ത് കുടുംബം പോറ്റിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇവരുടെ അധിവാസം മൂലം കുംഭാരംകുന്ന്, കുംഭാരൻ കോളനി എന്നീ പേരുകളിലാണ് ഇവിടങ്ങൾ അറിയപ്പെട്ടിരുന്നത്.
ഇവിടത്തെ കുടുംബങ്ങളെല്ലാം വിവിധ പ്രദേശങ്ങളിലേക്കും മറ്റു തൊഴിലുകളിലേക്കും ചേക്കേറിയതോടെ ഓർമത്തെറ്റുപോലെ സ്ഥലപ്പേരുകൾ മാത്രം ബാക്കിയായി. ശാസ്ത്രപൂരത്തിന് പാത്രനിർമാണത്തിൽ പരിചയമുള്ള ഒരാളെ കണ്ടുകിട്ടാൻ ഏറെ പ്രയാസപ്പെടേണ്ടിവന്നതായും ഒടുവിൽ അമ്പലപ്പാറയിൽനിന്നാണ് കളരിപ്പറമ്പിൽ ഉണ്ണികൃഷ്ണൻ എന്നയാളെ കൊണ്ടുവന്നതെന്നും കെ.കെ.പി.എൻ.ടി.യു താലൂക്ക് സെക്രട്ടറി ശിവദാസൻ പറയുന്നു.
മണ്ണ് ഖനനത്തിനെതിരെ നിയമം കർശനമാക്കിയത് കളിമൺപാത്ര നിർമാണ മേഖലക്കും ദോഷമായി. കളിമണ്ണിന്റെ ദൗർലഭ്യവും താങ്ങാനാവാത്ത കടത്ത് കൂലിയും ചൂളക്കാവശ്യമായ വിറകിന്റെ വിലവർധനയുമെല്ലാം സഹിച്ച് നിർമിച്ചെടുക്കുന്ന മൺപാത്രങ്ങൾക്ക് അധ്വാനത്തിന്റെ വിലപോലും ലഭിക്കാത്തത് മൂലം തൊഴിൽ മേഖലയുടെ നിലനിൽപ് തന്നെ വെല്ലുവിളിയായി.
ഇതിന് പുറമെ യന്ത്രവത്കൃത രീതിയിൽ നിർമിക്കുന്ന മൺപാത്രങ്ങൾ കൂടി വിപണികളിൽ എത്തിത്തുടങ്ങിയതോടെ ഇവക്കൊപ്പം മത്സരിച്ചുനിൽക്കാനാകാതെ പരമ്പരാഗത തൊഴിൽ മേഖല നിന്ന് കിതക്കുകയാണ്. നിർമാണ വൈദഗ്ധ്യമുള്ളവരിൽ പലരും നിർമാണ മേഖലയിലേക്കുൾപ്പെടെ ചുവടുമാറ്റി. പുതുതലമുറ ഇതിലേക്ക് വരുന്നില്ലെന്ന് മാത്രമല്ല, വീടുകൾ കേന്ദ്രീകരിച്ചുള്ള പാത്രനിർമാണത്തിൽ അതൃപ്തരുമാണെന്ന് ഉണ്ണികൃഷ്ണൻ പറയുന്നു. ജനുവരി ഒന്നിനാണ് ശാസ്ത്രപൂരം സമാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.