ചെറുതാണ് ചേതോഹരം എന്നത് പലർക്കും ഒരു പറച്ചിൽ മാത്രമാണ്. എന്നാൽ ജിജു അഥീനയുടെ കാമറയിൽ പതിഞ്ഞ ചിത്രങ്ങൾ കാണുന്നവർക്ക് അതിലൊരു സംശയവുണ്ടാകില്ല. കാരണം അത്രമേൽ മനോഹരമായ ഭൂമിയിലെ അതിസൂക്ഷമ സൗന്ദര്യമാണ് ആ ചിത്രങ്ങളിലെല്ലാം. സാധാരണ മിക്കവരും വളരെ നിസ്സാരമായി കാണുന്നതും അശ്രദ്ധയോടെ മാത്രം കൈകാര്യം ചെയ്യുന്നതുമാണ് ചെറുജീവികൾ. ആനയോ കുതിരയോ മുമ്പിലൂടെ കടന്നുപോകുമ്പോൾ അൽഭുതത്തോടെ നോക്കുന്നവർ, സ്വന്തം കാലിലും കൈയിലും കയറിയിറങ്ങുന്ന ഉറുമ്പിനെ നോക്കാറില്ലല്ലോ. എന്നാൽ ഉറുമ്പിലും പാറ്റയിലും തേനീച്ചയിലുമൊക്കെ പ്രകൃതിയുടെ അത്യൽഭുതകരമായ സൗന്ദര്യമുണ്ടെന്ന് അടുത്തുനിന്ന് നോക്കുമ്പോൾ കാണാനാകും. അത്തരം കാഴ്ചകളിലേക്കാണ് ജിജുവിന്റെ കാമറക്കണ്ണുകൾ നമ്മെ ആനയിക്കുന്നത്.
1996മുതൽ ഫോട്ടോഗ്രഫി പരിശീലിക്കാൻ തുടങ്ങിയതാണ് തൃശൂർ പൂങ്കുന്നം സ്വദേശിയായ ജിജു. ഇന്റർനെറ്റും യൂട്യൂബും സജീവമാകുന്നതിന് മുമ്പുള്ളകാലമാണ്. ഫോട്ടോഗ്രഫി പഠിച്ചെടുക്കാൻ മാഗസിനുകളാണ് പ്രധാനമായും ആശ്രയമായി ഉണ്ടായിരുന്നത്. പലതരം മാഗസിനുകൾ വരുത്തി വായിച്ചു പഠിക്കുകയായിരുന്നു. ഫോട്ടോഗ്രഫിയിലെ ലോകപ്രശസ്തരായ വിദഗ്ധരുടെ എഴുത്തുകളിലൂടെ പതിയെപ്പതിയെ പഠിച്ചെടുക്കാൻ തുടങ്ങുന്ന കാലത്ത് ഹൈദരാബാദിൽ ജോലി ചെയ്യുകയായിരുന്നു. അന്നുമുതൽ വിനോദയാത്രകളെല്ലാം വനപ്രദേശങ്ങളിലേക്കാണ് പോയിരുന്നത്. കാട് ഫോട്ടോഗ്രാഫർമാരെ എല്ലാകാലത്തും പ്രലോഭിപ്പിച്ച ഇടമാണല്ലോ. ആദ്യകാലത്ത് വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിൽ തന്നെയാണ് ജിജുവിനും കമ്പം തോന്നിയത്. 2000ൽ ചെറിയ കാമറ സ്വന്തമാക്കി. പിന്നീട് 2005ലാണ് ഡി.എസ്.എൽ.ആർ കാമറ സ്വന്തമാക്കി ഉപയോഗിച്ചുതുടങ്ങുന്നത്.
കുഞ്ഞുലോകത്തെ വിസ്മയ ചിത്രങ്ങളിലേക്ക്
ഫോട്ടോഗ്രഫി സാമാന്യം നല്ല രീതിയിൽ പഠിച്ചതോടെയാണ് മാക്രോ മേഖലയിലേക്ക് ശ്രദ്ധ തിരിയുന്നത്. വൈൽഡ്ലൈഫ് ഫോട്ടോഗ്രഫി പോലെ എല്ലാവരും പരീക്ഷിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് മാക്രോയിലേക്ക് ശ്രദ്ധ തിരിച്ചത്. ചുറ്റുവട്ടങ്ങളിൽ ധാരാളമുള്ളതും എന്നാൽ പലരും ശ്രദ്ധിക്കാത്തതുമായ കുഞ്ഞു ജീവികളെ പകർത്തുന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. ഏറെ ക്ഷമയും സമയവും അധ്വാനവും ആവശ്യമുണ്ടതിന്. അതിനപ്പുറം സവിശേഷമായ ശ്രദ്ധയോടെ കാമറ കൈകാര്യം ചെയ്യാനും കഴിയണം. ഒറ്റ ക്ലിക്കിൽ കാമറയിൽ ഒപ്പിയെടുക്കാൻ കഴിയുന്നതല്ല. എന്നാൽ ജിജു ആ സാഹസം ഏറ്റെടുത്തു. പ്രകൃതിയുടെ കുഞ്ഞു സൗന്ദര്യങ്ങൾ അപാരമായ ക്ഷമയോടെ കാത്തിരുന്നും സമയമെടുത്തും പകർത്തി. ചിത്രങ്ങളോരോന്നും തന്നെയാണ് പ്രോൽസാഹനവും ആവേശവും പകർന്നത്. ഇനിയും സുന്ദമായ കാഴ്ചകൾ പകർത്തണമെന്ന ആഗ്രഹം കൂടുതൽ കൂടുതൽ പരീക്ഷണങ്ങൾക്ക് പ്രചോദനമായി. 16വർഷമായി ദുബൈയിൽ പ്രവാസിയായ ജിജു, നാട്ടിലെത്തുന്ന ഇടവേളകളിലാണ് ഫോട്ടോഗ്രഫിക്ക് പ്രധാനമായും സമയം കണ്ടെത്തുന്നത്. യു.എ.ഇയിലെ ഫോട്ടോഗ്രഫി സൗഹൃദക്കൂട്ടായ്മയുടെ ഭാഗമായി മിക്ക ആഴ്ചകളിലും ചിത്രങ്ങൾ പകർത്താൻ പോകാറുമുണ്ട്. സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ പങ്കുവെക്കുന്നതിലുപരി എക്സിബിഷനുകളൊന്നും ഇന്നുവരെ സംഘടിപ്പിച്ചിട്ടില്ല. അവാർഡുകൾക്ക് അപേക്ഷിച്ചിട്ടുമില്ല. എന്നാൽ ഫോട്ടോഗ്രഫി മേഖലയിലെ പലരും ചിത്രങ്ങൾ മികച്ചതായെന്ന അഭിനന്ദനം ചൊരിഞ്ഞിട്ടുണ്ട്. യാത്രാ മാഗസിനിൽ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഫോട്ടോഗ്രഫി ചെയ്യുമ്പോൾ മകൻ ആദിൽ അടക്കമുള്ളവരാണ് സഹായികളായുണ്ടാകാറുള്ളത്. അവരുടെ സഹായത്തോടെ ഷൂട്ടിങിന് ആവശ്യമുള്ള സംവിധാനങ്ങൾ ഒരുക്കും. കുഞ്ഞുജീവികൾക്ക് പുറമെ, ജിജുവിന്റെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങൾ വർണ മൽസ്യങ്ങളുടേതാണ്. അക്വേറിയം സജ്ജീകരിച്ച് ദീർഘനേരത്തെ പ്രയത്നത്തിലൂടെയാണ് ഈ ചിത്രങ്ങൾ പകർത്തിയെടുത്ത്. ഈ ചിത്രങ്ങൾ ഒറിജിനലോ എന്ന് ഒറ്റനോട്ടത്തിൽ ആർക്കും സംശയം തോന്നും. അത്രക്കാണ് പെർഫെക്ഷൻ. കുഞ്ഞു ജീവികളുടെ ചിത്രമെടുക്കുന്നതിൽ ജിജുവിനെ അലട്ടുന്നൊരു ദുഃഖമുണ്ട്. മിക്കപ്പോഴും ചിത്രമെടുക്കാൻ ഈ കുഞ്ഞു ജീവികളെ ഉപദ്രവിക്കേണ്ടി വരുമെന്നതാണത്. ഒറ്റ ക്ലിക്കിൽ കാമറയിൽ ഒപ്പിയെടുക്കാൻ കഴിയുന്നതല്ല വളരെ ചെറിയ പ്രാണികളുടെ ഫോട്ടോകൾ. ലാബുകളിൽ ഉപയോഗിക്കുന്ന മൈക്രോസ്കോപ് ഡി.എസ്.എൽ.ആർ കാമറയിൽ അറ്റാച്ച് ചെയ്ത് 150ൽ കൂടുതൽ ചിത്രങ്ങളെടുത്തു സോഫ്റ്റ്വെയറിന്റെ സഹായത്തോടെ കൂട്ടിയോജിപ്പിച്ച് ഒറ്റ ചിത്രമാക്കിയതാണ്(focus stacking ) മിക്ക ചിത്രങ്ങളും. അഞ്ച് മില്ലി മീറ്റർ മാത്രം അകലെ നിന്നാണ് പലപ്പോഴും ചിത്രങ്ങളെടുക്കുന്നത്. അതിസൂക്ഷമമായ ഭൂതക്കണ്ണാടികൾ ഉപയോഗിച്ചാണ് ജീവികളെ കാണുന്നത് പോലും. ഇത്തരത്തിൽ അതിസാഹസികമായി പകർത്തുന്നതിലൂടെ ലോകത്തെ മികച്ച മാക്രോ ഫോട്ടോഗ്രാഫർ ആകാനാണ് ആഗ്രഹിക്കുന്നത്.
നിങ്ങൾ പഠിച്ചുകൊണ്ടേയിരിക്കുക
ദുബൈയിൽ അഡ്വർടൈസിങ് കമ്പനി നടത്തുകയാണ് ഇലക്ട്രിക്കൽ എൻജിനീയറിങ് പഠിച്ച ജിജു. കുഞ്ഞുകുഞ്ഞു ജീവികളുടെ ചിത്രങ്ങൾ പകർത്തുന്ന മാക്രോഫോട്ടോഗ്രഫിയിലൂടെ ജനങ്ങളെ പ്രകൃതിയെ ആദരിക്കാൻ ശീലിപ്പിക്കുകയാണ് ജിജു. ഓരോ തവണയും ഫോട്ടോ പകർത്തുമ്പോൾ പഠിച്ചെടുക്കുകയാണെന്ന ബോധ്യമുണ്ട്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് തനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നവർ. അവർ തന്നെയാണ് ഏറ്റവും കൂടുതൽ തിരുത്തുകൾ നിർദേശിക്കുന്നവരും. നികോൺ എഫ്.എം2ൽ തുടങ്ങിയ ജിജുവിന് പുതുതലമുറയോട് പറയാനുള്ളത് പഠിച്ചുകൊണ്ടേയിരിക്കാനാണ്. അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയെ കുറിച്ച് മനസിലാക്കുകയും പ്രയോഗിക്കുകയും ചെയ്യുക. അതോടൊപ്പം ഫോട്ടോഗ്രഫിയെ ഒരു പാഷനായി കൊണ്ടുനടക്കുമ്പോൾ, വരുമാനത്തിന് മറ്റെന്തങ്കിലും മാർഗം കാണാനും അദ്ദേഹം ഉപദേശിക്കുന്നു. കാരണം പ്രശസ്തിയും സ്വന്തമായ പേരും നേടിയെടുത്താലേ ഫോട്ടോഗ്രഫിയിൽ നിന്ന് വരുമാനം ലഭിക്കൂവെന്ന് ഓർമിപ്പിക്കുന്നു. ജിജുവിന് ആദിലിനെ കൂടാതെ ഒരു മകളാണുള്ളത്, അഥീന. രജനിയാണ് പത്നി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.