ചെങ്ങമനാട്: മരണത്തെ മുഖാമുഖം കണ്ട്, ആറുവയസ്സുകാരിയെ രക്ഷിക്കാൻ പെരിയാറിലേക്കെടുത്തുചാടിയ യുവാക്കളുടെ സാഹസികത മനുഷ്യത്വത്തിന്‍റെ സന്ദേശമായി. കഴിഞ്ഞ ദിവസം ആലുവാപ്പുഴയിൽ ചെങ്ങമനാട് പുതുവാശ്ശേരി സ്വദേശി യുവാവ് മകളോടൊപ്പം ജീവനൊടുക്കിയപ്പോൾ രക്ഷാപ്രവർത്തകരായെത്തിയ മൂന്ന് യുവാക്കളുടെ അതിസാഹസികതയാണ് അഭിമാനമായത്. പടിഞ്ഞാറെ വെളിയത്തുനാട് അടുവാത്തുരുത്ത് സ്വദേശികളായ കിടങ്ങപ്പിള്ളിപ്പറമ്പ് വീട്ടിൽ മിഥുൻ രാജീവൻ (24), ചാലത്തറ വീട്ടിൽ ഹാറൂൺ ഷംസുദ്ദീൻ (22), മണത്താട്ടുവീട്ടിൽ അൻസാർ അഷ്റഫ് (29) എന്നിവരാണ് അഭിമാനമായത്.
സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ മിഥുൻ രാവിലെ ബൈക്കിൽ ജോലിക്ക് പോകുംവഴി ആലുവ മാർത്താണ്ഡവർമ പാലത്തിലെത്തിയപ്പോൾ വഴിയാത്രക്കാരിയായ യുവതിയാണ് കുഞ്ഞിനെ പുഴയിൽ എറിഞ്ഞ സംഭവം അലമുറയിട്ട് അറിയിച്ചത്. ബൈക്ക് റോഡരികിൽ നിർത്തി പുഴയിലേക്ക് നോക്കിയപ്പോൾ സ്കൂൾ യൂനിഫോം ധരിച്ച് കമിഴ്ന്നുകിടക്കുന്ന കുഞ്ഞ് ചുമലിൽ സ്കൂൾ ബാഗുമായി വെള്ളത്തിൽ പൊങ്ങിക്കിടക്കുകയായിരുന്നു. കിഴക്കുനിന്ന് മെല്ലെ പടിഞ്ഞാറോട്ട് ഒഴുകുകയായിരുന്നു.
അതോടെ റോഡ് മുറിച്ചുകടന്ന് പാലത്തിൽനിന്ന് താഴെയിറങ്ങി സമീപത്തെ സ്വകാര്യ ബാർ ഹോട്ടലിന്‍റെ തീരത്തേക്ക് ഓടുകയായിരുന്നു. ഈ സമയം ഹോട്ടൽ തീരത്ത് നിന്നോടിയെത്തിയ ഹാറൂൺ കിതപ്പ് തീരുന്നതിന് മുമ്പേ സാഹസികമായി പുഴയിൽ ഇറങ്ങി നീന്തി കുഞ്ഞിന്‍റെ മുടിയിൽ പിടിച്ചു. തൊട്ടുപിറകിലുണ്ടായിരുന്ന മിഥുൻ പുഴയിലിറങ്ങി നീന്തി കുഞ്ഞിന്‍റെ കാലിലും പിടിച്ചു.
പുഴയിൽ പൊങ്ങിക്കിടന്ന ലൈജുവിന്‍റെ രണ്ട് ചെരിപ്പുകൾക്കിടയിലൂടെ കുഞ്ഞിന്‍റെ കാലിൽ പിടിച്ച് മിഥുനും മുടിയിൽ പിടിച്ച് ഹാറൂണും ഒഴുകുകയായിരുന്നു. കിതച്ചോടിയെത്തിയ ഉടൻ പുഴയിൽ ചാടിയതിനാൽ സാഹസികമായി നീന്തിയ ഹാറൂണും മിഥുനും അവശരായിരുന്നു. കാഴ്ചക്കാരായി നിൽക്കുന്നവരോട് സഹായിക്കാൻ വിളിച്ച് പറഞ്ഞെങ്കിലും ആരും തയാറായില്ല.
ഹോട്ടലിൽ അതിനുള്ള സംവിധാനങ്ങളുമുണ്ടായില്ല. അതിനിടെ നീന്തി അവശനായ ഹാറൂൺ തളർന്നതോടെ കുട്ടിയുടെ മുടിയിൽനിന്ന് കൈവിട്ടു. കുഴഞ്ഞ് പുഴയിൽ മുങ്ങിപ്പോകുമെന്ന് കണ്ടതോടെ കരയിലെ കൂട്ടത്തിൽനിന്ന് സുഹൃത്ത് കൂടിയായ അൻസാർ പുഴയിൽ ചാടി നീന്തി ഹാറൂണിനെ പിടിച്ച് കരയിൽ എത്തിക്കുകയായിരുന്നു. ഈ സമയം പുഴ രണ്ട് ശാഖയായി തിരിയുന്ന ഭാഗത്ത് ചുഴിയിൽ അകപ്പെട്ട് താണതോടെ കുട്ടിയുടെ കാലിൽനിന്ന് മിഥുൻ കൈവിടുകയായിരുന്നു. തുടർന്ന് ചുഴിയിൽ അകപ്പെടാതെ സാഹസികമായി നീന്തി മിഥുനും രക്ഷപ്പെടുകയായിരുന്നു.
പെൺകുട്ടിയെ സാഹസികമായി രക്ഷിക്കാൻ ശ്രമിച്ചതറിഞ്ഞ് ചെങ്ങമനാട് പൊലീസ് ആദരവുമായി മിഥുന്‍റെ സ്ഥാപനത്തിലെത്തിയപ്പോഴാണ് തന്നേക്കാൾ സാഹസികത കാട്ടിയ ഹാറൂണിനെക്കുറിച്ച് വെളിപ്പെടുത്തിയത്. അതോടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഹാറൂണിനുള്ള ആദരവുമായെത്തിയപ്പോഴാണ് സ്ഥാപനത്തിലെ ഡ്രൈവറായ അൻസാറിന്‍റെ കനിവിലാണ് ഹാറൂണിന് ജീവൻ തിരിച്ചുകിട്ടിയതെന്നും പൊലീസ് അറിയുന്നത്.അതോടെ അൻസാറിനും പൊലീസ് ആദരവ് നൽകി. സ്റ്റേഷൻ ഹൗസ് ഓഫിസർ വി.എസ്. വിപിൻ, എസ്.ഐ ഷാജി എസ്. നായർ എന്നിവരുടെ നേതൃത്വത്തിലാണ് മൂവർക്കും ഉപഹാരങ്ങൾ നൽകി ആദരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.