പുൽപള്ളി: 93ാം വയസ്സിലും കൃഷിയിടത്തിൽ പൊന്നുവിളയിക്കുന്നതിന്റെ തിരക്കിലാണ് മുള്ളൻകൊല്ലി പഞ്ചായത്തിലെ പാറക്കവല പുളിവേലിൽ പൗലോസ്. പ്രായം തളർത്താത്ത മനസ്സുമായി ഇന്നും കൃഷിപ്പണികളിൽ ഏർപ്പെടുന്നത് ശ്രദ്ധേയ കാഴ്ചയാകുന്നു. പിറവം സ്വദേശിയായ പൗലോസ് കുടിയേറ്റ കാലഘട്ടത്തിന്റെ ആദ്യനാളുകളിൽ ഇവിടെ എത്തിയതാണ്.
രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലുവരെ കൃഷിയിടത്തിലിറങ്ങും. തോട്ടത്തിലെ കാട് വെട്ടുന്നതും കിളക്കുന്നതുമെല്ലാം സ്വന്തം. നിലവിലുള്ള വീട്ടിൽ നിന്നും രണ്ടു കിലോ മീറ്റർ മാറിയാണ് കൃഷിയിടം.
അവിടേക്ക് നടന്നുപോയി കൃഷിപ്പണി നടത്തിയ ശേഷം മടങ്ങുകയാണ് പതിവ്. ഈ ഒരു പ്രവൃത്തിക്ക് ഇന്നുവരെ അദ്ദേഹം അവധി നൽകിയിട്ടില്ല. കൃഷിയോടുള്ള താൽപര്യം ഒന്നുകൊണ്ടുമാത്രമാണ് ഇപ്പോഴും സജീവമായിരിക്കുന്നത്. ഭാര്യ മറിയാമ്മ മരണപ്പെട്ടു. മകൻ തമ്പിയോടൊപ്പമാണ് താമസം. മികച്ച ക്ഷീരകർഷകനും കൂടിയാണ് ഇദ്ദേഹം. ഈയിടെ സീതാമൗണ്ട് ക്ഷീരസംഘം ഇദ്ദേഹത്തെ ആദരിച്ചിരുന്നു. കൃഷിയിൽ നിന്ന് യുവതലമുറ അകലുമ്പോഴാണ് കൃഷിയെ നെഞ്ചോട് ചേർത്ത് വിശ്രമ ജീവിതം നയിക്കേണ്ട സമയത്തും പൗലോസ് കൃഷിയിടത്തിൽ മികവ് തെളിയിച്ചു കൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.