അസാമാന്യ പാടവവും പുതിയ രംഗശീലങ്ങളുംകൊണ്ട് അരങ്ങിൽ വിസ്മയം തീർത്ത അതുല്യപ്രതിഭയായിരുന്നു പ്രശാന്ത് നാരായണൻ. നാടകവേദിയിൽ പുതിയ പരീക്ഷണങ്ങൾ നടത്തി വേറിട്ട നാടകക്കാഴ്ചകൾ സമ്മാനിച്ച വ്യക്തി. കഥകളിയുടെ വേഷസമ്പ്രദായങ്ങളും മുഖത്തെഴുത്തും നൽകുന്ന സൗന്ദര്യാനുഭൂതിപോലെ തന്നെയാണ്, കലാകാരന്മാർ അവരുടെ വേഷഭംഗിയിൽ കഥാപാത്രമായി മാറുമ്പോൾ കാണികളും കഥകളുടെ മായികലോകത്തിലേക്ക് വഴുതിവീഴുന്നത്.
വെള്ളായണിയിലെ വീട്ടിൽനിന്നും ആരംഭിച്ച കലയുടെ കേളികൊട്ട് രാജ്യാന്തരതലം വരെ ശ്രദ്ധിക്കപ്പെടുക സ്വാഭാവികം. എന്നിരുന്നാലും നിറഞ്ഞാടിയ വേഷങ്ങൾ അഴിച്ചുവെച്ച്, മുപ്പതു വർഷം ജീവവായുവായി കൊണ്ടു നടന്ന അരങ്ങ് പ്രശാന്ത് നാരായണൻ ഒഴിയുമ്പോൾ നാടകലോകത്തിന് നഷ്ടമാകുന്നത് പുതിയ അരങ്ങുപാഠങ്ങളാണ്, അനുഭവങ്ങളാണ്.
‘കഥകളി’ എന്ന മഹദ് ഗ്രന്ഥവും ‘സ്യമന്തകം ആട്ടക്കഥ’യും 32 നോവലുകളും എഴുതിയ ജി. രാമകൃഷ്ണപിള്ളയുടെ ആറു മക്കളിൽ ഒരാളായ വെള്ളായണി നാരായണൻ നായരാണ് പ്രശാന്ത് നാരായണന്റെ അച്ഛൻ. സാഹിത്യവും കലയുമൊക്കെ സമ്മിശ്രമായി പരിലസിച്ചിരുന്നതായിരുന്നു വെള്ളായണിയിലെ വീട്. അവിടെയാണ് പ്രശാന്ത് നാരായണന്റെ ജനനം. കുഞ്ഞായിരുന്നപ്പോൾ അച്ഛന്റെ നെഞ്ചിൽ കിടന്ന് കേട്ട പുരാണകഥകളാണ് പ്രശാന്തിന്റെ ജീവിതത്തിലെ വഴിത്തിരിവ്.
പതിനഞ്ചു വയസ്സുവരെ മാത്രമേ അച്ഛൻ കൂടെയുണ്ടായിരുന്നുള്ളൂവെങ്കിലും ഒരു മനുഷ്യായുസ്സുകൊണ്ട് സ്വാംശീകരിച്ചെടുക്കേണ്ട അറിവനുഭവങ്ങളാണ് അക്കാലംകൊണ്ട് പ്രശാന്ത് നാരായണൻ നേടിയെടുത്തത്. ആറു വയസ്സു മുതൽ ചന്ദ്രമന ഗോവിന്ദൻ നമ്പൂതിരിയുടെ കീഴിൽ കഥകളി അഭ്യസിച്ചു തുടങ്ങി. ഏഴാം വയസ്സിൽ കഥകളിയിൽ അരങ്ങേറ്റം. സ്കൂൾ കാലഘട്ടത്തിൽത്തന്നെ നാടകങ്ങൾ എഴുതുകയും കളിക്കുകയും ചെയ്തു.
പെരുമ്പാവൂരിൽനിന്ന് വി.എച്ച്.എസ്.ഇ പഠനം പൂർത്തിയാക്കിയശേഷം തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ ബി.എ മലയാളത്തിന് ചേർന്നു. യുവജനോത്സവത്തിൽ സ്വന്തം കവിത ചൊല്ലിയതിന്റെ പേരിൽ അയോഗ്യനാകേണ്ടിവന്നു. ഭാരതാന്തം ആട്ടക്കഥയുടെ ആദ്യാവതരണ ദിവസമാണ് സ്കൂൾ ഓഫ് ഡ്രാമയിലേക്കുള്ള അപേക്ഷ നാടകപ്രവർത്തകനായ രഘൂത്തമൻ പ്രശാന്തിനെ ഏൽപിച്ചത്. ബി.എ പഠനം എട്ടു മാസമെത്തിയപ്പോഴാണ് സ്കൂൾ ഓഫ് ഡ്രാമയിൽ പ്രവേശനം ലഭിക്കുന്നത്. അവിടെനിന്ന് നേരിട്ടതാകട്ടെ തിക്താനുഭവങ്ങളും. പ്രവേശനപ്പരീക്ഷയിൽ ഒന്നാമനായാണ് പഠനത്തിന് പ്രവേശിച്ചതെങ്കിലും പഠനം പൂർത്തീകരിക്കാനാകാതെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു.
നാടകാചാര്യനായ ജി. ശങ്കരപ്പിള്ള ഒഴിഞ്ഞ കസേരയിൽ ഡോ. വയലാ വാസുദേവൻ പിള്ള സ്കൂൾ ഓഫ് ഡ്രാമയുടെ സാരഥ്യം വഹിക്കുന്ന സമയത്താണ് പ്രശാന്ത് സ്കൂളിലെത്തുന്നത്. പ്രഗല്ഭരായ അധ്യാപകരുടെ മനോഹരമായ ക്ലാസുകൾ. എന്നാൽ, തുടർന്നുവന്ന സ്കൂൾ ഓഫ് ഡ്രാമ കാലം കയ്പേറിയതായിരുന്നു. സീനിയർ വിദ്യാർഥികളുടെ റാഗിങ്ങിനെക്കാൾ തളർത്തിയത് തന്നിൽനിന്ന് അക്കാദമിക വിമർശനം ഏൽക്കേണ്ടി വന്ന അധ്യാപകൻ തനിക്കെതിരെ തിരിഞ്ഞതാണ്. മതിയായ അറ്റൻഡൻസ് ഇല്ലാത്തതിന്റെ പേരിൽ അന്നത്തെ ഡയറക്ടറായിരുന്ന ഡോ. വയലാ വാസുദേവൻ പിള്ള നടപടി എടുത്തു.
ഒപ്പം കുട്ടികളുടെ എതിർപ്പുകളും മുദ്രാവാക്യങ്ങളും ഉയർന്നു. കുട്ടികൾ എതിരായതിനാൽ സർവകലാശാലയിൽനിന്ന് സ്പെഷൽ ഓർഡർ കൊണ്ടുവന്നാൽ പ്രവേശനം നൽകാമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പ്രശ്നം പരിഹരിക്കാനായി കൂട്ടിക്കൊണ്ടു പോയ ജ്യേഷ്ഠനും തനിക്കെതിരെ തിരിഞ്ഞപ്പോൾ ദേഷ്യവും സങ്കടവും സഹിക്കാനാവാതെ സ്വയം സ്കൂൾ ഓഫ് ഡ്രാമയുടെ പടിയിറങ്ങി. മതിലിൽ വയലാ സാറിനെക്കുറിച്ച് മോശമായിട്ട് എഴുതിവെക്കുകയും ചെയ്തു. മരിക്കും വരെ അത് തെറ്റായിരുന്നുവെന്ന് പ്രശാന്തിന് തോന്നിയിട്ടില്ല.
സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് ഇറങ്ങിയ പ്രശാന്ത് തിരഞ്ഞെടുത്തത് മരണമെന്ന വഴിയായിരുന്നു. റെയിൽവേ ട്രാക്കിൽ കിടക്കാൻ തീരുമാനിച്ചു. തന്റെ ശരീരഭാഗങ്ങൾ സ്കൂൾ ഓഫ് ഡ്രാമയിൽ എത്തണമെന്ന് ഉറപ്പിച്ചുകൊണ്ട് തൃശൂരിലെ ട്രാക്കിൽ തന്നെ ജീവിതം അവസാനിപ്പിക്കണം എന്ന് ഉറപ്പിച്ചു. എന്നാൽ, തൃശൂർ ഉള്ള പരിചയക്കാരനും കൃഷി ഓഫിസറുമായ ബാബു സാർ മരണത്തിൽനിന്ന് രക്ഷിച്ചു. നാളുകൾക്കുശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോൾ അവിടെയും പ്രശ്നം. പഠനം പൂർത്തീകരിക്കാതെ, സർട്ടിഫിക്കറ്റ് ഇല്ലാതെ വീട്ടിൽ തിരിച്ചെത്തിയവന്റെ സ്ഥാനം വീടിന് പുറത്തായി. പിന്നീട് താമസിക്കാനുള്ള സ്ഥലം തേടിയുള്ള അലച്ചിലായിരുന്നു.
ആ സമയത്താണ് കവി പി. കുഞ്ഞിരാമൻ നായരുടെ ചെറുമകനായ കലാമണ്ഡലം ഗോപാലകൃഷ്ണന്റെ ആവശ്യപ്രകാരം കാഞ്ഞങ്ങാട് നെഹ്റു സർഗവേദിക്കു വേണ്ടി ടാഗോറിന്റെ ‘തപാലാപ്പീസ്’ ചെയ്യുന്നത്. 2003ലെ മികച്ച നാടക രചനക്ക് ‘ഛായാമുഖി’ അർഹമായപ്പോൾ സ്കൂൾ ഓഫ് ഡ്രാമ ഒരുക്കിയ സ്വീകരണത്തിൽ പ്രശാന്ത് പങ്കെടുത്തു. കാലങ്ങൾക്കിപ്പുറം സ്കൂൾ ഓഫ് ഡ്രാമയിൽ ക്ലാസുകൾ എടുക്കാനുള്ള അവസരങ്ങൾ പലപ്പോഴായി ലഭിച്ചു.
അങ്ങനെയിരിക്കെ നടനും ബന്ധുവുമായ മുകുന്ദൻ ചെയ്തിരുന്ന സ്വകാര്യ സിനിമാ ഇൻസ്റ്റിറ്റ്യൂട്ടിലെ ജോലി പ്രശാന്തിനെ ഏൽപിച്ചു. സിനിമ സംവിധായകനായ റോഷൻ ആൻഡ്രൂസ് അവിടെ പ്രശാന്തിന്റെ ശിഷ്യനായിരുന്നു. അന്ന് റോഷനെ െവച്ച് ‘ദശഗ്രീവാങ്കം’ എന്ന പേരിൽ ഒരു ഒറ്റയാൾ നാടകം ഇൻസ്റ്റിറ്റ്യൂട്ടിന് പുറത്തു ചെയ്തു. സർട്ടിഫിക്കറ്റ് ലഭ്യമാകും മുമ്പ് വിദ്യാർഥിയെ പുറത്തുകൊണ്ടുപോയി നാടകം ചെയ്തത് വലിയ കോലാഹലങ്ങൾ ഉണ്ടാക്കിയപ്പോൾ രാജിക്കൊരുങ്ങി. എന്നാൽ, അവർ രാജിക്കത്ത് സ്വീകരിക്കാതെ അദ്ദേഹത്തെ തിരുവനന്തപുരത്ത് അവരുടെതന്നെ സ്ഥാപനത്തിലേക്ക് മാറ്റി. അക്കാലത്താണ് പ്രശാന്ത് നാരായണനിലെ നാടകക്കാരൻ കൂടുതൽ ഉണരുകയും സജീവമാകുകയും ചെയ്തത്.
സ്കൂൾ ഓഫ് ഡ്രാമക്കാലത്ത് മനസ്സിൽ വേരൂന്നിയ ‘വജ്രമുഖൻ’ യാഥാർഥ്യമാകുന്നതും അക്കാലത്താണ്. അങ്ങനെയിരിക്കെയാണ് കെ. രവീന്ദ്രനാഥൻ നായരുടെ (അച്ചാണി രവി) നേതൃത്വത്തിൽ കൊല്ലത്തെ സാംസ്കാരിക കേന്ദ്രമായ സോപാനം കേന്ദ്രീകരിച്ച് ‘സെന്റർ ഫോർ പെർഫോമിങ് ആർട്സ്’ ആരംഭിക്കുന്നത്. അന്ന് അതിന്റെ കോഓഡിനേറ്റർമാരായിരുന്നത് സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് പഠിച്ചിറങ്ങിയ പി.ജെ. ഉണ്ണികൃഷ്ണനും നിലവിൽ തിരുവനന്തപുരം മാധ്യമം റീജനൽ മാനേജരുമായ ജയപ്രകാശ് ബിയുമാണ്. സ്കൂൾ ഓഫ് ഡ്രാമയിലെ ഒറ്റമുറിയിലെ ജീവിതമാണ് ജെ.പിയുമായി സഹോദരനിർവിശേഷമായ ബന്ധത്തിന് കാരണമാകുന്നത്. ആ സ്നേഹബന്ധത്തിൽനിന്നാണ് സോപാനത്തിലെ രണ്ടാമത്തെ ബാച്ചിന് ക്ലാസ് എടുക്കാനായുള്ള ക്ഷണം പ്രശാന്ത് നാരായണനിലേക്ക് എത്തുന്നത്. ഭാസന്റെ ‘ഊരുഭംഗ’വും ‘ദൂതഘടോൽകച’വുമൊക്കെ പ്രശാന്ത് നാരായണൻ അരങ്ങിലെത്തിച്ചത് സോപാന കാലത്താണ്.
സോപാനമാണ് നീരാവിൽ പ്രകാശ് കലാകേന്ദ്രത്തിലേക്കുള്ള വഴിതെളിച്ചത്. പുനലൂർ സ്കൂൾ കലോത്സവ വേളയിൽ പി.ജെയുമായുള്ള സൗഹൃദ സംഭാഷണത്തിലാണ് ‘ഛായാമുഖി’ നാടകത്തെ ക്കുറിച്ച് സംസാരിക്കുന്നതും പ്രകാശ് കലാകേന്ദ്രത്തിനുവേണ്ടി നാടകം കളിക്കാനുള്ള ചർച്ച നടക്കുന്നതും. 1996ൽ എഴുതിത്തുടങ്ങിയെങ്കിലും കീചകന്റെ രംഗപ്രവേശത്തോടെ വഴിമുടക്കി നിൽക്കുകയായിരുന്നു. നാടകം പകുതിയാക്കുന്നത് 2000ത്തിലും പൂർണമായ രൂപത്തിൽ കടലാസിലാക്കിയത് 2003ലുമാണ്. നീരാവിൽ പ്രകാശ് കലാകേന്ദ്രത്തിനുവേണ്ടിയാണ് ‘ഛായാമുഖി’ ആദ്യം ഒ രുക്കിയത്. നിരവധി വേദികളിൽ അവതരിപ്പിച്ചുകൊണ്ടിരിക്കെ ‘ഛായാമുഖി’ കാണാനിടയായ നടൻ മുകേഷ് ‘ഛായാമുഖി’ ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.
നല്ല കഥാപാത്രം കിട്ടിയാൽ നാടകം ചെയ്യണമെന്ന ആഗ്രഹവുമായി നടന്ന മോഹൻലാൽ അതോടെ നാടകത്തിന്റെ ഭാഗമായി. അതോടെ, പ്രശാന്ത് നാരായണനെ ലോകം മുഴുവൻ അറിഞ്ഞുതുടങ്ങി. 2023-24 അധ്യയന വർഷം മുതൽ ‘ഛായാമുഖി’ നാടകം കേരള യൂനിവേഴ്സിറ്റി എം.എ മലയാളം സിലബസിലും ഉൾപ്പെട്ടു.
നാടകപ്രവർത്തനവുമായി സജീവമായി നിൽക്കുന്ന സമയത്താണ് താരയെ വിവാഹം ചെയ്യുന്നത്. നാരായണിയെന്ന മകളും ജനിച്ചു. അധികനാൾ ആ ദാമ്പത്യം നീണ്ടുനിന്നില്ല. ഭാരതാന്തം ആട്ടക്കഥക്ക് ശേഷം വിവാഹാനന്തരം ജർമൻ കലാകാരിയായ ഇസ ജേക്കോബിനുവേണ്ടി എഴുതിയ ആട്ടക്കഥയാണ് യൂറിപ്പിഡസിന്റെ നാടകമായ ‘മീഡിയ’. ഇതിനിടക്ക് 2000 മുതൽ 2004 വരെ റിപ്പോർട്ടറായി ജോലി നോക്കി. പ്രശാന്ത് വെള്ളായണി എന്ന പേരിൽ നിരവധി കവിതകൾ പ്രസിദ്ധീകരിച്ചു. ‘ഛായാമുഖി’, ‘പ്രശാന്ത് നാരായണന്റെ 5 നാടകങ്ങൾ’, ‘നാടക ടിക്കറ്റ്’, ‘ഭാരതാന്തം’ എന്നിവയാണ് പുസ്തകങ്ങൾ.
ചുറ്റുപാടുകളിൽനിന്ന് സ്വാംശീകരിച്ചെടുത്ത അനുഭവപാഠങ്ങളെ ഉൾക്കൊണ്ട് തന്റേതായ ശൈലിയിൽ നാടകരചന നിർവഹിക്കുന്നതായിരുന്നു പ്രശാന്തിന്റെ രീതി. പുരാണപശ്ചാത്തലത്തിൽനിന്നും നാടോടിക്കഥകളിൽനിന്നുമൊക്കെ ആശയസ്വീകരണം നടത്തുമ്പോഴും സമകാലിക പ്രശ്നങ്ങളെ അവയോട് ചേർത്തുവായിക്കാനാണ് പ്രശാന്ത് നാരായണൻ ശ്രദ്ധചെലുത്തിയത്. മനോഹരമായ ഗാനങ്ങളും വായ്ത്താരികളും ചലനങ്ങളുമൊക്കെക്കൊണ്ട് തീർക്കുന്ന പ്രശാന്ത് നാരായണൻ മാജിക്കായിരുന്നു അദ്ദേഹത്തിന്റെ ഓരോ നാടകവും. 2004ൽ സംഗീത നാടക അക്കാദമിയുടെ മികച്ച നാടകരചനക്കുള്ള പുരസ്കാരവും 2011 ൽ ദുർഗദത്ത പുരസ്കാരവും 2015ൽ എ.പി. കളയ്ക്കാട്ട് പുരസ്കാരവും 2016ൽ അബൂദബി ശക്തി അവാർഡും പ്രശാന്തിന് ലഭിച്ച അംഗീകാരങ്ങളാണ്.
കാവാലം നാരായണപ്പണിക്കർ തിരുവരങ്ങിന്റെ സാരഥ്യം പ്രശാന്ത് നാരായണനെ ഏൽപിച്ചപ്പോൾ അദ്ദേഹത്തിന്റെ ആത്മവിശ്വാസം വർധിക്കുകയായിരുന്നു. തുടർന്നാണ് ‘കളം’ എന്ന പേരിൽ ഒരു കലാ സാംസ്കാരിക സംരംഭം ഉടലെടുക്കുന്നത്. ‘ഛായാമുഖി’പോലെ തന്നെ ശ്രദ്ധേയമായ നാടകമാണ് ‘മകരദ്ധ്വജൻ’. ഒറ്റയാൾ നാടകമായ ‘കറ’യും ഏറെ ശ്രദ്ധിക്കപ്പെട്ട നാടകമാണ്. എം.ടി. വാസുദേവൻ നായരുടെ രചനകളെ അടിസ്ഥാനമാക്കി ഒരുക്കിയ ‘മഹാസാഗര’വും ശ്രദ്ധേയമായി.
സിനിമാരംഗത്തുള്ളവർ കഥാപാത്രങ്ങളായ വജ്രമുഖൻ, ധാർവാഡ് രംഗായണക്കു വേണ്ടി കന്നട ഭാഷയിൽ ആശയാവിഷ്കാരം നൽകി സംവിധാനം ചെയ്ത ‘സ്വപ്നവാസവദത്തം’, ‘ബലൂണുകൾ’, ‘സായിപ്പിന്റെ പൂച്ച’, ‘ജനാലയ്ക്കപ്പുറം’, ‘മണികർണിക’, ‘സൂര്യരാശിപുരം’, ‘തവള’, ‘പെണ്ണ് പൂക്കുന്ന മരം’, ‘സുഖാനി’, ജഗതി ശ്രീകുമാർ അഭിനയിക്കാനാഗ്രഹിച്ച ‘ദേവയാനം’, ‘കാശി’, പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുന്ന ‘ആകാശം’, നടക്കാതെപോയ ‘ഉജ്ജയനി’, ‘ശ്യാമമാധവം’ തുടങ്ങിയ നാടകങ്ങൾ ഒക്കെയും നിറഞ്ഞവേദികളിൽ അവതരിപ്പിക്കണമെന്ന ആഗ്രഹമായിരുന്നു പ്രശാന്തിനുണ്ടായിരുന്നത്.
കൂടാതെ, വൺലൈൻ മാത്രമായിട്ടുള്ള പുതിയ കുറേ നാടകങ്ങളുമൊക്കെ ചെയ്തു തീർക്കണമെന്ന ആഗ്രഹവും ബാക്കിയാക്കിയാണ് പ്രശാന്ത് നാടകലോകത്തോട് വിടപറഞ്ഞത്. ജി. പ്രജേഷ് സെൻ സംവിധാനംചെയ്യുന്ന ‘ഹൗഡിനി’ സിനിമയിൽ ശ്രദ്ധേയമായ വേഷവും അദ്ദേഹം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.