ആലപ്പുഴ: മനുഷ്യത്വത്തിന് രാവും പകലുമില്ല മഴയും വെയിലുമില്ല, കാരുണ്യത്തിന്റെ വെളിച്ചം മാത്രമാണ് മുന്നിലെന്ന് തെളിയിച്ചിരിക്കയാണ് നജാദ് നദീർ എന്ന ആലപ്പുഴക്കാരൻ ഹോട്ടലുടമ. രാത്രിയിൽ ബസ് യാത്ര ചെയ്ത അറിയുകപോലും ചെയ്യാത്തയാളിന് പെരുമഴയും രാത്രിയുടെ ഇരുട്ടും കൂസാതെ നജാദ് നദീർ ജീവൻ രക്ഷ മരുന്ന് ലഭ്യമാക്കുകയായിരുന്നു.
കൽപറ്റ ഡിപ്പോയിൽനിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരനായ ശ്രീകുമാറിനാണ് അടിയന്തരമായി മരുന്നുകൾ വേണ്ടിവന്നത്. യാത്രാമധ്യേ ബസ് സ്റ്റാൻഡുകളിലെ പരിസരങ്ങളിൽ അന്വേഷിച്ചിട്ട് മരുന്ന് ലഭിച്ചില്ല. എറണാകുളം ഡിപ്പോയിൽനിന്നും ബസ് പുറപ്പെട്ടപ്പോൾ രാത്രിയിൽ കഴിക്കേണ്ട മരുന്ന് അത്യാവശ്യമാണെന്നും കിട്ടിയില്ലെങ്കിൽ തന്റെ കാര്യങ്ങൾ കുഴപ്പത്തിലാകുമെന്നും ശ്രീകുമാർ ബസ് ജീവനക്കാരായ അജിനാസ്, സക്കരിയ എന്നിവരെ അറിയിച്ചു. അപ്പോഴേക്കും സമയം രാത്രി 11.30 കഴിഞ്ഞിരുന്നു.
ചേർത്തല എത്തിയപ്പോൾ ബസിലുണ്ടായിരുന്ന ഒരാൾ ഈ വിവരം തന്റെ സുഹൃത്തായ ആലപ്പുഴക്കാരൻ ഇലയിൽ സൈനുദ്ദീനെ വിളിച്ചുപറഞ്ഞു. താൻ ആലപ്പുഴയിൽ ഇല്ലാത്തതിനാൽ അദ്ദേഹം ആലപ്പുഴ തിരുവമ്പാടി ജങ്ക്ഷന് വടക്കുവശം അറേബ്യൻ നൈറ്റ്സ് എന്ന റസ്റ്റാറന്റ് നടത്തുന്ന നജാദിനെ വിളിച്ച് കാര്യം അറിയിച്ചു.
ശക്തമായ മഴയും കടയിലെ തിരക്കും മറന്ന് നജാദ് രാത്രി 12.10 ഓടെ മരുന്ന് സംഘടിപ്പിച്ച് വിവരം ശ്രീകുമാറിനെ അറിയിച്ചു. തിരുവമ്പാടിക്ക് അടുത്തുള്ള അറേബ്യൻ നൈറ്റ്സിന്റെ മുന്നിൽ ബസ് നിർത്താൻ കണ്ടക്ടറോട് ആവശ്യപ്പെടുകയും ചെയ്തു. ബസ് നിർത്തിയപ്പോൾ നജാദ് ബസിൽ കയറി മരുന്ന് ശ്രീകുമാറിന് കൈമാറി. വില കൂടിയ മരുന്നിന്റെ തുക ശ്രീകുമാറിൽനിന്നും വാങ്ങുവാനും നജാദ് തയാറായില്ല.
പാതിരാവിലും സഹായിക്കാൻ തയാറായ ചെറുപ്പക്കാരനെ ചേർത്തുപിടിച്ച് നിർബന്ധപൂർവം ശ്രീകുമാർ മരുന്നിന്റെ തുക പോക്കറ്റിൽ വെച്ച് കൊടുത്തപ്പോൾ കണ്ടുനിന്ന യാത്രക്കാർ നജാദിനെ അഭിനന്ദനം കൊണ്ട് മൂടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.