രേണുകുമാർ

താങ്ങായവർക്ക് നന്ദി, വിധിയോട് പൊരുതാനുറച്ച് രേണുകുമാർ നാട്ടിലേക്ക്

ബുറൈദ: ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് ഇരുകൈകളും കാലുകളും നഷ്ടമായ യു.പിയിലെ മുസഫർ നഗർ സ്വദേശി രേണുകുമാർ വിധിയോട് പൊരുതാനുറച്ച് നാട്ടിലേക്ക് വിമാനം കയറി. പ്രതിസന്ധി ഘട്ടത്തിൽ താങ്ങായി നിന്നവർക്ക് നന്ദിയോതിയാണ് യുവാവ് ഉനൈസയിൽനിന്ന്​ നാട്ടിലേക്ക് മടങ്ങിയത്.

സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെ അബദ്ധത്തിൽ വൈദ്യുതപ്രവാഹമുള്ള യന്ത്രം പ്രവർത്തിപ്പിച്ചപ്പോഴുണ്ടായ അപകടത്തെ തുടർന്നാണ് 24 കാരനായ രേണുകുമാറിന് കൈകാലുകൾ നഷ്ടപ്പെട്ടത്. ആദ്യമായി സൗദിയിലെത്തി കഷ്ടിച്ച് ഒരു മാസം പിന്നിട്ടപ്പോഴായിരുന്നു 2019 ഡിസംബറിൽ അപകടമുണ്ടായത്. ഒരു കൊല്ലം നീണ്ട ചികിത്സക്ക് ശേഷം നഷ്ടപരിഹാരത്തിന് ശ്രമിച്ചപ്പോൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇൻഷുറൻസ് കമ്പനി തീരുമാനം നീട്ടിക്കൊണ്ടുപോവുകയായിരുന്നു.

ഈ സാഹചര്യത്തിൽ ബുറൈദയിലെ മലയാളി സാമൂഹിക പ്രവർത്തകർ യുവാവിന്റെ തുണ​യ്​ക്ക്​ എത്തിയ വാർത്ത കഴിഞ്ഞ മാസം 'ഗൾഫ് മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു. ഖസീം പ്രവാസി സംഘം ജീവകാരുണ്യ കൺവീനർ നൈസാം തൂലിക, സാമൂഹിക പ്രവർത്തകൻ സലാം പറാട്ടി എന്നിവർ രേണുവിനെ ഉനൈസ അമീറിന്റെ അടുത്തെത്തിച്ചതോടെയാണ് ഇക്കാര്യത്തിൽ തീർപ്പുണ്ടായത്.

അമീറിന്റെ ഇടപെടലിൽ കമ്പനിയിൽനിന്ന് ലഭിച്ച 22 ലക്ഷം രൂപ സമൂഹികപ്രവർത്തകർ മുൻകൈയെടുത്ത് രേണുകുമാറിന്റെ നാട്ടിലെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. തൊഴിൽ സ്‌ഥാപനത്തിൽനിന്നുള്ള ആനുകൂല്യം കൂടി ലഭിച്ചതോടെയാണ് യുവാവിന് മടക്കയാത്രക്ക് വഴിയൊരുങ്ങിയത്. രണ്ടര വർഷക്കാലം രേണുവിനെ പരിചരിക്കാൻ തൊഴിൽസ്ഥാപനം ശമ്പളം നൽകി ഒരാളെ നിയോഗിച്ചിരുന്നു. ദുരിതനാളുകളിൽ സഹായിച്ചവർക്ക് ഉള്ളിൽ തട്ടിയ നന്ദി പറഞ്ഞാണ് യുവാവ്​ വിമാനം കയറിയത്​.

അവിവാഹിതനാണ്​ രേണുകുമാർ, ഒരു കുടുംബത്തി​െൻറ അത്താണിയും. കമ്പനിയിലെ സഹപ്രവർത്തകൻ യാത്രാസഹായിയായി യുവാവിനെ അനുഗമിച്ചു. നാട്ടിൽ അനുയോജ്യമായ ഏതെങ്കിലുമൊരു കച്ചവടം നടത്തി ഉപജീവനം കണ്ടെത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് പുറപ്പെടും മുമ്പ് രേണു പറഞ്ഞു.

Tags:    
News Summary - Renukumar returns home from buraidah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.