തൃശൂർ: കാത്തിരിപ്പിനൊടുവില്‍ റിഷാന്തിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. ചൊവ്വാഴ്ച കലക്ടറുടെ ചേംബറില്‍ കലക്ടര്‍ ഹരിത വി. കുമാര്‍ പൗരത്വരേഖ കൈമാറുമ്പോള്‍ റിഷാന്തിന്‍റെ അമ്മ ശ്രീദേവി സുരേഷും ഭാര്യ ഏക്ത ചൗധരിയും ഒപ്പമുണ്ടായിരുന്നു.
ചെമ്പൂക്കാവ് 'ഗംഗോത്രി'യില്‍ താമസിക്കുന്ന ശ്രീദേവി സുരേഷിന്‍റെയും ശ്രീലങ്കന്‍ സ്വദേശി സുരേഷ് ഗംഗാധരന്‍റെയും മൂത്ത മകനാണ് റിഷാന്ത്. പിതാവിന്‍റെ പൗരത്വമാണ് റിഷാന്തിന്‍റെ രേഖകളില്‍ ഉണ്ടായിരുന്നത്. കേരളത്തില്‍ ജനിച്ചുവളര്‍ന്ന റിഷാന്തിനെയും സഹോദരന്‍ റിനോയിയെയും വിദേശ വിദ്യാര്‍ഥികളായാണ് പരിഗണിച്ചിരുന്നത്.
ഒന്നാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെ കോലഴി ചിന്മയ വിദ്യാലയയിലും തുടര്‍ന്ന് ബംഗളൂരു ചിത്രകല പരിഷത്ത് ഫൈന്‍ ആര്‍ട്‌സ് കോളജിലുമാണ് പഠിച്ചത്. ബിരുദ പഠനത്തിന് ബംഗളൂരുവിലെത്തിയ ശേഷം അവിടെ ബിസിനസ് ചെയ്തുവരുകയായിരുന്നു. 37കാരനായ റിഷാന്തിന്‍റെ ഭാര്യ ഏക്ത ഡല്‍ഹി സ്വദേശിനിയാണ്.
പഠനകാലത്ത് വിദേശ വിദ്യാര്‍ഥികളുടെ ഫീസ് ഘടനയില്‍ വ്യത്യാസമുണ്ടായിരുെന്നന്നും നിലവില്‍ ഭാര്യക്കൊപ്പം വിദേശയാത്രകള്‍ ചെയ്യുന്നതിൽ പ്രയാസം നേരിടുന്നുണ്ടെന്നും റിഷാന്ത് പറഞ്ഞു. രണ്ട് രാജ്യക്കാരെന്ന നിലയില്‍ ഇരുവരുടെയും വിസ അപേക്ഷ പരിഗണിക്കുന്നത് രണ്ട് രീതിയിലായതാണ് കാരണം. ഇതിനൊരു ശാശ്വത പരിഹാരമാണ് ഇന്ത്യന്‍ പൗരത്വമെന്നും അത് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും റിഷാന്ത് പറഞ്ഞു.
ഇന്ത്യയില്‍ തുടരാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്നതുകൊണ്ടാണ് ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുന്നതെന്ന് റിഷാന്ത് പറഞ്ഞു. സഹോദരന്‍ റിനോയിയുടെ പൗരത്വ അപേക്ഷയില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.