കോവിഡ് കാലത്ത് പ്രവാസ ലോകത്തെ ശ്രദ്ദേയമായ ഇടപെടലായിരുന്നു ഡോക്ടർ ഓൺലൈവ്. ആശുപത്രികളിൽ പോകാതെ യു.എ.ഇ യിലെ മികച്ച ഡോക്ടർമാരുടെ സേവനം ഓൺലൈൻ വിഡിയോകാളിങിലൂടെ ലഭിക്കുന്ന ഈ സംവിധാനം ഒരുക്കിയത് ദുബൈയിലെ ഒരു മലയാളി യുവാവാണ്.
ഗർഭിണികൾ, പ്രായമായവർ, തൊഴിൽ നഷ്ടപ്പെട്ടവർ, ലേബർ ക്യാമ്പിൽ കഴിയുന്നവർ, ക്വാറന്‍റീൻ സെന്‍ററിലേക്ക് പോകാൻ പറ്റാതെ വിഷമത അനുഭവിച്ചവർ. ഇങ്ങനെ പ്രവാസ ജീവിതത്തിന്റെ നാനാതുറകളിൽ കഴിയുന്ന നൂറു കണക്കിന് ആളുകൾക്ക് ഏറെ പ്രയോജനപ്പെടുത്താൻ സാധിച്ച ഈ സംരംഭത്തിന്റെ ആശയം ദുബൈയിലെ സ്വകാര്യ സ്വിമ്മിങ് പൂള്‍ സ്ഥാപനത്തിലെ സെയില്‍സ് എൻജിനീയര്‍ സജാദ് അലി എന്ന കൊടുങ്ങല്ലൂരുകാരന്‍റേതാണ്.
വിസിറ്റിങ് വിസയിൽ വന്ന ലിഷ എന്ന വ്യക്തി ശ്വാസം മുട്ട് സഹിക്ക വയ്യാതെ സജാദിനെ വിളിക്കുമ്പോൾ ശരിക്കും സംസാരം പുറത്തേക്ക് വരുന്നുണ്ടായില്ല. 'മരണത്തിന്റെ മുന്നിൽ നിൽക്കുന്ന എന്നെ ഒന്നു രക്ഷിക്കൂ' എന്നു മാത്രമാണ് ലിഷ പറയുന്നത്. പതറി വിറച്ച ശബ്ദം നിലക്കുമ്പോൾ രാത്രി 12.30. ഉടൻ ടീമിലെ ഡോക്ടർമാരെ ബന്ധപെട്ടു. 15ഓളം ഡോക്ടർമാർ മാലാഖമാരെ പോലെ 24 മണിക്കൂറും എപ്പോൾ വിളിച്ചാലും ഒരു മടിയുമില്ലാതെ ഓടിയെത്തുന്നു.
ലിഷയെ ഓൺലൈൻ സംവിധാനത്തിലൂടെ ഡോക്ടർ പരിശോധിച്ചു. രാത്രി തന്നെ മരുന്ന് എത്തിച്ചു നൽകി. പുതിയ ജീവിതം ആരംഭിക്കുന്നുവെന്നു പറഞ്ഞ് രാവിലെ ലിഷ വിളിക്കുമ്പോൾ ലഭിച്ച ആനന്ദം പറഞ്ഞറിയിക്കാൻ കഴിയില്ല. മരണത്തിന്റെ ഇടനാഴികൾക്കിടയിൽ നിന്നും അങ്ങനെ എത്രയോ ആളുകളുടെ നന്ദി പറയലുകൾ.
അമേരിക്കയിൽ നിന്ന് സഹോദരന് വേണ്ടി വിളിച്ചവർ, മറ്റു അറബ് രാഷ്ട്രങ്ങളിൽ നിന്നുവരെ ഡോക്ടര്‍ ലൈവ് സേവനം ഉപയോഗപ്പെടുത്തിയ ഒട്ടനവധി പേർ. ഇങ്ങനെ ആയിരത്തിനടുത്ത് കേസുകൾ ഈ കാലയളവിൽ എട്ട് വളണ്ടിയർമാരിലൂടെ സാധ്യമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.