മനാമ: വെല്ലുവിളികളെ അതിജീവിക്കുന്ന കഴിവുകളുമായി ശ്രദ്ധേയനാവുകയാണ് പതിനഞ്ചുകാരനായ സാം മാത്യു ജോൺ. മൂലകങ്ങളുടെ ആവർത്തനപ്പട്ടിക മുഴുവൻ തെറ്റാതെ പറഞ്ഞും വിവിധ ഭാഷകളിലെ അക്ഷരമാലകൾ മനഃപ്പാഠമാക്കിയും മികവ് തെളിയിക്കുകയാണ് ഈ മിടുക്കൻ.
പത്തനംതിട്ട കോന്നി സ്വദേശിയും ബഹ്റൈനിൽ അൽമൊയ്യാദ് കോൺട്രാക്ടിങ് ഗ്രൂപ്പിൽ ജീവനക്കാരനുമായ ജോൺ മാത്യുവിെന്റയും സുമ ജോണിെന്റയും മകനായ സാം ജന്മനായുള്ള ശാരീരിക വെല്ലുവിളികളെ അതിജീവിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്. വീൽചെയറിൽ സഞ്ചരിച്ചുകൊണ്ട് തെന്റ കൊച്ചുലോകത്തെ കൂടുതൽ വിശാലമാക്കുന്ന സാം ഏത് കാര്യവും പഠിച്ചെടുക്കാൻ അസാധാരണ പാടവമാണ് പ്രകടിപ്പിക്കുന്നത്.
അപാരമായ ഓർമ്മശക്തിയാണ് സാമിെന്റ ഏറ്റവും വലിയ പ്രത്യേകത. ഹൈഡ്രജൻ മുതൽ ഓഗനെസൺ വരെയുള്ള 118 മൂലകങ്ങളുടെ പേരും ഈ മിടുക്കൻ തെറ്റാതെ പറയും. ഏതെങ്കിലും നമ്പർ പറഞ്ഞ് ആ മൂലകം ഏതാണെന്ന് ചോദിച്ചാലും സാമിന് ഉത്തരം റെഡിയാണ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നിവക്ക് പുറമേ ഗ്രീക്ക്, ഹീബ്രു, ഫ്രഞ്ച് അക്ഷരമാലകളും സാമിന് കാണാപ്പാഠമാണ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക് സംഖ്യകളും തെറ്റാതെ പറയാൻ ഈ മിടുക്കന് കഴിയും.
വിമാന യാത്രയിൽ പൈലറ്റുമാരും മറ്റും ഉപയോഗിക്കുന്ന ഏവിയേഷൻ കോഡുകളുടെ പൂർണ്ണരൂപവും സാമിനറിയാം. എ -ആൽഫ, ബി -ബ്രാവോ, എന്ന് തുടങ്ങി ഇസഡ് -സുലു എന്ന് വരെയുള്ള കോഡുകൾ കൃത്യമായി സാം പറയും. അക്ഷരങ്ങളുടെ സമാന ഉച്ചാരണം തെറ്റിദ്ധരിച്ച് അപകടങ്ങൾ ഉണ്ടാകുന്നത് തടയാനാണ് വ്യോമഗതാഗത രംഗത്ത് പ്രത്യേക കോഡ് രൂപപ്പെടുത്തിയിരിക്കുന്നത്.
ഇതിന് പുറമേ, നൂറോളം രാജ്യങ്ങളുടെ പേരും അവയുടെ തലസ്ഥാനം ഏതെന്നും സാം പറയും. ഇന്ത്യയിലെയും അമേരിക്കയിലെയും സംസ്ഥാനങ്ങളും അവയുടെ ചുരുക്കരൂപവും തലസ്ഥാനവും ഈ മിടുക്കെന്റ ഓർമ്മയിലുണ്ട്. വിവിധ കണ്ടുപിടുത്തങ്ങൾ നടത്തിയതാരെന്നും കൃത്യമായി സാം പറയുമ്പോൾ ആരും അമ്പരന്ന് ഇരുന്നുപോകും. കർണാടക സംഗീതത്തിെല കനകാംഗി മുതൽ രസികപ്രിയ വരെയുള്ള 72 രാഗങ്ങളുടെ പേരും ഒട്ടും ആലോചിക്കാതെ പറയുന്ന സാം ബൈബിളിലെ മുഴുവൻ പുസ്തകങ്ങളും ഏതൊക്കെയെന്ന് തടസ്സമില്ലാതെ പറയും. ബൈബിളിലെ ഏതെങ്കിലും ഒരു വാക്യത്തിെന്റ നമ്പർ പറഞ്ഞാൽ അത് ഏത് വാക്യമാണെന്നും അതിെന്റ പരിഭാഷയും സാം പറഞ്ഞുതരും.
ഇന്ത്യയുടെ ദേശീയ പ്രതീകങ്ങൾ, മലയാളത്തിലെ മാസങ്ങൾ, വിവിധ ഭാഷകളിലെ അഭിസംബാധനകൾ എന്നിവയും സാം തെറ്റില്ലാതെ പറയുന്ന സാമിെന്റ ഓർമ്മശക്തിയിലെ മികവിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. കോന്നി ഗവ. ഹൈസ്കൂളിൽ എട്ടാം തരം വിദ്യാർഥിയായ സാം അടുത്തകാലം വരെ ബഹ്റൈനിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.