മുക്കം: മധ്യവേനലവധി കഴിഞ്ഞ് ആഹ്ലാദത്തോടെ വിദ്യാർഥികൾ ഇന്ന് വിദ്യാലയ മുറ്റത്തെത്തുമ്പോൾ വൃന്ദയും പ്രണവും പ്രതീക്ഷയും സ്കൂളിലെത്തുന്നത് ഇല്ലായ്മകളുടെ നെറുകയിൽനിന്ന്. ഫ്ലക്സ് കൊണ്ടുള്ള മേൽക്കൂരക്ക് കീഴിൽ, അലൂമിനിയം ഷീറ്റുകളും തെങ്ങോലകളും കൊണ്ട് മറച്ച, വൈദ്യുതിയും വെള്ളവുമില്ലാത്ത വീട്ടിൽനിന്നാണ് ഇവരുടെ വരവ്. ഒഴിവുകാലം കഴിഞ്ഞ് സ്കൂളുകൾ തുറക്കുമ്പോൾ കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ എളമ്പിലാശ്ശേരി ആദിവാസി കോളനിയിലെ മോഹൻദാസിന്റയും ഭാര്യ ബിന്ദുവിന്റെയും മനസ്സിൽ ആശങ്കയാണ്.
രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമായി ഇവർ കഴിയുന്ന വീടിന്റെ അവസ്ഥ പരിതാപകരമാണ്. ഭക്ഷണം പാകം ചെയ്യലും കിടപ്പും പരിമിതികൾ മാത്രമുള്ള ഈ കുടുസ്സ് ഷെഡിനകത്താണ്. വൃന്ദ പത്താം ക്ലാസിലേക്കും രണ്ടാമത്തെ കുട്ടിയായ പ്രണവ് ഒമ്പതിലേക്കും പ്രതീക്ഷ ഏഴിലേക്കുമാണ് ഇത്തവണ പാസായത്. മൂത്തവർ രണ്ടുപേരും തോട്ടുമുക്കം ഹൈസ്കൂളിലും പ്രതീക്ഷ തോട്ടുമുക്കം യു.പി സ്കൂളിലുമാണ് പഠിക്കുന്നത്.
അടച്ചുറപ്പില്ലാത്ത ചോർന്നൊലിക്കുന്ന വീട്ടിൽ പാഠപുസ്തകങ്ങളും വസ്ത്രങ്ങളും സൂക്ഷിക്കാനും പഠിക്കാനും എന്തു ചെയ്യണമെന്നറിയാതെ ഉഴറുകയാണ് ഈ കുടുംബം. ഭവന സന്ദർശനത്തിനെത്തിയ സ്കൂൾ അധികൃതരാണ് കുടുംബത്തിന്റെ ദുരവസ്ഥ മനസ്സിലാക്കി ഇവരാൽ കഴിയുന്ന സഹായങ്ങൾ ചെയ്ത ശേഷം വിവരം പുറം ലോകത്തെ അറിയിച്ചത്.
കോട്ടയം കൂറ്റമലകുന്നേൽ സ്വദേശിയായ മോഹൻദാസും കാരശ്ശേരി പഞ്ചായത്ത് പത്താം വാർഡ് സ്വദേശിയായ ബിന്ദുവും പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. 10 വർഷത്തോളം കോട്ടയത്തെ മോഹൻദാസിന്റെ നാട്ടിൽ കഴിഞ്ഞ ഇവർ അഞ്ചുവർഷം മുമ്പാണ് ബിന്ദുവിന്റെ നാടായ കാരശ്ശേരി പഞ്ചായത്തിലെ എളമ്പിലാശ്ശേരി ആദിവാസി കോളനിയിൽ താമസം തുടങ്ങിയത്.
ഭവനപദ്ധതികളിൽ ഉൾപ്പെടുത്തി വീട് അനുവദിക്കാൻ അധികൃതരെ സമീപിച്ചെങ്കിലും ഇതുവരെ അനുകൂല നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. വീട് അനുവദിക്കാമെന്നു പറയുകയല്ലാതെ ഒരുവിധ നടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് മോഹൻദാസും പറഞ്ഞു.
അതേസമയം ഇവരുടെ ജാതി സർട്ടിഫിക്കറ്റ് സംബന്ധിച്ച കാരണങ്ങളാൽ യഥാസമയം ഭവനപദ്ധതികൾക്ക് അപേക്ഷിക്കാനും ലിസ്റ്റിൽ ഇടം നേടാനും കഴിയാതെ പോയതാണെന്നും പട്ടികവർഗ വകുപ്പ് മുഖേന നൽകുന്ന ഭവന പദ്ധതിയിൽ മുൻഗണന നൽകാൻ കഴിഞ്ഞ ദിവസം ഊരുകൂട്ടം കൂടി ഇവരുടെ പേര് സമർപ്പിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.