വർഷങ്ങൾക്ക് മുമ്പാണ്, കണ്ണൂർ ജില്ലയിലെ പുതുവാച്ചേരി എന്ന കൊച്ചുഗ്രാമത്തിൽ ഒരു കുട്ടി. പേര് ഷൈജിത്ത്. കയ്യിൽ കിട്ടുന്ന ചോക്കും പെൻസിലും ഒക്കെ ഉപയോഗിച്ച് സ്കൂൾ ബോർഡിലും പുസ്തകങ്ങളിലുമൊക്കെ ചിത്രങ്ങൾ കോറിയിടുന്ന ഒരു വികൃതിപ്പയ്യൻ. വിരലുകളിൽ പ്രകൃതിയൊളിപ്പിച്ച കലാവിരുതിെൻറ ശക്തി അവന് അക്കാലത്ത് തിരിച്ചറിയാനായിരുന്നില്ല. പക്ഷേ പെൻസിൽ പിടിച്ച ആ വിരലുകളിൽ ക്യാമറ വന്നുചേർന്നപ്പോൾ പിറന്നത് ലോകം ശ്രദ്ധിച്ച ചിത്രങ്ങൾ. അങ്ങനെ സാധാരണമായ അന്തരീക്ഷത്തിൽ നിന്ന് പഠിച്ചും പൊരുതിയും മികച്ചൊരു ഫോട്ടോഗ്രാഫറായി വളർന്നു ആ കുട്ടി. അവസാനമായി ഈ വർഷം ദുബൈയിലെ ഹംദാൻ അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരത്തിലും അന്താരഷ്ട്ര തലത്തിലെ കാൾ ടെയ്˘ലർ ഇൻറർനാഷണൽ ഫോട്ടോഗ്രാഫി മത്സരത്തിലും വിജയങ്ങൾ നേടി.
എല്ലാവരെയും പോലെ പ്രീഡിഗ്രി കഴിഞ്ഞ സമയത്ത്, ചെറിയ ജോലി തേടിയിരുന്ന കാലത്ത് നാട്ടിലെ ചെറിയ പരസ്യക്കമ്പനിയിൽ ടെയിനിയായി ചേർന്നു. കൈകൊണ്ട് വരച്ചുണ്ടാക്കുന്ന പരസ്യ ബോർഡുകളും ഫ്ലക്സുമൊക്കെ തയ്യാറാക്കുന്ന കമ്പനിയായിരുന്നു അത്. അവിടെയുണ്ടായിരുന്ന സഹപ്രവർത്തകരിലൊരാൾ ഫോട്ടോഗ്രാഫറായിരുന്നു. അവധിദിവസങ്ങളിൽ കല്യാണ വീടുകളിലെ ഫോട്ടോഗ്രഫിയൊക്കെ ചെയ്യും. അദ്ദേഹത്തിന് ഫിലിമുകൾ കുറഞ്ഞ വിലയിൽ കിട്ടുന്ന സ്ഥലം അറിയാമായിരുന്നത് ക്യാമറ കയ്യിലുള്ളവരിലേക്ക് പാലംതീർത്തു. നാട്ടിൽ ഒരാളുടെ കയ്യിൽ മാത്രമായിരുന്നു അക്കാലത്ത് കാമറയുണ്ടായിരുന്നത്. അയാളുടെ ക്യാമറ ഉപയോഗിച്ച് സ്വന്തമായി കല്യാണ ഫോട്ടോയെടുക്കാനും മറ്റും പോയിത്തുടങ്ങി. ഫോട്ടോകൾ കണ്ട് പലരും അഭിനന്ദിച്ചു.
പിന്നീട് പ്രമുഖ ജ്വല്ലറികളുടെ വർക്കുകളൊക്കെ ചെയ്തിരുന്ന വളപ്പില അഡ്വടൈസിങ് ഏജൻസിയിൽ ജോലിക്ക് ചേർന്നു. . അവിടെ വെച്ച് ഫോട്ടോഗ്രഫി കൂടുതലായി പഠിക്കണമെന്ന ആഗ്രഹമുണ്ടായി. അക്കാലത്ത് തന്നെ ജോലിക്കായി എറണാകുളത്തേക്ക് താമസം മാറിയിരുന്നു. അന്ന് സാമ്പത്തിക അവസ്ഥ വെച്ച് സ്വന്തമായി ക്യാമറ വാങ്ങാൻ കഴിഞ്ഞിരുന്നില്ല.
വളപ്പിലയിൽ സഹപ്രവർത്തകനായിരുന്ന സുഹൃത്ത് വഴി 2009ൽ ദുബൈയിലേക്ക് വഴിതുറന്നു. സ്വപ്നങ്ങളുടെ നഗരമായ ദുബൈയിലെത്തി ഒന്നര വർഷമായപ്പോഴാണ് സ്വന്തമായി ക്യാമറ വാങ്ങുന്നത്. അതിലേക്ക് നയിച്ചത് 'ഫ്രൈഡേ ഷൂട്ട്ഔട്ട്' എന്ന ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായിരുന്നു. എല്ലാ വാരാന്ത്യ അവധി ദിവസങ്ങളിലും യു.എ.ഇയിൽ ഫോട്ടോഗ്രഫി ചെയ്യുന്ന സൗഹൃദ കൂട്ടത്തിൽ ചേരാൻ ക്യാമറ സ്വന്തമാക്കി.
രണ്ടര വർഷത്തോളം ആ നല്ല സുഹൃത്തുക്കളോടൊപ്പം ചിത്രങ്ങൾ പകർത്തി നടന്നു. അക്കാലത്ത് തന്നെ പ്രമുഖ ബ്രിട്ടീഷ് ഫോട്ടോഗ്രാഫറായ കേൾ ടെയ്ലറിെൻറ ഫോട്ടോഗ്രഫി പഠന കിറ്റ് വാങ്ങി. യഥാർഥത്തിൽ ഫോട്ടോഗ്രഫി പഠിച്ചെടുത്തതും ഈ കലയിൽ പൂർണമായും സമർപ്പിതനായതും അതോടെയാണ്. കൊമേഷ്യൽ, ലാൻഡ്സ്സ്കേപ്പ്, ട്രാവൽ ഫോട്ടോഗ്രഫിയെല്ലാം ചെയ്യുന്നയാളായിരുന്നു അദ്ദേഹം. ആ പഠനം മികച്ച ചിത്രങ്ങളെടുക്കാൻ സഹായിച്ചു. അക്കാലത്ത് യു.എ.ഇക്ക് പുറത്ത് നേപ്പാളിലും ഇന്ത്യയിലെ വരാണസി പോലുള്ള സ്ഥലങ്ങളിലുമെല്ലാം സഞ്ചരിച്ച് ഫോട്ടോ എടുത്തിരുന്നു.
പിന്നീട് പ്രമുഖ പ്രസിദ്ധീകരങ്ങളിൽ ഷൈജിത്തിെൻറ ചിത്രങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. നാഷണൽ ജിയോഗ്രഫി അടക്കം നിരവധി പ്രസിദ്ധീകരണങ്ങളിൽ ഫോട്ടോകൾ വന്നതോടെ ആത്മവിശ്വാസം നൂറിരട്ടിയായി. പ്രമുഖ ഫോട്ടോഗ്രഫി മൽസരങ്ങളിൽ പുരസ്കാരങ്ങൾ നേടി. അൽഐൻ ഒട്ടക ചന്തയിൽ വെച്ച് എടുത്ത ഫോട്ടോ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഏറെ അവാർഡുകളും അംഗീകാരങ്ങളും നേടിത്തന്ന ആ ഫോട്ടോ, താനെടുത്ത മികച്ച ചിത്രമായിരുന്നെന്ന് ഷൈജിത്ത് പറയുന്നു. അൽഐൻ മൃഗശാലയിലെ ചീറ്റയുടെ ചിത്രവും ഫോട്ടോഗ്രാഫറെന്ന നിലയിൽ തൃല്ലടിപ്പിച്ച അനുഭവമായിരുന്നു. ഏറ്റവും അവസാനം ലോക്ഡൗൺ കാലത്ത് റാസൽഖൈമയിൽ വെച്ച് അറബി വേഷത്തിൽ മകനെ വെച്ച് ചെയ്ത ഫോട്ടോയും ഏറെ ശ്രദ്ധിക്കപ്പെട്ടു.
നിലവിൽ ദുബൈയിൽ അഡ്വടൈസിങ് കമ്പനിയിൽ ആർട് ഡയറക്ടറായി ജോലി ചെയ്യുന്ന ഷൈജിത്ത്, മുഴുസമയവും ഫോട്ടോഗ്രഫിയിലേക്ക് മാറാനുള്ള ആലോചനയിലാണിപ്പോൾ. കാണാത്ത നാടുകൾ കാണാനും നല്ല ഫോട്ടോകൾ പകർത്താനും വലിയ അവാർഡുകൾ നേടാനുമുള്ള സ്വപ്നത്തിലാണിപ്പോൾ ജീവിതം.
കണ്ണൂരിലെ ഗ്രാമത്തിൽ അച്ഛനും അമ്മയുമുണ്ട്. കുടുംബം ദുബൈയിൽ ഒപ്പമുണ്ട്. നഴ്സായ ഭാര്യയും രണ്ടു മക്കളും ഷൈജിത്തിെൻറ സ്വപ്നങ്ങൾക്ക് നിറം പകരാൻ എല്ലാ പിന്തുണയും നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.