കോവിഡ് നാടെങ്ങും ദുരന്തം വിതച്ചപ്പോൾ കാലിടറിപ്പോയവർ ഏറെ. എന്നാൽ, ശബ്ദമിടറിപ്പോയ അനൗൺസ്മെൻറ് കലാകാരന്മാർക്ക് തദ്ദേശ തെരഞ്ഞെടുപ്പ് സമ്മാനിക്കുന്ന ആശ്വാസം ചെറുതല്ല. പാരഡി ഗാനങ്ങൾ തെരുവുകളിൽ മുഴങ്ങുേമ്പാൾ അവക്ക് പിന്നിൽ വലിയൊരു സാധനയുടെ സാന്നിധ്യമുണ്ടെന്ന് പലരും അറിയുന്നില്ല.
രണ്ടു പതിറ്റാണ്ടായി കലാരംഗത്തുള്ള സിയാദ് കെ. പുറക്കാട് എന്ന എസ്.കെ പുറക്കാട് ഇക്കുറി 15 സ്ഥാനാർഥികൾക്കായി പാട്ടുകളെഴുതിക്കഴിഞ്ഞു. മനസ്സിൽ വ്യക്തമായ രാഷ്ട്രീയമുണ്ടെങ്കിലും റേഡിയോ ജോക്കി കൂടിയായ ഇദ്ദേഹത്തിനു തെരഞ്ഞെടുപ്പ് ഗാനരചനയിൽ രാഷ്ട്രീയം കലർത്താൻ തീരെ താൽപര്യമില്ല. അതിനാലാണ് വിവിധ പാർട്ടികളും മുന്നണികളുമൊക്കെ ഈ 40കാരനെ തേടിയെത്തുന്നത്.
സ്ഥാനാർഥികൾ പേരും ചിഹ്നവും വാർഡും പറയേണ്ട താമസം 15 മിനിറ്റിനുള്ളിൽ പാട്ടെഴുതിക്കഴിഞ്ഞിരിക്കും. സ്ഥാനാർഥികൾ നിർബന്ധം പറയുന്ന വിവരങ്ങൾകൂടി ഉൾപ്പെടുത്തേണ്ടി വന്നാൽ ചിലപ്പോൾ അരമണിക്കൂറെടുക്കും. ട്രെൻഡിങ്ങായ ചലച്ചിത്രഗാനങ്ങളുടെ പാരഡികളാണ് മിക്കവാറും എല്ലാവരും ആവശ്യപ്പെടുക. ഒരു സ്ഥാനാർഥിക്കായി രണ്ട് പാട്ടും 10 മിനിറ്റിൽ താഴെവരുന്ന അനൗൺസ്മെൻറുമാണ് സ്റ്റുഡിയോയിൽ റെക്കോഡ് ചെയ്ത് നൽകുന്നത്.
ഇതിനൊപ്പം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ പാകത്തിന്, വാട്സ്ആപ്പിൽ പ്രചരിപ്പിക്കാൻ കഴിയുന്ന അനിമേഷൻ വിഡിയോ കൂടി ചെയ്യുന്നതാണ് പുതിയ ട്രെൻഡ്. പഞ്ചാബി പാട്ടിെൻറ ഈണത്തിൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാർഥി നജീഫ് അരീശ്ശേരിയിലാനായി തയാറാക്കിയ ഗാനവും പുറക്കാട് പഞ്ചായത്തിലെ അൻവർ സാദത്തിനായി മമ്മൂട്ടി ചിത്രമായ മധുരരാജയിലെ മോഹമുന്തിരി വാറ്റിയ രാവിെൻറ ഈണത്തിലുള്ള ഗാനവും വോട്ടർമാർ സ്വീകരിച്ചു കഴിഞ്ഞു.
അമ്പലപ്പുഴ ഗ്ലോബൽ എഫ്.എമ്മിൽ പ്രോഗ്രാം കോ-ഓഡിനേറ്ററും അവതാരകനുമായിരുന്ന എസ്.കെ. പുറക്കാട് എട്ട് ഭക്തിഗാന സീഡിയും 'ഹൃദയത്തി'ലെന്നും എന്ന മലയാള സംഗീത ആൽബത്തിെൻറ ഗാനരചനയും സംഗീതവും നിർവഹിച്ചിട്ടുണ്ട്. നാടക രചയിതാവ് മുഹമ്മദ് ബി. പുറക്കാടാണ് 15ാം വയസ്സിൽ സിയാദിന് അനൗൺസ്മെൻറ് മൈക്ക് ആദ്യമായി കൈയിൽ പിടിച്ചുനൽകിയത്.
ഭാര്യ തനൂജ, മക്കളായ മുഹമ്മദ് അസ്മിൽ, മുഹമ്മദ് ആമിൽ എന്നിവർക്കൊപ്പം ആലപ്പുഴ വെള്ളക്കിണർ ഖാജ മൻസിലിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.