പുൽപള്ളി: സമൂഹ മാധ്യമങ്ങളിൽ ചൂടുള്ള റീൽസുകളുമായി സുകുവേട്ടന്റെ ചായക്കട പറപറക്കുമ്പോൾ ചായ കുടിക്കാൻ എത്തുന്ന സഞ്ചാരികളുടെ എണ്ണവും അനുദിനം വർധിക്കുന്നു. ചേകാടി-പാൽവെളിച്ചം റോഡിലാണ് പഴമയുടെ സൗന്ദര്യം വിളിച്ചോതുന്ന സുകുവേട്ടന്റെ ചായക്കട. പുല്ല് മെഞ്ഞ കടക്കുള്ളിൽ സദാസമയവും തിരക്കാണ്. 26 വർഷമായി ഈ വന ഗ്രാമത്തിൽ ചായക്കട നടത്തുന്ന ആളാണ് സുകു. അന്നും ഇന്നും ചായക്കടയുടെ രൂപത്തിൽ മാറ്റമില്ല.
പുല്ല് മേഞ്ഞതും മുളമെടഞ്ഞുണ്ടാക്കിയ മണ്ണ് തേച്ച ചുവരുകളും ചാണകം മെഴുകിയ തറയുമെല്ലാം ഇവിടെയെത്തുന്നവരെ ആകർഷിക്കുന്നു. വിറകടുപ്പിൽ തന്നെയാണ് ഇവിടെ ചായ ഉണ്ടാക്കുന്നത്.
സമാവറിൽ നിന്ന് തിളച്ച വെള്ളത്തിൽ ഉണ്ടാക്കിയെടുക്കുന്ന ചായക്ക് രുചി ഒന്നുവേറെയാണ്. ചേകാടിയുടെ പച്ചപ്പും സൗന്ദര്യവുമാസ്വദിക്കാനെത്തുന്നവർക്കു വേണ്ടി രാവിലെ ഏഴിന് തുറക്കുന്ന കട വൈകീട്ട് ഏഴു മണിക്കാണ് അടക്കുക. വന്യജീവി ശല്യം രൂക്ഷമായതിനാൽ ചായക്കടയും വീടും ഇരിക്കുന്ന സ്ഥലം സ്വന്തം ചെലവിൽ ഫെൻസിങ് തീർത്തു. കുറുവ ദ്വീപിൽ എത്തുന്ന സഞ്ചാരികൾ അടക്കം ഇവിടെയും എത്തുന്നു. നിരവധി യൂട്യൂബർമാർ കടയിലെത്തി റീൽസുകൾ തയാറാക്കിയിട്ടുണ്ട്.
അവയെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കൂടുതൽ വിഭവങ്ങളൊന്നും ഇവിടെ പ്രതീക്ഷിക്കരുത്. നല്ല നാടൻ ചായയും പഴം പൊരിയുമൊക്കെയാണ് ലഭിക്കുക. നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ഇവിടെ ലഭിക്കാറില്ല. സുകുവേട്ടന്റെ ഭാര്യ രാധയും സഹായത്തിനുണ്ട്. കബനിയുടെ തീരത്തെ ചേകാടിക്ക് മറുകരയിലുള്ള ചായക്കട ഇന്ന് സഞ്ചാരികളായി എത്തുന്നവരുടെ ഇടത്താവളം കൂടിയാണ്. പ്രായം 75 പിന്നിട്ടിട്ടും ചായക്കടതന്നെയാണ് തന്റെ പ്രിയപ്പെട്ട ഇടമെന്ന് സുകു പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.