കൊല്ലങ്കോട്: ത്രോ ബാളിൽ മിന്നുംതാരങ്ങളെ ദേശീയതലത്തിൽ വാർത്തെടുത്ത് നാടിന്റെ അഭിമാനമായി ഒരു കായികാധ്യാപകൻ. പല്ലശ്ശന വി.ഐ.എം ഹയർ സെക്കൻഡറി സ്കൂൾ കായികാധ്യാപകൻ കെ. പ്രദീപാണ് 500ൽ അധികം ത്രോബാൾ താരങ്ങളെ 19 വർഷത്തിനിടെ വാർത്തെടുത്തത്. കിഴക്കഞ്ചേരി മമ്പാട് സ്വദേശിയായ കെ. പ്രദീപ് പല്ലശ്ശന വി.ഐ.എം ഹയർ സെക്കൻഡറി സ്കൂളിലെത്തിയ ശേഷമാണ് ജില്ല-സംസ്ഥാനതലത്തിൽ പല്ലശ്ശനക്കാർ ത്രോബാൾ മത്സരത്തിൽ വിജയികളായി മാറിയത്. ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിൽ പ്രദീപിന്റെ ശിഷ്യൻമാരില്ലാത്ത ത്രോബാൾ മത്സരമില്ല എന്ന ഘട്ടത്തിലേക്ക് പല്ലശ്ശന മാറി. ഓരോ വർഷവും 20-25 വിദ്യാർഥികൾ സ്കൂളിൽനിന്ന് ത്രോബാൾ പരിശീലിച്ച് രംഗത്തിറങ്ങുന്നു.
സ്കൂൾ സമയത്തിനുമുമ്പും ശേഷവും ഒഴിവുവേളകളിലുമെല്ലാം പരിശീലനം നൽകാൻ ത്രോബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഭാഗമായ പ്രദീപ് വിദ്യാലയത്തിൽ സജീവമാണ്. വിദ്യാർഥികൾ എത്തുംമുമ്പേ സ്കൂളിൽ എത്തുകയും വൈകീട്ട് പരിശീലനം കഴിഞ്ഞ് അവസാനം ഇറങ്ങുകയും ചെയ്യുന്ന വേറിട്ട അധ്യാപകനാണ് പ്രദീപെന്ന് നാട്ടുകാർ പറയുന്നു. പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ സഹായിക്കാനും സമയം കണ്ടെത്തുന്ന മാഷ് പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നവർക്ക് തൊഴിൽ മേഖല കണ്ടെത്തുന്നതിന് പൂർണ പിന്തുണ നൽകി വരാറുണ്ട്. പ്രതിരോധ മേഖലകളിൽ വരെ തന്റെ ശിഷ്യർ എത്തിയിട്ടുണ്ടെന്ന് അഭിമാനത്തോടെ പ്രദീപ് പറയുന്നു. അന്താരാഷ്ട്ര തലത്തിൽ ത്രോബാൾ ചാമ്പ്യൻമാരാകുന്ന ടീം പല്ലശ്ശനയിൽ നിന്നും ഉണ്ടാക്കാനുള്ള ശ്രമം തുടരുന്നതായും കേരള ത്രോബാൾ അസോസിയേഷൻ സെക്രട്ടറി കൂടിയായ പ്രദീപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.