അടൂർ: നഗരസഭയിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്തി മാതൃകയായ മുൻ അധ്യക്ഷൻ ഉപജീവനം നടത്തുന്നത് പലഹാരം വിറ്റ്. നാടൻ മധുരപലഹാരങ്ങളും നിത്യ ഭക്ഷണ ഉൽപന്നങ്ങളും കടകൾക്കും ഏജൻസികൾക്കും വിറ്റാണ് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ല മുൻ പ്രസിഡന്റ് കൂടിയായ ബാബു ദിവാകരൻ വരുമാനമാർഗം കണ്ടെത്തുന്നത്.
കറിപ്പൊടിയുണ്ടാക്കി വിൽപന നടത്താനെടുത്ത വായ്പ തിരിച്ചടവ് മുടങ്ങി സ്വന്തമായുള്ള 16 സെന്റ് സ്ഥലവും കിടപ്പാടവും ജപ്തി ഭീഷണിയിലാണ്. കൊല്ലം എസ്.എൻ കോളജിൽ കെ.എസ്.യു പ്രവർത്തകനായി തുടങ്ങി രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടന്ന ബാബു ദിവാകരൻ കരുനാഗപ്പള്ളി തൊടിയൂർ സ്വദേശിയാണ്.
കലാലയത്തിൽ നാടക സംവിധാനവും കലാപ്രവർത്തനവും നടത്തി ശ്രദ്ധേയനായ ഇദ്ദേഹം സ്വന്തമായി പരസ്യകമ്പനി നടത്തിവരവെയാണ് 2000ത്തിൽ അടൂർ നഗരസഭ 15ാം വാർഡിൽനിന്ന് കന്നി അങ്കത്തിൽ വിജയിച്ച് 27ാം വയസ്സിൽ അടൂർ നഗരസഭ അധ്യക്ഷനായത്. സത്യസന്ധമായ രാഷ്ട്രീയപ്രവർത്തനം മുഖമുദ്രയാക്കിയ ബാബു ഉപജീവനത്തിനായാണ് പിന്നീട് കറിപ്പൊടി ബിസിനസ് തുടങ്ങിയത്.
അതിനായി 2014ൽ പത്തനംതിട്ട ജില്ല സഹകരണ ബാങ്കിൽനിന്ന് എടുത്ത 10 ലക്ഷം രൂപയുടെ വായ്പയാണ് കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് തിരിച്ചടവ് മുടങ്ങിയത്. പലിശക്കുമേൽ പലിശയുമായി 17ലക്ഷം രൂപയാണ് തിരിച്ചടക്കാനുള്ളത്. പഴയ വീടാകട്ടെ ചോർന്നൊലിച്ച് ഏതുനിമിഷവും തകർന്നുവീഴാവുന്ന നിലയിലാണ്.
ജീവിതവും 'ട്രൂത്ത്'
അടൂർ പന്നിവിഴയിലെ വീട്ടിൽ 'ട്രൂത്ത്' പേരിൽ മധുരപലഹാരങ്ങൾ നിർമിച്ച് വിതരണം ചെയ്താണ് ബാബുവിന്റെ ജീവിതം. മുന്തിരിക്കൊത്ത്, എള്ളുണ്ട, എള്ളുവിളയിച്ചത്, അവലോസുപൊടി, അവലോസുണ്ട, തേങ്ങ ചമ്മന്തിപ്പൊടിയടക്കം ഭക്ഷ്യ ഉൽപന്നങ്ങളുമാണ് പ്രധാന വിഭവങ്ങൾ. രാഹുൽഗാന്ധി 2007ൽ നടത്തിയ ടാലന്റ് ഹണ്ടിലൂടെയാണ് ബാബു ദിവാകരൻ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റായത്.
ഗ്രൂപ്പുകളുടെ പിൻബലമില്ലാതിരുന്നതിനാൽ പിന്നീട് അർഹമായ പരിഗണന കിട്ടിയില്ല. എന്നാൽ, അതിലൊന്നും ഇദ്ദേഹത്തിന് പരാതിയില്ല. അടൂർ നിയമസഭ മണ്ഡലം സംവരണമായശേഷം നടന്ന മൂന്ന് തെരഞ്ഞെടുപ്പിലും കോൺഗ്രസ് പാർട്ടി ബാബുവിനെ പരിഗണിച്ചില്ല. എങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ബാബു സജീവമായിരുന്നു. ഭാര്യ കൃഷ്ണ കടുത്ത പ്രമേഹരോഗിയായതിനാൽ കിടപ്പിലാണ്. ഏക മകൻ മധുശ്രീ അടൂർ ഗവ. ബി.എച്ച്.എസ് സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ്.
ഒമ്പത് സെന്റ് മാത്രം ഭൂമിയുണ്ടായിരുന്ന അടൂർ നഗരസഭക്ക് അഞ്ച് ഏക്കറോളം സ്ഥലം ലഭ്യമാക്കിയത് ബാബു ദിവാകരൻ ചെയർമാനായിരുന്നപ്പോഴാണ്. ബൈപാസ് അരികിൽ നഗരസഭ ബസ് സ്റ്റാൻഡ്, സ്റ്റേഡിയം, മറ്റു വികസന പ്രവർത്തനങ്ങൾ തുടങ്ങിയവക്കാണ് സ്ഥലംവാങ്ങിയത്. സ്വന്തമായുള്ള സ്ഥലംവിറ്റ് കടംവീട്ടാനാണ് ബാബു ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.