ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് നിരീക്ഷകനായി കുവൈത്തിലെത്തിയ സാമൂഹികശാസ്ത്രകാരനും എഴുത്തുകാരനുമായ എൻ.പി. ഹാഫിസ് മുഹമ്മദ് 'ഗൾഫ് മാധ്യമ'വുമായി സംസാരിക്കുന്നു
രാജഭരണവും ജനാധിപത്യവും സമന്വയിപ്പിച്ച് വിജയകരമായി മുന്നോട്ടുപോകുന്ന കുവൈത്ത് ഈ ഭരണ നിർവഹണ രീതിയിൽ മുമ്പേ നടന്നവരാണ്. 1962ൽ കുവൈത്തിന്റെ ആദ്യ പരീക്ഷണമായിരുന്നു അത്. മിഡിലീസ്റ്റിൽ പല രാജ്യങ്ങളും ഇപ്പോഴും തുടക്കമിട്ടിട്ടില്ലാത്ത രീതി. 2005ൽ സ്ത്രീകൾക്ക് മത്സരിക്കാൻ അവകാശവും നൽകി. 2009 മുതൽ സ്ത്രീകൾ ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പറയാനുള്ളവർക്ക് പറയാനുള്ളതിന് അതിന്റേതായയിടത്ത് അവസരം നൽകുന്നുവെന്നത് വലിയ കാര്യമാണ്. ഇതിൽ കുവൈത്തിൽ ഇരുമ്പുമറകളില്ല.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പ് കേന്ദ്രങ്ങൾ സന്ദർശിക്കാനായി. ഇന്ത്യയിലേതിന് സമാന വോട്ടിങ് രീതി തന്നെയാണ് കുവൈത്ത് പിന്തുടരുന്നത്. സ്വതന്ത്രമായും സ്വകാര്യത നിലനിർത്തിയും വോട്ട് നിർവഹിക്കാനാകുന്നു. കുവൈത്തിൽ ഇപ്പോഴും ബാലറ്റ് രീതിയാണ് തുടരുന്നത്. എന്തുകൊണ്ട് വോട്ടിങ് മെഷീൻ ഏർപ്പെടുത്തിക്കൂടാ എന്ന് അധികൃതരോട് ചോദിക്കുകയുണ്ടായി. വോട്ടിങ് മെഷീനിൽ ജനങ്ങൾക്ക് പൂർണ വിശ്വാസം വന്നിട്ടില്ല,
കൃത്രിമത്തിന് സാധ്യയുണ്ടെന്ന് ഭൂരിപക്ഷവും വിശ്വസിക്കുന്നു എന്നായിരുന്നു ഉത്തരം. ഇന്ത്യയിൽ വലിയ രാഷ്ട്രീയ ചർച്ചയാണല്ലോ ഈ കാര്യം എന്നോർത്തു. ജനാധിപത്യത്തിന്റെ പ്രാരംഭത്തിലോ മധ്യത്തിലോ മാത്രം എത്തിനിൽക്കുന്ന കുവൈത്ത് ഇക്കാര്യത്തിൽ പുലർത്തുന്ന സൂക്ഷമത ശ്രദ്ധേയമാണ്. കുവൈത്ത് പാർലമെന്റും സന്ദർശിച്ചു. എല്ലാ ആധുനിക സൗകര്യങ്ങളോടെയുമാണ് അത് സജ്ജീകരിച്ചിരിക്കുന്നത്. ജനാധിപത്യ ഭരണകൂടം അനുവദിക്കുന്ന എല്ലാ സംവിധാനങ്ങളും അവിടെ കാണാനാകും.
വിസ, കുടുംബവിസ കാര്യങ്ങൾ, തൊഴിൽ മേഖല മന്ദിപ്പ്, ദേശസാത്കരണം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രവാസികളുടെ ആശങ്കകളാണ്. ഇന്ത്യയിൽ നിന്നുവന്ന പ്രതിനിധികൾ ഇക്കാര്യങ്ങൾ വാർത്ത വിതരണ മന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ചു. ഇത്തരം പ്രശ്നങ്ങൾ മുഖവിലക്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള കുവൈത്തിന്റെ ബന്ധം ദീർഘകാല ബന്ധത്തിന്റെ തുടർച്ചയാണ്. പ്രത്യേകിച്ച് മലബാറിനോട്. ദീർഘകാലമായി കച്ചവടം, വ്യാപാരം എന്നിവയിലൂടെ തുടർന്നുപോന്നതാണത്. ജനാധിപത്യ വ്യവസ്ഥയിലെ മറ്റു പ്രശ്നങ്ങളെ അതിജീവിക്കുമെന്നും മന്ത്രി അറിയിച്ചു.
2016ൽ 60 അധ്യായങ്ങളായി പ്രവാസികളുടെ സാമൂഹിക ബന്ധങ്ങളെ കുറിച്ചുപറയുന്ന കൈപ്പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. പ്രവാസികളുടെ കുടുംബം, സാമൂഹിക ബന്ധം, മക്കൾ എന്നിങ്ങനെ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുന്ന പുതിയ പുസ്തകത്തിന്റെ കുറെ ഭാഗങ്ങൾ എഴുതിയിട്ടുണ്ട്. വൈകാതെ അത് പുറത്തിറക്കും.
ഏതെങ്കിലും ഒരു പുസ്തകം എങ്ങനെയെങ്കിലും സ്വയം പണമിറക്കി പ്രസിദ്ധീകരിക്കുക എന്നത് അഭികാമ്യമായ കാര്യമല്ല. മറിച്ച് വായനവും സാഹിത്യത്തിന്റെ ഉദയവികാസ പരിണാമങ്ങളും തിരിച്ചറിഞ്ഞുകൊണ്ടുതന്നെ പ്രത്യേകമായി അടയാളപ്പെടുത്തേണ്ടിടത്ത് അടയാളപ്പെടുത്താനുള്ള ശ്രമം നടത്തുകയാണ് വേണ്ടത്. അതിന് പരന്ന വായന വേണം. കാലത്തെ അതിജീവിക്കാൻ കഴിയുന്നതാകണം രചനകൾ. എഴുത്തുകാർ പുതുകാല രചനകളെ പിന്തുടരണം. എന്നിട്ട് ഞാനെവിടെ നിൽക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് എഴുതണം.
പ്രവാസം വല്ലാത്തൊരു അനുഭവ മണ്ഡലമാണ്. തൊഴിൽപരമായ ആവശ്യങ്ങൾക്കായി വന്ന് അതുകഴിയുമ്പോൾ നാട്ടിലേക്ക് തിരിച്ചുപോകുന്നവരുടെ ജനതയാണ് നമ്മൾ. ആ ജീവിതത്തിന്റെ അസ്വസ്ഥതകളും സന്തോഷങ്ങളും കൗതുകങ്ങളും ആന്തരിക സംഘർഷങ്ങളും ഇപ്പോഴും നല്ല രചനകൾക്കുള്ള വിഷയമാക്കാവുന്നതാണ്.
കോവിഡ് കാലം എഴുത്തുജീവിതത്തിൽ പ്രതീക്ഷിക്കാത്ത മുന്നേറ്റമുണ്ടാക്കി. ലോക്ഡൗണിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി അടച്ചതോടെ യാത്ര ഒഴിവായി. ക്ലാസുകൾ ഓൺലൈനായി. സമയം ഇഷ്ടംപോലെയായി. പൂർത്തിയാക്കാനുള്ള 10 രചനകൾ അക്കാലത്ത് വീണ്ടും എടുത്തു. 2013ൽ എഴുതിത്തുടങ്ങി 10 അധ്യായങ്ങളിലെത്തി 2015ൽ നിന്നുപോയ, ബാബുരാജിന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയ നോവലാണ് ആദ്യം കൈയിലെടുത്തത്.
എന്നാൽ, ക്രിയേറ്റിവ് ബ്ലോക്ക് വീണ്ടുമെത്തി. അന്നേരം എഡിറ്റുചെയ്യാനായി ലഭിച്ച കാട്ടുകണ്ടി കുഞ്ഞബ്ദുല്ലയുടെ അതിജീവനകഥ ശരിയാക്കിത്തുടങ്ങി. 'പ്രത്യാശയുടെ അത്ഭുത ഗോപുരം' എന്നു പേരിട്ട ആ പുസ്തകം പെട്ടെന്ന് തീർക്കാനായി. അതുനൽകിയ ഊർജത്തിൽ ആറ് പുസ്തകങ്ങളുടെ ജോലികൂടി എളുപ്പത്തിൽ തീർത്തു.
വീണ്ടും ബാബുരാജിന്റെ പുസ്തകം കൈയിലെടുത്തു. അപ്പോഴേക്കും തടസ്സങ്ങളെല്ലാം തീർന്നിരുന്നു. നോവൽ പൂർത്തിയാക്കി കോപ്പി മറ്റൊരാൾക്ക് വായിക്കാൻ നൽകിയാണ് കുവൈത്തിലേക്ക് തിരിച്ചത്. രചനാജീവിതത്തിൽ പ്രിയപ്പെട്ട നോവലായി ഹാർമോണിയം എന്നുപേരിട്ട ഈ നോവലിനെ കാണുന്നു. ഹാർമോണിയം, നോവലിൽ പ്രധാന കഥാപാത്രമാണ്. ഹാർമോണിയം എങ്ങനെയാണ് ഒരാളുടെ ജീവിതം തിരുത്തിക്കുറിച്ചതെന്ന് നോവൽ വരച്ചുകാട്ടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.