അറബികൾ ഉൾപ്പെടെ സംഗീത പ്രേമികളുടെ ഉസ്താദ് ബാസു, വാദ്യോപകരണങ്ങളുടെ ഡോക്ടർ, സംഗീത വിദ്യാർഥികളുടെ പ്രിയങ്കരനായ അധ്യാപകൻ, മികച്ച തബലിസ്റ്റ്, ബാലെ കലാകാരൻ. അങ്ങനെ അങ്ങനെ നീണ്ടു പോകുന്ന വിശേഷണങ്ങൾക്കുടമയാണ് കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശിയായ പുലിക്കോടൻ ഭാസ്കരൻ. കഴിഞ്ഞ 25 വർഷമായി അജ്മാനിൽ തുകൽ വാദ്യോപകരണ നിർമാണ രംഗത്ത് സജീവമാണീ മലയാളി. ഇന്ന് അജ്മാനിലെ ഈ കൊച്ചു മുറിയിൽ ഇദ്ദേഹത്തെ തേടിയെത്തുന്ന സംഗീത കലാകാരൻമാരുടെ എണ്ണം ഏറെയാണ്. അറബികളുടെ പ്രധാന സംഗീത ഉപകരണങ്ങളായ റഹ്മാനി റണ്ണ (വലിയ ഡ്രം), റാസ്, ചാസർ (ചെറിയ ചെണ്ട), ദൊഹല്ല (ദർബക) തുടങ്ങിയവരുടെ നിർമാണ രംഗത്ത് പ്രഗ്ഭനാണിദ്ദേഹം. അവയുടെ കേടുപാടുകൾ നിമിഷ നേരം കൊണ്ടു തീർക്കുന്നതിനാലാണ് വാദ്യോപകരണങ്ങളുടെ ഡോക്ടറായും അറിയപ്പെടുന്നത്.
നാട്ടിൽ തബലിസ്റ്റായും ബാലെ കലാകാരനായുമൊക്കെ ജീവിതം മുന്നോട്ടു പോകുന്നതിനിടെ 1998ൽ 18ാം വയസ്സിലാണ് പ്രവാസജീവിതത്തിലേക്ക് ഭാസ്കരൻ കാലെടുത്തുവെക്കുന്നത്. അജ്മാനിലെ സംഗീത ഉപകരണങ്ങൾ വിൽക്കുന്ന കടയിലായിരുന്നു ജോലി. ചെറുപ്പത്തിൽ തന്നെ മൃദംഗവും തബലയുമൊക്കെ പ്രഫഷനലായി പഠിച്ചതിനാൽ തന്റെ അറിവുകൾ കുട്ടികൾക്ക് പകർന്നു നൽകിയും സംഗീത ലോകത്ത് ഇടക്കിടെ മുഖം കാണിച്ചുമായിരുന്നു തുടക്കം. സംഗീത ഉപകരണങ്ങൾ വിൽക്കുന്ന കടയിൽ നിന്നാണ് തുകൽ വാദ്യ ഉപകരണങ്ങൾ നിർമിക്കുന്ന വിദ്യ സ്വയം പഠിച്ചെടുത്തത്. പിന്നീട് ഇവിടെ നിന്ന് സ്വന്തമായി തുകൽ വദ്യോപകരണങ്ങൾ നിർമിക്കുന്ന സ്ഥാപനം തുടങ്ങി. ഒപ്പം കുട്ടികൾക്ക് സംഗീത ഉപകരണ ക്ലാസുകളും എടുത്തു നൽകി. അറബി കല്യാണങ്ങൾക്ക് സംഗീത ഉപകരണങ്ങൾ വായിക്കാൻ കിട്ടിയ അവസരങ്ങൾ അവരുമായി മികച്ച സൗഹൃദ ബന്ധങ്ങൾ ലഭിക്കാൻ സഹായിച്ചു. അങ്ങനെ അദ്ദേഹം അറബികളുടെ ഉസ്താദ് ബാസുവായി. ഇപ്പോൾ അറബികളായ ഉപഭോക്താക്കളാണ് കൂടുതൽ. ഒപ്പം ഒമാൻ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും ഇദ്ദേഹത്തെ തേടിയെത്തുന്നുണ്ട്. ഷാർജയിൽ ഒരു സംഗീത പരിപാടികൾക്കിടെ ഷാർജ സുൽത്താന്റെ പ്രശംസ ഏറ്റുവാങ്ങാനും ഭാഗ്യം ലഭിച്ചു. സംഗീത കുടുംബത്തിൽ നിന്നാണ് ഭാസ്കരന്റെ വരവ്. പിതാവ് കുഞ്ഞികേളു സംഗീത ഭാഗവതരായിരുന്നു.
അജ്മാനിൽ നിന്ന് വാങ്ങുന്ന തുകൽ ഉപയോഗിച്ചാണ് ഉപകരണങ്ങൾ നിർമിക്കുന്നത്. കലയോടുള്ള ഇഷ്ടം കൊണ്ടു മാത്രമാണ് താൻ മേഖല തെരഞ്ഞെടുത്തതെന്നാണ് ഭാസ്കരേട്ടൻ പറയുന്നത്. യു.എ.ഇയിൽ അറബിക് സംഗീത ഉപകരണങ്ങൾ നിർമിക്കുന്ന ഏക വ്യക്തിയും ഒരുപക്ഷേ ഇദ്ദേഹം തന്നെയായിരിക്കും. പരമ്പരാഗത രീതിയിലാണ് നിർമാണമെല്ലാം. മികച്ച തുകൽ കണ്ടെത്തുന്നതു മുതൽ സംഗീതം പൊഴിക്കുന്നതുവരെ വലിയ പ്രോസസ് ഇതിന്റെ ഭാഗമായുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. മരത്തടികൾ കൂടാതെ പി.വി.സി പൈപ്പ് ഉപയോഗിച്ചു ചെണ്ടകൾ നിർമിക്കുന്ന അപൂർവ വ്യക്തികളിൽ ഒരാളാണ് ഭാസ്കരൻ. ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം നാട്ടിലാണ്. മരിക്കും വരെ ഈ തൊഴിലെടുത്ത് ജീവിക്കണമെന്ന് മാത്രമാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.