തൃശൂർ: സെറിബ്രൽ പാൾസി ബാധിച്ചവരുടെ കൈകളിൽ പലപ്പോഴും വന്നുപോകുന്ന താളം കണ്ടപ്പോഴാണ് കോലഴി തേർമഠത്തിൽ പെപ്പിന് പുതിയൊരു ആശയം തോന്നിയത്, ഭിന്നശേഷിയുള്ളവർക്ക് ചെണ്ടമേളം പഠിപ്പിക്കുക.
അത്ര കഠിനമായതൊന്നും വേണ്ട; ശിങ്കാരിമേളം മതി - പെപ്പിൻ തീരുമാനിച്ചു. സെറിബ്രൽ പാൾസിയുള്ളവർക്കുൾപ്പെടെ കഴിഞ്ഞ ഏഴുവർഷമായി ശിങ്കാരിമേളം പഠിപ്പിച്ചുവരുകയാണ് ഇദ്ദേഹം. അസ്സലായി വിദ്യാർഥികൾ കൊട്ടുന്നുമുണ്ട്. ഈ പ്രാവീണ്യം കണ്ടറിഞ്ഞ് ബംഗളൂരു മലയാളി അസോസിയേഷന്റെ ക്ലാസുകൾ വരെ പെപ്പിൻ ഏറ്റെടുത്തു.
പല സ്പെഷൽ സ്കൂളുകളിലുമായി 80 ശതമാനം ഭിന്നശേഷിക്കാരായ ശിഷ്യന്മാർ ഇദ്ദേഹത്തിനുണ്ട്. ഇതിൽ മൂന്നുപേർ സെറിബ്രൽ പാൾസി ബാധിച്ചവരാണ്. അവരെ സ്വന്തം വീട്ടിൽവെച്ചാണ് പഠിപ്പിക്കുന്നത്. സൗജന്യമായാണ് സേവനം. കോലഴി കലാപീഠം കലാസമിതി നടത്തിവരുകയാണ് പെപ്പിന്റെ ഭാര്യ ലതിക.
ഇവിടെ ഭിന്നശേഷിക്കാരായ 28 പേർക്ക് ചെണ്ടമേളം അഭ്യസിപ്പിക്കുന്നുണ്ട്. കൂടാതെ, തൃശൂരിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള കേന്ദ്രമായ ഇയാൻ ഇൻസ്റ്റിറ്റ്യൂട്ടിലും പഠിപ്പിച്ചുവരുന്നു.
പാർവതി സേവാനിലയം ചൂലിശ്ശേരിക്കുപുറമെ മോഡൽ ബോയ്സ്, വില്ലടം സ്കൂളുകളിലും ഭിന്നശേഷി വിദ്യാർഥികൾക്കായി ക്ലാസുകളെടുത്തിരുന്നു. മറ്റ് ഉപകരണങ്ങളെ അപേക്ഷിച്ച് പഠിക്കാൻ എളുപ്പമായതിനാൽ വിദ്യാർഥികൾക്ക് ശിങ്കാരിമേളം താൽപര്യമാണെന്ന് പെപ്പിൻ പറയുന്നു.
ഇദ്ദേഹത്തിന്റെ നേതൃത്വത്തിലെ ഭിന്നശേഷി വിദ്യാർഥികളുടെ സംഘം അഞ്ചു ചാനൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ വർഷവും ബംഗളൂരു മലയാളി അസോസിയേഷനു കീഴിൽ അവിടത്തെ ഭിന്നശഷിക്കാർക്കായി ചെണ്ടമേളം ക്ലാസ് എടുക്കാൻ ഇദ്ദേഹം പോകാറുണ്ട്. ഭിന്നശേഷിയുള്ള കുട്ടി കലാകാരന്മാരെ കൂടുതലായി കലാവേദിയിൽ എത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഇദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.