തൊടുപുഴ: എട്ടാം വയസ്സിൽ പോളിയോ പിടിപെട്ട് അരയ്ക്ക് താഴെ തളർന്നെങ്കിലും ഉറച്ച മനസ്സും ഉരുക്ക് കൈകളുമായി സേവ്യർ ഇന്നും പഞ്ചഗുസ്തിയിലെ പടയാളിയാണ്. 17ാം വയസ്സിൽ ഇടുക്കി ജില്ല ചാമ്പ്യനായാണ് തുടക്കം. പിന്നീടിങ്ങോട്ട് സംസ്ഥാന, ദേശീയ മത്സരങ്ങളിലായി സ്വന്തമാക്കി വീട്ടിലെത്തിച്ച ട്രോഫികളും സർട്ടിഫിക്കറ്റുകളും നിരവധി. ഇനി ലോക ചാമ്പ്യൻഷിപ്പിലും ഒരുകൈ നോക്കാൻ സേവ്യർ റെഡി.
തൊടുപുഴ പുറപ്പുഴ വള്ളോംപറമ്പിൽ വി.ഡി. സേവ്യർ എന്ന പേര് പഞ്ചഗുസ്തിയുടെയും മനക്കരുത്തിന്റെയും പര്യായമാണ്. ശാരീരിക പരിമിതികൾ ആഗ്രഹങ്ങൾക്ക് പിന്നാലെ സഞ്ചരിക്കാനും സ്വപ്നങ്ങൾ കീഴടക്കാനും തടസ്സമല്ലെന്ന് തെളിയിക്കുന്ന ജീവിതം. അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടതോടെ ഇരു കൈയും കുത്തിയായിരുന്നു സേവ്യറുടെ സഞ്ചാരം. അങ്ങനെ കിട്ടിയ ബലവും ഉറപ്പുമാണ് പഞ്ചഗുസ്തിയിലെ കൈമുതൽ.
നാട്ടിലെ ക്ലബുകൾ സംഘടിപ്പിക്കുന്ന മത്സരങ്ങളിലെ തുടർച്ചയായ വിജയങ്ങൾക്കൊടുവിൽ സുഹൃത്ത് വഴിയാണ് ജില്ല മത്സരത്തിൽ പങ്കെടുത്ത് ചാമ്പ്യനായത്. അതോടെ ആത്മവിശ്വാസം വർധിച്ചു. സംസ്ഥാനതലത്തിലെ ആദ്യ മത്സരത്തിൽ തോറ്റപ്പോൾ അത് മറക്കാനാവാത്ത സങ്കടമായി. കൂടുതൽ പരിശീലിച്ച് പിന്നീട് സംസ്ഥാനതലത്തിൽ മത്സരിക്കാനിറങ്ങിയപ്പോൾ സേവ്യർ വമ്പന്മാരെ മുട്ടുകുത്തിച്ചു. തുടർന്ന്, ആം റസലിങ് അസോസിയേഷൻ സംഘടിപ്പിച്ച സംസ്ഥാന, ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് ചാമ്പ്യനായി.
1997ൽ ഗുവാഹത്തിയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. പത്ത് രൂപയുടെ കൂപ്പൺ അടിച്ച് വിറ്റാണ് ഗുവാഹത്തിയിലേക്ക് പോകാൻ പണം കണ്ടെത്തിയത്. പാരജയപ്പെട്ടെങ്കിലും പങ്കെടുക്കാനായതുതന്നെ മഹാഭാഗ്യമായി സേവ്യർ കരുതുന്നു. കഴിഞ്ഞതവണ തുർക്കിയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കണമെന്നുണ്ടായിരുന്നു. രണ്ടരലക്ഷം രൂപ വേണം. പുറപ്പുഴയിലെ കൊച്ചുവീട്ടിൽ കാര്യമായ വരുമാനമൊന്നുമില്ലാതെ ജീവിക്കുന്ന സേവ്യറിന് അത് ചിന്തിക്കാൻപോലും കഴിയാത്തതായിരുന്നു. നിലവിൽ ജില്ല ചാമ്പ്യനാണ് ഈ 55കാരൻ.
കിട്ടിയ ട്രോഫികളും മെഡലുകളും സൂക്ഷിക്കാനുള്ള സൗകര്യംപോലും പുറപ്പുഴയിലെ വീട്ടിലില്ല. പഞ്ചഗുസ്തിയിലെ പ്രകടനം സ്പോർട്സിലും സിനിമയിലും സേവ്യറിന് ഒരുപാട് സുഹൃത്തുക്കളെ നേടിക്കൊടുത്തു. കലാഭവൻ മണിയുമായെല്ലാം നല്ല അടുപ്പമുണ്ടായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും, സമസ്തകേരളം പി.ഒ തുടങ്ങിയ സിനിമകളിലും സേവ്യർ അഭിനയിച്ചിട്ടുണ്ട്. ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കണം... വിമാനത്തിൽ യാത്ര ചെയ്യണം... ഇതൊക്കെയാണ് ജീവിതത്തെ സ്പോർട്സ്മാൻ സ്പിരിറ്റോടെ കാണുന്ന ഈ പഞ്ചഗുസ്തി താരത്തിന്റെ സ്വപ്നങ്ങൾ. ശശികലയാണ് ഭാര്യ. വിദ്യാർഥികളായ സെമിലും സ്നേഹയും മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.