???? ???????

ആസ്ട്രേലിയ കീഴടക്കി ഇന്ത്യന്‍ ചായ് വാലി

ഉപ്മ, പേരു കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ ഉപ്പുമാവിനെ ഓര്‍മ വരുന്നുണ്ടല്ലേ. എന്നാല്‍, ഈ കക്ഷി തിന്നുന്ന ആളല്ല. കുടിപ്പിക്കുന്ന ആളാ... അതും നല്ല ഒന്നാന്തരം ഇന്ത്യന്‍ ചായ. ചായ കുടിപ്പിച്ചു കുടിപ്പിച്ച് അങ്ങ് ആസ്ട്രേലിയയില്‍ ചായ്വാലിയായി പേരെടുത്ത് ബിസിനസ് വുമണ്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ട നമ്മുടെ സ്വന്തം ഇന്ത്യക്കാരി പെണ്‍കൊടിയാണ് താരം. മുഴുവന്‍ പേര് ഉപ്മ വിര്‍ദി. 2016ലെ ഇന്ത്യന്‍-ആസ്ട്രേലിയന്‍ ബിസിനസ് ആന്‍ഡ് കമ്യൂണിറ്റി അവാര്‍ഡാണ് രണ്ടാഴ്ചക്കു മുമ്പ് ഉപ്മയെ തേടിയത്തെിയത്. ആളൊരു അഭിഭാഷകയാണ്.

പക്ഷേ, മനസ്സിനു പിടിച്ച ചായക്കു പിറകെ പോയതോടെയാണ് ഈ 26കാരിയുടെ തലവര മാറിയത്. ഇന്ത്യന്‍ ചായയുടെ വലിയ ആരാധികയായ ഉപ്മക്ക്, പഠിക്കാന്‍ പോയ ആസ്ട്രേലിയയില്‍ നല്ല ചായ കിട്ടാതെവന്നതോടെയാണ് സ്വന്തമായി ബിസിനസ് നടത്താനുള്ള ബുദ്ധി തെളിഞ്ഞത്. 'ചായ്വാലി' എന്ന പേരില്‍ ഇന്ത്യന്‍ മസാല ചായക്കൂട്ടുകളുടെ ഓണ്‍ലൈന്‍ വ്യാപാരവും 'ദ ആര്‍ട്ട് ഓഫ് ചായ്' എന്നപേരില്‍ വർക് ഷോപ്പും നടത്തിയാണ് ഓസീസ് ഹൃദയങ്ങള്‍ ഉപ്മ കവര്‍ന്നത്. കോഫി പ്രിയരായ ആസ്ട്രേലിയന്‍ സമൂഹത്തിലേക്ക് ഇന്ത്യന്‍ ചായയുടെ ചൂടന്‍ സ്വാദ് പകര്‍ന്ന അവള്‍, വീട്ടുകാരുടെ എതിര്‍പ്പുകളെ മറികടന്നാണ് ഈ ബിസിനസിന് ഇറങ്ങിത്തിരിച്ചത്.

ആയുര്‍വേദ ഡോക്ടറും ഹെര്‍ബല്‍ ട്രീ പ്രിയക്കാരനുമായ മുത്തച്ഛനില്‍ നിന്ന് കിട്ടിയ കഴിവാണ് ഈ മേഖലയില്‍ പിന്‍ബലം. 'ചായയിലൂടെ ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ച് ആസ്ട്രേലിയന്‍ സമൂഹത്തെ ബോധവത്കരിക്കുകയാണ് എന്‍റെ യഥാര്‍ഥ ലക്ഷ്യം' -ഉപ്മ പറയുന്നു. അഡ്വക്കറ്റ് കുപ്പായമൂരാതെ പാഷനും പ്രഫഷനും എങ്ങനെ ഒരുമിച്ചു കൊണ്ടു പോകാമെന്ന് ലോകത്തിന് കാണിച്ചു കൊടുക്കുകയാണ് ഉപ്മ.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.