പരിപ്പുവട ഉണ്ടാക്കാന്‍ തുവരപ്പരിപ്പാണോ കടലപ്പരിപ്പാണോ വേണ്ടത്? ഇതാ ഞാന്‍ ജീവിതത്തിലാദ്യമുണ്ടാക്കിയ വിഭവം. എളുപ്പത്തിലുണ്ടാക്കാവുന്ന ഒരു ബിസ്ക്കറ്റ് ഇതാ പിടിച്ചോ. പുട്ടുണ്ട് ഫ്രിഡ്ജില്‍, കടലക്കറിയുണ്ടാക്കാനറിയില്ല, ആരെങ്കിലും പറഞ്ഞുതരുമോ?ഇത് ഒരു അടുക്കളയില്‍നിന്നുള്ള കലപിലയാണ്. ഒട്ടുമിക്ക ഗള്‍ഫ് നാടുകളടക്കം പത്തിരുപത് രാജ്യങ്ങളിലായി പരന്നുകിടക്കുന്ന ഈ അടുക്കളയുടെ പേര് മലബാര്‍ അടുക്കള. വിലാസം ഫേസ്ബുക്ക്. അതെ, പാചകകലയിലെ ഏറ്റവും പുതിയ പരീക്ഷണങ്ങള്‍ മുതല്‍ പരമ്പരാഗത വിഭവങ്ങളുടെ അപൂര്‍വ രഹസ്യങ്ങള്‍ വരെ എഴുപതിനായിരത്തിലധികം അംഗങ്ങള്‍ പരസ്പരം പങ്കുവെക്കുന്ന ഫേസ്ബുക് ഗ്രൂപ്പാണിത്. രുചിയുടെ വഴികള്‍ അറിയാനും ചോദിക്കാനുമത്തെുന്ന പതിനായിരങ്ങള്‍ വേറെയും. രാവെന്നോ പകലെന്നോ ഇല്ലാതെ ഇതിന്‍റെ ‘വാളി’ല്‍ വിഭവങ്ങള്‍ വന്നുകൊണ്ടിരിക്കും. പ്രവാസി മലയാളികളുടെ കൂട്ടായ്മയില്‍ ആരംഭിച്ച ഈ ഗ്രൂപ്പില്‍ ഭൂരിഭാഗം അംഗങ്ങളും പ്രവാസി വീട്ടമ്മമാരാണ്. 

ഒരു അടുക്കള രൂപംകൊള്ളുന്നു
കോഴിക്കോട് പയ്യോളിക്കാരായ മുഹമ്മദലി ചക്കോത്തും കൂട്ടുകാരും ദുബൈയിലിരുന്ന് ‘മലബാര്‍ അടുക്കള’ എന്നപേരില്‍ 2014 ജൂണ്‍ 23ന് ഫേസ്ബുക്ക് ഗ്രൂപ് തുടങ്ങുമ്പോള്‍ മലബാര്‍ രുചികളോട് താല്‍പര്യമുള്ള ചെറിയൊരുകൂട്ടം എന്ന ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ഇതേ ആഗ്രഹവുമായി ഒട്ടേറെ പ്രവാസികള്‍ വായില്‍ വെള്ളമിറക്കി കഴിയുന്നുണ്ടെന്ന് ദിവസങ്ങള്‍ക്കകം ഇവര്‍ക്ക് മനസ്സിലായി. ദിവസവും നൂറുകണക്കിന് പേര്‍ അംഗങ്ങളായി. പതിനായിരവും ഇരുപതിനായിരവുമെല്ലാം കടന്ന് ഗ്രൂപ്് ജനസഞ്ചയമാകാന്‍ അധികം വേണ്ടിവന്നില്ല. തുടക്കത്തില്‍ കൂടുതലും സ്ത്രീകളായിരുന്നുവെങ്കിലും അടുക്കളയില്‍ക്കയറി ഒരുകൈ നോക്കാന്‍  താല്‍പര്യമുള്ള ആണുങ്ങളും കൂട്ടത്തോടെ എത്തി. എങ്കിലും സ്ത്രീകള്‍ക്കാണ് ഭൂരിപക്ഷം. മലബാറുകാരായിരുന്നു ആദ്യമത്തെിയതെങ്കില്‍ പിന്നെ കേട്ടും കണ്ടും അറിഞ്ഞ് ലോകത്തിന്‍റെ നാനാ ഭാഗങ്ങളില്‍നിന്നുള്ളവര്‍ അംഗങ്ങളായത്തെി. ഇവരെല്ലാം തങ്ങള്‍ക്കറിയാവുന്ന പാചകക്കുറിപ്പുകള്‍ മത്സരിച്ചു പോസ്റ്റ് ചെയ്തു. കുറേ പേര്‍ വിഡിയോയും പോസ്റ്റ് ചെയ്തു. പ്രവാസി വീട്ടമ്മമാരായ ദീന അഫ്സല്‍, ഖമറുന്നിസ സക്കീര്‍ എന്നിവരുടെ വിഡിയോ പാചകം മലബാര്‍ അടുക്കളയുടെ ജനപ്രീതി കൂട്ടി.

‘മലബാര്‍ അടുക്കള’യില്‍ അറുപതിനായിരം അംഗങ്ങള്‍ തികഞ്ഞതിന്‍റെ ആഘോഷം ഷാര്‍ജയില്‍ നടത്തിയപ്പോള്‍
 


ചോദിച്ചറിഞ്ഞും പറഞ്ഞുകൊടുത്തും ഈ അടുക്കളക്കൂട്ടം കുറഞ്ഞ നാളുകള്‍കൊണ്ടുതന്നെ പതിനായിരങ്ങളുടെ കുടുംബമായി മാറി. വളര്‍ച്ചയുടെ വ്യാപ്തി അറിയിച്ചു കൊണ്ട് വിവിധ രാജ്യങ്ങളിലായി കുടുംബസംഗമങ്ങള്‍ വരെ നടക്കുന്നു. അതതിടങ്ങളിലെ അംഗങ്ങള്‍ സ്വയം പാചകം ചെയ്തുകൊണ്ടുവരുന്ന വിഭവങ്ങളാണ് ഇത്തരം സംഗമങ്ങളുടെ  മുഖ്യ ആകര്‍ഷണം. ദുബൈ സബീല്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച ആദ്യ സംഗമത്തില്‍ 250ലേറെ കുടുംബങ്ങള്‍ പങ്കെടുത്തു. പിന്നീട് ദോഹയിലും കുവൈത്തിലും ജിദ്ദയിലും ഇങ്ങ് കോഴിക്കോട്ടും കാസര്‍കോട്ടും വരെ കുടുംബങ്ങളും പലഹാരങ്ങളും സംഗമിച്ചു. ഫേസ്ബുക്കിലൂടെ മാത്രം കണ്ടവര്‍ നേരിട്ടു കണ്ട് വിശേഷങ്ങള്‍ പങ്കുവെച്ചപ്പോള്‍ അത് തീരാത്ത വിശേഷംപറച്ചിലായതായി സ്ഥാപകാംഗമായ മുഹമ്മദലി ചക്കോത്ത് പറയുന്നു. അടുക്കളയില്‍മാത്രമായി ഒതുങ്ങിയ കൈപുണ്യം ലോകത്തിന് മുന്നിലെത്തിക്കാനായതും അതുവഴി അംഗീകാരംകിട്ടുന്നതും ജീവിതത്തിന് പുതിയ ഉണര്‍വും അര്‍ഥവും ആവേശവും നല്‍കുന്നതായി ഗ്രൂപ്പിലെ വീട്ടമ്മമാര്‍ പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ബാച്ലേഴ്സ് മുതല്‍ കഫ്റ്റീരിയകള്‍ വരെ പിന്നാലെ
പലരും ഇതുവരെ കാണാത്തതും കേള്‍ക്കാത്തതും രുചിക്കാത്തതുമായ വൈവിധ്യങ്ങള്‍ ഫേസ്ബുക് വാളില്‍ നിറഞ്ഞു. ചിത്രങ്ങള്‍മാത്രം പോസ്റ്റ് ചെയ്യുന്നവരുടെ എണ്ണം കൂടിയപ്പോള്‍ ഒരു നിബന്ധനവെച്ചു. പാചകക്കുറിപ്പില്ലാതെ ചിത്രമിടരുത്. കുടുംബമില്ലാതെ കഴിയുന്ന പ്രവാസികളാണ് മലബാര്‍ അടുക്കളയുടെ പ്രധാന ഗുണഭോക്താക്കള്‍. പുതിയ കാലത്ത്, ഗള്‍ഫിലെ ബാച്ലര്‍ കേന്ദ്രങ്ങളിലെ പലരും പാചക വിദഗ്ധരായി മാറുന്നതിനുപിന്നിലെ രഹസ്യങ്ങളിലൊന്ന് ഇതുപോലുള്ള ഫേസ്ബുക് ഗ്രൂപ്പുകളുമാണ്. ചില കഫ്റ്റീരിയകളും റസ്റ്റാറന്‍റുകളുംവരെ ‘മലബാര്‍ അടുക്കള’യില്‍ നോക്കി മെനു തയാറാക്കുന്നുണ്ട്. മലബാര്‍ വിഭവങ്ങളുമായാണ് തുടങ്ങിയതെങ്കിലും പിന്നീട് ഉത്തരേന്ത്യന്‍ രുചികളും അറബ് പാചക മികവുമെല്ലാം നിറഞ്ഞു. ഒന്നരവര്‍ഷം തികയും മുമ്പുതന്നെ ആയിരക്കണക്കിന് വിഭവങ്ങള്‍ ഇവിടെ വിളമ്പിക്കഴിഞ്ഞു. 


ഒരു ഡസന്‍ അഡ്മിന്‍മാര്‍
12 അഡ്മിന്മാരാണ് ഗ്രൂപ്പിന്‍റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. ഇതില്‍ മിക്കവരും നല്ല പാചകക്കാരാണ്. സ്ഥാപക സംഘത്തിലെ മുഹമ്മദലി, കുഞ്ഞബ്ദുല്ല കുറ്റിയില്‍ എന്നിവര്‍ക്കുപുറമെ യൂനുസ് പാലക്കുനി, ദീന അഫ്സല്‍, ഖമറുന്നിസ സക്കീര്‍, ശ്രീജിത്ത് പുനത്തില്‍, എം.സി. മുഹമ്മദ്, ഷംന അഫ്സല്‍, ഷമിത ആസിഫ്, ഫൈസല്‍ കണ്ണോത്ത്,  ഷഹാന ഇല്യാസ്, ഷെന്‍സ് പുതുക്കുടി എന്നിവരാണ് അഡ്മിന്മാര്‍. പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതും ഒഴിവാക്കുന്നതും ഗ്രൂപ്പിനെ മുന്നോട്ടു നയിക്കുന്നതും ഇവരാണ്. ഇതിനുപുറമെ, ഗള്‍ഫ് രാജ്യങ്ങളിലും സിംഗപ്പൂരിലും മലേഷ്യയിലും യു.കെയിലുമായി 30ഓളം കോഓഡിനേറ്റര്‍മാരുമുണ്ട്.  ഇവര്‍ ഇടക്കിടക്ക് ഓണ്‍ലൈന്‍വഴി യോഗംചേര്‍ന്ന് കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നു. ഗ്രൂപ്പിന് മാത്രമായി പുതിയ മൊബൈല്‍ ആപ് ഉടനെ പുറത്തിറങ്ങും. തെരഞ്ഞെടുക്കപ്പെട്ട പാചകക്കുറിപ്പുകള്‍ ചേര്‍ത്ത് ഇംഗ്ലീഷിലടക്കം മാഗസിന്‍ പ്രസിദ്ധീകരിക്കാനും പദ്ധതിയുണ്ട്.  ‘മലബാര്‍ അടുക്കള എന്നപേരില്‍ റസ്റ്റാറന്‍റുകളാണ് മറ്റൊരു ലക്ഷ്യമെന്നും മുഹമ്മദലി പറയുന്നു. 

ഖമറുന്നിസയും ദീനയും അടുക്കളത്താരങ്ങള്‍
മലബാര്‍ അടുക്കള ഫേസ്ബുക് ഗ്രൂപ്പിനെ ഇത്ര ജനപ്രിയമാക്കിയത് ഒരേ നാട്ടുകാരായ രണ്ടുപേര്‍. കോഴിക്കോട് പടനിലം ആരാമ്പ്രം സ്വദേശിനികളായ ഖമറുന്നിസ സക്കീറും ദീന അഫ്സലും. സ്മാര്‍ട്ട് ഫോണുമായി അടുക്കളയില്‍ക്കയറി പാചകം ചിത്രീകരിച്ച് സെല്‍ഫി വിഡിയോ പോസ്റ്റായി ഇവര്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത് വൈറലായി. അയല്‍വാസികളും അകന്ന ബന്ധുക്കളും കൂടിയാണ് ഈ വീട്ടമ്മമാര്‍. ചെറുപ്പത്തിലേ പാചകം തലക്കുകയറിയ  ഖമറുന്നിസ വിവാഹം കഴിഞ്ഞ് കുവൈത്തിലെത്തിയതോടെ അടുക്കളയും ഫേസ്ബുക്കുമായി ലോകം. ആദ്യം സ്വന്തം പേജാണ് തുടങ്ങിയത്. 17,000ത്തിലേറെ പേര്‍ ഇത് സ്ഥിരമായി സന്ദര്‍ശിക്കുന്നു. പിന്നീട് മലബാര്‍ അടുക്കള ഗ്രൂപ്പിലെത്തിയതോടെ ആസ്വാദകരുടെ എണ്ണംകൂടി. ടെലിവിഷന്‍ ചാനല്‍ പാചക പരിപാടികളുടെ പൊലിമയില്ലാതെ, അടുക്കളയില്‍വന്ന് ലളിതമായി വിവരിക്കുന്ന പോലുള്ള ഇവരുടെ ശൈലിക്ക് ആരാധകരേറെയാണ്. പാചകത്തിനു പുറമെ, കരകൗശല നിര്‍മാണത്തിലും ചിത്രരചനയിലുമെല്ലാം മികവുകാട്ടുന്ന ഖമറുന്നിസക്ക് ഭര്‍ത്താവ് സക്കീര്‍ പൂര്‍ണ പിന്തുണ നല്‍കുന്നു. 

ഖമറുന്നിസ സക്കീര്‍, ദീന അഫ്സല്‍
 


എട്ടുവര്‍ഷം മുമ്പ് ഭര്‍ത്താവ് അഫ്സലിനൊപ്പം അബൂദബിയിലെത്തിയപ്പോഴാണ് ദീനക്ക് പാചകത്തോട് പ്രണയം തോന്നുന്നത്. കുടുംബത്തില്‍ വ്യത്യസ്ഥമായ ഭക്ഷണങ്ങളൊരുക്കി നേടിയ ആത്മവിശ്വാസമാണ് തന്നെ ഇവിടെയത്തെിച്ചതെന്ന് രണ്ടുകുട്ടികളുടെ മാതാവായ ദീന പറയുന്നു. പാചകപുസ്തകങ്ങളും യൂട്യൂബും നോക്കിയായിരുന്നു ആദ്യ പരീക്ഷണങ്ങള്‍. പിന്നെ സ്വന്തമായി ഫേസ്ബുക് പേജ് തുടങ്ങി. ഇത് ഹിറ്റായി വരുന്നതിനിടയില്‍ മലബാര്‍ അടുക്കള ഗ്രൂപ്പിലേക്ക് ചേക്കേറി. അപ്പോള്‍ ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം 18,000 ആയിരുന്നു. സ്വന്തം പേജിന്‍റെ ലിങ്ക് ഷെയര്‍ ചെയ്തപ്പോള്‍ അഡ്മിന്മാര്‍ ഇടപെട്ടു. ആദ്യം മലബാര്‍ അടുക്കളയില്‍ പോസ്റ്റ് ചെയ്യണമെന്ന് പറഞ്ഞു. അല്‍പം ഉടക്കുമായാണ് ഗ്രൂപ്പില്‍ കയറിയതെന്ന് ദീന ചിരിച്ചുകൊണ്ടു പറയുന്നു. ഖമറുന്നിസയുടെയും ദീനയുടെയും പോസ്റ്റുകള്‍ വൈകിയാല്‍ അപ്പോള്‍ അന്വേഷണവുമായി സന്ദേശങ്ങളെത്തും.  

നിങ്ങള്‍ക്കും നയിക്കാം സോഷ്യല്‍ മീഡിയ "വിപ്ലവം"
പാചകത്തില്‍ ഏറ്റവും പുതിയ പരീക്ഷണങ്ങള്‍ നടത്തുന്ന ആളാണോ നിങ്ങള്‍? നന്നായി എഴുതാറുണ്ടോ? കുട്ടികള്‍ക്ക് അറിവ് പകരാന്‍ പുതിയ രീതികള്‍ കണ്ടെത്തിയിട്ടുണ്ടോ? മനസ്സില്‍ കിടിലന്‍ ആശയങ്ങളുണ്ടെങ്കിലും അവസരവും പിന്തുണയും കിട്ടാതെപോയ ഒരാളാണ് നിങ്ങളെങ്കില്‍ ഇതാ നിങ്ങളുടെ സ്വപ്നങ്ങള്‍ ഒരു ക്ലിക് അകലെ മാത്രം. സോഷ്യല്‍ മീഡിയയിലൂടെ നിങ്ങള്‍ക്കിത് ലോകത്തോട് വിളിച്ചു പറയാം. വ്യത്യസ്തതയുള്ളതാണെങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കപ്പെടും. മികച്ചതാണെങ്കില്‍ അതു നിങ്ങളുടെ ജീവിതംതന്നെ മാറ്റി മറിച്ചേക്കും. 
ഫേസ്ബുക്കിലും മറ്റും ഗ്രൂപ്പുകളാരംഭിച്ച് സ്വന്തം ആശയങ്ങള്‍ സമാനമനസ്കരോട് പങ്കുവെക്കുകയും പല ആശയങ്ങള്‍ സ്വീകരിച്ച് സ്വയം നവീകരിക്കുകയും ചെയ്യുന്ന വീട്ടമ്മമാര്‍ നമുക്കിടയില്‍ ഏറെയാണ്. പലരും ഇത്തരം സമ്പര്‍ക്കങ്ങളിലൂടെ ബിസിനസ് സംരംഭങ്ങള്‍വരെ ആരംഭിച്ചിട്ടുണ്ട്.

മുഹമ്മദലി ചക്കോത്ത്
 


ഫേസ്ബുക് ഗ്രൂപ് തുടങ്ങാം
ഫേസ്ബുക് അക്കൗണ്ടുള്ള ആര്‍ക്കും ഗ്രൂപ് ഉണ്ടാക്കാം. ഏതെങ്കിലും വിഷയത്തില്‍ ഗ്രൂപ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഫേസ്ബുക്കിന്‍റെ ഹോം പേജില്‍ ഇതിനായി ക്രിയേറ്റ് ഗ്രൂപ് എന്ന സൗകര്യം ഉണ്ട്. ആ ബട്ടന്‍ അമര്‍ത്തിയാല്‍ ഗ്രൂപ്പിന് ഒരു പേരു നല്‍കാന്‍ നിര്‍ദേശം ലഭിക്കും. പബ്ലിക് (എല്ലാവര്‍ക്കും ചേരാനും ഉള്ളടക്കം കാണാനും കഴിയുന്നത്), ക്ലോസ്ഡ് (എല്ലാവര്‍ക്കും ഗ്രൂപ് കാണാം, ഉള്ളടക്കം അംഗങ്ങള്‍ക്കു മാത്രവും), സീക്രട്ട് (അംഗങ്ങള്‍ക്കു മാത്രം കാണാനും ഇടപഴകാനും കഴിയുന്നത്) എന്നിങ്ങനെ മൂന്നു തരത്തില്‍ സ്വകാര്യത സെറ്റു ചെയ്യാം. കുടുംബാംഗങ്ങള്‍ക്കോ അടുത്ത പരിചയക്കാര്‍ക്കോ മാത്രമായി തയാറാക്കുന്ന ഗ്രൂപ്പുകള്‍ സീക്രട്ട് ആയി നിലനിര്‍ത്തുന്നതാവും നല്ലത്. ഗ്രൂപ്പിനു ചേരുന്ന ഒരു ചിഹ്നം കൂടി നല്‍കിയാല്‍ അംഗങ്ങളെ ചേര്‍ത്തുതുടങ്ങാം. ഗ്രൂപ്പിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അറിയാവുന്ന അംഗങ്ങളില്‍ കുറച്ചുപേരെ അഡ്മിനുകളാക്കിയാല്‍  അംഗത്വപ്രക്രിയ എളുപ്പമാക്കാം.  ഗ്രൂപ്് നടത്തുന്നവര്‍ ക്ഷണിക്കുന്നവര്‍ക്കു മാത്രമേ സീക്രട്ട് ഗ്രൂപ്പുകളില്‍ അംഗത്വം കിട്ടൂ. മറ്റു ഗ്രൂപ്പുകളില്‍ എല്ലാവര്‍ക്കും താല്‍പര്യം അറിയിക്കാവുന്നതാണ്. 

എന്നാല്‍, അംഗത്വം നല്‍കുന്നത് ഗ്രൂപ് നടത്തിപ്പുകാരുടെ വിവേചനാധികാരമാണ്. ഗ്രൂപ്പിന്‍റെ മര്യാദ ലംഘിക്കുന്നവരെയും കള്ളപ്പേരില്‍ നുഴഞ്ഞുകയറുന്നവരെയും നീക്കംചെയ്യാനും അവര്‍ക്കു കഴിയും. വിശേഷങ്ങള്‍, ചിത്രങ്ങള്‍, വിദഗ്ധാഭിപ്രായങ്ങള്‍, ലിങ്കുകള്‍ എന്നിവയെല്ലാം അംഗങ്ങള്‍ക്ക് ഗ്രൂപ്പില്‍ പോസ്റ്റുചെയ്യാം. ഗ്രൂപ്പിന്‍റെ ഉദ്ദേശ്യങ്ങള്‍ക്കപ്പുറമുള്ള പോസ്റ്റുകള്‍, പൊങ്ങച്ച ഫോട്ടോകള്‍ എന്നിവയെല്ലാം നല്ല രീതിയില്‍ നടന്നുവരുന്ന ചില ഗ്രൂപ്പുകളെ കുളമാക്കിയിട്ടുണ്ട്. അത്തരം ഘട്ടത്തില്‍ അഡ്മിന്‍ അംഗീകരിക്കുന്ന പോസ്റ്റുകള്‍ മാത്രം അംഗങ്ങള്‍ക്കു ലഭിക്കുന്ന സൗകര്യം ഉപയോഗിക്കാം. സൗഹൃദം പുതുക്കലിനും വിവരവിനിമയത്തിനും പുറമെ ഗ്രൂപ്പുകള്‍ വഴി കച്ചവടങ്ങളും നടക്കാറുണ്ട്.   

Tags:    
News Summary - Pravasi Group Malabar Adukkala -LIfestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.