അർബുദം ഉൾപ്പെടെ മാരക രോഗങ്ങളാൽ വലഞ്ഞ് കേരളത്തിെൻറ വിവിധ ജില്ലകളിൽ നിന്ന് തിരുവനന്തപുരത്ത് ചികിത്സ തേടി യെത്തുന്നവർ നിരവധിയാണ്. അർബുദം, ഹൃദയസംബന്ധ രോഗങ്ങൾ, ന്യൂറോ സംബന്ധ മാരക രോഗങ്ങൾ എന്നിവക്ക് തിരുവനന്തപുരം റീജനൽ കാൻസർ സെൻറർ (ആർ.സി.സി), ശ്രീചിത്തിര തിരുനാൾ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (എസ്.സി.ടി), മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ മാസങ്ങളും വർഷങ്ങളും ചികിത്സ തേടേണ്ടിവരുന്ന രോഗികളുണ്ട്. തുടർചികിത്സ ആവശ്യമായി ദൂരദേശങ്ങളിൽനിന്ന് വരുന്ന നിർധന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മാസങ്ങളോളം ആശുപത്രി പരിസരത്ത് താമസിച്ച് ചികിത്സ തേടാൻ കഴിയാറില്ല. ഭാരിച്ച ചെലവ് താങ്ങാൻ കെൽപില്ലാത്ത ഇവർ സ്വയം ശപിച്ച് ജീവിതം ഹോമിക്കുന്ന കഥകൾ പലത് കേട്ടിട്ടുണ്ട്. ഇത്തരം കഥകളിൽ ചിലത് പത്രത്താളുകളിൽ വരാറുമുണ്ട്.
ഈ അവസ്ഥക്ക് പരിഹാരമായി പ്രഫ. സഹീദ് എന്ന മനുഷ്യസ്നേഹിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് പരിസരത്തെ ചാലക്കുഴിയിൽ ഒരു പ്രസ്ഥാനം തലയുയർത്തി. ചികിത്സക്കെത്തി ആശുപത്രി പരിസരത്ത് മാസങ്ങളോളം താമസിക്കേണ്ടിവരുന്ന നിർധനർക്ക് സൗജന്യ താമസ സൗകര്യവും ഭക്ഷണവും ഇന്നവർ നൽകുന്നു. സഹജീവി സ്നേഹത്തിെൻറ മഹത്തായ മാതൃകയായി ഇൗ സ്ഥാപനം ‘അഭയകേന്ദ്രം’ എന്നപേരിൽ ഇന്ന് രോഗികളുടെ അടുത്ത ബന്ധുവായി നിലകൊള്ളുന്നു. അഭയ കേന്ദ്രത്തിെൻറ സേവനങ്ങളിലൂടെ...
മെഡിക്കൽ കോളജിന് എതിർവശത്തെ ചാലക്കുഴി റോഡിൽ കേദാരം നഗറിൽ നാലു നിലകളിലായാണ് അഭയകേന്ദ്രം. തുടർചികിത്സ ആവശ്യമായി ദൂരദേശങ്ങളിൽനിന്ന് വരുന്ന നിർധന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും അഭയകേന്ദ്രം നൽകുന്നത് ഉറവ വറ്റാത്ത കാരുണ്യത്തിെൻറ സഹായഹസ്തമാണ്. മെഡിക്കൽ കോളജ് ആശുപത്രി, റീജനൽ കാൻസർ സെൻറർ, എസ്.സി.ടി തുടങ്ങിയ ആശുപത്രികളിലെ ചികിത്സ ആവശ്യമായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ താമസ സൗകര്യവും മൂന്നുനേരത്തെ ഭക്ഷണവും നൽകുന്നു. നിത്യേന 150നും 200നും ഇടയിൽ ആളുകൾക്കാണ് അഭയകേന്ദ്രം ഇങ്ങനെ ആതിഥ്യമരുളുന്നത്. ട്രിവാൻട്രം ഇസ്ലാമിക് മിഷൻ ട്രസ്റ്റ് (ടി.െഎ.എം.ടി), സൗത്ത് കേരള ഇസ്ലാമിക് എക്സ്പർട്ട് അസോസിയേഷൻ എന്നിവയുടെ കീഴിലാണ് പ്രവർത്തനം.
നാലു നിലകളുള്ള അഭയകേന്ദ്രത്തിൽ ഒന്നാം നിലയിൽ പുരുഷ വാർഡും രണ്ടാം നിലയിൽ സ്ത്രീകളുടെ വാർഡുമാണ്. സർജറി കഴിഞ്ഞ രോഗികൾക്ക് മൂന്ന്, നാല് നിലകളിലായി പ്രത്യേകം മുറികളുമുണ്ട്. മെയിൻ ബ്ലോക്കിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പ്രത്യേകം ഡോർമിറ്ററികളുണ്ട്. ശാരീരിക അവശത അനുഭവിക്കുന്നവർക്കും കുട്ടികളായ രോഗികൾക്കും ക്യൂബിക്കിൾ സൗകര്യവുമുണ്ട്. രോഗിയോടൊപ്പം ഒരു കൂട്ടിരിപ്പുകാരന് സൗജന്യമായി നിൽക്കാം. കൂടുതൽ ആളുകൾ നിൽക്കുന്നുണ്ടെങ്കിൽ അവർക്ക് ചെറിയ തുക ഈടാക്കും. സാമ്പത്തിക പിന്നാക്കാവസ്ഥ തെളിയിക്കുന്ന രേഖകൾ, ആശുപത്രി ഒ.പി കാർഡ്, റേഷൻ കാർഡ്, മഹല്ല്/ഇടവക/ക്ഷേത്ര സമിതി ശിപാർശ കത്ത് എന്നിവയാണ് പ്രവേശനത്തിനുള്ള മാനദണ്ഡം.
അഭയകേന്ദ്രത്തിനടുത്തുള്ള റ്റിംറ്റ് ന്യൂ ബ്ലോക്കിൽ കുറഞ്ഞ നിരക്കിൽ അറ്റാച്ച്ഡ്, നോൺ അറ്റാച്ച്ഡ് റൂമുകളും ലഭിക്കുന്നു. ഇത്തരക്കാരുടെ പ്രവേശനത്തിന് ആശുപത്രി ഒ.പി കാർഡ് മാത്രം മതി. കുറഞ്ഞ നിരക്കിൽ പാൽ, ഭക്ഷണം എന്നിവയും ലഭിക്കും. ഒരേസമയം 60 പേർക്ക് ഭക്ഷണം കഴിക്കാവുന്നതാണ് ഡൈനിങ് ഹാൾ. 2013ൽ സ്ഥാപനം ആരംഭിക്കുന്നത് മുതൽ ഇവിടെ പ്രധാന കുക്കായി സേവനം അനുഷ്ഠിച്ചുവരുന്നത് അബൂബക്കറാണ്. അടുക്കളയിൽ മറ്റ് മൂന്നു ജീവനക്കാർ കൂടിയുണ്ട്. രാവിലെ 7.30ന് പ്രഭാത ഭക്ഷണം, ഉച്ച 12.30ന് ഊൺ, വൈകീട്ട് മൂന്നിന് രോഗികൾക്ക് പാൽ, കൂട്ടിരിപ്പുകാർക്ക് സുലൈമാനി എന്നിവ. രാത്രി 7.30ന് കഞ്ഞിയും പയറും തോരനും ഉൾപ്പെടുന്നതാണ് മെനു. റിസപ്ഷനോട് ചേർന്ന് കഫറ്റീരിയയുമുണ്ട്. ഇവിടെനിന്ന് സദാ കോഫി, ചായ, സ്നാക്സ് ഐറ്റങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ എന്നിവ വാങ്ങാൻ കഴിയും. ഇൗ സൗകര്യം രാത്രിയിൽ രോഗികൾ പുറത്തേക്ക് പോകുന്നത് ഒഴിവാക്കാനാണ്.
എല്ലാ നിലകളിലും രോഗികൾക്ക് സാധാരണ തണുത്ത, ചൂടാക്കിയ കുടിവെള്ള സംവിധാനവും വീൽചെയറും മരുന്ന് സൂക്ഷിക്കാൻ ഫ്രിഡ്ജുമുണ്ട്. വൈദ്യുതി പോയാൽ പകരം സംവിധാനമായി ജനറേറ്റർ പ്രവർത്തിക്കും. അന്തേവാസികൾക്ക് വസ്ത്രങ്ങൾ അലക്കാൻ വാഷിങ് മെഷീനും പരമ്പരാഗത അലക്കുകല്ലും ഇവിടെയുണ്ട്. ജ്യൂസ് ഉണ്ടാക്കാനും കഞ്ഞിയുണ്ടാക്കാനും സൗകര്യമുണ്ട്. രോഗികൾക്ക് പൊടിയരിക്കഞ്ഞി ഏതുസമയവും ലഭിക്കും. പുലർച്ച ആറു മുതൽ വൈകീട്ട് ആറുവരെ രോഗികൾക്ക് നഴ്സിെൻറ സേവനം ലഭിക്കും. ബി.പി, ഷുഗർ ചെക്കപ്, കിടപ്പുരോഗികളുടെ യൂറിൻ ബാഗ് ക്ലീനിങ്, ഓക്സിജൻ സൗകര്യം എന്നിവയുമുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പ്രാർഥന സ്ഥലവുമുണ്ട്. പ്രധാന ഹാളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വായിക്കാനും ടെലിവിഷൻ കാണാനുമുള്ള സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്.
കുറഞ്ഞ നിരക്കിൽ ആംബുലൻസ്, ഓട്ടോറിക്ഷ സേവനം, മൊബൈൽ മോർച്ചറി എന്നിവയും അഭയകേന്ദ്രത്തിലുണ്ട്. ആഴ്ചതോറും വിജ്ഞാന സദസ്സും മാസത്തിലൊരു ദിവസം ആരോഗ്യ ബോധവത്കരണ പരിപാടികളുമുണ്ട്. അഭയകേന്ദ്രം െറസിഡൻറ് മാനേജർ ആർ.എസ്. അബ്ദുസ്സലാമാണ് ഇവിടെ പ്രവർത്തിക്കുന്ന കൗൺസലിങ് സെൻററിന് നേതൃത്വം നൽകുന്നത്. അഭയകേന്ദ്രത്തിനടുത്തെ പുതിയ ബ്ലോക്കിൽ കുറഞ്ഞ നിരക്കിൽ കിച്ചൻ സൗകര്യത്തോടുകൂടിയ അറ്റാച്ച്ഡ്, നോൺ അറ്റാച്ച്ഡ് മുറികൾ മാസ വാടകക്ക് ലഭിക്കും. ഇവിടെ പ്രവേശനത്തിന് ഒ.പി കാർഡ് മാത്രം മതി. രോഗിയോടൊപ്പം ഒരു കൂട്ടിരിപ്പുകാരനെ മാത്രമേ അനുവദിക്കൂ. മെഡിക്കൽ കോളജിലും പരിസരത്തുമുള്ള ഓരോ ഓട്ടോറിക്ഷക്കാരനും രോഗിയെ ആദ്യമെത്തിക്കുന്നത് അഭയകേന്ദ്രത്തിൽ തന്നെ. അവിടെ മുറിയില്ലെങ്കിൽ മാത്രമേ മറ്റിടത്തേക്ക് കൊണ്ടുപോകൂ എന്നതാണ് അവസ്ഥ.
രോഗം ഭേദമായി മടങ്ങുന്നവർക്ക് സ്നേഹോഷ്മള യാത്രയയപ്പുമുണ്ട്. ഈ സമയം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മെൻറൽ റീഹാബിലിറ്റേഷൻ, കൗൺസലിങ് ക്ലാസുകൾ നൽകിയാണ് വിടുക. അഭ്യുദയകാംക്ഷികളിൽ നിന്ന് ലഭിക്കുന്ന സംഭാവനകളാണ് അഭയകേന്ദ്രത്തെ നിലനിർത്തുന്നത്. സംഭാവനകൾക്കും നിർദേശങ്ങൾക്കും ബന്ധപ്പെടാം: ചെയർമാൻ, എൻ.എം. അൻസാരി (9446179398), ജനറൽ സെക്രട്ടറി, ഡോ. എസ്. സുലൈമാൻ (9446318753), റെസിഡൻറ് മാനേജർ ആർ.എസ്. അബ്ദുസ്സലാം (9447233336) അല്ലെങ്കിൽ ഡയറക്ടർ, മെഡിക്കൽ ഗൈഡൻസ് ആൻഡ് ഇൻഫർമേഷൻ സെൻറർ, മസ്ജിദുർ റഹ്മ, മെഡിക്കൽ കോളജ് പി.ഒ, തിരുവനന്തപുരം-695 011. എ. ഷഹാബുദ്ദീൻ, ഫിനാൻസ് ഓഫിസർ (9446749695). ഹെൽപ് ഡെസ്ക്: 0471 2446169. ബാങ്ക് അക്കൗണ്ട്: അഭയകേന്ദ്രം ചാരിറ്റബ്ൾ സൊസൈറ്റി, അക്കൗണ്ട് നമ്പർ-162302000007007, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഉള്ളൂർ, IFS Code: IOBA0001623.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.