ശരിക്കും ഈ ചിത്രങ്ങളൊക്കെ താങ്കള്‍ വരച്ചതാണോ... കുറച്ച് ദിവസങ്ങളായി കോട്ടയം നസീര്‍ ആവര്‍ത്തിച്ച് കേട്ടുകൊണ്ടിരിക്കുന്ന ചോദ്യമാണ്. എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയിലെ ചിത്രപ്രദര്‍ശനം കണ്ടുമടങ്ങുന്ന ഏതൊരാളും ഈ ചോദ്യം ചോദിച്ചുപോകും. അറിയപ്പെടുന്ന മിമിക്രി കലാകാരന്‍, തിരക്കുള്ള സിനിമ നടന്‍ ഈ വിശേഷങ്ങളായിരുന്നു കോട്ടയം നസീര്‍ എന്ന വ്യക്തിക്ക് ഇത്രയും നാളുണ്ടായിരുന്നത്. എന്നാല്‍, ഈ കഴിഞ്ഞ ഗാന്ധി ജയന്തിയോടെ ചിത്രകാരന്‍ എന്ന വിശേഷണം കൂടി കോട്ടയം നസീറിന് ചാര്‍ത്തിക്കിട്ടിയിരിക്കുന്നു.
പാഠപുസ്തകങ്ങളില്‍ തുടങ്ങിയ കുത്തിവരകള്‍
നോട്ടുപുസ്തകങ്ങളില്‍ പഠിക്കാനുള്ളത് എഴുതിയതിനേക്കാള്‍ കൂടുതല്‍ പെന്‍സിലുകള്‍കൊണ്ട് വരച്ചചിത്രങ്ങളായിരുന്നു. സ്‌കൂളിലെ പെയിൻറിങ് മത്സരങ്ങളില്‍ നിന്നായി നിരവധി സമ്മാനങ്ങളും വാങ്ങിക്കൂട്ടി. ആരുടെയും അടുത്തുപോയി ചിത്രരചന അഭ്യസിച്ചിട്ടില്ല. പിതാവായിരുന്നു കൂടെ നിന്ന് പ്രോത്സാഹിപ്പിച്ചിരുന്നത്. പിന്നീട് മിമിക്രിവേദികളില്‍ സജീവമായപ്പോള്‍ ബ്രഷും പെന്‍സിലും ചായങ്ങളുമെല്ലാം പെട്ടിക്കകത്ത് വിശ്രമിച്ചു. സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേക്കുള്ള യാത്രകള്‍, സിനിമ തിരക്കുകള്‍. അതിനിടക്കാണ് വരച്ച ചിത്രങ്ങള്‍ നടന്‍ മോഹന്‍ലാല്‍ കാണുന്നത്. അദ്ദേഹത്തിെൻറ വീട്ടിലേക്ക് വിളിച്ചു കൂട്ടിക്കൊണ്ടു പോവുകയും അവിടെയുണ്ടായിരുന്ന നൂറുക്കണക്കിന് പെയിൻറിങ്ങുകളുടെ ശേഖരം കാണിച്ചുതരുകയും ചെയ്തു. ഈ കാണുന്നതല്ലാത്ത രീതിയിലുള്ള ഒരു പെയിൻറിങ് വരച്ചു കൊടുക്കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചു. ശരിക്കും അതാണ് എന്നിലെ ചിത്രകാരനെ വീണ്ടുമുണര്‍ത്താന്‍ പ്രചോദനമായ സംഭവം. മോഹന്‍ലാലിന് ഈ ലോകത്തെ എത്രവലിയ ചിത്രകാരെൻറയും ചിത്രങ്ങള്‍ വാങ്ങാന്‍ സാധിക്കും. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് കൊടുക്കേണ്ടത് അത്രയും മനോഹരമായിരിക്കണം എന്ന ചിന്ത ഉള്ളില്‍കയറി. പിന്നീടങ്ങോട്ട് വരയോട് വരയായിരുന്നു. 2014-15 മുതലാണ് വരക്കാന്‍ തുടങ്ങിയത്. ഒരുപാട് വരച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്ന് 54 ചിത്രങ്ങളാണ് കന്നി പ്രദര്‍ശനത്തില്‍ ഉപയോഗിച്ചത്.
മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ്
ചെയ്യുന്ന ജോലി 90 ശതമാനെമങ്കിലും പൂര്‍ണത വേണമെന്ന് വിശ്വസിക്കുന്ന ആളാണ്. അത് മിമിക്രി ആയാലും സിനിമ ആയാലും. അനുകരിച്ചാല്‍ നന്നാകില്ലെന്ന് ഉറപ്പുള്ള ഒരാളുടെ ശബ്ദംപോലും ഇന്നുവരെ അനുകരിച്ചിട്ടില്ല. എത്രപേര്‍ ആവശ്യപ്പെട്ടാലും അതിന് മുതിരാറില്ലെന്നതാണ് സത്യം. വരക്കുമ്പോഴും അങ്ങനെ തന്നെ. ഓരോ വരയും സൂക്ഷ്മമായാണ് വരക്കുന്നത്. ഒരുനിറം തിരഞ്ഞെടുക്കുമ്പോള്‍പോലും ആ സൂക്ഷ്മത കാണിക്കും. വരച്ച ചിത്രങ്ങളെല്ലാംതന്നെ ഫോട്ടോ പോലെ തോന്നുന്നുണ്ടെന്ന് പലരും പറഞ്ഞു. അതിന് പ്രധാന കാരണം ഈ സൂക്ഷ്മത തന്നെയാണ്. പ്രദര്‍ശനം തുടങ്ങി രണ്ടമാത്തെ ദിവസം ഒരു പെണ്‍കുട്ടി എന്നോട് സംസാരിച്ചു. പടങ്ങളെല്ലാം നന്നായെന്ന് പറഞ്ഞു. മാത്രവുമല്ല, ആദ്യമായാണ് മുഴുവനായി മനസ്സിലാകുന്ന രീതിയിലുള്ള പടങ്ങള്‍ കാണുന്നതെന്നും ആ കുട്ടി പറഞ്ഞു. പ്രദര്‍ശനം കണ്ടിറങ്ങുന്ന ചിത്രകാരന്മാരടക്കമുള്ളവരും എന്നോട് പറഞ്ഞത് ഈ പടങ്ങളുടെ ഫോട്ടോഫിനിഷിങ്ങിനെ കുറിച്ചാണ്. ചിത്രകാരന്‍ എന്ന നിലയില്‍ ഒരുപാട് സന്തോഷം തരുന്നവയാണ് ഇതെല്ലാം.
മനുഷ്യമുഖങ്ങളും കടുവയും
പോർട്രേറ്റുകള്‍ വരക്കാനാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്. മനുഷ്യഭാവങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും.അതില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. ലോകത്തിെൻറ ഏത് കോണിലും മനുഷ്യനുണ്ട്. പക്ഷേ, മൃഗങ്ങള്‍ക്ക് എല്ലായിടത്തും ജീവിക്കാന്‍ പറ്റില്ല. ഒരുമാതിരിപ്പെട്ട എല്ലാ മൃഗങ്ങളെയും മനുഷ്യന്‍ ഭക്ഷിക്കുന്നുണ്ട്. എന്നാല്‍, ലോകത്തെ ഒരു പുലിയും പുല്ല് തിന്നാറില്ല. മനുഷ്യനില്‍ പ്രകൃതിയുടെ എല്ലാം അടങ്ങിയിട്ടുണ്ട്. അത് ഉള്‍ക്കൊണ്ടാണ് ചില പോർട്രേറ്റുകള്‍ ചെയ്തിട്ടുള്ളത്. ഒറ്റനോട്ടത്തില്‍ മനുഷ്യനാണെന്ന് തോന്നുകയും സൂക്ഷിച്ചു നോക്കിയാല്‍ ഹിമക്കരടി, പാമ്പ്, ദിനോസര്‍, തവള, ജിറാഫ് അങ്ങനെ നിരവധി മൃഗങ്ങള്‍ ചേര്‍ത്താണ് ആ മനുഷ്യമുഖം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഈ വരച്ച ചിത്രങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടെ പോർട്രേറ്റുകളിൽ ഒന്നാണ് പ്രായമായ മുത്തശ്ശിയുടെയും മുത്തശ്ശെൻറയും പടം. പ്രായമായിട്ടും അവരുടെ കണ്ണിലെ കുസൃതി മായുന്നില്ല.
ദിവസങ്ങളോളം എടുത്താണ് ആ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്. പിന്നെ ഒരു ആദിവാസിയുടെ ചിത്രം. ഫോട്ടോ പോലെ തോന്നുന്നുവെന്ന് മിക്കവരും അഭിപ്രായപ്പെട്ടു. ആ പടം വാങ്ങാന്‍ തയാറായി നിരവധിപേര്‍ മുന്നോട്ടുവന്നിട്ടുണ്ട്. കൂടുതലായും വരച്ചിട്ടുള്ളത് കടുവയുടെയും പുലിയുടെയും ചിത്രങ്ങളാണ്. ഓരോ കടുവയും വ്യത്യസ്തമാണ്. അവയുടെ ഭാവങ്ങളും അതുപോലെ തന്നെ. ഓരോ ചിത്രങ്ങളും അങ്ങനെ വരച്ചതാണ്. കഥകളിയുടെ ചായം തേക്കുന്ന കലാകാരനും ക്ഷമയോടെ പുറത്തേക്ക് നോക്കുന്ന പൂച്ചക്കുട്ടിയും വേഴാമ്പലും തണ്ണിമത്തനും എല്ലാം. ഓരോ ചിത്രത്തിലും എേൻറതായ അംശംകൊണ്ടുവരാന്‍ ശ്രമിക്കും. ഈ ചിത്രങ്ങള്‍ സൂക്ഷിച്ചുനോക്കിയാല്‍ മോഹന്‍ലാലിനെയും മമ്മുട്ടിയെയും ഒക്കെ കാണാന്‍ പറ്റും. പ്രദർശനത്തിന് ശേഷം വിറ്റുപോകുന്ന ചിത്രങ്ങളുടെ തുകയിൽ നല്ലൊരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാനാണ് ആഗ്രഹിക്കുന്നത് .
വരക്കാനുള്ള സമയം എങ്ങനെ?
സമയം ദാ... ഇങ്ങനെ നീണ്ടുനിവര്‍ന്ന് കിടക്കുകയാണ്. അത് ഫലപ്രദമായി ഉപയോഗിക്കാന്‍ നമ്മളില്‍പലരും പരാജയപ്പെടുന്നു എന്നതാണ് സത്യം. നമുക്ക് വരക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും സമയം കണ്ടെത്താന്‍ കഴിയും. സിനിമയുടെ തിരക്കുകള്‍ക്കിടയില്‍നിന്നും ഞാന്‍ പഴയപോലെ കൂട്ടുകാരോടൊത്ത് സംസാരിച്ചിരിക്കാറുണ്ട്. മറ്റെല്ലാ ജോലിയും ചെയ്യാറുണ്ട്. എന്നാല്‍ , പണ്ടത്തെ പോലെ അല്ല, അതിനൊക്കെ ഒരു പരിധികള്‍ നിശ്ചയിച്ചു. അപ്പോള്‍ സമയവും കിട്ടി. വാടകവീടെടുത്താണ് ചിത്രങ്ങളൊക്കെ വരക്കാറ്. എെൻറ നാട്ടുകാരൊക്കെ വന്നിരുന്ന് സംസാരിക്കും. അവരൊക്കെ ഈ ചിത്രങ്ങളില്‍ പലതും കണ്ടിട്ടുണ്ട്. എന്നാലും കോട്ടയത്തുനിന്നൊക്കെ നിരവധിപേര്‍ പ്രദര്‍ശനം കാണാനായി എത്തിയിട്ടുണ്ട്.
ചിത്രംവരയെ സ്‌നേഹിക്കുന്ന ഒരുപാട് പേര്‍ ഓരോ ദിവസവും എത്തുന്നു. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അധ്യാപകര്‍, സാധാരണ വീട്ടമ്മമാര്‍ അങ്ങനെ നീളുന്നു. സിനിമക്കും മിമിക്രിക്കും ഉള്ളതുപോലെ അല്ല. വലിയൊരു വിഭാഗം ആസ്വാദകര്‍ ചിത്രകലാ ലോകത്തുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും അവര്‍ തുറന്ന അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നു. പിന്നെ സിനിമക്കകത്തുനിന്നുള്ള നിരവധി സുഹൃത്തുക്കള്‍ പ്രദര്‍ശനം കണ്ട് അഭിനന്ദിക്കുന്നുണ്ട്. ദുബൈ അടക്കമുള്ള സ്ഥലങ്ങളില്‍ പ്രദര്‍ശനം നടത്താന്‍ പറ്റുമോ എന്ന ചോദിച്ച് നിരവധി പേര്‍ വിളിക്കുന്നുണ്ട്. അതിനെക്കുറിച്ചുള്ള ആലോചനകള്‍ നടക്കുകയാണ്. പ്രദർശനം നടത്തുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഇതിനകം നൂറോളം പ്രദർശനം സംഘ ടിപ്പിച്ച ആസിഫ് അലി കോമുവിെൻറ കോമു സൺസ് ആണ് പ്രദർശനം ക്യൂറേറ്റ് ചെയ്യുന്നത്. ചിത്രകാരന്‍ എന്ന നിലയില്‍ ജീവിതത്തില്‍ പുതിയ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു എന്ന് എനിക്ക് തോന്നുന്നുണ്ട്. വരയുടെ ലോകത്ത് ഇനിയും തുടരും. അതുറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.