ആലപ്പുഴ: നേരം വെളുക്കുമ്പോൾ ചെറുവള്ളവുമായി കായൽപരപ്പിലേക്ക് ഇറങ്ങുന്നതാണ് രാജപ്പൻ. ഏറെ വൈകി കരയിലേക്ക് തിരിച്ചു തുഴയുമ്പോൾ വള്ളം നിറയെ പ്ലാസ്റ്റിക് കുപ്പികളായിരിക്കും. അവ കൊണ്ടുവന്ന് വിറ്റാണ് ഉപജീവനം. ആറ് വർഷമായി കായലിന് കൂട്ടായി രാജപ്പൻ ചേട്ടനുണ്ട്. വേമ്പനാട്ട് കായലിൽ ചെറു വള്ളത്തിൽ എത്താവുന്ന ഇടങ്ങളിലും കൈ തോടുകളിലും തുഴെഞ്ഞത്തും.
കോട്ടയം ആർപ്പൂക്കര നാടുവിലക്കരയിൽ പണി പൂർത്തിയാകാത്ത പഴയ വീട്ടിൽ ഒറ്റക്കാണ് എൻ.എസ്. രാജപ്പെൻറ താമസം. തേച്ചിട്ടില്ലാത്ത കൊച്ചു വീട്. സമീപത്തു താമസിക്കുന്ന സഹോദരി വിലാസിനിയാണ് ഭക്ഷണം നൽകുന്നത്. രണ്ട് കാലുകൾക്കും ജന്മനാ ചലനശേഷി ഇല്ലാത്ത ഈ എഴുപതുകാരന് മറ്റു ജോലികൾക്ക് ഒന്നും പോകാൻ കഴിയില്ല. അങ്ങനെയാണ് കായലിൽനിന്ന് പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി വിറ്റ് ജീവിക്കുന്നത് ഉപജീവന മാർഗമായി സ്വീകരിച്ചത്.
ഒരു കിലോ പ്ലാസ്റ്റിക് കുപ്പിക്ക് 12രൂപയാണ് ലഭിക്കുന്നത്. അതിരാവിലെ ചായ കുടിച്ചു കായൽ വഴികളിലേക്ക് തുഴഞ്ഞിറങ്ങും. രാജപ്പനെ കണ്ടാൽ കായലോരങ്ങളിൽ താമസിക്കുന്നവർ കുപ്പികൾ എറിഞ്ഞു നൽകും. നേരത്തേ ഹൗസ് ബോട്ടിൽനിന്ന് ധാരാളം കുപ്പികൾ ലഭിക്കുമായിരുന്നു. കോവിഡ് കാരണം കായൽ ടൂറിസം അടഞ്ഞപ്പോൾ കായലിൽ പ്ലാസ്റ്റിക് കുപ്പിയുടെ എണ്ണവും കുറഞ്ഞെന്ന് ഇദ്ദേഹം പറയുന്നു. വള്ളം നിറയെ പ്ലാസ്റ്റിക് കുപ്പി പെറുക്കിയാലും പലപ്പോഴും ഒരു കിലോയിൽ താഴെ മാത്രം ആകും തൂക്കം. കുറച്ചു കൂടി വലിയ യന്ത്രവള്ളം ലഭിച്ചാൽ കൂടുതൽ മാലിന്യങ്ങൾ കായലിൽനിന്ന് ശേഖരിക്കാൻ കഴിയുമെന്ന് രാജപ്പൻ പറയുന്നു.
ആദ്യം വള്ളം വാടകക്ക് എടുക്കുകയായിരുന്നു. പിന്നീട് ഒരു നാട്ടുകാരൻ നൽകിയതാണ് ചെറിയ വള്ളം. കായലിൽ മാലിന്യം തള്ളുന്നത് കൊടുംക്രൂരത ആണെന്ന് രാജപ്പൻ പറയുന്നു. അടിത്തട്ടിൽ അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് എടുക്കാനാകില്ല. തന്നാലാകുന്ന രീതിയിൽ കായലിലെ മാലിന്യം ഒഴിവാക്കുക എന്നതാണ് ലക്ഷ്യം എന്നും അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.