ദുരിതബാധിതർക്ക് സഹായ ഹസ്തവുമായി അൻപോട് തൃശൂർ

തൃശൂർ: പ്രളയത്തിൽ അകപ്പെട്ട് സകലതും നഷ്ടപ്പെട്ടവർക്ക് സഹായഹസ്തവുമായി തൃശൂരിലെ സൗഹൃദ കൂട്ടായ്മ. ദുരിത ബാധിതകർക്കുള്ള അവശ്യവസ്തുക്കൾ ശേഖരിച്ച് വിതരണം ചെയ്യുകയാണ് അൻപോട് തൃശൂർ എന്ന വാട്സ് ആപ് കൂട്ടായ്മ. രണ്ട് ദിവസങ്ങളായി സെന്‍റ് തോമസ് കോളജിൽ പ്രവർത്തിക്കുന്ന കളക്ഷൻ സെന്‍ററിലേക്ക് നിരവധി വ്യക്തികളും സംഘടനകളും സാധനങ്ങളുമായി എത്തുന്നുണ്ട്. വസ്ത്രങ്ങൾ, മരുന്നുകൾ, സാനിറ്ററി നാപ്കിനുകൾ, വെള്ളം, പേസ്റ്റ്, സോപ്പ്, ഗ്ളാസ്, അരി, പഞ്ചസാര, പരിപ്പ് എന്നിങ്ങനെയുള്ള നിത്യോപയോഗ സാധനങ്ങൾ ശേഖരിച്ച് ജില്ലയിലെ നിരവധി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിതരണം ചെയ്യുകയാണ് ഇവർ. സെന്‍ററിൽ എത്തുന്ന വസ്ത്രങ്ങളും ഭക്ഷണ പദാർഥങ്ങളും വേർതിരിച്ച് പാക്ക് ചെയ്യാനായി അൻപതോളം വിദ്യാർഥികളും യുവാക്കളും ഇവിടെ പ്രവർത്തിക്കുന്നു.  കാറുകളും മിനി ലോറികളും ഉള്ളവർ ഇവയുടെ സേവനവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ധനക്ഷാമമാണ് ഇവർ ഇപ്പോൾ നേരിടുന്ന വലിയ വെല്ലുവിളി. 

സമൂഹമാധ്യമങ്ങൾ വഴി വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ ഭീതിപ്പെടുത്താൻ ശ്രമിക്കുന്നവർക്കിടയിലാണ് നന്മയുടേയും കാരുണ്യത്തിന്‍റെയും പ്രതീകമായി അൻപോട് തൃശൂർ പ്രവർത്തിക്കുന്നത്. വാട്സ് ആപിലൂടെയുള്ള അഭ്യർഥനക്ക് കേരളത്തിന് പുറത്തുനിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മലയാളി അസോസിയേഷൻ ശേഖരിച്ച സാധനങ്ങളുമായി ഒരു ട്രക്ക് ഡൽഹിയിൽ നിന്നും പുറപ്പെട്ടിട്ടുണ്ട്. ബാഗ്ളൂർ മലയാളി അസോസിയേഷനും ചെന്നൈയിൽ പ്രവർത്തിക്കുന്ന മലയാളി അസോസിയേഷനും അവശ്യവസ്തുക്കൾ എത്തിക്കാമെന്ന് വാഗ്ദാനം നൽകിയിട്ടുണ്ട്. സെന്‍റ് തോമസ് കോളജ് പ്രിൻസിപ്പൽ സ്ഥലം അനുവദിച്ചതും സ്വയം സേവന സന്നദ്ധരായി എത്തിയ വിദ്യാർഥികളുമാണ് അൻപോട് തൃശൂരിന്‍റെ ഊർജം.

Tags:    
News Summary - Anpod Thrisure-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.