കുമാരനാശാന്റെ അഞ്ചു കാവ്യങ്ങളിലെ പെൺകഥാപാത്രങ്ങളെ കോർത്തിണക്കി നടനും സംവിധാ യകനുമായ സന്തോഷ് കീഴാറ്റൂർ അവതരിപ്പിക്കുന്ന ‘പെൺനടൻ’ സമീപകാലത്തെ മികച്ച നാടകങ്ങളിലൊന്നാണ്. വിദേശത്തടക്കം 55 വേദികൾ പിന്നിട്ട ഇൗ നാടകം എറണാകുളം കേരള ഫൈൻ ആർട്സ് ഹാളിൽ അരങ്ങേറി. ‘പെൺനടൻ’ നാടകത്തെക്കുറിച്ച്...
ഉപഗുപ്തനോടുള്ള പ്രണയം അറിയിക്കാൻ തോഴിയെ പറഞ്ഞയച്ച് മറുപടിക്ക് ഉത്കണ്ഠയോടെ കാത്തിരിക്കുകയാണ് വാസവദത്ത. സ്വാമി ബ്രഹ്മവ്രതന്റെ ‘വാസവദത്ത അഥവാ വേശ്യാനിർവഹണം’ നാടകത്തിന്റെ രണ്ടാം അങ്കത്തിലെ രംഗമാണ് വേദിയിൽ. കുമാരനാശാന്റെ മനോഹര കാവ്യം ‘കരുണ’ ആസ്പദമാക്കി എഴുതിയ നാടകം. വികാരതീവ്രമായ മുഹൂർത്തത്തിൽ ‘വാസവദത്ത’യായി വേഷമിട്ട പാപ്പുക്കുട്ടി ആശാൻ വേദിയിൽ തളർന്നുവീണു. നാടകം മുടങ്ങി. ഇവിടെയാണ് ‘പെൺനടൻ’ നാടകം ആരംഭിക്കുന്നത്. ബഹുവേഷങ്ങളിൽ നിറഞ്ഞാടി ആസ്വാദകരെ വിസ്മയലോകത്തേക്കു നയിച്ചു, അനുഗൃഹീത നടൻ സന്തോഷ് കീഴാറ്റൂർ.
പെൺവേഷക്കാരന്റെ ജീവിതം
ആയിരക്കണക്കിന് വേദികളിൽ വാസവദത്തയുടെ വേഷമഭിനയിച്ച ഓച്ചിറ വേലുക്കുട്ടി ആശാന്റെ ജീവിതത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് രൂപപ്പെടുത്തിയതാണ് ‘പെൺനടൻ’. നാടകവേദികൾ പെണ്ണിന് നിഷിദ്ധമായിരുന്ന കാലത്ത് ‘പെണ്ണുങ്ങളെക്കാൾ നന്നായി പെൺവേഷം കെട്ടിയ’ നടനാണ് ഓച്ചിറ വേലുക്കുട്ടിയാശാൻ. മലയാള നാടകവേദിയിലെ എക്കാലത്തെയും മികച്ച ‘ആൺനടൻ’ സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരായിരുന്നു, വേലുക്കുട്ടി ആശാന്റെ സ്ഥിരം നായകൻ. പതിനായിരക്കണക്കിന് വേദികളിൽ ഇരുവരും നായികയും നായകനുമായി നിറഞ്ഞാടി. വേദിയിൽ അഭിനയത്തികവിന്റെ വിസ്മയം തീർക്കുന്ന പെൺമണി ‘പെൺനടൻ’ ആണെന്ന് പലരും അറിഞ്ഞതേയില്ല. കേരളത്തിൽ നിലനിന്ന ജാതീയ ഉച്ചനീചത്വങ്ങളെയും അനാചാരങ്ങളെയും തുറന്നുകാട്ടുന്നതായിരുന്നു ഓച്ചിറയുടെ നാടകങ്ങൾ. അതിന് ഏറ്റവും യോജിച്ചത് കുമാരനാശാന്റെ കൃതികളായിരുന്നു.
പാപ്പുക്കുട്ടി ആശാൻ എന്ന കഥാപാത്രത്തിലൂടെയാണ് നാടകത്തിൽ പെൺനടനെ അടയാളപ്പെടുത്തുന്നത്. ഒാച്ചിറ വേലുക്കുട്ടി ആശാന്റെതടക്കം വേദികളിൽ ജീവിക്കുന്ന മറ്റനേകം കലാകാരന്മാരുടെ അരങ്ങിലും തിരശ്ശീലക്കു പിന്നിലുമുള്ള ജീവിതം പറയാനാണ് നാടകം ശ്രമിക്കുന്നത്. അനന്യ പ്രതിഭയായി നിറഞ്ഞു മുന്നേറുമ്പോഴും ‘പെൺവേഷം കെട്ടുന്നവ’നെന്ന ആക്ഷേപത്തിനിരയാവുന്ന പാപ്പുക്കുട്ടി ആശാന് വീട്ടിലും പരിഹാസശരങ്ങളാണ് ഏൽക്കേണ്ടി വരുന്നത്. “നിങ്ങൾക്ക് പെണ്ണിന്റെ മണമാണ്” എന്ന ഭാര്യയുടെ ആക്ഷേപ സ്വരം ആസ്വാദകരുടെ നെഞ്ചിലേക്കാണ് തറക്കുന്നത്. പുരുഷനാണെന്നു തെളിയിക്കാൻ ഭാര്യക്കു മുമ്പിൽ കർണന്റെ വേഷം കെട്ടിയാടുന്ന പെൺനടനെ വേദിയിൽ ഉപേക്ഷിച്ചു മടങ്ങാൻ ആർക്കുമാവില്ല.
നാടക കലാകാരന്മാരുടെ ജീവിതം
ആയിരക്കണക്കിന് കാണികൾ തിങ്ങിനിറഞ്ഞ അമ്പലപ്പറമ്പിലും നാടകക്കൊട്ടകകളിലും ഏറ്റവും പുറകിലെ പ്രേക്ഷകനു പോലും വ്യക്തമായി കാണാനും കേൾക്കാനും സാധിക്കും വിധം പെൺവേഷം ആവിഷ്കരിക്കുക എത്ര ആയാസകരമായിരിക്കും! അങ്ങനെയൊരു അതുല്യപ്രതിഭയെ അടയാളപ്പെടുത്തേണ്ടതുണ്ട് എന്ന തോന്നലിൽനിന്നാണ് സന്തോഷ് കീഴാറ്റൂർ അന്വേഷണം തുടങ്ങുന്നത്. പെൺവേഷം കെട്ടുന്നവരുടെ മാത്രമല്ല, നാടക കലാകാരന്മാരുടെ സങ്കടങ്ങളുടെയും കഷ്ടപ്പാടുകളുടെയും കൂടി ഓർമപ്പെടുത്തലാവും അതെന്ന തിരിച്ചറിവിലാണ് ‘പെൺനടൻ’ രൂപപ്പെടുന്നത്. സുരേഷ് ബാബു ശ്രീസ്ഥയും രചനയിൽ സന്തോഷിനൊപ്പമുണ്ടായിരുന്നു. കുമാരനാശാന്റെ കാവ്യങ്ങളിലെ നളിനി, വാസവദത്ത, സീത, സാവിത്രി, ലീല എന്നീ അഞ്ചു കഥാപാത്രങ്ങളെ മുൻനിർത്തിയാണ് പ്രധാനമായും നാടകം ചിട്ടപ്പെടുത്തിയത്. ആശാന്റെ കവിതകൾകൂടി ചേരുേമ്പാൾ നാടകത്തിന് വികാരതീവ്രതയും ഇമ്പവും വർധിക്കുന്നു. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ‘പെൺനടനി’ലെ ഏക അഭിനേതാവ് സന്തോഷ് കീഴാറ്റൂരാണ്. ഏകപാത്ര നാടകമാണെങ്കിലും ഒരു സാധാരണ ബഹുപാത്ര നാടകം പോലെ ആസ്വദിക്കാവുന്ന പെൺനടനിലൂടെ മികച്ച സംവിധായകനെന്ന നിലയിലും സന്തോഷ് അടയാളപ്പെടുത്തുന്നു.
പെൺനടനെക്കുറിച്ച് നടൻ
പെൺവേഷം കെട്ടാൻ ഒരായുസ്സ് മാറ്റിവെച്ച ഒരു കലാകാരന്റെ ജീവിതം പുറംലോകമറിയണം എന്ന ചിന്തയിൽനിന്നാണ് ഈ നാടകത്തിന്റെ ആശയമുണ്ടാകുന്നതെന്ന് സന്തോഷ് കീഴാറ്റൂർ പറയുന്നു. ‘‘കർട്ടനു പിന്നിലെ കലാകാരന്മാരുടെ ജീവിതവും വേദനകളും നേരിട്ടു കാണുന്നതാണ്. അതിന്റെ അടയാളപ്പെടുത്തലാണ് പെൺനടൻ. ഒറ്റ വേദിയിൽ കളിച്ച് അവതരിപ്പിക്കാനാണ് ‘പെൺനടൻ’ രൂപപ്പെടുത്തിയത്. പക്ഷേ, മികച്ച സ്വീകരണം നാടകം തുടരാൻ പ്രേരിപ്പിച്ചു. എല്ലാ വേദികളും വ്യത്യസ്ത അനുഭവങ്ങൾ തരുന്നു. അത്ഭുതപ്പെടുത്തുന്ന ഫീഡ്ബാക്കാണ് ഇൗ നാടകത്തിന് ലഭിക്കുന്നത്. കൊച്ചിയിൽ സാഹിത്യ, മാധ്യമ നാടക നിരൂപകരുടെ മുമ്പിലാണ് നാടകം ചെയ്തത്. വിമർശനാത്മകമായി വിലയിരുത്തുന്ന സദസ്സായിരുന്നു. തീരും വരെയും നിശ്ശബ്ദരായി ഇരുന്നു കണ്ടു. നാടകം കഴിഞ്ഞ് നേരിട്ടും ഫോണിലും സോഷ്യൽ മീഡിയയിലും മികച്ച പ്രതികരണങ്ങളാണ് കാണുന്നത്.’’ സന്തോഷ് പറഞ്ഞു. ചാനൽ ഷോകളിലെ സ്ത്രീവേഷങ്ങൾക്കിടയിലേക്ക് ചേഷ്ഠകളിലോ ചലനങ്ങളിലോ സ്ത്രീയെ പരിഹസിക്കാത്തവിധം പെൺനടനെ രൂപപ്പെടുത്തി എന്നത് നടന്റെ വിജയം.
വീണ്ടും കൊച്ചിയിലെത്തുേമ്പാൾ
പെൺനടന് 2015ൽ എറണാകുളത്താണ് പ്രഥമ വേദിയൊരുങ്ങിയത്. ഇപ്പോൾ എറണാകുളത്ത് കേരള ഫൈൻ ആർട്സ് ഹാളിൽ നാടകം വീണ്ടും അരങ്ങേറിയത് പക്ഷാഘാതം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കഥാകാരൻ തോമസ് ജോസഫിന്റെ ചികിത്സക്ക് വേണ്ടിയാണ്. സുഹൃദ് സംഘവും കേരള ഫൈൻ ആർട്സ് സൊസൈറ്റിയും ചേർന്നാണ് വേദിയൊരുക്കിയത്. നിറഞ്ഞ സദസ്സിൽ ഹൃദ്യമായിരുന്നു അവതരണം. തളിപ്പറമ്പ് സമർപ്പണ തിയറ്റേഴ്സ് ആണ് നാടകം വേദിയിലെത്തിക്കുന്നത്. തൃശൂർ ഡ്രാമ സ്കൂളിലെ മധുസൂദനൻ മാസ്റ്ററാണ് സംഗീതം. പ്രകാശനിയന്ത്രണം: ഷെറിൻ, വസ്ത്രാലങ്കാരം: പി.വി. ജോയ്, ചമയം: പട്ടണം റഷീദ്.
കണ്ണൂർ ജില്ലയിലെ കീഴാറ്റൂർ സ്വദേശിയായ സന്തോഷ് തിയറ്റർ രംഗത്ത് കാൽ നൂറ്റാണ്ടു പിന്നിടുകയാണ്. 16ാം വയസ്സിൽ കണ്ണൂർ സംഘചേതനയുടെ നാടകത്തിലൂടെ അഭിനയരംഗത്തേക്കു കടന്നുവന്നു. കോഴിക്കോട് ചിരന്തന, തിരുവനന്തപുരം അക്ഷരകല, കളം റെപ്പട്ടറി തിയറ്റർ, കെ.പി.എ.സി തുടങ്ങിയ നാടകസംഘങ്ങളിലൂടെ സന്തോഷ് കീഴാറ്റൂർ നൂറിലധികം നാടകങ്ങളിൽ വേഷമിട്ടു. മൃണാളിനി സാരാഭായിയുടെ ദർപ്പണ അക്കാദമി ഒാഫ് പെർഫോർമിങ് ആർട്സിൽ ലൈറ്റ് ഡിസൈനറായി പ്രവർത്തിച്ചിരുന്നു. 2006ൽ മികച്ച നടനുള്ള സംസ്ഥാന നാടക പുരസ്കാരം നേടി. 25ലേറെ സിനിമകളിലും സന്തോഷ് അഭിനയിച്ചു. തിരുവനന്തപുരം കളം തിയറ്റേഴ്സ് എം.ടിയുടെ കഥകൾ കോർത്തിണക്കി രൂപപ്പെടുത്തിയ മഹാസാഗരം ആണ് പെൺനടനോടൊപ്പം ചെയ്തു കൊണ്ടിരിക്കുന്ന നാടകം. മലയാള നാടകവേദിയിലെ ഏറ്റവും സജീവ സാന്നിധ്യമാണ് ഇന്ന് സന്തോഷ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.