ഇന്നിന്‍റെ യാഥാർഥ്യങ്ങൾക്കപ്പുറം ഭൂതകാല കുളിർമയിലും ഭാവി നിർവൃതികളിലുമാണ് മനുഷ്യമനസ്സുകൾ വ്യാപരിക്കുന്ന തെന്ന് പൊതുവേ പറയാറുണ്ട്. തരളിതമായൊരു ഹൃദയം കാത്തുസൂക്ഷിക്കുന്നൊരു പെൺകുട്ടിക്ക് ചിന്തകൾ സ്വപ്നഭൂമികയുമായി രിക്കും. നിത്യവും പൂക്കുകയും കായ്ക്കുകയും ചെയ്യുന്നൊരു കിനാവള്ളി. പ്രതീക്ഷകളിലേക്ക് പടർന്നുകയറി സുഗന്ധം പരത ്താൻ അവ സ്വയവും ചുറ്റുപാടുകളെയും പ്രേരിപ്പിച്ചുകൊണ്ടിരിക്കും. ഷബ്ന സുമയ്യയുടെ ചിത്രങ്ങൾ ഇത്തരം കിനാക്കളുടെ ഭൂമികയാണ്. ഒറ്റ കാഴ്ചകൾക്കപ്പുറം ചിന്തകളോടും ഹൃദയത്തോടും സംവദിക്കുന്നവ. കുത്തിനോവിക്കാത്ത നിറങ്ങളിൽ അവ പല കഥകൾ പറഞ്ഞുവെക്കുന്നു- നക്ഷത്രങ്ങളും പൂക്കളും ശലഭവും വളപ്പൊട്ടും മഞ്ചാടിക്കുരുവുമായെല്ലാം ഇന്നിലേക്ക് ഇ ന്നെലകളുടെ നിറം പകരുന്നു.
ഒാർമകൾ, സ്വപ്നങ്ങൾ, നഷ്ടങ്ങൾ, അതിജീവനങ്ങൾ, പ്രതിഷേധങ്ങൾ എന്നിവ വിവിധ രൂപകങ്ങളി ലായി ഇവയിൽ കാണാം. സ്വപ്നം കാണുമ്പോൾ അതിന് പുറത്തുള്ളവയെല്ലാം നിശ്ചലമാകുകയും ഒരു നേർത്ത തൂവലായി അയാൾ മാറുമെന് നുമുള്ള ചിന്തയിൽ തന്നെ ഒരു ശാന്തതയുണ്ട്. ഷബ്നയുടെ സൃഷ്ടിയിൽ അത് സൂചിയില്ലാ ക്ലോക്കും പറക്കുന്ന തൂവലുകളും ചിരിക്കുന്ന പൂക്കളുമായി വിരിയുന്നു. സ്ത്രീ അനുഭവങ്ങളും ചിന്തകളും തന്നെയാണ് ചിത്രങ്ങളിലൂടെ ഷബ്ന കൂടുതലായി പങ്കുവെക്കുന്നത്.
അവളിൽ ഏൽപിക്കുന്ന നിരന്തര മുറിവുകളെ പിറകിൽ ഉപേക്ഷിച്ച് സ്വപ്നങ്ങളിലേക്ക് യാത്ര തുടരുക എന്ന സന്ദേശം കൈമാറൽ കൂടിയാണവ. ബാല്യം, കൗമാരം, യൗവനം, വാർധക്യം തുടങ്ങി സ്ത്രീ കടന്നുപോകുന്ന ആയുസ്സിന്റെ ഘട്ടത്തിൽ അവളുടെ അനുഭവങ്ങളും സ്വപ്നങ്ങളും വ്യത്യസ്തമായിരിക്കുമല്ലോ! അവ ചിത്രങ്ങളിലും കടന്നുവരുന്നു. സ്വസ്ഥതയെന്ന കുമിളക്കുള്ളിൽ സ്വപ്ന ലോകത്തിരുന്നവൾ പിന്നെ പലവിധ ബന്ധനങ്ങളാൽ അസ്വസ്ഥമാകുന്നതും ഒടുവിൽ എല്ലാം വിട്ടൊഴിഞ്ഞ് നൂലു പൊട്ടിയ പട്ടമായി തീരാൻ കൊതിക്കുന്നതും ഇവിടെ കാണാം. ആർത്തവം, ജെൻഡർ പ്രശ്നങ്ങൾ എന്നീ ജൈവിക പ്രതിഭാസങ്ങളെയും സ്ത്രീ കാഴ്ചപ്പാടോടെ ശബ്ന നോക്കിക്കാണുന്നുണ്ട്.
കലകളെല്ലാം ശക്തമായൊരു പ്രതിഷേധ രൂപകം കൂടി ആെണന്നിരിക്കെ ശബ്ന അതിൽനിന്ന് വിട്ടുനിൽക്കുന്നില്ല. ഭരണകൂടത്തിന്‍റെയും അല്ലാതെയുമുള്ള പുറം ഇടപെടലുകൾ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിസ്സഹായരുടെ മേൽ കടന്നുകയറുമ്പോൾ നോക്കിയിരിക്കുന്നതെങ്ങനെ. ജനസഞ്ചയത്തിന് നേർക്ക് കുതിക്കുന്ന മിസൈലും അതിെൻറ തുമ്പത്തിരിക്കുന്ന കുട്ടിയും അടങ്ങുന്ന ‘ആമീൻ’ എന്ന ചിത്രം യുദ്ധങ്ങളും ഭീതിയും നിറക്കുന്ന ലോകത്തിെൻറ കാഴ്ചയാണ്. ചിതറിയ മഞ്ചാടിക്കുരുവിനും വളപ്പൊട്ടുകൾക്കുമിടയിൽ തെളിയുന്ന കാൽപാടുകൾ ഇരയാക്കപ്പെടുന്ന കുട്ടിയുടെയും പീഡകന്‍റേതുമാണ്.
ആ കാലടികൾക്കിടയിൽ വീണുകിടക്കുന്നൊരു പാദസരം സമൂഹത്തെ കുലുക്കി ഉണർത്തലാണ്, ഒാർമിപ്പിക്കലാണ്, വേദനയാണ്. യുദ്ധവും സംഘർഷങ്ങളും മുറിവേൽപിച്ച നിരവധി നൊമ്പരക്കാഴ്ചകൾ ശബ്ന വരഞ്ഞിട്ടുണ്ട്. ഉള്ളിലെ ക്രൗര്യത്തെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തി ശാന്തതയുടെ വാഹകരാകുക എന്നതാണ് എല്ലാ ചിത്രങ്ങളുടെയും പൊതുതത്ത്വം. അപ്പോൾ ചുറ്റും ശലഭങ്ങൾ നിറയുകയും പൂക്കൾ വിടരുകയും നക്ഷത്രങ്ങൾ കൺതുറക്കുകയും ചെയ്യും. ലോകത്തിനും മനുഷ്യനും സൗന്ദര്യം കൂടും. ജീവിതം ഒരു തീർഥയാത്രയാകും. ഷബ്നയുടെ ചിത്രങ്ങൾ സുന്ദരമാകുന്നതും ഇൗ ചിന്തകൊണ്ടാകാം.
17ാം വയസ്സിൽ ബ്ലോഗ് എഴുത്തിലൂടെ തന്‍റെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു തുടങ്ങിയ ശബ്ന സുമയ്യ, കുറച്ചുകൂടി ഫലപ്രദമായ മീഡിയം എന്ന നിലയിലാണ് വരയിലേക്ക് തിരിഞ്ഞത്. അക്രലിക്, വാട്ടർ കളർ എന്നിവയിലെ ഈ മികവ് സ്വയം പഠിച്ചെടുത്തതാണ്. ഇന്‍റർനെറ്റാണ് ഗുരു. വരകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയതോടെ ആനുകാലികങ്ങളിൽനിന്ന് അവസരങ്ങൾ വന്നു. പലരുടെയും കഥകളിലും എഴുത്തിലും പിന്നെ ശബ്നയുടെ ചിത്രങ്ങൾ തെളിഞ്ഞു.
മറ്റൊരാളുടെ എഴുത്തിന് വരക്കുേമ്പാൾ ആ എഴുത്തിൽനിന്ന് പുറത്തുകടക്കാനാകില്ല എന്നൊരു പരിമിതിയുണ്ട്. അതിനെ മറികടന്ന് സ്വന്തം മുദ്ര എല്ലാ വരകളിലും പതിപ്പിക്കാനാകുന്നു എന്ന് ശബ്നയുടെ വരകളിൽ കാണാനാകും. വരികൾക്കൊപ്പം വരയും തെളിയുന്ന ഇടങ്ങളാണവ. ഇപ്പോൾ എക്സിബിഷനുകളും ആർട്ട് വർക്ഷോപ്പുമെല്ലാമായി ഷബ്ന തിരക്കുകളിലാണ്. കോഴിേക്കാട് ചാലപ്പുറം മൻകഫേയിൽ ഇവയിൽ ചിലത് പ്രദർശിപ്പിച്ചിട്ടുണ്ട്. ആർട്ടിസ്റ്റായ ഭർത്താവ് ഫൈസൽ ഹസൈനാർ ഇവക്കെല്ലാം പിന്തുണയുമായി കുട്ടിനുണ്ട്. ആ സൗഹൃദത്തിൽ നിന്നുകൂടിയാണ് പുതിയ ചിത്രങ്ങളുടെ പിറവി. നക്ഷത്രങ്ങൾക്ക് പൂക്കാതിരിക്കാനാകില്ലല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.