ഗംഗാസ്നാനവും കഴിഞ്ഞ് കാശിനാഥനെ താണുവണങ്ങി നിറഞ്ഞ പുഞ്ചിരിയോടെ ഒരമ്മ നടന്നുവരുന്നു. ഭക്തിനിര്‍ഭര അന്തരീക്ഷത്തിലൂടെ നടക്കുമ്പോള്‍ ആ അമ്മ കൂടുതല്‍ സന്തോഷവതിയായിരുന്നു. നന്ദിയോടെ ഒന്നുകൂടി കാശിനാഥനെ തൊഴുത് 31കാരനായ മകന് മുന്നില്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ ആ അമ്മ ആത്മസംതൃപ്തിയോടെ നിന്നു... എന്നിട്ട് പതുക്കെ പറഞ്ഞു. ‘‘ഒരു പക്ഷേ, ഇവന് നിര്‍ബന്ധിച്ചില്ലായിരുന്നെങ്കില്‍ ആ അസുലഭ മുഹൂര്‍ത്തം എനിക്ക് നഷ്ടപ്പെടുമായിരുന്നു’’. പെെട്ടന്ന് ആരോ കതകില്‍ തട്ടി. ആ ചെറുപ്പക്കാരന് കണ്ണുതുറന്ന് നോക്കിയപ്പോള്‍ ഒരുനിമിഷം താന്‍ എവിടെയാണെന്നറിയാതെ അമ്പരന്നു. വടക്കുംനാഥ ക്ഷേത്രത്തിനടുെത്ത തെൻറ വീട്ടിലാണ് ഇരിക്കുന്നതെന്ന യാഥാര്‍ഥ്യം ആ ചെറുപ്പക്കാരന് അപ്പോഴാണ് തിരിച്ചറിഞ്ഞത്.
പകലുറക്കത്തിെൻറ ഏതോ അഗാധതയില്‍ താനും അമ്മയും കാശിയിലും കൈലാസത്തിലുമൊക്കെയായി സുന്ദരമായ സ്വപ്നത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. തനിക്കുണ്ടായ ഉള്വിളിപോലെയായിരുന്നു ആ സ്വപ്നം. പിന്നീട് ഒന്നും നോക്കിയില്ല. രണ്ട് ടിക്കറ്റ് വാരാണസിക്ക് ബുക്ക് ചെയ്തു. ഒന്ന് തനിക്കും മറ്റൊന്ന് 60 കാരിയായ തെൻറ അമ്മക്കും. സുഹൃത്തുക്കളെയും ബന്ധുക്കളെയും ഒഴിവാക്കി സ്വന്തം അമ്മയുമായി ഒരു യാത്ര. ഇത് വെറുമൊരു സ്വപ്നമായിരുന്നില്ല. അത് സാക്ഷാത്കരിക്കാന്‍ ഈ യുവാവ് ഇത്രയും സാഹസപ്പെട്ടതിന് പിന്നില്‍ വലിയൊരു കഥയുണ്ട്. അതാണ് തൃശൂര്ക്കാരന് ശരത്കൃഷ്ണക്കും അമ്മ ഗീതക്കും പറയാനുള്ളത്.
‘സ്വര്‍ഗ’ത്തിെലത്തിയ നിമിഷം
കാശിക്ക് പോകണമെന്നത് അമ്മ വര്‍ഷങ്ങളായി ഉള്ളില്‍ കൊണ്ടുനടക്കുന്ന ആഗ്രഹമാണെന്ന് ശരത്തിനറിയാം. യാത്രയെക്കുറിച്ച് പറഞ്ഞപ്പോള്‍ വീടുവിട്ടിറങ്ങാന്‍ അമ്മക്ക് ചെറിയൊരു മടി. അമ്മയുടെ ആഗ്രഹം സഫലമാക്കാന്‍ ഒരുവിധത്തില്‍ ശരത് സമ്മതിപ്പിച്ചെടുത്തു. ഇരുവരും മൂന്നു ദിവസത്തെ യാത്രക്കുള്ളതെല്ലാം പാക്ക് ചെയ്ത് കൊച്ചിയില്‍നിന്ന് വിമാനമാര്‍ഗം നേരെ വാരാണസിയിലേക്ക്. അവിടെ നിന്ന് നേരെ കാശിയിലേക്ക്. നിലാവിെൻറ നിറച്ചാര്‍ത്തണിഞ്ഞ ആ ചരിത്രമുറങ്ങുന്ന മണ്ണിലേക്ക് ശരത്തും ഗീതയും നിറഞ്ഞ മനസ്സോടെ നടന്നു. പുണ്യനദി ഗംഗയെ തൊട്ടുവന്ദിച്ച് ഇരുവരും നടത്തം തുടര്‍ന്നു. നടത്തം അവസാനിപ്പിച്ചത് ഒറ്റപ്പാലംകാരന് ചേട്ടെൻറ കേരള കഫേയിലായിരുന്നു. സ്വാദിഷ്ടഭോജനത്തിന് ശേഷം ഇരുവരും മുറിയിലെത്തി. താന്‍ കണ്ട സ്വപ്നം യാഥാർഥ്യമാക്കാന്‍ വടക്കുംനാഥന് ഒരുകോടി പ്രണാമമർപ്പിച്ച് ഉറങ്ങാന്‍ കിടക്കുമ്പോഴും ശരത്തിെൻറ ഉള്ളില്‍ ആയിരം സ്വപ്നങ്ങള്‍ വന്നുനിറഞ്ഞു.
പിറ്റേദിവസം രാവിലെ കാശി വിശ്വനാഥെൻറ മംഗളാരതി കഴിഞ്ഞ് ഗംഗാസ്നാനവും നടത്തിയശേഷം മനോഹരിയായ ഗംഗയിലൂടെ ഒരു സവാരി പോയാലോ എന്നായി. അങ്ങനെ ഗീതയും ശരത്തും ബോട്ട് യാത്ര ചെയ്്തു. ആ യാത്ര അവസാനിപ്പിച്ച് കാശി ക്ഷേത്രപരിസരത്ത് തന്നെ ഭക്തിയുടെ നിറവില്‍ ഇരുവരും കുറെനേരം െചലവഴിച്ചു. ലോക പ്രശസ്തമായ പുണ്യഗംഗയെ ആരതി ഉഴിയുന്നതില്‍ അമ്മയെ പങ്കെടുപ്പിക്കണമെന്ന ആഗ്രഹം ശരത്തിെൻറ ഉള്ളിലുമുണ്ടായിരുന്നു. ആ അസുലഭ മുഹൂര്‍ത്തത്തിനായി ഇരുവരും കാത്തിരുന്നു... ഗംഗാനദിയെ പൂജിക്കുന്ന ധന്യമുഹൂര്‍ത്തം കണ്ട് ഗീതയുടെ കണ്ണുകളില്‍നിന്ന് ആനന്ദാശ്രു പൊഴിഞ്ഞു.
കാശിയിെല കാഴ്ചകള്‍ കണ്ട് ഡല്‍ഹിയിലേക്കും അവിെടനിന്ന് നാട്ടിലേക്കു മടങ്ങാമെന്നായിരുന്നു തീരുമാനം. അതിനായി ട്രെയിൻ കയറി. യാത്രക്കിടയില്‍ അവിചാരിതമായി മലയാളി ടി.ടി.ആറിനെ കണ്ടുമുട്ടിയതോടെയാണ് ഷിംലക്കുള്ള ട്രെയിനിലാണ് ഇരുവരും കയറിയതെന്ന് മനസ്സിലായത്. അദ്ദേഹത്തോട് ഷിംലയെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ ശരത് ഇടക്കിടെ അമ്മയെ നോക്കി. യാത്രകളൊന്നും മതിയായില്ല എന്ന് ആ മുഖം പറയുന്നുണ്ടായിരുന്നു. പിന്നെ ഒന്നും ആലോചിച്ചില്ല. നാട്ടില്‍ തിരിച്ചുപോകാമെന്ന പദ്ധതി ഉപേക്ഷിച്ച് നേരെ ഷിംലയിലേക്ക്.
ഷിംലയുടെ ഭംഗി അവരെ വല്ലാതെ ആകര്ഷിക്കുന്നുണ്ടായിരുന്നു. യാത്രചെയ്യാന്‍ മുന്‍കൂട്ടി നിശ്ചയിക്കാത്തതുകൊണ്ട് തന്നെ ആവശ്യത്തിനുള്ള വസ്ത്രങ്ങളും മറ്റും അവിടെനിന്ന് തന്നെ വാങ്ങി. പിറ്റേ ദിവസം നേരെ കസോളിലേക്കും മണാലിയിലേക്കും. ഷിംലയില്‍നിന്ന് മണാലിയിലേക്ക് പോകുമ്പോഴാണ് അമ്മയെ ബുള്ളറ്റിലിരുത്തി ഒരു യാത്ര പോയാലോ എന്നൊരു തോന്നല്‍ ശരത്തിെൻറ ഉള്ളിലുണ്ടായത്. ജീവിതത്തില്‍ അന്നുവരെ ബൈക്കില്‍ കയറിയിട്ടില്ലാത്ത അമ്മയെ എങ്ങനെ സമ്മതിപ്പിക്കുമെന്നായി. വീട്ടില്‍ ബൈക്ക് ഉണ്ടായിട്ടും ഒരിക്കല്‍പോലും അതില്‍ കയറി യാത്രചെയ്യണമെന്ന് ഗീതക്ക് തോന്നിയിട്ടില്ല.
നാട്ടില്‍നിന്ന് വിട്ടുമാറി ദുര്‍ഘട വഴികളിലൂടെ യാത്ര ചെയ്യുന്നതിനെക്കുറിച്ച് ഗീതക്ക് ആലോചിക്കാന്‍പോലും തോന്നിയില്ല. ഉള്ളില്‍ എെന്തന്നില്ലാത്ത ഭയം വന്നു നിറഞ്ഞു. മേഘങ്ങളെ തലോടിക്കൊണ്ടുള്ള ആ ബൈക്ക് യാത്രയെക്കുറിച്ച് ശരത്ത് പതിയെ വിവരിച്ചപ്പോള്‍ ഗീതയുടെ ഉള്ളില്‍ ഏതോ വലിയ മോഹം വന്നുദിച്ചു... ഒടുവില്‍ ബൈക്കില്‍ യാത്രചെയ്യാമെന്ന് സമ്മതം അറിയിച്ചപ്പോള്‍ 500 സി.സി ബുള്ളറ്റ് ശരത് തരപ്പെടുത്തി. അങ്ങനെ റോത്താങ്ങിെൻറ ഭംഗി ആസ്വദിച്ച് ഇരുവരും യാത്ര ആരംഭിച്ചു.
മഞ്ഞില്‍ കുളിച്ച യാത്ര
അതീവ ദുര്‍ഘട പാതയിലൂടെ അമ്മയെ പിന്നിലിരുത്തി ഒരു ബുള്ളറ്റ് യാത്ര. ഭൂമിയിലെ അത്യുന്നതിയില്‍, ജീവിതത്തിലെ സുന്ദരമായ നിമിഷം കണ്ടുനില്ക്കെ ഗീതയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ശരത് അമ്മയെ ചേര്‍ത്തുനിര്‍ത്തി. അത്രയും ഉയരത്തില്‍ നിന്നുകൊണ്ട് ഒരമ്മയും മകനും ആനന്ദിച്ചിട്ടുണ്ടാവില്ല. ആ നിമിഷം അവെൻറ കാല്‍ച്ചുവട്ടിലായിരുന്നു. ഒരു മകന് അമ്മക്ക് നല്കാവുന്ന സുവര്‍ണമായ നിമിഷമായിരുന്നു അത്.
മഞ്ഞുമലക്ക് മുകളിലെത്തിയപ്പോള്‍ സന്തോഷംകൊണ്ട് എന്ത് പറയണമെന്നറിയാതെ ഗീത ചിരിക്കുകയായിരുന്നു. 60 വയസ്സുള്ള അമ്മ പ്രായംപോലും മറന്നുപോയിരുന്നു. ഒരു കൗമാരക്കാരിയെപ്പോലെയായിരുന്നു. ആദ്യമായി മഞ്ഞ് കണ്ടപ്പോള്‍ അമ്മ തുള്ളിച്ചാടുകയായിരുന്നുവെന്ന് ശരത് പറയുന്നു. അന്നുവരെ വായിച്ചും അറിഞ്ഞും മാത്രം പരിചയമുള്ള ഹിമാലയത്തില്‍ താന്‍ എത്തിയിരിക്കുന്നു. ഒരിക്കലും അമ്മ ഇത്രയും സന്തോഷിച്ചത് താന്‍ കണ്ടിട്ടില്ല. ആ നിമിഷം താന്‍ അഭിമാനം ഉയര്‍ത്തിപ്പിടിച്ച നിമിഷംകൂടിയായിരുന്നുവെന്ന് ശരത് പറയുന്നു. മതിവരുവോളം മഞ്ഞില്‍ തിമിര്‍ത്താടി. തണുപ്പിെൻറ കാഠിന്യം കൂടിയപ്പോള്‍ തിരികെപ്പോകാമെന്നായി. മടിച്ചുമടിച്ചാണ് ഗീത മണാലിയിലേക്ക് യാത്ര തിരിച്ചത്.
കണ്ടിട്ടും ആസ്വദിച്ചും മതിവരാതെ ആ മഞ്ഞുമലകളെ ചിരിച്ചുകൊണ്ട് ഗീത നോക്കി. ആ ചിരിയാണ് അമ്മയില്‍നിന്ന് തനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സന്തോഷമെന്ന് ശരത് പറയുന്നു. ചില സ്വപ്നങ്ങള്‍ അങ്ങനെയാണ്. നാം മൂടിെവച്ചാലും തിരിച്ചറിവുള്ള മക്കള്‍ അത് മനസ്സിലാക്കി അതിെൻറയൊപ്പം നില്ക്കും. അതുതന്നെയാണ് ശരത് തെൻറ അമ്മക്കുവേണ്ടി ചെയ്ത പുണ്യപ്രവൃത്തിയും. 60 വയസ്സുകാരിക്ക് സാധാരണയുള്ള എല്ലാ അസുഖങ്ങളും ഗീതക്ക് ഉണ്ടെങ്കിലും യാത്രക്കിടയില്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവരുതെന്ന് ശരത് ആഗ്രഹിച്ചിരുന്നു. തെൻറ കൂടെ അമ്മയാണ് എന്ന തിരിച്ചറിവ് ഉള്ളതുകൊണ്ട് തന്നെ ഒരോ ചെറിയ കാര്യങ്ങളും അത്രയും സൂക്ഷ്മതയോടെയാണ് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ചിലയിടങ്ങളില്‍ അമ്മയുമായി യാത്ര ചെയ്തത് ഹെലികോപ്ടറിലാണ്. കാശിയിലെ ഓരോ ബുദ്ധിമുട്ടേറിയ വഴിയിലൂടെയും അമ്മയുടെ കൈപിടിച്ച് നടക്കുമ്പോള്‍ പുതുതലമുറയിലെ ചെറുപ്പക്കാരോട് ശരത് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
അമ്മയുടെ ആഗ്രഹങ്ങള്‍ തിരിച്ചറിഞ്ഞ മകന്
തൃശൂരിലെ വീട്ടില്‍ ഭര്‍ത്താവും കുട്ടികളുമായിരുന്നു ഗീതയുടെ ലോകം. അതിനുമപ്പുറത്തേക്ക് ഒരിക്കലും അവരുടെ ഒരാഗ്രഹവും വളര്‍ന്നില്ല. എല്ലാം അവര്‍ക്കുവേണ്ടി മാത്രമായി ഇത്രയും കാലം ജീവിച്ചു. അതിനിടയിലാണ് ഗീതയുടെ യാത്രകമ്പത്തെക്കുറിച്ച് ശരത് തിരിച്ചറിയുന്നത്. പലപ്പോഴും ടി.വിയിലും മാസികകളിലും ചില യാത്രകളെക്കുറിച്ച് കാണുമ്പോള്‍ ആ അമ്മയുടെ മുഖം തിളങ്ങും. വീണ്ടും ആ മാസിക അതുപോല മടക്കി ആ ആഗ്രഹം ഉള്ളില്‍ തന്നെ ഒതുക്കും. അന്നൊന്നും ഗീത തെൻറ ആഗ്രഹം പ്രകടിപ്പിച്ചിരുന്നില്ല. ഇങ്ങനെ ഒരു നാളിലാണ് ഇളയ മകന് ശരത് അത്ഭുതപ്പെടുത്തിക്കൊണ്ട് അമ്മയെ യാത്ര കൊണ്ടുപോകുന്നത്.
2014ല്‍ ഒരു ബിസിനസ് മീറ്റിെൻറ ഭാഗമായി പോകേണ്ടിവന്ന മുംബൈ യാത്രയില്‍ അമ്മയെ കൂടെക്കൂട്ടാന്‍ ശരത് തീരുമാനിച്ചു. വടക്കുംനാഥനും ഗുരുവായൂരിനുമപ്പുറമുള്ള യാത്ര അന്ന് അവരുടെ മനസ്സിലുണ്ടായിരുന്നില്ല. ഏറെ നിര്‍ബന്ധിച്ചപ്പോഴാണ് ഗീത സമ്മതം മൂളിയത്. അഞ്ചുദിവസത്തേക്കുള്ള യാത്രയായിരുന്നു ഇരുവരും പുറപ്പെട്ടത്. ആ യാത്രയില്‍ നാസിക്, അജന്ത, എല്ലോറ തുടങ്ങിയ പല സ്ഥലങ്ങളും അമ്മ മതിവരുവോളം കണ്ടു. ആ യാത്ര ഗീതയെ തന്നെ ആകെ മാറ്റിമറിച്ചു. ശരത് യാത്രകള്‍ക്ക് മുന്നൊരുക്കം നടത്തുന്നതൊക്കെ എന്നും അമ്മയെയും മുന്നില്‍കണ്ടുകൊണ്ടാണ്. കൂട്ടുകാരോ നാട്ടുകാരോ ആരുമില്ലാതെ സ്വന്തം അമ്മ തന്നെയാണ് ഏറ്റവും നല്ല സഹയാത്രികയെന്ന് ശരത് പറയുന്നു. താന്‍ പോയ സ്ഥലങ്ങളിലെല്ലാം അമ്മയെയും കൊണ്ടുപോകണമെന്നത് ശരത്തിെൻറ ഉള്ളിലുള്ള ആഗ്രഹമായിരുന്നു.
ബിസിനസുകാരനാണെങ്കിലും ഏറെ പണിപ്പെട്ടാണ് ശരത് യാത്രക്കുള്ള പണം കണ്ടെത്തിയത്. അതിനെക്കുറിച്ച് ശരത് പറയുന്നതിങ്ങനെ: “അടുത്തവര്‍ഷം ചിലപ്പോള്‍ എെൻറ കൈയില്‍ പണമുണ്ടാകും. അമ്മക്ക് പ്രായമാകുന്തോറും ആ ആഗ്രഹം നിറവേറ്റാന്‍ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ടാണ് ഇത്രയും സാഹസപ്പെട്ട് അമ്മയെ യാത്രക്ക് കൊണ്ടുപോയത്. നമുക്ക് ചുറ്റും എത്രയെത്ര അമ്മമാരാണ് അടുക്കളയും അടുക്കളപ്പുറത്തുള്ള ജീവിതവുമായി എല്ലാം സഹിച്ച് ആഗ്രഹങ്ങള്‍ ഉള്ളിലൊതുക്കി കഴിയുന്നത്. അത് മക്കള്‍ തിരിച്ചറിഞ്ഞ് അവരുടെ സ്വപ്നസാക്ഷാത്കാരത്തിനായി പ്രവര്‍ത്തിക്കണം. അവര്‍ക്ക് നമുക്ക് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനവുമായിരിക്കും അത്”.
കുഞ്ഞിന് ജന്മം നൽകുന്നത് മുതല്‍ അവർ വളര്‍ന്നു വലുതാവുന്നത് വരെ അമ്മമാരുടെ ലോകം വീട് മാത്രമായി ചുരുങ്ങാറുണ്ട്. ഇതിനിടയില്‍ അവരുടേതായ സ്വപ്നങ്ങളും ആഗ്രഹങ്ങളും അവർ മറക്കും. നിറങ്ങളില്ലാത്ത നാലു ചുമരുകള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടുന്ന തെൻറ അമ്മയുടെ ഒാരോ ആഗ്രഹങ്ങളും സ്വപ്നങ്ങളും തിരിച്ചറിഞ്ഞ് അവ ഒാരോന്നായി സാക്ഷാത്കരിക്കുന്നതിെൻറ തിരക്കിലാണ് ഈ മകന്.
അന്നത്തെ വൈകുന്നേരവും പ്രത്യേകത നിറഞ്ഞതായിരുന്നു. വടക്കുംനാഥനെ തൊഴുതുമടങ്ങി നിറഞ്ഞ ചിരിയോടെ ആ അമ്മ നടന്നുവരുന്നു. ഇളം കാറ്റ് അമ്മയുടെ മുടിയിഴകളെ തലോടി കടന്നുപോകുന്നു. ഭക്തിനിര്‍ഭരമായ മനസ്സുമായി നന്ദിയോടെ വടക്കുംനാഥനെ ഒന്നുകൂടി ഗീത തിരിഞ്ഞു നോക്കി. അപ്പോഴേക്കും ശരത് അമ്മക്കരികില്‍ എത്തിയിരുന്നു. മകനെ തെൻറ അടുത്തുചേര്‍ത്ത് നിര്‍ത്തി ഗീത പതുക്കെ ചോദിച്ചു... അടുത്ത യാത്ര എപ്പോഴാണ്?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.