1994 ജനുവരി 25. മണിപ്പൂർ തമങ്ലോങ് ജില്ലയിലെ ലോങ്ഡി പാബ്രം എന്ന കൊച് ചുഗ്രാമത്തിലേക്ക് മലയാളിയായ ക്യാപ്റ്റൻ ഡി.പി.കെ. പിള്ളയുടെ നേതൃത ്വത്തിൽ ഒരു സംഘം സൈനികരെത്തുന്നു. സെലിയ ഗ്രോങ് എന്ന നാഗ വിഭാഗക്കാർ ജ ീവിക്കുന്ന അവിടെ ഒളിച്ചുകഴിയുന്ന നാഷനൽ സോഷ്യലിസ്റ്റ് കൗൺസിൽ ഒാഫ് നാഗാലാൻഡ് (എൻ.എസ്.സി.എൻ) എന്ന സംഘം ഒരു പാലം തകർക്കാൻ പദ്ധതിയിെട്ടന്ന വിവരത്തെ തുടർന്ന് മണിക്കൂറുകൾ കാടും മലയും നടന്നുകയറിയാണ് സൈനികരെത്തിയത്. വിഘടനവാദികൾ ഒരു വീട്ടിൽ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതോടെ അന്ന് രാത്രിതന്നെ സംഘത്തെ പിടികൂടാൻ ശ്രമമാരംഭിച്ചു. വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന കേണൽ പിള്ളയുടെ നെഞ്ചിലേക്ക് എ.കെ 47 തോക്കിൽനിന്ന് വെടിയുണ്ട തുളച്ചു കയറി. മൂന്നെണ്ണം കൈയിലേക്കും. തൊട്ടടുത്ത് വീണ ഗ്രനേഡ് കാൽകൊണ്ട് തട്ടിത്തെറിപ്പിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് കാലിനും ഗുരുതര പരിക്കേറ്റു.
പരിക്കേറ്റുവീണ അദ്ദേഹം ‘ഒാപറേഷൻ’ തുടരാൻ ഒപ്പമുണ്ടായിരുന്നവർക്ക് നിർദേശം നൽകി. മൂന്നു മണിക്കൂറിലധികം നീണ്ട ഏറ്റുമുട്ടലിനൊടുവിൽ വിഘടനവാദികളിലൊരാൾ സൈന്യത്തിന്റെ വെടിയേറ്റ് മരിക്കുകയും ബാക്കിയുള്ളവർ കീഴടങ്ങുകയും ചെയ്തു. പരിക്കേറ്റ പിള്ളയെ കൊണ്ടുപോകാൻ ഉടൻ സൈനിക ഹെലികോപ്ടർ എത്തിയപ്പോൾ അന്നദ്ദേഹം നൽകിയ നിർദേശം ഒപ്പമുണ്ടായിരുന്നവരെയും നാട്ടുകാരെയും ഒന്നടങ്കം അമ്പരപ്പിച്ചു. അവിടെ വെടിയേറ്റ് കിടക്കുന്ന രണ്ടു കുട്ടികളെ രക്ഷിച്ചശേഷം തന്നെ കൊണ്ടുപോയാൽ മതിയെന്നായിരുന്നു അഭ്യർഥന. മാസെബിലിയു പാമൈ എന്ന 11കാരിയും സഹോദരൻ ആറു വയസ്സുകാരൻ ദിംഗമാഗ് പാമൈയും അങ്ങനെ പിള്ളക്കൊപ്പം ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഇന്ത്യൻ സേനയുടെ മാനുഷിക മുഖത്തിന്റെ കഥകളിലൊന്നായി മലയാളി ക്യാപ്റ്റന്റെ നടപടി വാഴ്ത്തപ്പെട്ടു. പിന്നീട് രാജ്യം ശൗര്യചക്ര അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചു.
ഗ്രാമത്തിന്റെ രക്ഷകൻ
വിഘടനവാദ പ്രവർത്തനം അവസാനിപ്പിക്കാനുള്ള ശ്രമത്തിനിടെ ലോങ്ഡി പാബ്രത്തിൽനിന്ന് പാതിജീവനുമായി ഹെലികോപ്ടറിൽ കൊണ്ടുപോയ പിള്ള ജീവിച്ചിരിപ്പുണ്ടോ എന്നുപോലും ഗ്രാമവാസികൾക്ക് അറിവുണ്ടായിരുന്നില്ല. ഒരു വർഷം മുറിവുകളോട് പോരാടിയശേഷം പിള്ള സൈന്യത്തിൽ തിരിച്ചെത്തി. 16 വർഷത്തിനുശേഷം 2010ൽ ഗ്രാമത്തിൽ തിരിച്ചെത്തിയപ്പോൾ സ്വീകരിക്കാൻ മുന്നിൽ താൻ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന മാസെബിലിയുവും ദിംഗമാംഗും മാത്രമായിരുന്നില്ല, ഒരു പ്രത്യേക അതിഥികൂടി അക്കൂട്ടത്തിലുണ്ടായിരുന്നു. പിള്ളക്കുനേരെ നിറയൊഴിച്ച അക്രമികളിലൊരാൾ. സായുധ പോരാട്ടങ്ങൾ അവസാനിപ്പിച്ച അദ്ദേഹം പിള്ളയെ കണ്ടപ്പോൾ കെട്ടിപ്പിടിച്ച് ഏറെനേരം നിറമിഴികളോടെ നിന്നപ്പോൾ നാടൊന്നടങ്കം എഴുന്നേറ്റുനിന്ന് കൈയടിച്ചു. കുറച്ചു ദിവസം ഗ്രാമത്തിൽ തങ്ങിയ അദ്ദേഹം കാർഷിക-കുടിവെള്ള പദ്ധതികൾ ഒരുക്കുകയും വിളകൾ സൂക്ഷിക്കാൻ ഷെഡ് നിർമിച്ചുനൽകുകയും അവ കൊണ്ടുപോകാൻ ലോറി സമ്മാനിക്കുകയും ചെയ്തു. വീട്ടമ്മമാർക്ക് തയ്യൽ മെഷീനുകളും വിതരണം ചെയ്ത അദ്ദേഹം കുറച്ചു ദിവസം തൊഴിലിൽ പരിശീലനവും നൽകി. അങ്ങനെ ‘ലോങ്ഡി പാബ്രത്തിന്റെ രക്ഷകൻ’ എന്ന വിശേഷണം ലഭിച്ച പിള്ളക്ക് ഗ്രാമവാസികൾ അവർ പരമ്പരാഗതമായി ഉപയോഗിക്കുന്ന ‘പാമൈ’ എന്ന വിളിപ്പേരും സമ്മാനിച്ചു. അങ്ങനെ പിള്ള അവർക്ക് ‘പിൈള്ള പാമൈ’ ആയി. 2012ൽ ഗ്രാമത്തിലെത്താൻ 23 കിലോമീറ്റർ റോഡ് നിർമിക്കണമെന്ന അപേക്ഷയുമായി കേന്ദ്ര സർക്കാറിനെ സമീപിച്ചെങ്കിലും സാേങ്കതിക കുരുക്കുകൾ കാരണം നടന്നില്ല. എന്നാൽ, മണിപ്പൂരിലെ തമങ്ലോങ് മുതൽ ലോങ്ഡി പാബ്രം വഴി നാഗാലാൻഡിലെ പെരെൺ വരെ 100 കിലോമീറ്റർ പാത അനുവദിച്ച് 2016 ഒക്ടോബറിൽ ഗതാഗത മന്ത്രി നിധിൻ ഗഡ്കരി ഉത്തരവിറക്കിയതോടെ ആ ഉദ്യമവും സഫലമായി.
വിരമിക്കുന്നതിനു മുമ്പുള്ള സമ്മാനം
1967 ആഗസ്റ്റ് രണ്ടിന് കണ്ണൂർ ബർണശ്ശേരി തയ്യിൽ കണ്ണൂത്ത് കുടുംബത്തിലെ മേജർ എ.വി.ഡി. ദിവാകര പിള്ള^വസന്ത ദമ്പതികളുടെ മകനായി പിറന്ന ഡി.പി.കെ. പിള്ള എന്ന ദിവാകരൻ പത്മനാഭപിള്ള ശാരീരിക പ്രശ്നങ്ങൾ കാരണം 2017 മാർച്ച് 31ന് സൈന്യത്തിൽനിന്ന് വിരമിക്കാനൊരുങ്ങിയപ്പോൾ സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് ഒരഭ്യർഥനയേ ഉണ്ടായിരുന്നുള്ളൂ ^ഒന്നുകൂടി ലോങ്ഡി പാബ്രം സന്ദർശിക്കണം. സന്തോഷത്തോടെ ഇത് സ്വീകരിച്ച പിള്ള വിരമിക്കുന്നതിന് നാലുദിവസം മുമ്പ് വീണ്ടും അന്നാട്ടുകാരെ കാണാനെത്തി. ഒരിക്കൽക്കൂടി സ്വീകരിക്കാൻ ആ ഗ്രാമം ഒന്നടങ്കം എത്തിയേപ്പാൾ മാസബിലിയുവിന്റെയും ദിംഗമാംഗിന്റെയും മനസ്സ് മാത്രമല്ല, കണ്ണും നിറഞ്ഞൊഴുകി. തങ്ങളുടെ രക്ഷകനോടുള്ള കടപ്പാട് അവർ ആദരപൂർവം അനുസ്മരിച്ചു. പിള്ള ഗ്രാമത്തിൽ താമസിക്കാൻ തയാറുണ്ടെങ്കിൽ അതിനുള്ള സ്ഥലം നൽകാമെന്ന ഗ്രാമത്തലവന്റെ വാഗ്ദാനം വന്നപ്പോൾ നിങ്ങളുടെ മനസ്സിൽ മാത്രം ഇടം മതിയെന്നായിരുന്നു മറുപടി. ഇതുവരെ വൈദ്യുതി വെളിച്ചം എത്താത്ത ഗ്രാമത്തിന് അസം റൈഫ്ൾസിന്റെ സഹകരണത്തോടെ സോളാറിൽ പ്രകാശിക്കുന്ന 500 വിളക്കുകളും 100 റാന്തലുകളും 10 തെരുവുവിളക്കുകളും സമ്മാനിച്ചാണ് അദ്ദേഹം മടങ്ങിയത്. ഒപ്പം തന്റെ അഭ്യർഥന മാനിച്ച് സർക്കാർ അനുമതി നൽകിയ ദേശീയപാതയുടെ പ്രഖ്യാപനവും അദ്ദേഹം നടത്തി. നേരേത്ത അനുമതിയായതാണെങ്കിലും ആ വിവരമറിയാതിരുന്ന ഗ്രാമീണർ നിലക്കാത്ത കൈയടികളോടെയും ജയ്വിളികളോടെയുമാണ് അതിനെ എതിരേറ്റത്.
സൈന്യത്തിലേക്കുള്ള വരവ്
പിതാവും മുത്തച്ഛനും രാജ്യത്തിനുവേണ്ടി പോരാടാൻ തോക്കെടുത്തവരായതിനാൽ പിള്ളക്ക് മുന്നിലും ആദ്യം തെളിഞ്ഞുവന്ന വഴി സൈന്യത്തിലേക്കായിരുന്നു. ബംഗളൂരു മിലിട്ടറി അക്കാദമിയിൽനിന്നും നാഷനൽ ഡിഫൻസ് അക്കാദമിയിൽനിന്നും പഠനം പൂർത്തിയാക്കിയ ശേഷം 1988ലാണ് സൈന്യത്തിന്റെ ഭാഗമാകുന്നത്. പഞ്ചാബിലും ജമ്മു-കശ്മീരിലും മണിപ്പൂരിലുമെല്ലാം സേവനമനുഷ്ഠിച്ചു. ജോലിക്കിടയിലും പഠനം ഉപേക്ഷിക്കാതിരുന്ന അദ്ദേഹം സിക്കിം മണിപ്പാൽ സർവകലാശാലയിൽനിന്ന് പി.ജിയും ജനീവയിൽനിന്ന് സെക്യൂരിറ്റി പോളിസി കോഴ്സും ന്യൂയോർക് സിറ്റിയിലെ ഫോർധം യൂനിവേഴ്സിറ്റിയിൽനിന്ന് ഹ്യുമാനിറ്റേറിയൻ അസിസ്റ്റൻറ് കോഴ്സും 2014ൽ യു.എൻ സിവിൽ മിലിട്ടറി കോഒാഡിനേഷൻ കോഴ്സും പൂർത്തിയാക്കി. ന്യൂഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസ്, സെൻറർ ഫോർ പോളിസി റിസർച് എന്നിവയിൽ റിസർച് ഫെലോയായി പ്രവർത്തിച്ച പിള്ള പഞ്ചാബ് യൂനിവേഴ്സിറ്റിയിൽനിന്ന് പിഎച്ച്.ഡിയും കരസ്ഥമാക്കി. ഇടക്ക് താൻ പഠനം പൂർത്തീകരിച്ച ബംഗളൂരു മിലിട്ടറി സ്കൂളിൽ അഡ്മിനിസ്ട്രേറ്റിവ് ഒാഫിസറായും എത്തി കുട്ടികൾക്ക് ധീരതയുടെ പാഠങ്ങൾ പകർന്നുനൽകി. ക്യാപ്റ്റൻ, മേജർ റാങ്കുകൾ കടന്ന് 2006ൽ കേണൽ പദവിയിലെത്തിയ പിള്ള അതേവർഷം പ്രതിരോധ മന്ത്രാലയത്തിൽ പ്ലാനിങ് ഒാഫിസറായി. സർവിസിലിരിക്കെ ആദ്യമായി ഇൗ പദവിയിലെത്തുന്ന സൈനികനെന്ന ബഹുമതിയും അദ്ദേഹത്തെ തേടിയെത്തി. ജനീവയിൽ നടന്ന നിരായുധീകരണ സമ്മേളനത്തിൽ അന്നത്തെ പ്രതിരോധ മന്ത്രി പ്രണബ് മുഖർജിക്കൊപ്പം രാജ്യത്തെ പ്രതിനിധാനം ചെയ്തതും അവിസ്മരണീയ അനുഭവമായി.
കുടുംബത്തിന്റെ പിന്തുണ
ശരീരത്തിൽ വെടിയുണ്ടകളേറ്റ് മരണത്തെ മുന്നിൽ കണ്ടപ്പോഴും ഒരു വർഷത്തോളം സൈന്യത്തിൽനിന്ന് വിട്ടുനിൽക്കേണ്ടി വന്നപ്പോഴും കൂടെനിന്ന് കരുത്തുപകർന്നത് ഭാര്യ ലക്ഷ്മിയും മറ്റു കുടുംബാംഗങ്ങളുമായിരുന്നു. രാജ്യത്തിനുവേണ്ടി ധീരരായ സൈനികരെ സമ്മാനിച്ച കുടുംബം ഇൗ അവസ്ഥ കണ്ട് കണ്ണീരൊഴുക്കിയിട്ടില്ല. വീണ്ടും പോരാടാനുള്ള ഉൗർജം പകർന്നുനൽകുകയായിരുന്നു. അങ്ങനെ ഒരു വർഷംകൊണ്ട് അദ്ദേഹം വീണ്ടും സൈനിക യൂനിഫോമണിഞ്ഞു. ഉള്ളിലെ വീര്യം കൂടിയിേട്ട ഉണ്ടായിരുന്നുള്ളൂ. മുൻ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായരുടെ കൊച്ചുമകളായ ഭാര്യ ലക്ഷ്മി ഇപ്പോൾ ബംഗളൂരു റെസിഡൻസി സ്കൂളിൽ അധ്യാപികയാണ്. മക്കളായ സിദ്ധാർഥ്, ഹർഷവർധൻ, വിക്രമാദിത്യ എന്നിവരെയും രാജ്യത്തിന്റെ പോരാളികളാക്കണമെന്നു തന്നെയാണ് പിള്ളയുടെ ആഗ്രഹം. രാജ്യത്തെ പ്രമുഖ ചാനലുകളിലൊന്നായ സി.എൻ.എൻ^െഎ.ബി.എൻ ‘ഇന്ത്യ പോസിറ്റിവ്’ എന്ന പരിപാടിയുടെ ആദ്യ എഡിഷനിൽ തന്നെ കേണൽ ഡി.പി.കെ. പിള്ളയുടെ ധീരചരിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചു. ചാനലിന്റെ സ്പെഷൽ അച്ചീവ്മെൻറ് അവാർഡും അദ്ദേഹത്തെ തേടിയെത്തി. ജീവിതത്തിൽ അംഗീകാരങ്ങൾ ഏറെ ലഭിച്ചെങ്കിലും ഒന്നും ലോങ്ഡി പാബ്രത്തുകാരുടെ സ്നേഹത്തോളം വരില്ലായിരുന്നു. ജനിച്ച നാടിനോടുപോലും ഇത്രയും വൈകാരിക ബന്ധം ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്നും പിള്ള സാക്ഷ്യപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.