വാദ്യരൂപങ്ങൾക്ക് ശബ്ദഗാംഭീര്യത്തിന്റെ അംശമേകിക്കൊണ്ട്, അതിന്റെ ആസ്വാദനത്തിന് അലങ്കാരമായി നിലകൊള്ളുന്ന വാദ്യമാണ് ഇലത്താളം. എല്ലാ മേളരൂപങ്ങളിലും പിൻനിരയിലായി നിലകൊളളുന്ന ഇലത്താളകലാകാരന്മാർക്ക് പണ്ടുമുതൽക്കേ ആസ്വാദകർ കാര്യമായ പ്രാധാന്യം നൽകിവരുന്നില്ല എന്നത് യാഥാർഥ്യം. മുൻനിര വാദ്യങ്ങളെ സംബന്ധിച്ച പഠനങ്ങൾ നടത്താനും അതിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനുമാണ് ഏറെവിഭാഗം കലാപ്രേമികളും ആസ്വാദകരും ശ്രമിക്കുന്നത്. ഇലത്താളക്കാർക്ക് കാര്യമായ അംഗീകാരം ലഭിക്കാതിരുന്ന കാലത്തേ തന്റെ കലാജീവിതത്തെ ഇലത്താളത്തിന്റെ വാദനവഴിയിലൂടെ തെളിക്കാൻ മുന്നിട്ടിറങ്ങി അതിൽ വിജയം കണ്ടെത്തിയ കലാകാരനാണ് ‘പല്ലാവൂർ രാഘവപ്പിഷാരോടി’. ഇലത്താളക്കാർക്ക് തങ്ങളുടേതായ ഒരു സ്ഥാനം വാദ്യലോകത്ത് പടുത്തുയർത്തുന്നതിൽ ഇദ്ദേഹത്തിെൻറ കലാജീവിതം ഒരു പരിധിവരെ പങ്കുവഹിച്ചു.
കേരളീയവാദ്യ ചരിത്രത്തിലെ മഹത്തായ അധ്യായമായിരുന്ന പല്ലാവൂർ ത്രയങ്ങളുടെ (അപ്പു മാരാർ, മണിയൻ മാരാർ, കുഞ്ഞുകുട്ടൻ മാരാർ) കലാജീവിതത്തിൽ രാഘവപ്പിഷാരോടിക്ക് നിസ്തുലമായ സ്ഥാനമാണുള്ളത്. അവരോടൊത്ത് പ്രവർത്തിച്ചതും അവരുടെ നായകത്വത്തിൽ അരങ്ങേറിയ മേള-പഞ്ചവാദ്യാതികളിൽ ഭൂരിഭാഗത്തിനും ഇലത്താളപ്രമാണിയായ് സ്ഥാനം വഹിച്ചതുമാണ് രാഘവപ്പിഷാരോടിയുടെ കലാജീവിതത്തിലെ മഹത്തായ മുഹൂർത്തങ്ങൾ. പെരുമയേറിയ പല്ലാവൂർ ത്രയങ്ങളുടെ വാദനത്തിന്, താളഭംഗിയുടെ മേമ്പൊടിചാർത്തി, നീണ്ട 30ഓളം വർഷം, കലാജീവിതത്തിൽ അവരെ അനുഗമിച്ചു. ത്രയങ്ങളുടെ കലാപര്യടനത്തിെൻറ അന്ത്യനിമിഷം വരെ അവരോടൊത്ത്, എവിടെയും ഉയർന്നുകേട്ട താളമാണ് രാഘവപ്പിഷാരോടിയുടേത്.
പിതാവ് നാരായണപ്പിഷാരോടിയിൽ നിന്നാണ് ഇലത്താളത്തിന്റെ ബാലപാഠങ്ങൾ രാഘവപ്പിഷാരോടി കരസ്ഥമാക്കിയത്. ഇലത്താളത്തെ മുഖ്യകലോപാധിയാക്കും മുമ്പേ പല്ലാവൂർ കുഞ്ഞുകുട്ടൻ മാരാരുടെ കീഴിൽ തായമ്പക പഠിച്ച് അരങ്ങേറ്റം നടത്തി. ഇതിനു ശേഷമായിരുന്നു രാഘവപ്പിഷാരോടിയുടെ കലാജീവിതത്തിന്റെ തുടക്കം. വാദ്യകലയിലെ ചരിത്രനായകന്മാർക്കൊപ്പം ജീവിതം പങ്കിടുന്നതിലൂടെയും കലക്കു വേണ്ടി ജീവിതത്തെ അർപ്പിക്കുന്നതിലൂടെയും വാദ്യകലയിലെ സങ്കീർണതകളേറിയ താളക്കണക്കുകൾ രാഘവപ്പിഷാരോടിക്ക് അടിപ്പെടുകയായിരുന്നു എന്നുപറയുന്നതിലും അതിശയമില്ല.
കലാപരിചയം കൊണ്ട് ഒരു യഥാർഥ നായകന്റെ സകലഗുണങ്ങളും സമ്മേളിച്ച അദ്ദേഹത്തിെൻറ താളപ്രമാണം, പല്ലാവൂർക്കാർക്ക് മാത്രമല്ല, ഇതേ കാലഘട്ടത്തിൽ വാദ്യലോകത്തെ വിസ്മയിപ്പിച്ച മറ്റു കലാകാരന്മാർക്കും അലങ്കാരമായി വർത്തിച്ചിട്ടുണ്ട്. പ്രമാണത്തിനിടയിലും താളനിരയിലെ പ്രാഗല്ഭ്യം കുറവുള്ളവരേയും ശ്രദ്ധിച്ച് ഒപ്പം കൊണ്ടുവരാനും അദ്ദേഹം ശ്രമിച്ചിരുന്നു. “രാഘവപ്പിഷാരോടി പ്രമാണിയായ് പിന്നിലുണ്ടെങ്കിൽ കണ്ണ് ചിമ്മിനിന്ന് കൊട്ടാം” എന്ന് യശഃശരീരനായ ചോറ്റാനിക്കര നാരായണ മാരാർ പറഞ്ഞിട്ടുണ്ട്. അത്രയേറെ അഗാധമായ ജ്ഞാനമാണ് വാദ്യകലയിലെ താളക്കണക്കുകളെ സംബന്ധിച്ച് രാഘവപ്പിഷാരോടിക്കുള്ളത്. ‘പ്രമാണിമാരുടെ മനസ്സറിഞ്ഞ് താളം പിടിക്കുക’ എന്ന ഇദ്ദേഹത്തിെൻറ ശൈലി ഈ അതിജ്ഞാനത്തിന്റെ പ്രതിഫലനം തന്നെ. സ്വഭാവത്തിലെ എളിമയും,ലാളിത്യവും കൊണ്ട് സഹപ്രവർത്തകരുടെയും ആസ്വാദകരുടെയും പ്രിയപ്പെട്ട ‘രാഘവേട്ട’നായി അദ്ദേഹം.
കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ, 1984-ൽ പല്ലാവൂർ മണിയൻ മാരാർ നേതൃത്വം നൽകിയ പഞ്ചവാദ്യസംഘത്തിന്റെ വിദേശപര്യടനത്തിൽ ഇലത്താളപ്രമാണിയായ് അനുഗമിച്ച രാഘവപ്പിഷാരോടിയുടെ താളവൈഭവം ഇറ്റലി, ഫ്രാൻസ്, ഇംഗ്ലണ്ട്, ആഫ്രിക്ക മുതലായ രാജ്യങ്ങളിൽ പ്രദർശിപ്പിക്കാനായി.കേരളത്തിനകത്തെ ഒട്ടുമിക്ക പ്രസിദ്ധോത്സവങ്ങളുടേയും മേള-പഞ്ചവാദ്യാതികളിൽ ഇലത്താളത്തിന്റെ അമരക്കാരനായി പ്രത്യക്ഷപ്പെട്ടുകഴിഞ്ഞ അദ്ദേഹം, ഇന്ന് തൃശൂർപൂരം പാറേമക്കാവ് വിഭാഗത്തിെൻറ ഇലത്താളപ്രമാണികൂടിയാണ്. വർഷങ്ങൾക്കു മുമ്പ് ഒരു ഉത്സവവേളയിൽ ആനയുടെ ആക്രമണത്തിന് ഇരയായ അദ്ദേഹം മാരകപരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ശാരീരിക പ്രശ്നങ്ങൾകൊണ്ട് പല ഉത്സവങ്ങൾക്കും എത്തിപ്പെടാനാകുന്നില്ല എങ്കിലും, ഇന്നും പ്രധാനപ്പെട്ട ഉത്സവങ്ങൾക്കെല്ലാം ഇലത്താളത്തിന്റെ നായകസ്ഥാനം അലങ്കരിക്കുന്ന രാഘവപ്പിഷാരോടിയെ,നിരവധി പുരസ്കാരങ്ങളും സുവർണമുദ്രകളും തേടിയെത്തിയിട്ടുണ്ട്...’പല്ലാവൂർത്രയം കർമശ്രേഷ്ഠ’ പുരസ്കാരം, ‘മേളം ദുബായ്’ പുരസ്കാരം, വാദ്യശ്രേഷ്ഠ പുരസ്കാരം എന്നിവ അതിൽ ചിലതാണ്. ഇലത്താളത്തിനും ഇലത്താളകലാകാരന്മാർക്കും വാദ്യലോകത്ത് അംഗീകാരവും,പുതിയ മാനങ്ങളും സൃഷ്ടിക്കാൻ കാരണക്കാരനായ പല്ലാവൂർ രാഘവപ്പിഷാരോടിയുടെ കലാജീവിതം ആദരിക്കപ്പെടേണ്ട ഒന്നുതന്നെയാണ്. വാദ്യകലക്ക് എന്നെന്നും മുതൽക്കൂട്ടാകുന്ന സംഭാവനകൾ നൽകിയ ഇത്തരം ശ്രേഷ്ഠകലാകാരന്മാർക്ക് വേണ്ടത്ര അംഗീകാരങ്ങൾ ഇനിയും ലഭിച്ചിട്ടില്ല എന്നകാര്യം വിസ്മരിക്കുകയുമരുത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.