1757ലെ പ്ലാസിയുദ്ധത്തിൽ സിറാജുദ്ദൗലയെ തോൽപിക്കാനാവില്ലെന്ന് മനസ്സിലാക്കിയ റോബർട്ട് ക്ലൈവിെൻറ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം പടനായകനായ മിർജാഫറിനെ തന്ത്രപരമായി വശപ്പെടുത്തി, ചതിയിലൂടെ സിറാജുദ്ദൗലയെ പരാജയെപ്പടുത്തുകയും പകരം മിർജാഫറിനെ നവാബായി വാഴിക്കുകയും ചെയ്തു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗ്നസ് ജില്ല കലക്ടറുടെ ഔദ്യോഗിക വസതിയിലിരുന്ന് ഓർക്കുമ്പോൾ ചരിത്രത്തിെൻറ ഈ താളുകൾക്ക് ഒരു സവിശേഷതയുണ്ട്. തന്നെ നവാബാക്കിയതിന് പ്രത്യുപകാരമായി െകാൽക്കത്തയിലെ 24 ഗ്രാമങ്ങൾ മീർ ജാഫർ ബ്രിട്ടീഷുകാർക്ക് പതിച്ചുനൽകി.
പിന്നീട് ഈ ഗ്രാമങ്ങൾ 24 പർഗനാസ് ജില്ലയായി രൂപാന്തരപ്പെടുകയും 1986ൽ അത് സൗത്ത്, നോർത്ത് എന്നീ രണ്ട് ജില്ലകളായി മാറുകയും ചെയ്തു. സൗത്ത് 24 പർഗനാസ് ജില്ല ആസ്ഥാനമായ ആലിപ്പൂരിലാണ് കലക്ടറുടെ വസതിയായ ‘താക്കറെ ഹൗസ്’. താക്കറെ ഹൗസിൽ /മജിസ്ട്രേറ്റ് ബംഗ്ലാവിൽ മുകൾനിലയിൽ വീതിയേറിയ വരാന്തയിലിരുന്ന് ആഴ്ചപ്പതിപ്പ് വായനയിലായിരുന്നു ഞാൻ. ബ്രിട്ടീഷ് കാലഘട്ടത്തിെൻറ ചരിത്ര പ്രമാണമായും കൊൽക്കത്ത മുനിസിപ്പാലിറ്റി പൈതൃകസ്വത്തുക്കളായി പെടുത്തിയിരിക്കുന്നു ഈ ബംഗ്ലാവ്. 1763ൽ നിർമിതമായ മജിസ്ട്രേറ്റ് ഹൗസ് ഒരുപേക്ഷ കൊളോണിയൽ കാലഘട്ടത്തിലെ ഏറ്റവും പുരാതനമായ ഔദ്യോഗിക വസതിയാവാം. പ്രവേശന കവാടത്തിലെ ഗംഭീര കമാനത്തിനിരുവശത്തുമായി രണ്ട് അപൂർവ ഫലകങ്ങൾ.
നാൽപതിനോടടുത്തു പ്രായം കാണും സർജുലിന്. നല്ല ഉയരം. ഇരു നിറം. വെറ്റിലക്കറയാൽ നിറഞ്ഞ പല്ലുകൾ. സാധാരണ ആള് വളരെ ഉഷാറിലായിരിക്കും. ഇന്നെന്തുപറ്റി ആവോ? മൊത്തം ക്ഷീണത്തിലാണ് മൂപ്പർ. രണ്ടു ദിവസത്തെ ലീവ് എടുത്ത് വീട്ടിൽ പോയി വന്നതാണ്. ബുക്ക് ഷെൽഫിലെ പൊടി തുടച്ചു കൊണ്ട് ‘മേംസാബ്, പർസോ ദിൻ ബാബു മാല ഹഡ്യേഗേച്ചേ? ( മിനിഞ്ഞാന്ന് മോൾടെ മാല കാണാതെ പോയെന്നു കേട്ടു. ശരിയാണോ?) ഉം... (വാപ്പ കുട്ടികൾക്കു കൊണ്ടുവന്ന സ്വർണമാല നഷ്ടമായതിെൻറ സങ്കടം മാറിയില്ല. അപ്പോഴാ അവെൻറ ഒരു ചോദ്യോത്തര പംക്തി) ഡസ്റ്ററും ൈകയിൽ പിടിച്ച് എന്നെ നോക്കി നിൽക്കുന്നു വിശദീകരണത്തിന്. ഇതിനൊക്കെ ഇവർക്കു നല്ല ഉത്സാഹമാണ്. നാട്ടിലെ ജില്ല കലക്ടർ ബംഗാളിൽ അറിയപ്പെടുന്നത് ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് എന്നാണ്.
സെക്യൂരിറ്റി, ഹോം ഗാർഡ്, കുക്ക്, ഓർഡർലി, മാലി, ഡസ്റ്റിങ്, മാസി അങ്ങനെ പല പേരുകളിലായി പത്തു-നാൽപത് പേരുണ്ടാകും ജോലിക്കാർ. പല ഷിഫ്റ്റുകളിലായി അവർക്ക് ജോലി നൽകുക എന്നുള്ളത് മറ്റൊരു ജോലിയാണ്. മജിസ്ട്രേറ്റ് ബംഗ്ലാവിലെ ജോലിക്കാരെ നിയന്ത്രിക്കാൻ ഒരു ‘ബഡാ ബാബു’ ഉണ്ടാകും. ബ്രിട്ടീഷ് സംസ്കാരത്തിെൻറ ശിഷ്ടാചാരങ്ങൾ പലതും ഇത്തരം ഔദ്യോഗിക വസതികളിൽ ഇപ്പോഴും കാണാം. ഞാൻ മറുപടി നൽകാത്തതിനാലാവാം സർജുൽ പിന്നെ മാലയെപ്പറ്റി ചോദിച്ചില്ല. രാവിലെയും ഉച്ചക്കും രണ്ടു ഷിഫ്റ്റുകളിലായി ഡസ്റ്റിങ് ചെയ്യാറുണ്ട്. 20,000 ചതുശ്ര അടി വിസ്തീർണമുള്ള മജിസ്ട്രേറ്റ് ഹൗസിൽ ഈടുറ്റ മരത്തടികളിൽ തീർത്ത ഫർണിച്ചറുകളുടെ പൊടി തുടക്കൽ ദിനേന ചെേയ്യണ്ട ഒരു കാര്യംതന്നെയാണ്. മേംസാബ്, ഖുറാൻ ശൊരീഫ് ഖുലാ ആചേ... (ഖുർആൻ തുറന്നു െവച്ചിരിക്കുന്നു) സർജുൽ സ്ഥിരമായി ഖുർആൻ ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞ് എടുത്തു വെക്കാറുണ്ട്. കാലത്ത് ഡസ്റ്റിങ്ചെയ്ത ഹരികൃഷ്ണ പ്രമാണിക് അത് ചെയ്തില്ല എന്നായിരിക്കാം അവൻ സൂചിപ്പിച്ചത്.
ഗിരീഷ് ചന്ദ്ര സെനിനെ കുറിച്ച് വായിച്ചു കൊണ്ടിരുന്നതിനാലാവാം എനിക്ക് അമർഷം തോന്നി. തുമി ഖുർആൻ പൊട്തെ ജാനി? (നിനക്കു ഖുർആൻ വായിക്കാൻ അറിയാമോ?) നാ മേംസാബ്... നമാസ് കോർത്തെ ജാനി ? (നിസ്കരിക്കാൻ അറിയുമോ). അവെൻറ തല പതുക്കെ താഴ്ന്നു. നാ... മൊസ്ജിദേ സബായി കൊറേ, തകുൻ... (ഇല്ല... പള്ളിയിൽ എല്ലാരും ചെയ്യുമ്പോ അത് പോലെ...) വായിക്കാനും നിസ്കരിക്കാനും അറിയാത്ത നീ ഖുർആൻ പൊതിഞ്ഞു കെട്ടിവെച്ചിട്ട് എന്ത് പുണ്യം കിട്ടാനാ? രോഷത്തോടെ ഞാൻ പറഞ്ഞുനിർത്തി.
മേംസാബ് ഛോട്ടോ ബേലാതെ ബാബ മാര്യേ ഗിയെച്ചെ. താർപൊരെ മാ അസ്വസ്ഥ ഹോയെച്ചെ (ചെറുപ്പത്തിലേ വാപ്പ മരിച്ചു പോയെന്നും മാനസിക പ്രശ്നങ്ങളിൽപെട്ട ഉമ്മ, രണ്ട് പെങ്ങന്മാരെ കല്യാണം കഴിപ്പിച്ചതും അതിലൊരാൾ മരിച്ചു, അവരുടെ കുട്ടികളെയും ഉമ്മയെയും ഒക്കെ ഇപ്പൊ പരിപാലിക്കുന്ന കാര്യങ്ങളൊക്കെ അവൻ പറഞ്ഞു) മുഴുമിപ്പിക്കുന്നതിനു മുമ്പ് ഞാൻ ഇടപെട്ടു. സർജുൽ, ജീവിത്തിൽ എല്ലാവർക്കും എന്തെങ്കിലുമൊക്കെ തടസ്സങ്ങൾ ഉണ്ടാവും. അതൊന്നും അറിവ് നേടുന്നതിൽനിന്ന് നമ്മളെ പിന്തിരിപ്പിക്കാനുള്ള കാരണങ്ങൾ ആവരുത്. നീ ഇപ്പൊ പൊതിഞ്ഞു കെട്ടിെവച്ച ഖുർആൻ ഉണ്ടല്ലോ. അത് ബംഗാളിയിലേക്ക് തർജമചെയ്തത് ഗിരീഷ് ചന്ദ്ര സെൻ ആണ്. ഒരു ഹിന്ദുവിെൻറ പേര് കേട്ടതിനാലാവാം ആശ്ചര്യത്തോടെ അവൻ എന്നെ നോക്കി.
എെൻറയും നിെൻറയും ആളുകൾ അദ്ദേഹത്തെ ബഹുമാനപുരസ്സരം ‘ഗിരീഷ് ബാബു’ എന്നാണ് അഭിസംബോധന ചെയ്തിരുന്നത്. പതിയെ അവെൻറ കണ്ണുകൾ നിറയുന്നതുപോലെ തോന്നി. പെട്ടന്നുതന്നെ അവൻ അവിടെനിന്ന് പോയി. അപമാനിതനായോ അവൻ...? പറയേണ്ടിയിരുന്നില്ലേ..? ഇല്ല... പറയണം, തെറ്റുകൾ തിരുത്തണം, ചിന്തകൾ നേർ വഴിയിലാവട്ടെ. അറിവിെൻറ ആത്യന്തിക ലക്ഷ്യം വിശ്വാസത്തിലെ അല്ല പ്രവൃത്തിയിലെ നന്മയാവണം. കുറച്ചുസമയം കണ്ണുകളടച്ചു ചാരിക്കിടന്നു. അസ്ർ നിസ്കരിച്ചുവന്ന് വരാന്തയിലൂടെ അൽപം നടന്നു.
മട്ടുപ്പാവിെൻറ ഇടതു വശത്തുനിന്ന് നോക്കിയാൽ ആദിഗംഗ പതിയെ ഒഴുകുന്നത് കാണാം. ഉണങ്ങി ശുഷ്കിച്ചിരിക്കുന്നു അവൾ. ഇത്തിരി കുങ്കുമ വർണത്തിൽ ഗംഗയെ പുണരാനായി പതിയെ ആദിത്യൻ കൈകൾ നീട്ടി. മേംസാബ് ... മേംസാബ്... നടത്തം നിർത്തി ഞാൻ നോക്കി. കിതച്ചുകൊണ്ട് സർജുൽ മുഹമ്മദ്. കി ഹോളോ? (എന്തുപറ്റി) നെറ്റിയിലെ വിയർപ്പുതുള്ളികൾ തുടച്ചു കൊണ്ട്.. ചുരുട്ടിപ്പിടിച്ചിരുന്ന മറ്റേകൈ പുഞ്ചിരിയോടെ തുറന്നു കാണിച്ചു. ഒരു നിമിഷം ഞാൻ സ്തബ്ധയായി! മാല... മോൾടെ മാല ! കോതായ്തേക്കേ പെയേച്ചേ? (എവിടന്ന് കിട്ടി) എങ്ങനെ ..? അഞ്ചാറു പേർ ചേർന്ന് അരിച്ചുപെറുക്കിയതാ .. പിന്നീട് ഞാൻ ഒറ്റക്ക് മോൾ കളിച്ച സ്ഥലങ്ങളിലൊക്കെ രണ്ടു ദിവസം നോക്കിനടന്നു. ഇവന് ഇതെവിടന്ന്..?
നിവർത്തിപ്പിടിച്ച കൈപ്പത്തിയിൽനിന്ന് മാലയെടുക്കാൻ കൂട്ടാക്കാത്ത എന്നെ നോക്കി അവൻ - ‘മേംസാബ്, ബഗാനെ സാംനെ മാട്ടീതെക്കെ പെയേച്ചേ (പൂന്തോട്ടത്തിനടുത്തുള്ള മണ്ണിട്ട സ്ഥലത്തുനിന്നാണ്) അവിടെയൊക്കെ ഞാൻ നോക്കിയതാണല്ലോ... ജോലിക്കാരും കുറെ നോക്കി. ഏമ്നി ദേക് ലേ പാബേനാ (വെറുതെ നോക്കിയാ കിട്ടില്ല മേംസാബ്). പിന്നെ? ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ എന്ന് മനസ്സിൽ ഉറപ്പിച്ചു ചൊല്ലി നോക്കണം. കളഞ്ഞു പോയത് എന്താണേലും കിട്ടും. ഉം.. മാനെ കി (അങ്ങനെ പറഞ്ഞാ എന്താ?) എെൻറ ശബ്ദം താഴ്ന്നു -എല്ലാം അവനിൽ നിന്നാണ്. അവനിലേക് തന്നെയാണ് മടക്കവും. കണ്ണും ൈകയും മുകളിലേക്കു നീട്ടി ബംഗ്ലയിൽ അത്രയും പറഞ്ഞ് സർജുൽ നിർത്തി. എത്രനാൾ കഴിഞ്ഞാലും കിട്ടുമോ സർജുൽ? നൂറു ശതമാനം മേംസാബ്!
അവസാനത്തെ വരികൾ എെൻറ കാതുകളിൽ അലയടിച്ചു, നൂറു ശതമാനം !! മാല അവൻ എെൻറ നേർക്കു നീട്ടി. പതിയെ എെൻറ കൈകളിലേക്കിട്ടു. അസ്തമയ സൂര്യെൻറ കിരണങ്ങളേറ്റ് അതൊന്നു തിളങ്ങി. പേക്ഷ, അതിലുമേറെ, പത്തരമാറ്റിെൻറ തിളക്കം ആ പാവത്തിെൻറ ആത്മവിശ്വാസത്തിനുണ്ട്. നടന്നുപോകുന്ന അവനെ നോക്കി മനസ്സ് വിളിച്ചു; സർജുൽ മുഹമ്മദ് ബാബു!
മഗ്രിബ് ബാങ്കിന് ഇനി അൽപ സമയം ബാക്കി... പതിവായുള്ള വിഷാദഭാവം അസ്തമനത്തിനിന്നില്ല. ആകാശം നിറയെ കൂട്ടിലേക്ക് ചേക്കേറാൻ പറക്കുന്ന കിളികൾ. നോമ്പുകാലവും ഇതാ വന്നെത്തി. മനസ്സ് വർഷങ്ങൾക്കപ്പുറത്തേക്ക് പാഞ്ഞു. മനസ്സിൻ മുറ്റത്തേക്കു ചില സുലൈമാനിത്തുള്ളികൾ ചിതറിത്തെറിച്ചു. അതിലേറ്റവും മധുരം നോമ്പുകാലത്തെ സുലൈമാനിയാണ്; അത്താഴത്തിനൊപ്പമുള്ള സുലൈമാനി. ഓർമകളെ മുറിച്ച് മഗ്രിബ് ബാങ്ക് വിളിച്ചു. അല്ലാഹു അക് ബർ... അല്ലാഹു അക്ബർ...
ലേഖികയുടെ മെയിൽ വിലാസം: safarasindo@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.