ഫോര്ട്ടുകൊച്ചിക്കാരന് വേണുവിന്റെ കരവിരുത് പെരുമയേറിയതാണ്. കടലേഴും കടന്ന് യൂറോപ്പ് വരെ എത്തിയിട്ടുമുണ്ട് വേണുവിന്റെ പ്രശസ്തി. പാഴ്വസ്തുവെന്ന് നമ്മള് കരുതുന്ന പല സാധനങ്ങള്‍ കൊണ്ടും വേണു വിസ്മയങ്ങള്‍ തീര്‍ത്തിട്ടുണ്ട്. അതെല്ലാം നേരില്‍കണ്ട് മനസ്സിലാക്കണമെങ്കില്‍ ഫോര്‍ട്ടുകൊച്ചി പാണ്ടിക്കുടിയില്‍ കൊച്ചേരി ജങ്ഷനിലെ വേണുവിന്റെ വീട്ടിലേക്കും സമീപമുള്ള ജി.വി.പി സൈക്കിള്‍സ് എന്ന കടയിലേക്കും എത്തിയാല്‍ മതിയാകും. ജി.വി.പി സൈക്കിള്‍സ് എന്ന സ്ഥാപനത്തിന്റെ പരിസരത്ത് കൗതുകം ജനിപ്പിക്കുന്ന വിധമുള്ള സൈക്കിളുകള്‍ നിരത്തിെവച്ചിരിക്കുന്നതു കാണാം. സൈക്കിളുകളോടുള്ള ഇഷ്ടം മൂത്ത് വേണു നിര്‍മിച്ചതാണ് ഈ സൈക്കിളുകള്‍. സൈക്കിളുകളോടുള്ള കമ്പം വേണുവിനെ സിനിമാലോകവുമായി അടുപ്പിക്കുകയും ചെയ്തിട്ടുണ്ട്.
വേണുവിന്റെ കഴിവ് മനസ്സിലാക്കിയ നടന് മോഹന്‍ലാല്‍, ഒരു സൈക്കിള്‍റിക്ഷ നിര്‍മിച്ചു കൊടുക്കണമെന്നു വേണുവിനോട് ആവശ്യപ്പെടുകയുണ്ടായി. ചുരുങ്ങിയ ദിവസം കൊണ്ടുതന്നെ പ്രിയനടന്റെ ആഗ്രഹം വേണു സാധിച്ചു കൊടുത്തു. നിരവധി സിനിമകളില്‍ വേണു നിര്‍മിച്ച ഫാന്‍സി സൈക്കിളുകള്‍ ഉപയോഗിച്ചിട്ടുണ്ട്. സിനിമയില്‍ കലാസംവിധായകനായ സാലു കെ. ജോര്‍ജിനു വേണ്ടി സൈക്കിള്‍റിക്ഷ നിര്‍മിക്കുന്ന തിരക്കിലാണിപ്പോള്‍ വേണു. വേണുവിന്റെ കലാവിരുത് സൈക്കിള്‍ നിര്‍മാണത്തില്‍ മാത്രം ഒതുങ്ങി നില്ക്കുന്നതല്ല. ബഹുമുഖ മേഖലകളില്‍ വേണുവിന്റെ കഴിവ് വ്യാപിച്ചു കിടക്കുന്നു. ഫോര്‍ട്ടുകൊച്ചിയില്‍ പുതുവര്‍ഷത്തോടനുബന്ധിച്ച് കഴിഞ്ഞ 16 വര്‍ഷമായി നടക്കുന്ന കാര്‍ണിവലില്‍ 12 വര്‍ഷവും വേണു രൂപകൽപന ചെയ്ത കലാരൂപങ്ങളാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മൂന്ന് വര്‍ഷം മുമ്പ് താമസം തുടങ്ങിയ മണിമാളിക ശൈലിയിലുള്ള സ്വന്തം വീടിന്റെ ഡിസൈന്‍ ചെയ്തതും വേണു തന്നെയായിരുന്നു.
പടിപ്പുര, മുഖമണ്ഡപം, പൂമുഖപ്പടി, പൂമുഖം, അറപ്പുര, അകത്തളം, നിലവറ തുടങ്ങിയ കേരളീയ തനിമയുള്ള വീടുകള്‍ ഇന്ന് അപൂര്‍വമാണ്. എന്നാല്‍, വേണുവിന്റെ വീട്ടില്‍ ഇതെല്ലാമുണ്ട്. സിമൻറ് കട്ട, ഇഷ്ടിക ഒന്നും ഉപയോഗിക്കാതെയാണ് വീടു നിര്‍മാണം പൂര്‍ത്തിയാക്കിയത്. വീടിന്റെ ചുമർ അഥവാ മുറികളെ വേര്‍തിരിക്കുന്ന ഭിത്തി നിര്‍മിക്കാന്‍ ഉപയോഗിച്ചത് മരമാണ്. മരം, തറയോട്, ഓട് എന്നിവയാണു കൂടുതലായും ഉപയോഗിച്ചിരിക്കുന്നത്. വീട് നിര്‍മാണത്തിന് ആവശ്യമുള്ള മരത്തിന്റെ സാധനങ്ങളെല്ലാം ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണു വേണു ശേഖരിച്ചത്. ഇവിടെ പൊളിച്ച പഴയ ഇല്ലങ്ങളിലെയും കൊട്ടാരങ്ങളിലെയും മരത്തിന്റെ മച്ചും, വാതിലുമൊക്കെയാണ് ഉപയോഗിച്ചത്.
വീടിന് കൗതുകം പകരുന്ന നിരവധി പുരാവസ്തുക്കളും ഇവിടെയുണ്ട്. എച്ച്.എം.വിയുടെ ഗ്രാമഫോണ്‍, ഉഷ കമ്പനിയുടെ പഴയ സെല്‍ഫ് പെഡല്‍ ഫാന്‍ എന്നിവയെല്ലാം അത്തരത്തില്‍ ചിലതാണ്. പാലക്കാട് കൽപാത്തി രഥോല്‍സവത്തിന് ഉപയോഗിക്കുന്ന രഥത്തിന്റെ മരം ഉപയോഗിച്ചുള്ള ചക്രമാണു ചില മിനുക്കുപണികള്‍ ചെയ്തു വേണു വീട്ടിലെത്തുന്ന അതിഥികളെ സ്വീകരിക്കുന്ന പൂമുഖത്ത് ടീപോയിയായി ഉപയോഗിച്ചിരിക്കുന്നത്. ഈ വീട്ടിലിരുന്നാല്‍ എ.സിയുടെ ആവശ്യമില്ലെന്നതാണു മറ്റൊരു പ്രത്യേകത. എത്ര ചൂടുള്ള കാലാവസ്ഥയിലും ഈ വീടിനുള്ളില്‍ നല്ല തണുപ്പ് അനുഭവപ്പെടും. ഫോര്‍ട്ടുകൊച്ചി പാണ്ടിക്കുടി കൊച്ചേരി ബസാറില്‍ പ്രവര്‍ത്തിക്കുന്ന ജി.വി.പി സൈക്കിള്‍സ് ഉടമയാണ് വേണു.
സൈക്കിള്‍ റിപ്പയറിങ്ങില്‍ തുടങ്ങിയതാണു സൈക്കിളുകളുമായുള്ള വേണുവിന്റെ ബന്ധം. ആദ്യം ചില്ലറ സൈക്കിള്‍ റിപ്പയറിങ്ങില്‍ ഉപജീവനം തുടങ്ങിയ വേണുവിന് പിന്നീട് സൈക്കിളുകള്‍ പരീക്ഷണ വസ്തുവായും മാറി. വേണുവിന്റെ പരീക്ഷണശാലയില്‍നിന്നും പിറവിയെടുത്ത സൈക്കിളുകളുടെ എണ്ണം ഒരു ഡസനിലേറെയുണ്ട്. ഒറ്റ ചക്രം, മൂന്നു ചക്രം, ആറു ചക്രം സൈക്കിള്‍, ചാരിക്കിടന്ന് ചവിട്ടുന്ന സൈക്കിള്‍, 56 ഇഞ്ച് വിസ്തൃതി വരുന്ന ചക്രമുള്ള സൈക്കിള്‍, 2 സെക്കന്‍ഡ് കൊണ്ടു മടക്കിയെടുക്കാവുന്ന സിസര്‍ സൈക്കിള്‍ എന്നിവയാണു വേണു ഡിസൈന്‍ ചെയ്തെടുത്ത സൈക്കിളുകള്‍. ഇവയില്‍ ചില മോഡലുകള്‍ സിനിമകളില്‍ സ്ഥാനവും പിടിച്ചു.
സൈക്കിളുകളോടൊപ്പം വേണു ബൈക്കിലും പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. കുറച്ചു നാളുകള്‍ക്കു മുമ്പ് വേണു രൂപകൽപന ചെയ്ത ബാഗ് ബൈക്കാണ് ശ്രദ്ധ നേടിയത്. റോഡിലൂടെ ഓടിക്കാന്‍ സാധിക്കുന്നതിനൊപ്പം 22 ഇഞ്ച് വലുപ്പമുള്ള ബാഗിള്‍ തൂക്കിക്കൊണ്ടു നടക്കാവുന്ന ബൈക്കിന് നാല് അടി നീളമുണ്ട്. നാല് മടക്ക്, ഇരുപത് കിലോഗ്രാം ഭാരം, 25 സിസി, 55-65 മൈലേജ്, 45 കിലോമീറ്റര്‍ വേഗത എന്നിവയാണ് ബൈക്കിന്റെ മറ്റ് പ്രത്യേകതകള്‍. നിര്‍മാണ ചെലവാകട്ടെ 5000 രൂപയും. ബാഗ് ബൈക്കിനെ കുറിച്ച് അറിഞ്ഞവര്‍ ഓര്‍ഡറുമായി വേണുവിനെ സമീപിക്കാറുണ്ട്. ദൂരെ നിന്നുള്ളവര്‍ ഫോണില്‍ വിളിച്ചാണ് ബുക്ക് ചെയ്യുന്നത്. പക്ഷേ, ബാഗ് ബൈക്കിന്റെ വാണിജ്യസാധ്യത മുതലെടുക്കാന്‍ തൽക്കാലം വേണുവിന് താൽപര്യമില്ല. ജപ്പാനില്‍നിന്ന് ഇറക്കുമതി ചെയ്തിരുന്ന ഹക്കിനി സൈക്കിളിന്റെ കൊച്ചിയിലെ ഡീലറായിരുന്ന അച്ഛന് ജി. വേലായുധനാണ് പരീക്ഷണങ്ങള്‍ക്ക് പ്രചോദനമായതെന്നു വേണു പറയുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് റിക്ഷാ സൈക്കിളില്‍ പരീക്ഷണം നടത്തിയിരുന്ന അച്ഛന് വേലായുധന്റെ കഴിവാണു വേണുവിനും പകര്‍ന്നു കിട്ടിയത്.
പതിറ്റാണ്ടുകള്‍ക്കു മുമ്പ് കൊച്ചിയുടെ തെരുവോരങ്ങള്‍ക്ക് സുപരിചിതമായിരുന്നു ഹക്കിനി ബ്രാന്‍ഡ് റിക്ഷാവണ്ടികള്‍. കൊച്ചിയോടൊപ്പം കോഴിക്കോടിന്റെയും സ്പന്ദനമായിരുന്നു ജപ്പാന്റെ ഹക്കിനി ബ്രാന്‍ഡ്. എന്നാല്‍, ഹക്കിനിയുടെ ഇറക്കുമതി നിലച്ചതോടെ റിക്ഷാവണ്ടികള്‍ക്ക് ഡിമാന്‍ഡ് കൂടി. ഈയവസരത്തിലാണു വേലായുധന് സ്വന്തമായി റിക്ഷാവണ്ടികള്‍ രൂപകല്പന ചെയ്തു നിര്‍മിക്കാന്‍ തീരുമാനിച്ചത്. അച്ഛനെ സഹായിക്കാന്‍ വേണുവും കൂടി. അങ്ങനെ വ്യത്യസ്തമായ സൈക്കിള്‍ നിര്‍മിക്കണമെന്ന ആശയം മനസ്സിലുദിച്ചു. ആദ്യമായി പരീക്ഷണം നടത്തിയതും റിക്ഷാവണ്ടിയിലായിരുന്നു. ഹക്കിനി മാതൃകയില്‍ നിര്‍മിച്ച റിക്ഷാവണ്ടിയുടെ മനോഹാരിതയില്‍ ആകൃഷ്ടനായ ഫ്രഞ്ച്കാരന് സായിപ്പ് മുപ്പത് റിക്ഷാവണ്ടികളാണ് ഓര്‍ഡര്‍ ചെയ്തത്. ഇതിനു പുറമേ നടന് മോഹന്‍ലാലും വേണുവിന്റെ റിക്ഷാവണ്ടി വാങ്ങാനെത്തി. പത്താം ക്ലാസ് വരെ പഠിച്ചിട്ടുള്ള വേണുവിന് ശിഷ്യപ്പെടാന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ വരെ എത്തുന്നുണ്ട്.
പെഡല്‍ ചവിട്ടി ഓടിക്കുന്ന ഫോര്‍ഡ് ടി മോഡല്‍ കാറിന്റെ കണ്ടുപിടിത്തമാണ് വേണുവിനെ ഗുരുവായി കാണാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിച്ച ഘടകം. നാലു പേര്‍ക്കിരുന്നു യാത്ര ചെയ്യാവുന്ന കാറാണു വേണു നിര്‍മിച്ചത്. മോപ്പഡിന്റെ ചക്രങ്ങള്‍, മാരുതിയുടെ സ്റ്റിയറിങ് വീല്‍, ഹെലികോപ്റ്ററിന്റെ സീറ്റ്, നാല് പെഡല്‍ സെറ്റുകള്‍, പെഡലുന്തുമ്പോള് വണ്ടി നീങ്ങും. ആഞ്ഞു ചവിട്ടിയാല്‍ സ്പീഡ് കൂട്ടാം. പെഡലിങ് കാറിന്റെ കണ്ടുപിടുത്തത്തിലൂടെ ഹൈദരാബാദിലെ നാഷനല്‍ ഇന്നൊവേറ്റിവ് ഫൗണ്ടേഷന്റെ ജൂനിയര്‍ സയൻറിസ്റ്റിനുള്ള അവാര്‍ഡിന് വേണു പരിഗണിക്കപ്പെട്ടു. ഫോര്‍ട്ടുകൊച്ചി പാണ്ടിക്കുടിയിലാണു വേണു താമസിക്കുന്നത്. ഭാര്യ: ബിന്ദു. മക്കള്‍: അശ്വതി, അനശ്വര. ചിന്തയിലും പ്രവൃത്തിയിലും വ്യത്യസ്തത ഇഷ്ടപ്പെടുന്ന വേണുവിന്റെ അടുത്ത പരീക്ഷണവും സൈക്കിളില്ത്തന്നെയാണ്. ചവിട്ടാതെ ഇന്ധനമൊന്നും കൂടാതെ ഒരു നിശ്ചിത വേഗത്തിലോടുന്ന സൈക്കിളിനെ കുറിച്ചാണ് വേണു ഇപ്പോള്‍ ചിന്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.