പ്രളയക്കെടുതിയിൽ നിറഞ്ഞ ചളിയിലും ചേറിലും ഉരുണ്ടും മറിഞ്ഞും വീണും വീഴ്ത്തിയും ആർത്തുല്ലസിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പടർന്നു പന്തലിച്ചിരുന്നു. നാടുനീളെ സഞ്ചരിച്ച് വെള്ളക്കയറ്റത്തിൽ മാലിന്യമയമായ വീടുകൾ വൃത്തിയാക്കുന്ന സന്നദ്ധ സേവകരായിരുന്നു അവർ. ഇൗ ദുരിതകാലത്ത്, സേവനത്തെ അതിരില്ലാത്ത ആനന്ദമാക്കിയ, ആത്മനിർവൃതിയുടെ അവാച്യ അനുഭൂതിയാക്കിയ ഒരായിരം നന്മമരങ്ങളെ ആ ചെറുപ്പക്കാരിൽ നമുക്ക് കണ്ടെടുക്കാം. പ്രളയകാലത്തെ ജലപ്രവാഹത്തെക്കാൾ ശക്തമായ, സേവനത്തിെൻറയും സഹജീവി സ്നേഹത്തിെൻറയും മഹാപ്രവാഹത്തിനാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളം സാക്ഷ്യംവഹിച്ചത്. മതവും ജാതിയും രാഷ്ട്രീയവും തീർത്ത സകല വേലിക്കെട്ടുകളും ആ പ്രവാഹം പൊട്ടിച്ചെറിഞ്ഞു. അമ്പലവും പള്ളിയും ചർച്ചും സ്കൂളും മദ്റസയുമെല്ലാം സമാനതകളില്ലാത്ത മനുഷ്യസ്നേഹത്തിെൻറ സംഗമസ്ഥലികളായി. വ്യക്തികളും കൂട്ടായ്മകളും സംഘടനകളും സഹജീവികൾക്ക് സേവനം ചെയ്യുന്നതിൽ മത്സരിച്ചു. ഇടക്ക് വന്ന ആഘോഷദിനങ്ങൾ അവർ സേവനത്തിെൻറ പൊന്നോണപ്പെരുന്നാളാക്കി മാറ്റി.
ഒാരോരുത്തരും തങ്ങളാലാവുംവിധം സേവനങ്ങളിൽ വ്യാപൃതരായി. ജീവിതത്തിെൻറ എല്ലാ ദിക്കുകളിൽനിന്നുമുള്ള അനേകം പേർ, പ്രളയത്തിെൻറ നിലയില്ലാക്കയത്തിൽ ജീവനായി കേണ സഹജെൻറ നിലവിളികേട്ട് പുറപ്പെട്ടിറങ്ങി. ഒൗദ്യോഗിക സംവിധാനങ്ങൾക്ക് എത്തിപ്പെടാൻ കഴിയാത്ത പ്രളയത്തുരുത്തുകളിലും ഉരുൾപൊട്ടിയടഞ്ഞ മലവാരങ്ങളിലും സ്വന്തം ജീവൻ ദൈവത്തിലർപ്പിച്ച് അവർ എത്തിപ്പെട്ടു. സ്വന്തം വയറിെൻറ വിശപ്പ് വകവെക്കാതെ, സഹജീവിയുടെ ദാഹവും വിശപ്പുമകറ്റാൻ അവർ പെടാപ്പാട്പെട്ടു. അവർക്കുനേരെ രക്ഷയുടെ വിരലറ്റം നീട്ടി, ജീവിതത്തിെൻറ ആശ്വാസതീരത്തിലേക്ക് അടുപ്പിച്ചിരുത്തി. രക്ഷാപ്രവർത്തനത്തിനു ശേഷവും അവർ പക്ഷേ, വീടുകളിലേക്ക് മടങ്ങിയില്ല. പ്രളയം നക്കിത്തുടച്ച നാടുകളിലേക്കും മണ്ണും മാലിന്യവും കൂമ്പാരമായ വീടുകളിലേക്കും ഉരുൾപൊട്ടൽ കുടഞ്ഞെറിഞ്ഞ ഗ്രാമങ്ങളിലേക്കുമായിരുന്നു ആ രണ്ടാം പുറപ്പാട്. തകർന്ന റോഡുകൾ, വഴികൾ, പാലങ്ങൾ എന്നിവ അവർ പുനർനിർമിച്ചു. മാലിന്യം നിറഞ്ഞ വീടുകളും സ്ഥാപനങ്ങളും കിണറുകളും പൂർവസ്ഥിതിയിലാക്കി. ഭക്ഷണവും വസ്ത്രങ്ങളും മറ്റ് അവശ്യവസ്തുക്കളും എത്തിച്ചുനൽകി.
രേഖപ്പെടുത്തേണ്ട രക്ഷാപ്രവർത്തന ചരിത്രം
സമഗ്ര സ്വഭാവത്തിൽ രേഖപ്പെടുത്തേണ്ടതാണ് കേരളത്തിെൻറ ഇൗ പ്രളയ, പ്രളയാനന്തരകാല ചരിത്രം. ഭരണകൂട സംവിധാനങ്ങളെക്കാൾ രക്ഷാപ്രവർത്തനത്തിൽ പങ്കുവഹിച്ചത് സന്നദ്ധ സംഘടനകളും മത്സ്യത്തൊഴിലാളികളെ പോലുള്ള അസംഘടിത സമൂഹങ്ങളും ആയിരുന്നു. ഇവർ നടത്തിയ രക്ഷാപ്രവർത്തനങ്ങളും അതിനു ശേഷമുള്ള പുനരധിവാസ പ്രവർത്തനങ്ങളുെമല്ലാം കേരള ചരിത്രത്തിെൻറ ഭാഗമാകേണ്ടതുണ്ട്. അതിൽ അനിവാര്യമായും കടന്നുവരേണ്ട ഒരു സന്നദ്ധ സംഘടനയാണ് െഎഡിയൽ റിലീഫ് വിങ് (െഎ.ആർ.ഡബ്ല്യൂ). ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിന് കീഴിൽ, കോഴിക്കോട് ക്രേന്ദ്രമായി പ്രവർത്തിക്കുന്ന പീപ്ൾസ് ഫൗണ്ടേഷെൻറ വളൻറിയർ കോർ ആണ് െഎ.ആർ.ഡബ്ല്യൂ. തീർത്തും പ്രഫഷനലായി ഇൗ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തതിലൂടെയാണ് ഇൗ കൂട്ടായ്മ വ്യത്യസ്തരാകുന്നത്. ദുരന്തനിവാരണ രംഗത്ത് കാൽനൂറ്റാണ്ടിെൻറ പരിചയസമ്പത്തുണ്ട് െഎ.ആർ.ഡബ്ല്യൂവിന്. വിദഗ്ധ പരിശീലനം ലഭിച്ച വലിയൊരു കൂട്ടം സന്നദ്ധ സേവകരാണ് അവരുടെ മൂലധനം. ജനസേവനം ദൈവാരാധനയാണ് എന്ന ദാർശനികതയാണ് അവരുടെ ഉൗർജസ്രോതസ്സ്. ദൈവത്തിനായുള്ള സമ്പൂർണ സമർപ്പണമാണ് അവരുെട ഇന്ധനം.
1992ല് കേരളത്തിെൻറ തെക്കന് ജില്ലകളില് ശക്തമായ ഉരുള്പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. അവിടെനിന്നാണ് ഇൗ നിസ്വാർഥ സംഘം സേവനയാത്ര തുടങ്ങുന്നത്. 1992 മേയ് 22ന് പ്രവർത്തനം ആരംഭിച്ച്, 1996 ൽ എൻ.ജി.ഒ ആയി രജിസ്റ്റർ ചെയ്തു. ലാത്തൂർ ഭൂകമ്പം, അസമിലെ വംശീയ കലാപം, ഒഡിഷ ചുഴലിക്കാറ്റ്, ഗുജറാത്ത് ഭൂകമ്പം, സുനാമി, ബിഹാർ വെള്ളപ്പൊക്കം, താണെ കൊടുങ്കാറ്റ്, അസം ബോഡോ രണ്ടാം കലാപം, മുസഫർനഗർ കലാപം, കശ്മീർ പ്രളയം, നേപ്പാൾ ഭൂകമ്പം, ചെന്നൈ പ്രളയം തുടങ്ങി ചെറുതും വലുതുമായ അനേകം ദുരന്തമേഖലകളിൽ അവർ ചെന്നെത്തി. കേരളത്തെ പാതയില്ലാതാക്കിയ ഇൗ പ്രളയദുരന്തത്തിലും അവർ രക്ഷയുടെ മഹാകവചമൊരുക്കുന്നതിൽ വ്യാപൃതരായിരുന്നു. ദുരന്തബാധിത മേഖലകളിൽ പലയിടത്തും ഒൗദ്യോഗിക ഏജൻസികൾ െഎ.ആർ.ഡബ്ല്യൂവിെൻറ സഹായം തേടി. ജീവൻരക്ഷാ ഉപകരണങ്ങൾ, ബോട്ട്, ട്യൂബ്, വഞ്ചി, ഇ^ടോയ്ലറ്റുകൾ തുടങ്ങിയവ ദുരന്തമേഖലകളിൽ ലഭ്യമാക്കി, ശാസ്ത്രീയമായ രീതിയിലായിരുന്നു അവരുടെ രക്ഷാപ്രവർത്തനം. ദുബൈയിൽനിന്ന് അത്യാധുനിക ലൈഫ്റാഫ്റ്റ് വരെ അവർ ലഭ്യമാക്കി. വിദഗ്ധ പരിശീലനം ലഭിച്ച 300 പുരുഷന്മാരും 200 സ്ത്രീകളും െഎ.ആർ.ഡബ്ല്യൂ അംഗങ്ങളായുണ്ട്. ഇതിന് പുറമെ, സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള 10,000ത്തോളം വളൻറിയർമാരെ ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലേക്ക് മാത്രമായി ലഭ്യമാക്കി. അത്രതന്നെ വരും മറ്റു ദുരന്തബാധിത ജില്ലകളിലെയും സന്നദ്ധ സേവകരുടെ എണ്ണം. െഎ.ആർ.ഡബ്ല്യൂ മാതൃകയിൽ കർണാടകയിൽ പ്രവർത്തിക്കുന്ന എച്ച്.ആർ.എസിെൻറ നൂറോളം വളൻറിയർമാരും സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ അവരോടൊപ്പം ചേർന്നു.
കട്ടിപ്പാറ മുതൽ ചെങ്ങന്നൂർ വരെ
കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശമായ കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല നിവാസികൾ ജൂൺ 14, റമദാൻ 29ന് പുലർച്ച ഞെട്ടിയുണർന്നത് പ്രകൃതിയുടെ ഉഗ്രതാണ്ഡവത്തിന് സാക്ഷ്യംവഹിച്ചാണ്. ഉറ്റവരും ഉടയവരും അയൽവാസികളും കുടുംബക്കാരും നാട്ടുകാരുമായ 14 മനുഷ്യജീവനുകൾ ഉരുൾപൊട്ടലിൽ നഷ്ടമായി. വലിയ പാറക്കല്ലുകളും ചളിയും മരങ്ങളും ചേർന്ന് മണ്ണിെൻറ ഇടനാഴി തീർത്ത് 150 മീറ്റർ വീതിയിൽ ഒരു കി.മീറ്റർ ദൂരം, ഒരു പ്രദേശം ഒന്നാകെ ഒഴുകിപ്പോയി. െഎ.ആർ.ഡബ്ല്യൂവിെൻറ 40 അംഗ സംഘമാണ് അവിടെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത്. ദുരന്തം ബാധിച്ച അന്ന് മുതൽ അവസാന മൃതദേഹവും കണ്ടെടുത്ത രണ്ടു ദിവസങ്ങൾ, ഏതു നിമിഷവും തലയിലേക്ക് പതിക്കാവുന്ന പാറക്കൂട്ടങ്ങൾക്കു താഴെനിന്ന്, മണ്ണിലമർന്നുപോയ മനുഷ്യരെ തേടി സർവം മറന്ന് അത്യധ്വാനം ചെയ്യുകയായിരുന്നു അവർ. ഉരുൾപൊട്ടി ഒലിച്ചിറങ്ങിയ വലിയ പാറക്കല്ലുകൾ, മുട്ടിനുമീതെയുള്ള ചളിക്കുഴികൾ, ഇവക്കിടയിൽ നിലംപതിച്ച തെങ്ങുകൾ, റബർ മരങ്ങൾ ഇവയെല്ലാം മുറിച്ച് കഷണങ്ങളാക്കി മാറ്റുകയും മണ്ണുമാന്തിയന്ത്രങ്ങളുടെ സഹായത്താൽ രണ്ടു മീറ്റർ താഴ്ചയിൽ മണ്ണ് നീക്കുകയും മൃതദേഹങ്ങൾ കണ്ടെടുക്കുകയും ചെയ്തു അവർ. കേരളം ഇൗ വർഷം കണ്ട മഴക്കെടുതിയുടെ തുടക്കമായിരുന്നു കട്ടിപ്പാറ ദുരന്തം. പിന്നീട് കുട്ടനാട്ടിലായിരുന്നു പ്രളയം ദുരിതം വിതച്ചത്. ശേഷം വയനാട്ടിലും നിലമ്പൂരിലും. അതിനും ശേഷമാണ് കേരളമെമ്പാടും പ്രളയവും ഉരുൾപൊട്ടലും ശക്തമാകുന്നത്. കട്ടിപ്പാറയിൽനിന്ന് തുടങ്ങുന്ന ഇൗ വർഷത്തെ മഴക്കെടുതിയുടെ ഒാരോ ഘട്ടങ്ങളിലും െഎ.ആർ.ഡബ്ല്യൂ രക്ഷാപ്രവർത്തനവുമായി ഫീൽഡിൽ ഉണ്ടായിരുന്നു.
മരണമുഖത്തെ, രക്ഷാപ്രവർത്തനത്തിെൻറ അനുഭവങ്ങൾ പറയുകയാണ് എറണാകുളം ജില്ലയിലെ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച എം.എം. മുഹമ്മദ് ഉമ്മർ: ‘‘ആഗസ്റ്റ് 14ന് അർധരാത്രിയാണ് വെള്ളം കയറിത്തുടങ്ങുന്നത്. ഇടമലയാറും ചെറുതോണിയും തുറന്നുവിട്ടതോടെ എറണാകുളത്തിെൻറ വിവിധ ഭാഗങ്ങളിൽ വെള്ളം കുത്തനെ കയറിത്തുടങ്ങി. വൈകുന്നേരത്തോടെ ആലുവയിലെ തീരഭാഗങ്ങൾ മിക്കവാറും മുങ്ങി. ആയിരക്കണക്കിന് വീടുകൾ മുങ്ങിപ്പോയി. ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. രക്ഷപ്പെടുത്തിയവരെ എത്തിച്ച ക്യാമ്പുകൾ പോലും വെള്ളം കയറി ഒറ്റപ്പെട്ടു. അന്നുതന്നെ 40 വളൻറിയർമാർ എന്തിനും തയാറായി നിന്നിരുന്നു. പക്ഷേ, സാമഗ്രികൾ ഒന്നുമില്ലാത്തത് തടസ്സമായി. എയർബോട്ടുകളാണ് ആകെയുണ്ടായിരുന്നത്. അതുപേക്ഷ, ഇൗ കുത്തൊഴുക്കിൽ പ്രയോജനം ചെയ്യില്ല. അങ്ങനെയാണ് മത്സ്യബന്ധന ബോട്ടുകൾ ഇറക്കുന്നത്.
പീപ്ൾസ് ഫൗണ്ടേഷെൻറ സൺറൈസ് കൊച്ചി പദ്ധതി കാരണം മട്ടാഞ്ചേരിയിലെ മത്സ്യത്തൊഴിലാളികളുമായി നല്ലബന്ധമുണ്ടായിരുന്നു. അവരാണ് ബോട്ട് ലഭ്യമാക്കിയത്. മട്ടാഞ്ചേരിക്കാരനായ സ്രാങ്ക് ഞങ്ങളോടൊപ്പം പോന്നു. സർക്കാർ ബോട്ട് വഴിയുള്ള രക്ഷാപ്രവർത്തനം തുടങ്ങുന്നതിന് ഒരു ദിവസം മുമ്പായിരുന്നു അത്. തോട്ടക്കാട്ടുകരയിൽനിന്നാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. ആർമിയുണ്ടെങ്കിലും അവർക്ക് ഉൾപ്രദേശങ്ങളിലേക്കൊന്നും പോകാൻ കഴിയുന്നില്ല. ഞങ്ങൾ എട്ടു പേരടങ്ങുന്ന ആദ്യ സംഘത്തെ രക്ഷപ്പെടുത്തി, മടങ്ങിവരുേമ്പാൾ തോട്ടക്കാട്ടുകര മണപ്പുറം ലൈനിൽവെച്ച് ഒരു വളവിൽ മതിലിൽ ഇടിച്ചു ബോട്ട് മറിഞ്ഞു. രക്ഷപ്പെടുത്തി കൊണ്ടുവന്ന എട്ടു പേരുൾപ്പടെ എല്ലാവരും വെള്ളത്തിൽ വീണു. എല്ലാവരും ഞെട്ടിത്തരിച്ച സമയം. ദൈവാനുഗ്രഹം എന്നു പറയാം, സ്രാങ്കും നമ്മുടെ വളൻറിയർമാരും ചേർന്ന് അത്ഭുതകരമായി എല്ലാവരെയും രക്ഷപ്പെടുത്തി. തുടക്കത്തിലേ വലിയൊരു ആഘാതമായിരുന്നു അത്. എങ്കിലും മുന്നോട്ടുപോകാനായിരുന്നു ഞങ്ങളുടെ തീരുമാനം. തുരുത്ത്, ചൊവ്വര ഭാഗങ്ങളിൽ നിരവധി കുടുംബങ്ങളെ അങ്ങനെ രക്ഷപ്പെടുത്തി. പലരും മരണത്തോടു മല്ലിട്ട് കഴിയുകയായിരുന്നു. ചെറിയ ബോട്ടുകൾ ചെല്ലാനത്തുനിന്ന് എത്തിച്ചു. മലപ്പുറം താനൂരിൽനിന്ന് രണ്ടു ബോട്ടുകൾ റോഡുമാർഗം എത്തിച്ചു. അങ്ങനെ പത്ത് ബോട്ടുകളുമായി പിറ്റേന്നാൾ ഇറങ്ങി. 6000 പേരെയാണ് ഇൗ ദിവസങ്ങളിൽ രക്ഷപ്പെടുത്തിയത്. പിറ്റേ ദിവസമാണ് കലക്ടർ ഇടപെട്ട് ധാരാളം ബോട്ടുകൾ നിർബന്ധപൂർവം രക്ഷാപ്രവർത്തനത്തിന് ഇറക്കിയത്. ബോട്ട് തകർന്ന് വളൻറിയർമാർ അപകടത്തിൽപെട്ട സംഭവവുമുണ്ടായി.
ഒരു കുടുംബത്തെ രക്ഷിക്കാൻ പോകുന്നതിനിടെ എയർപോർട്ടിെൻറ മതിലിനു മുകളിലെ വയറിൽ ബോട്ട് കുടുങ്ങി. ബോട്ട് മറിഞ്ഞു. വളൻറിയർമാരായ ആറുപേരും വെള്ളത്തിൽ മുങ്ങി. എയർപോർട്ടിലെ സോളാർ പാനലിെൻറ മുകളിലും മതിലിനു മുന്നിലും തകർന്ന ബോട്ടിെൻറ മുകളിലും ആറു മണിക്കൂറോളം അവർ സഹായം കാത്തുനിന്നു. പുലർച്ച രണ്ടു മണിയോടെയാണ് ഫയർ ആൻഡ് െറസ്ക്യൂ സംഘം വന്ന് അവരെ രക്ഷിക്കുന്നത്. ഒറ്റപ്പെട്ട ക്യാമ്പുകളിലേക്ക് എത്താനായിരുന്നു തുടർന്നുള്ള ദിവസങ്ങളിൽ ശ്രമിച്ചത്. ആലുവ കാരോത്തുകുഴി ആശുപത്രി സംഭരണ കേന്ദ്രമാക്കി. വിവിധ കേന്ദ്രങ്ങളിൽനിന്ന് ഭക്ഷണവും വസ്ത്രങ്ങളും മറ്റു അവശ്യവസ്തുക്കളും പരമാവധി സംഭരിച്ചു. ആശുപത്രി അധികൃതരും പരമാവധി സഹകരിച്ചു. ബോട്ടുകൾക്കുള്ള ഇന്ധനവും ഇവിടെയാണ് സൂക്ഷിച്ചുവെച്ചത്. 19ന് ഭക്ഷണ വിതരണത്തിലാണ് കാര്യമായി ശ്രദ്ധിച്ചത്. പാനായിക്കുളം പോലുള്ള ഒരുപാട് ഉൾപ്രദേശങ്ങളിലെ ക്യാമ്പുകൾ പൂർണമായും ഒറ്റപ്പെട്ടിരുന്നു. ഇരുന്നൂറും മുന്നൂറും പേർ ഒട്ടും ഭക്ഷണം കിട്ടാതെ വലഞ്ഞുകൊണ്ടിരുന്ന സമയമായിരുന്നു അത്. പരമാവധി ക്യാമ്പുകളിലും ഒറ്റപ്പെട്ട് കിടക്കുന്ന വീടുകളിലും ഭക്ഷണം എത്തിച്ചു.’’
‘‘ചെങ്ങന്നൂരിലെ ഭയാനക അവസ്ഥകളെ കുറിച്ച വിവരങ്ങൾ വന്നുകൊണ്ടിരുന്ന സമയം. വെള്ളം ക്രമാതീതമായി കയറിക്കൊണ്ടിരിക്കുന്നു. രക്ഷാപ്രവർത്തനം തീർത്തും അസാധ്യാകുന്നു എന്ന വിവരങ്ങൾ. സർക്കാർ സംവിധാനങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ. അങ്ങനെയാണ് െഎ.ആർ.ഡബ്ല്യൂ സംഘം രക്ഷാപ്രവർത്തനത്തിനായി ചെങ്ങന്നൂരിലേക്കു പുറപ്പെട്ടത്. ഒഴുക്ക് അതിശക്തമാണ്, അതിസാഹസികമാണ് യാത്ര. എങ്ങനെയെങ്കിലും അവിടെയെത്തിയേ പറ്റൂ. ദൗർഭാഗ്യം അവിടെയും തിരിച്ചടിയായി. ഒഴുക്കിൽപെട്ട ബോട്ട് മരത്തിലിടിച്ചു തകർന്നു. നടുക്കടലിലെന്നപോലെ മഹാപ്രളയത്തിന് നടുവിൽ, ജീവനു വേണ്ടിയുള്ള പോരാട്ടം. മണിക്കൂറുകൾക്കുശേഷം കരയണഞ്ഞു. തളർന്നിരിക്കുേമ്പാഴും പ്രളയക്കെടുതിയിൽപെട്ട് നിലവിളിക്കുന്ന ആയിരങ്ങൾക്കൊപ്പമായിരുന്നു എല്ലാരുടെയും മനസ്സ്. അന്ന് വൈകുന്നേരമാണ് ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാൻ, ‘50,000 പേർ മരിക്കാൻ പോകുന്നു, ഞങ്ങളെ രക്ഷിക്കൂ’ എന്ന് പൊട്ടിക്കരഞ്ഞ് പറഞ്ഞത്.
എന്തുചെയ്യണമെന്ന് ആർക്കും ഒരുപിടിയുമില്ലാത്ത അവസ്ഥ. ചെങ്ങന്നൂർ, പാണ്ടനാട് മേഖലകളിൽ ആറു വലിയ ബോട്ടുകൾ ഇറക്കി. ബംഗളൂരു, കൊല്ലം, തിരുവനന്തപുരം, താനൂർ എന്നിവിടങ്ങളിൽ നിന്നായാണ് ബോട്ടുകൾ എത്തിച്ചത്. ഒാരോ ദിവസവും നൂറുകണക്കിന് ആളുകളെയാണ് ഇങ്ങനെ രക്ഷിച്ച് ക്യാമ്പുകളിൽ എത്തിച്ചത്.’’ ചെങ്ങന്നൂരിൽ െഎ.ആർ.ഡബ്ല്യൂവിെൻറ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ബഷീർ ഷർഖിയും പറഞ്ഞത് സമാന അനുഭവംതന്നെ.
ചെങ്ങന്നൂർ, ആലുവ, പറവൂർ, പനമരം മേഖലകളിലെ രക്ഷാപ്രവർത്തനം, കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ സമാന്തര എളുപ്പ റോഡ് നിർമിച്ചത്, ഇരിട്ടി അയ്യങ്കുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി കീഴന്താനം പ്രദേശത്ത് ഉരുൾപൊട്ടലിൽ ഒലിച്ചുപോയ പാലം പുനർനിർമിച്ചത്... എന്നിങ്ങനെ െഎ.ആർ.ഡബ്ല്യൂവും സഹോദര സംഘടനകളുടെ വളൻറിയർമാരും ഇൗ ദുരന്തകാലത്ത് ചെയ്ത സേവനങ്ങൾ സമാനതകളില്ലാത്തതാണ്.
ഏകോപിപ്പിച്ച് ദുരിതാശ്വാസ സെൽ
െഎ.ആർ.ഡബ്ല്യൂവിെൻറയും മറ്റും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആഗസ്റ്റ് 16ന് കോഴിക്കോട് സി.ഡി ടവറിന് സമീപം ദുരിതാശ്വാസ സെൽ തുറന്നു. വളൻറിയർ, മെറ്റീരിയൽസ്, മീഡിയ, ഹെൽപ്ലൈൻ എന്നീ വകുപ്പുകൾ രൂപവത്കരിച്ചായിരുന്നു പ്രവർത്തനം. 24 മണിക്കൂറും പ്രവർത്തിച്ച സെല്ലിൽ വിവിധ കൗണ്ടറുകൾ തുറന്നു. ജില്ലകളിൽ പ്രത്യേക സെല്ലുകൾ രൂപവത്കരിച്ച് മൊത്തം പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ആദ്യ ദിവസം 1000 വളൻറിയർമാരാണ് രജിസ്റ്റർ ചെയ്തത്. ഒാരോ ദിവസവും രജിസ്റ്റർ ചെയ്യുന്ന വളൻറിയർമാരുടെ എണ്ണം കൂടിവന്നു. ആദ്യ ദിനംതന്നെ വയനാട്ടിലേക്ക് 200 കുടുംബങ്ങൾക്കുള്ള വീട്ടുസാധനങ്ങളുമായി 30 അംഗ വളൻറിയർ സംഘം പുറപ്പെട്ടു. അന്നേ ദിവസം 400 രക്ഷാ അഭ്യർഥനകളാണ് സെല്ലിലെത്തിയത്. ഇത് വളൻറിയർമാർക്കും സർക്കാർ സംവിധാനങ്ങൾക്കും കൈമാറി രക്ഷാപ്രവർത്തനം ഉറപ്പാക്കി. തുടർന്നുള്ള രണ്ടു ദിവസവും ഇത്രതന്നെ വിളികൾ വന്നു.
ഒാരോ ജില്ലയിലേക്കും ആവശ്യമായ ബോട്ടുകൾ, രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങൾ, ഇ-ടോയ്ലറ്റുകൾ എന്നിവയെല്ലാം ലഭ്യമാക്കിയത് സെൽ മുഖേനയായിരുന്നു. വിഭവ സമാഹരണമായിരുന്നു മറ്റൊന്ന്. ഭക്ഷണം, വസ്ത്രം എന്നിവക്കു പുറമെ പായ, പുതപ്പ്, ബെഡ്റൂം കിറ്റ് തുടങ്ങിയവയെല്ലാം സമാഹരിക്കുകയും ആവശ്യമായ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യുകയും ചെയ്തു. പന്തളം, ചങ്ങനാശ്ശേരി, നിലമ്പൂരിലെ നമ്പൂരിപ്പെട്ടി അടക്കം ഒേട്ടറെ മേഖലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾക്ക് െഎ.ആർ.ഡബ്ല്യൂ നേതൃത്വം നൽകി. പന്തളത്തെ ക്യാമ്പിൽനിന്ന് രാഷ്ട്രീയ സമ്മർദംമൂലം െഎ.ആർ.ഡബ്ല്യൂ വളൻറിയർമാരെ ഒഴിവാക്കാൻ പൊലീസ് നടത്തിയ നീക്കം ക്യാമ്പിലെ മുഴുവൻ താമസക്കാരും ഒരുമിച്ച് എതിർത്ത് തോൽപിച്ചത് മുതൽ ചങ്ങനാശ്ശേരി ക്യാമ്പിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നവർ വളൻറിയർമാരെ സ്നേഹക്കണ്ണീർകൊണ്ട് മൂടിയതു വരെയുള്ള കാഴ്ചകൾ, നിസ്വാർഥ സേവനം കൈമുതലാക്കിയ ഇൗ സംഘത്തിന് ലഭിച്ച അംഗീകാരങ്ങളായിരുന്നു.
ഇനിയുള്ളത് പുനർനിർമാണ ദൗത്യം
വീടുകളും സ്ഥാപനങ്ങളും ശുചീകരിക്കുന്ന ദൗത്യം അവസാനഘട്ടത്തിലാണ്. കിണറുകളും ജലേസ്രാതസ്സുകളും വൃത്തിയാക്കാനുള്ള മൊബൈൽ യൂനിറ്റ്, വയറിങ്ങിനായുള്ള മൊബൈൽ യൂനിറ്റ് എന്നിവ ജില്ലകളിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പീപ്ൾസ് ഫൗണ്ടേഷെൻറയും െഎ.ആർ.ഡബ്ല്യൂവിെൻറയുമെല്ലാം അടുത്തഘട്ടം പുനർനിർമാണമാണ്. 500 പുതിയ വീടുകൾ പീപ്ൾസ് ഫൗണ്ടേഷൻ നിർമിച്ചുനൽകുമെന്ന് ഭാരവാഹികൾ പറയുന്നു. ഭൂമിക്കാവശ്യമായ രേഖയില്ലാത്തതിനാലും മറ്റും സർക്കാർ സഹായം പലകാരണങ്ങളാൽ കിട്ടാൻ സാധ്യതയില്ലാത്തവർക്കാണ് മുൻഗണന നൽകുക. ദുരന്തബാധിത മേഖലകളിൽ വീട് റിപ്പയറിങ്, തൊഴിൽ സുരക്ഷ, വിദ്യാഭാസ പ്രവർത്തനങ്ങൾ എന്നിവയും അടുത്ത ഘട്ടമായി നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.