രണ്ടാംലോക യുദ്ധകാലത്ത് സാഗാനിലെ നാസി ക്യാമ്പിലെ 76 യുദ്ധത്തടവുകാ രിൽ അതിസാഹസികമായി രക്ഷപ്പെട്ട് വീട്ടിൽ മടങ്ങിയെത്തിയത് മൂന്നു പേർ മാത്രമായിരുന്നു. 1942ൽ നടന്ന ഇൗ സംഭവത്തെ െഎതിഹാസിക രക്ഷപ്പെടലായാണ് ചരിത്രം രേഖപ്പെടുത്തിയത്. ഏഴു പതിറ്റാണ്ട് പിന്നിട്ടപ്പോൾ കേരള ജനതക്കെതിരെ പ്രകൃതി മഹായുദ്ധം പ്രഖ്യാപിച്ചു. അത് തീർത്ത ഷോളയാറിലെ ‘തടവറ’യിൽനിന്ന് മൂന്നു പേർ അതിസാഹസികമായി രക്ഷപ്പെട്ട് പുറംലോകത്തെത്തി. ഉരുൾപൊട്ടിയൊലിച്ച മല കയറി, പ്രതിസന്ധികളോട് പടവെട്ടി, ഷോളയാർ പെരുങ്കാട്ടിലെ വന്യമൃഗങ്ങളെ വകവെക്കാതെ...
ചില അനിവാര്യതകൾ എന്തും ചെയ്യാൻ മനുഷ്യനെ പ്രേരിപ്പിക്കും. അവിടെ ചിലപ്പോൾ ഒന്നും തടസ്സമാകില്ല. ഉരുൾപൊട്ടലിനെ തുടർന്ന് ഷോളയാർ വൈദ്യുതിനിലയത്തിലും ഡാമിലും ഒറ്റപ്പെട്ട 165 പേരിൽ അസി. എൻജിനീയർ തൃശൂർ വരന്തരപ്പിള്ളി വരാക്കര സ്വദേശി ചക്കാലമറ്റം ജോസും രണ്ടു സുഹൃത്തുക്കളും രക്ഷപ്പെട്ട കഥ ഉൾക്കിടിലത്തോടെയല്ലാതെ കേൾക്കാനാവില്ല. സീനിയർ ഉദ്യോഗസ്ഥരടക്കം മറ്റു സഹപ്രവർത്തകർ പരമാവധി നിരുത്സാഹപ്പെടുത്തിയിട്ടും ജീവതത്തിനും മരണത്തിനുമിടയിലെ നൂൽപാലത്തിലൂടെ ആ മൂന്നു പേർ ട്രപ്പീസ് അഭ്യാസികളെപ്പോലെ നടന്നു കയറി. എവ്വിധവും ലക്ഷ്യംകാണുകയെന്ന ഉൽക്കടമായ ഉൾപ്രേരണയുടെ ഉൗക്കിൽ മറ്റൊന്നും അവർക്ക് കാണാനായില്ല.
കാരണം
വൈദ്യുതിനിലയത്തിൽ അരിഭക്ഷണം തീർന്നിരുന്നു. രോഗിയായ ജോസിന് ഒരു നേരമെങ്കിലും അരിഭക്ഷണം കഴിച്ചില്ലെങ്കിൽ രക്തത്തിൽ പഞ്ചസാരയുടെ അളവും രക്തസമ്മർദവും കുറയുമായിരുന്നു. മാത്രമല്ല, മകൾ അനൂജയെ ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾചറൽ റിസർച്ചിെൻറ (െഎ.സി.എ.ആർ) പ്രവേശനപരീക്ഷക്ക് എത്തിക്കണവുമായിരുന്നു. കുറുമാലി പുഴ കരകവിഞ്ഞതിനെ തുടർന്ന് പ്രളയത്തിൽ മുങ്ങിയ വീട്ടിൽ കുടുങ്ങിയ വൃദ്ധരായ മാതാപിതാക്കളുടെയും ഭാര്യയുടെയും കൊച്ചുകുട്ടികളുടെയും സുരക്ഷിതത്വമായിരുന്നു രണ്ടാമനായ സബ് എൻജിനീയർ സുധീഷിെൻറ സ്വാസ്ഥ്യം കെടുത്തിയത്. മൂന്നാമൻ ആനന്ദിെൻറ വിവാഹനിശ്ചയമായിരുന്നു തൊട്ടടുത്ത നാൾ. ഇൗ അനിവാര്യതകൾക്കു മുന്നിൽ ഇവർ മറ്റെല്ലാം മറന്നു. എങ്ങനെയും രക്ഷപ്പെേട്ട പറ്റൂ എന്ന മാനസികാവസ്ഥയിൽ ആഗസ്റ്റ് 19ന് അവർ ആ തീരുമാനമെടുത്തു. മഴ അപ്പോഴും ഒടുങ്ങിയിരുന്നില്ല. ഉരുൾപൊട്ടിയൊലിച്ച ചെങ്കുത്തായ മല കയറാതെ പുറത്തെത്താൻ കഴിയില്ല. ഉരുൾപൊട്ടിയ ഭാഗം കടന്നാൽതന്നെയും കാട്ടാനയും പുലിയും നിർബാധം വിഹരിക്കുന്ന ഘോരവനവും. സഹപ്രവർത്തകർ അവരെ നിരുത്സാഹപ്പെടുത്തിയത് ഇക്കാരണങ്ങളാലായിരുന്നു.
ഇനി ജോസ് പറയെട്ട:
‘‘ഉരുൾപൊട്ടി റോഡ് പലയിടത്തും ഒലിച്ചുപോയിരുന്നു. നിലയവും ഡാമും തൊട്ടടുത്ത ആദിവാസി കോളനിയും ഒറ്റപ്പെട്ടത് അങ്ങനെയാണ്. ഉരുൾപൊട്ടിയ ചെങ്കുത്തായ മല കയറിയിറങ്ങുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. കാടിനരികുചേർന്ന് മല കയറിത്തുടങ്ങി. വടി കുത്തിപ്പിടിച്ചാണ് കയറിയത്. സഹപ്രവർത്തകർ താഴെ നിന്ന് കൂകിവിളിച്ച് ധൈര്യം നൽകിക്കൊണ്ടിരുന്നു. മല കയറിത്തുടങ്ങിയേപ്പാഴാണ് അപകടം മനസ്സിലായത്. മഴയിൽ കുതിർന്ന പശിമയുള്ള മണ്ണ്. നല്ല വഴുക്കൽ ഉണ്ടായിരുന്നു. മല പകുതി കയറിയപ്പോൾ കാലുകൾ ചളിയിൽ താഴ്ന്നു. തള്ളവിരൽ ഉൗന്നിയാണ് അടുത്ത ചുവടുവെക്കാനായത്. വീഴുമെന്നായപ്പോഴൊക്കെ കൈകൾ കുത്തി ആനനട നടന്നാണ് മല കയറിയത്. നിവർന്നുനിൽക്കാൻ ശ്രമിച്ചിരുന്നെങ്കിൽ താഴേക്ക് പതിച്ചേനെ. അൽപം തടി കൂടുതലുള്ള ആനന്ദ് മല കയറാൻ ഏറെ വിഷമിച്ചു. പലപ്പോഴും ആനന്ദിനെ ഞങ്ങൾ വലിച്ചുകയറ്റി. ആനനട നടന്നതോടെ കൈകൾ പൊട്ടി. അട്ടകളുടെ കടിയും. കുറച്ച് കഴിഞ്ഞപ്പോൾ സഹപ്രവർത്തകരുടെ കൂകൽ കേൾക്കാൻ പറ്റാതായി. ചീവീടുകളുടെ ശബ്ദം മാത്രമായി ചുറ്റും. ഇൗ സാഹസം വേണ്ടിയിരുന്നില്ലെന്ന് തോന്നിയ നിമിഷങ്ങൾ. ചുവടൊന്ന് തെറ്റിയിരുന്നെങ്കിൽ; മഴ പെയ്തിരുന്നെങ്കിൽ... ഒാരോ നിമിഷവും മരണത്തെ മുന്നിൽ കണ്ടു.’’
വരന്തരപ്പിള്ളി വരാക്കരയിൽ ഉണ്ണിയേശു പള്ളിക്കടുത്തുള്ള വീട്ടിലിരുന്ന് അക്കാര്യങ്ങൾ ഒാർത്തെടുത്തേപ്പാൾ ജോസിെൻറ മുഖത്ത് വിടർന്നത് നിറഞ്ഞ ചിരിയാണ്. ആശ്വാസത്തിെൻറയും സമാധാനത്തിെൻറയും ചിരി. ഭാര്യ ജെന്നിയും മക്കളായ അനൂജയും ജോനാഥനും ആ ചിരി പകുത്തെടുത്തു. ജോസ് വീട്ടിലെത്തുംവരെ ജെന്നിയും മക്കളും ഒന്നും അറിഞ്ഞിരുന്നില്ല. പ്രളയത്തെ തുടർന്ന് വൈദ്യുതിബന്ധം അറ്റതിനാൽ ടി.വി വഴിയുള്ള വിവരങ്ങൾ കിട്ടിയിരുന്നില്ല. പത്രങ്ങളിൽ ഷോളയാറിലെ സംഭവങ്ങൾ പുറത്തുവന്നത് പിന്നീടായിരുന്നു. ‘‘ജീവൻ പണയംവെച്ചാണ് ചേട്ടൻ രക്ഷപ്പെെട്ടത്തിയത് എന്നറിഞ്ഞപ്പോൾ വല്ലാതെ പേടിച്ചുപോയി’’ -ജെന്നി പറഞ്ഞു.
ഷോളയാറിൽ സംഭവിച്ചത്
ആഗസ്റ്റ് 15ന് വൈകീട്ട് മുതൽ പെയ്ത പേമാരിയാണ് കേരളത്തെ മഹാപ്രളയത്തിലാഴ്ത്തിയത്. ഷോളയാറിന് മുകളിൽ വാൾപ്പാറയിൽ അന്ന് വൈകുന്നേരം ആറു മുതൽ 10 മണിക്കൂർ തുടർച്ചയായി പെയ്തത് 410 മില്ലി മീറ്റർ മഴയാണ്. ഷോളയാറിൽ 358 മില്ലി മീറ്റർ മഴയും. നാസ വരെ ഇത് റിപ്പോർട്ട് ചെയ്തു. കാലവർഷം ഉഗ്രരൂപം പ്രാപിച്ചതോടെ ഷോളയാറിനും മലക്കപ്പാറക്കുമിടയിൽ ആറിടത്ത് ഉരുൾപൊട്ടി. 36 കിലോമീറ്ററിനിടെ റോഡ് പലയിടത്ത് ഒലിച്ചുപോയി. വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. കൂറ്റൻ മരങ്ങൾ കടപുഴകി റോഡിൽ വീണു. വലിയൊരു മേഖലയിൽ ആശയവിനിമയബന്ധങ്ങൾ അറ്റു.
കനത്ത മഴയെ തുടർന്ന് തമിഴ്നാടിെൻറ നിയന്ത്രണത്തിലുള്ള അപ്പർ ഷോളയാർ, പറമ്പിക്കുളം, തൂണക്കടവ് ഡാമുകൾ തുറന്നുവിട്ടു. അവയുടെ പരമാവധി ശേഷിയുടെ ഏതാണ്ട് പകുതിയാണ് തുറന്നുവിട്ടത്. ഇൗ വെള്ളമത്രയും കേരള ഷോളയാർ, പെരിങ്ങൽകുത്ത് ഡാമുകളിലുമാണ് എത്തിയത്. തുടർന്ന് ചാലക്കുടി പുഴയിലും. വെള്ളവും ചളിയും കയറി പെരിങ്ങൽകുത്ത് നിലയത്തിൽ ഉൽപാദനം നിലച്ചു. അപ്പോഴും ഷോളയാർ നിലയം പൂർണമായി പ്രവർത്തിക്കുകയായിരുന്നു. അതേസമയംതന്നെ അവിടെ മാസങ്ങൾക്കുമുമ്പ് തുടങ്ങിയ അറ്റകുറ്റപ്പണികൾ തുടരുകയും ചെയ്യുന്നുണ്ടായിരുന്നു. ഇൗ പണിക്കായി നൂറിലേറെ ഇതര സംസ്ഥാന തൊഴിലാളികൾ ഷോളയാറിൽ ഉണ്ടായിരുന്നു.
കേരള ഷോളയാർ ഡാമിൽനിന്ന് 14 കിലോമീറ്റർ താഴെയാണ് വൈദ്യുതിനിലയം. ഡാമിൽ ഒരു അസി. എൻജിനീയറും സബ് എൻജിനീയറും ഒാപറേറ്റർമാരുമടക്കം എട്ടുപേർ ഡ്യൂട്ടിയിലുണ്ടായിരുന്നു. മഴ കനക്കുന്തോറും സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരുന്നു. 15ന് അർധരാത്രിയോടെ അപ്പർ ഷോളയാർ, പറമ്പിക്കുളം, തൂണക്കടവ് ഡാമുകൾ കൂടുതലായി തുറക്കുകയാണെന്ന വിവരം ഷോളയാർ നിലയത്തിലെത്തി. നിലയങ്ങളും കളമശ്ശേരിയിലെ ലോഡ് ഡെസ്പാച്ചിങ്ങ് സെൻററും (സംസ്ഥാനത്തെ വൈദ്യുതി സംബന്ധമായ കാര്യങ്ങൾ ഇവിടെനിന്നാണ് നിയന്ത്രിക്കുന്നത്) തമ്മിൽ ആശയവിനിമയം ചെയ്യുന്നത് ൈവദ്യുതി ലൈനിലൂടെ പ്രവർത്തിപ്പിക്കുന്ന കരിയർ ഫോണിലൂടെയാണ്. തമിഴ്നാട് ഡാമുകൾ കൂടുതൽ തുറക്കുന്ന വിവരം കളമശ്ശേരിയിൽനിന്ന് ഇൗ ഫോൺ വഴിയാണ് ഷോളയാറിൽ എത്തിയത്. അതേസമയം, ഡാമിലുള്ളവർ ഇതറിഞ്ഞിരുന്നില്ല. നിലയത്തിൽ മൊബൈൽ ഫോണിന് സിഗ്നൽ കിട്ടില്ല. അവിടെനിന്ന് അര കിലോമീറ്റർ നടന്ന് കയറി പോയാലേ സിഗ്നൽ കിട്ടൂ. പ്രതികൂല സാഹചര്യത്തിൽ അങ്ങനെ നടന്നുപോകേണ്ടെന്ന് നിലയത്തിലുള്ളവർ തീരുമാനിച്ചു. വിവരം ഡാമിൽ അറിയിക്കാൻ ജീപ്പിൽ പോകാൻ തീരുമാനിച്ചു.
അതിനിടെ, തൊട്ടടുത്ത ആദിവാസി കോളനി വെള്ളത്തിൽ മുങ്ങി. അവിടെയുള്ള 80ഒാളം പേർ വൈദ്യുതി നിലയത്തിൽ അഭയം തേടി. പെെട്ടന്ന് ഞെട്ടിക്കുന്ന മറ്റൊരു വിവരവും കരിയർ ഫോൺ വഴി കളമശ്ശേരിയിൽനിന്ന് കൈമാറി. കളമശ്ശേരിയിൽനിന്നുള്ള ടവറുകളിൽ ഒന്ന് നിലയത്തിനു പുറത്ത് ചരിഞ്ഞുവെന്നതായിരുന്നു അത്. ഉരുൾപൊട്ടലായിരുന്നു കാരണം. എല്ലാവരും ഭയന്ന നിമിഷങ്ങൾ. ടവർ ഒടിഞ്ഞാൽ നിലയം ഇരുട്ടിലാവും. അവശേഷിച്ച കരിയർ ഫോൺ വഴിയുള്ള ആശയവിനിമയവും ഇല്ലാതാവും. അടുത്ത നിമിഷത്തിൽ വൈദ്യുതി വിതരണവും നിലച്ചു. അതോടെ, ഇനി രക്ഷയില്ലെന്ന മാനസികാവസ്ഥയിലായി എല്ലാവരും. പേക്ഷ, ഭാഗ്യവശാൽ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. നിലയത്തിനു മുകളിലും താഴെയുമായി ഉരുൾപൊട്ടിയിരുന്നു. മലക്കപ്പാറ പൊലീസിനും നിലയത്തി
േലക്കോ ഡാമിലേക്കോ എത്താൻ പറ്റിയില്ല.
എയർ ലിഫ്റ്റിങ്
ഉയർന്ന ഉദ്യോഗസ്ഥർ ജീവനക്കാരുടെ അടിയന്തര യോഗം വിളിച്ചു. എല്ലാവരുടെയും ഭയാശങ്കകൾ മാറ്റുകയായിരുന്നു ആദ്യം ചെയ്തത്. ഒപ്പം ഭക്ഷണനിയന്ത്രണം വരുത്തി. സ്റ്റോക്കുള്ള സാമഗ്രികൾ ഉപയോഗിച്ച് അത്യാവശ്യം ഭക്ഷണം മാത്രം ഉണ്ടാക്കിയാൽ മതിയെന്ന് തീരുമാനിച്ചു. ആദിവാസികൾകൂടി ഉണ്ടായിരുന്നതിനാൽ അരിയും മറ്റു സാമഗ്രികളും പെെട്ടന്ന് തീരുമെന്ന് കണ്ടതിനാലായിരുന്നു ഇങ്ങനെ ചെയ്തത്. അതിനിടെ, പറമ്പിക്കുളം-ആളിയാർ പദ്ധതിപ്രകാരം കേരളവും തമിഴ്നാടും ജലം പങ്കുവെക്കുന്നതിനായി രൂപവത്കരിച്ചിട്ടുള്ള സംയുക്ത ജലനിയന്ത്രണ ബോർഡിെൻറ അപ്പർ ഷോളയാർ ഡാമിലെ മലയാളി ഉദ്യോഗസ്ഥൻ സ്ഥിതിഗതികൾ പാലക്കാട് നഗരത്തിൽ പ്രവർത്തിക്കുന്ന ബോർഡ് ഒാഫിസിൽ അറിയിച്ചു. അവർ തൃശൂർ ജില്ല കലക്ടർ ടി.വി. അനുപമക്ക് വിവരം കൈമാറി. കരിയർ ഫോൺ വഴി ഷോളയാറിൽനിന്ന് കളമശ്ശേരിയിൽ കാര്യങ്ങൾ അറിഞ്ഞിരുന്നു. അവർ വൈദ്യുതി ബോർഡ് ഉന്നതരെയും അറിയിച്ചു.
നിലയത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ പരിയാരം സ്വദേശിയും ഹൃദ്രോഗിയുമായ മോഹനൻ അപ്പോഴേക്കും അവശനായിരുന്നു. അേദ്ദഹത്തിന് പ്രമേഹത്തിന് കുത്തിവെക്കാറുള്ള ഇൻസുലിൻ തീരാറാവുകയും ചെയ്തു. അദ്ദേഹത്തിെൻറ സംസാരം കുഴഞ്ഞുതുടങ്ങിരുന്നു. ഇതെല്ലാം കണ്ടതുകൊണ്ടാകണം കുമാരൻ, സബ് എൻജിനീയർ ജോബിൻ സിറിയക് എന്നിവരും അവശരായി. ഇത് മറ്റുള്ളവരിൽ സമ്മർദമുണ്ടാക്കുകയാണ് ചെയ്തത്. കലക്ടർ അടക്കമുള്ള അധികൃതർ ഉണർന്നുപ്രവർത്തിച്ചു. മോഹനൻ അടക്കമുള്ള മൂന്നു പേരെ നാവികസേനയുടെ സഹായത്തോടെ ഹെലികോപ്ടറിൽ രക്ഷിക്കാനും നിലയത്തിലും ഡാമിലും ഉള്ളവർക്ക് ഭക്ഷണം എത്തിക്കാനും തീരുമാനമായി. അതിനിടെ, ഡാമിലുള്ള എട്ടു പേരും സുരക്ഷിതരാണെന്ന വിവരം ലഭിച്ചു.
ആഗസ്റ്റ് 18ന് ഹെലികോപ്ടർ ഷോളയാറിനു മുകളിലെത്തി. പേക്ഷ, കനത്ത മൂടൽമഞ്ഞ് മൂലം നിലയവും ഡാമും കണ്ടെത്താൻ ഹെലികോപ്ടറിലുള്ളവർക്ക് കഴിഞ്ഞില്ല. ഇക്കാരണത്താൽ സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ വളരെ ഉയർത്തി പറത്തിയ കോപ്ടറിൽനിന്ന് ബ്രെഡും റെസ്ക്കും മറ്റും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞുകെട്ടി താഴേക്ക് ഇട്ടുകൊടുത്തു. പേക്ഷ, ആ ശ്രമം പൂർണമായി ഫലംകണ്ടില്ല. ഭക്ഷണക്കെട്ടുകളിൽ പലതും കൊടുംകാട്ടിലാണ് വീണത്. ചിലത് നിലയത്തിെൻറ ആസ്ബസ്റ്റോസ് ഷീറ്റിലും. ഷീറ്റ് പൊട്ടി അവ വെള്ളത്തിലാണ് വീണത്. കെട്ട് പൊട്ടി ബ്രെഡും റെസ്ക്കും നനഞ്ഞ് കുഴമ്പുപരുവത്തിലാവുകയും ചെയ്തു. പ്രതികൂല കാലാവസ്ഥമൂലം കോപ്ടർ തിരിച്ചുപോയി. എവ്വിധവും നിലയത്തിൽനിന്ന് പുറത്തെത്തിയേ മതിയാവൂ എന്നായപ്പോൾ ആ മൂന്നു പേരും പുറത്തു കടക്കാൻ തീരുമാനിച്ചു. പുറത്തുകടന്നാൽ നിലയത്തിലെ സ്ഥിതി പൊലീസിനെയും മറ്റ് അധികൃതരെയും അറിയിക്കുകയും ചെയ്യാമെന്നും അവർ കരുതി. ‘‘രാവിലെ ആറു കഴിഞ്ഞതോടെ പൊട്ടിയിറങ്ങിയ മല കയറി തുടങ്ങി.
എങ്ങോട്ടാണ് എത്തുക എന്ന് നിശ്ചയമുണ്ടായിരുന്നില്ല. എത്തിയതോ വീണ്ടും ഉരുൾപൊട്ടിയ മറ്റൊരു ഭാഗത്ത്’’ -േജാസ് പറഞ്ഞു. വീണ്ടും നടന്നു. മല ഇറങ്ങിയാൽ ചാലക്കുടി ഭാഗത്തേക്കുള്ള റോഡിലെത്താമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. ഷോളയാറിൽനിന്ന് 66 കിലോമീറ്റർ അകലെയാണ് ചാലക്കുടി. നടന്നുകൊണ്ടിരിക്കെ അങ്ങ് താഴെ ചെറിയ വരപോലെ റോഡ് കണ്ടു. അപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ഒടുവിൽ ഷോളയാർ നിലയത്തിൽനിന്ന് 14 കിലോമീറ്റർ അകലെ കുമ്മാട്ടിയിൽ എത്തി. സമയം ഉച്ചയോടടുത്തിരുന്നു. റോഡിൽ ഒരാൾക്ക് നടന്നുപോകാൻ പറ്റുന്ന സ്ഥലമൊഴിച്ച് പൂർണമായും ഇടിഞ്ഞിരുന്നു. അവിടെ മാത്രം മൂന്നിടത്താണ് ഇങ്ങനെ റോഡ് ഒലിച്ചുപോയത്. അതും കടന്ന് അൽപം മുന്നോട്ടുപോയി പുളിയിലപ്പാറ എന്ന സ്ഥലത്തെത്തിയപ്പോൾ രക്ഷാപ്രവർത്തകരെ കണ്ടു. അതിരപ്പിള്ളി പഞ്ചായത്ത് അംഗം റിജേഷിെൻറ നേതൃത്വത്തിലുള്ള സംഘമായിരുന്നു.
അവരെ കണ്ടപ്പോൾ വളരെ ആശ്വാസവും സമാധാനവും തോന്നി. പുറപ്പെടുംമുമ്പ് കരിയർ ഫോണിലൂടെ കളമശ്ശേരി എൽ.ഡി സെൻറർ വഴി ആനന്ദിെൻറ തൃശൂർ അടാട്ടിലെ വീട്ടിൽ വിവരം അറിയിച്ചിരുന്നു. കാറുമായി വരണമെന്ന സന്ദേശം അനുജനാണ് കൈമാറിയത്. ഏതാണ്ട് ഉച്ച ഒരുമണിയോടെ ആനന്ദിെൻറ അനുജൻ കാറുമായി എത്തി. പിന്നീട് അതിരപ്പിള്ളി പൊലീസ്, വില്ലേജ് ഒാഫിസ്, പഞ്ചായത്ത് ഒാഫിസ്, കെ.എസ്.ഇ.ബി ഒാഫിസ് എന്നിവിടങ്ങളിലെല്ലാം വിവരം നൽകി. 20ന് നാവികസേന കോപ്ടറിൽ വീണ്ടും രക്ഷാദൗത്യവുമായി എത്തി. മോഹനൻ, കുമാരൻ, ജോബിൻ സിറിയക് എന്നിവരെ എയർലിഫ്റ്റ് ചെയ്ത് രക്ഷിക്കുകയായിരുന്നു -ജോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.