ഒാട്ടൻതുള്ളൽ, കൂടിയാട്ടം, കഥകളി, നങ്ങ്യാർകൂത്ത് എന്നിങ്ങനെ സ്വന്തം നിലക്ക് അവതരിപ്പിക്കുന്നതും ശിഷ്യരെ പരിശീലിപ്പിക്കുന്നതുമായ കലാരൂപങ്ങളിൽ വ്യത്യസ്തവും പുതുമയാർന്നതുമായ പരീക്ഷണങ്ങൾക്ക് മുതിരുന്നതിലൂടെയാണ് ദൃശ്യ എന്ന യുവകലാകാരി വ്യത്യസ്തയാകുന്നത്...
തുള്ളലിൽ നിന്ന് കഥകളിയിലേക്ക്, പിന്നെ കൂടിയാട്ടത്തിലേക്കും. കൂടുവിട്ട് കൂടുമാറുന്നതിനിടെ കൂടെ കൂടിയത് എമ്പാടും ശിഷ്യർ. കലകളോട് ഇപ്പോഴും അടങ്ങാത്ത ആവേശമാണ് ദൃശ്യ എന്ന യുവകലാകാരിക്ക്. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് അരങ്ങിലെ വിസ്മയങ്ങൾ. കൊല്ലം പുനലൂർ കരവാളൂർ മംഗലത്ത് വീട്ടിൽ ഗോപിനാഥൻ നായരുടെയും രോഹിണിയുടെയും മകളാണ് ദൃശ്യ ഗോപിനാഥ്. തലമുറകളായി കൈമാറിവന്ന കലയുടെ കീഴ്വഴക്കങ്ങളെയും കാഴ്ചപ്പാടുകളെയും പുതുതലമുറക്ക് ദഹിക്കുംവിധമാണ് ചിട്ടപ്പെടുത്തുന്നത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഒാട്ടൻതുള്ളലിലും ഹയർസെക്കൻഡറിയിൽ പഠിക്കുമ്പോൾ കഥകളിയിലും പോസ്റ്റ് ഗ്രാജുവേഷന് കൂടിയാട്ടത്തിലും ചുവടുറപ്പിച്ചു.
ഹയർസെക്കൻഡറിയിൽ പഠിക്കുമ്പോൾ അതേ വേദിയിൽ ഏഴാം ക്ലാസുകാരിയായ ശിഷ്യയും മത്സരിച്ചു. പറയൻതുള്ളൽ, ഓട്ടൻതുള്ളൽ, ശീതങ്കൻതുള്ളൽ എന്നിവയിൽ സ്ത്രീ സാന്നിധ്യം ആദ്യമായി സ്കൂൾ കലോത്സവവേദിയിലെത്തിച്ചത് ദൃശ്യ എന്ന ഈ ഇരുപത്തിനാലുകാരിയുടെ പരീക്ഷണമായിരുന്നു. കലാമണ്ഡലം ദേവകിയമ്മ, കലാമണ്ഡലം ജനാർദനൻ മാഷ്, പ്രഭാകരൻ പുന്നശ്ശേരി, മയ്യനാട് രാജീവൻ, മാർഗി ഉഷ എന്നിവരുടെ ശിക്ഷണത്തിലാണ് കലകൾ കരസ്ഥമാക്കിയത്. ‘‘പൂർണമായും സാധാരണക്കാരുടെയും അധഃസ്ഥിതരുടെയും കലയായി ഇടം പിടിച്ച ഒന്നാണ് തുള്ളൽ. എക്കാലവും അദ്ഭുതമാണ് നമ്പ്യാർ. പുതിയ കാലത്ത് സംഭവിക്കുന്നതെല്ലാം മുൻകൂട്ടി കാണാനുള്ള കഴിവാണ് തുള്ളലിനടിസ്ഥാനം’’ -ദൃശ്യ പറയുന്നു.
തുടർച്ചയായ പരിശീലനവും കഠിനപ്രയത്നവും വേണ്ടിവന്നു മൂന്നും ഉടലിലൊരുങ്ങാൻ. സ്ത്രീക്കും പുരുഷനും കലയിലും സമൂഹത്തിലും തുല്യപ്രാധാന്യം കൽപിച്ച 2000 വർഷങ്ങൾക്ക് മുമ്പ് പിറവി കൊണ്ടതാണ് കൂടിയാട്ടം എന്ന കലാരൂപം. പൂർണമായും സംസ്കൃത ഭാഷയുടെ ചട്ടക്കൂടിനകത്തു നിന്നുകൊണ്ട് തന്നെയാണ് ഇതിെൻറ അവതരണവും. മുഖം മറച്ച് വേദിയിലെത്തുന്ന നങ്ങ്യാരമ്മക്ക് ചലനങ്ങൾ വരെ ലിഖിതമെത്ര. കൂടിയാട്ടത്തിെൻറ പദ്യവും അംഗചലനങ്ങളും താളവുമെല്ലാം എഴുതിവെക്കപ്പെട്ടതാണ്. മാറ്റങ്ങൾക്കോ പരിണാമങ്ങൾക്കോ അതിൽ സാധ്യതയില്ല. മൂന്ന് തലങ്ങളിൽ നിൽക്കുന്ന, കഥകളിയും കൂടിയാട്ടവും ഒാട്ടൻതുള്ളലുമെല്ലാം കേരളത്തിെൻറ സാംസ്കാരിക തനിമയുടെ വ്യത്യസ്ത ഉറവിടങ്ങൾ തന്നെയാണ്.
‘‘വീട് എന്നും കലാകാരന്മാരുടെ സൗഹൃദസദസ്സായിരുന്നു. അവിടെ നിന്ന് ലഭിച്ച പിന്തുണയും േപ്രാത്സാഹനവുമാണ് എന്നിെല കലാകാരിയെ കണ്ടെത്തുന്നത്’’ -ദൃശ്യ പറഞ്ഞു. കലകളിൽ ഉടുത്തുകെട്ടും ചിട്ടകളും കിരീടവുമെല്ലാം അതിമാനുഷികതക്ക് വേണ്ടിയാണ്. നൂറിലധികം വേദികളിലും താൻ പഠിച്ച കലകൾ അവതരിപ്പിച്ചു കഴിഞ്ഞു. പിന്നാലെ കുമാരനാശാെൻറ ‘ലീല’ കേരളനടന രൂപത്തിൽ വേദിയിലെത്തിച്ചിരുന്നു ദൃശ്യ. അമ്പത്തിനാലാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അൽ അമീൻ എന്ന തെൻറ ശിഷ്യനിലൂടെ പറയൻതുള്ളൽ അവതരിപ്പിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഇത്തവണയും കലോത്സവവേദിയിൽ പുതിയൊരു പരീക്ഷണവുമായിട്ടാണ് ഈ ആശാട്ടി എത്തിയത്. ചരിത്രത്തിലാദ്യമായി പറയൻതുള്ളൽ പെൺകുട്ടിയിലൂടെ മത്സരത്തിനെത്തിച്ച് വിജയം നേടി. ഓട്ടൻതുള്ളൽ മത്സരമല്ല പകരം തുള്ളൽ മത്സരമാണ് നടക്കേണ്ടതെന്നുമുള്ള കാഴ്ചപ്പാടായിരുന്നു ഇങ്ങനെയൊരു പരിശ്രമത്തിനാധാരം. കലകളിലൂടെ പുത്തൻ പരീക്ഷണങ്ങളാണ് ദൃശ്യ നടത്തിയിരിക്കുന്നത്. അതിർത്തികൾ കടന്ന് അന്യഭാഷകളിലും കലാരൂപങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. തുള്ളലിനെ ഉർദുവിലേക്കും മൊഴിമാറ്റി അവതരിപ്പിച്ചു. കലോത്സവങ്ങൾ കാലഘട്ടത്തിന് അനുസരിച്ച മാറ്റങ്ങൾക്ക് വേദിയാകണമെന്നും പുതു ആശയങ്ങൾക്കുള്ള അരങ്ങാകണമെന്നുമാണ് ദൃശ്യയുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.